സഭ ക്രിസ്തുവിൻറെ മൗതികശരീരമാണെങ്കിൽ ക്രിസ്തു അവസാനമണിക്കൂറുകളിൽ അനുഭവിച്ച അതേ പീഡനങ്ങളിൽ കൂടി അവസാനനാളുകളിൽ സഭയും കടന്നുപോകേണ്ടിവരും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. ‘ഗൃഹനാഥനെ അവർ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ മറ്റുള്ളവരെ എന്തുതന്നെ വിളിക്കുകയില്ല’ എന്നു പറഞ്ഞുകൊണ്ടു ക്രിസ്തു തന്നെ ഈ പീഡനത്തെക്കുറിച്ചു നമുക്കു സൂചന നൽകുന്നുണ്ട്. ‘അവർ എന്നെ പീഡിപ്പിച്ചു എങ്കിൽ നിങ്ങളെയും പീഡിപ്പിക്കും’ എന്നും നമ്മുടെ ഗുരു പറഞ്ഞിട്ടുണ്ട്. ‘എൻറെ വചനം നിമിത്തം സകലരും നിങ്ങളെ ദ്വേഷിക്കും’ എന്ന ക്രിസ്തുവചനത്തിൻറെ ആഴവും വ്യാപ്തിയും മനസ്സിലാക്കണമെങ്കിൽ നാം വചനത്തെപ്രതി പീഡിപ്പിക്കപ്പെടണം.
എന്നാൽ നമ്മിൽ പലർക്കും വിശ്വാസത്തെ പ്രതിഒരിക്കൽപോലും പീഡനം അനുഭവിക്കേണ്ടി വന്നിട്ടില്ല. പൗലോസ് ശ്ലീഹാ പറഞ്ഞതുപോലെ ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ഇതുവരെയും നമുക്കു രക്തം ചിന്തേണ്ടിവന്നിട്ടില്ല. ക്രിസ്ത്യാനികളിൽ പലർക്കും വിശ്വാസത്തെ പ്രതിയുള്ള പീഡനം എന്നതു പത്രത്തിലോ ടി വി യിലോ കാണുന്ന വാർത്ത മാത്രമാണ്.
നമുക്ക് ഒറ്റപ്പെടലും പീഡനവും അവഹേളനവും ലഭിക്കുന്നില്ലെങ്കിൽ അതിൻറെയർത്ഥം നാം ഇതുവരെ യാഥാർത്ഥസുവിശേഷം പറഞ്ഞുതുടങ്ങിയിട്ടില്ല എന്നും യഥാർത്ഥസുവിശേഷമനുസരിച്ചു ജീവിച്ചുതുടങ്ങിയിട്ടില്ല എന്നുമാണ്. അതുകൊണ്ട് ഇതുവരെ പീഡനം എന്തെന്നറിഞ്ഞിട്ടില്ലാത്തവർ തങ്ങൾ ഭാഗ്യവാന്മാരാണെന്നു ചിന്തിക്കരുത്. അവർ സത്യസുവിശേഷം പറഞ്ഞുതുടങ്ങട്ടെ. ക്രിസ്തുവിൻറെ
പീഡകളിൽ തങ്ങളുടെ ഓഹരി അവർക്കും ലഭിക്കും.
അക്കാര്യത്തിൽ നമ്മുടെ മാതൃക അപ്പസ്തോലന്മാരാണ്. ‘അവരാകട്ടെ, യേശുവിൻറെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് സംഘത്തിൻറെ മുൻപിൽ നിന്നു പുറത്തുപോയി’ ( അപ്പ. 5:41). എന്തിനായിരുന്നു അപ്പസ്തോലന്മാരെ യഹൂദരുടെ ന്യായാധിപസംഘം പ്രഹരിച്ചത്? അവർ ഇത്രയുമേ പറഞ്ഞുള്ളൂ; ‘ മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്. നിങ്ങൾ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. ഇസ്രായേലിന് അനുതാപവും പാപമോചനവും നൽകാൻ ദൈവം അവനെ നാഥനും രക്ഷകനായി തൻറെ വലതുഭാഗത്തേക്ക് ഉയർത്തി. ഈ സംഭവങ്ങൾക്കു ഞങ്ങൾ സാക്ഷികളാണ്. തന്നെ അനുസരിക്കുന്നവർക്കു ദൈവം പ്രദാനം ചെയ്യുന്ന പരിശുദ്ധാത്മാവ് ഇതിനു സാക്ഷിയാണ്’ ( അപ്പ. 5:29-32). ഇന്നും ഇക്കാര്യം ധൈര്യമായി പ്രഘോഷിക്കുന്നവർക്കു പീഡനം ഉറപ്പാണ്.
യുഗാന്ത്യകാലഘട്ടത്തിൻറെ എല്ലാ അടയാളങ്ങളെയും കുറിച്ചു നാം വിശദമായി ചർച്ചചെയ്തു എന്നു പറയാനാവില്ല. അവസാനനാളുകളിൽ നിറവേറേണ്ട മറ്റു പല പ്രവചനങ്ങളും വെളിപാട് പുസ്തകത്തിൽ ഉണ്ട്. അവയെല്ലാം വിശദീകരിക്കുക എന്നത് ഇപ്പോൾ സുസാധ്യമായ കാര്യമല്ല. എങ്കിലും ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.
ആറാമത്തെ അധ്യായത്തിൽ മുദ്രകൾ തുറക്കുമ്പോൾ കടന്നുവരുന്ന നാലു കുതിരകളെക്കുറിച്ചു പരാമർശമുണ്ട്. വിജയത്തിൽ നിന്നു വിജയത്തിലേക്കു ജൈത്രയാത്ര നടത്തുന്ന ഒരുവൻ വെള്ളക്കുതിരപ്പുറത്തു വരുന്നതാണ് ഒന്നാമത്തെ മുദ്ര തുറക്കുമ്പോൾ നാം കാണുന്നത്. രണ്ടാമത്തെ മുദ്ര തുറക്കുമ്പോൾ കടന്നുവരുന്ന തീക്കനലിൻറെ നിറമുള്ള കുതിരയുടെ പുറത്തു വരുന്നവൻ ചെയ്യുന്നതു മനുഷ്യർ പരസ്പരം ഹിംസിക്കുമാറു ഭൂമിയിൽ നിന്നു സമാധാനം എടുത്തുകളയുക എന്നതാണ്. അത് യുദ്ധത്തിൻെറയും കലാപത്തിൻറെയും അടയാളമാണ്. മൂന്നാമത്തെ മുദ്ര തുറക്കുമ്പോൾ കടന്നുവരുന്ന കറുത്തകുതിര ക്ഷാമത്തിൻറെ അടയാളമാണ്. ഒരു ദനാറയ്ക്ക് ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറയ്ക്കു മൂന്നിടങ്ങഴി ബാർലി, എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത് ( വെളി. 6:6) എന്നു പറയുന്നതിൻറെ അർഥം അതാണല്ലോ.
നാലാമത്തെ മുദ്ര തുറക്കുമ്പോൾ വരുന്ന വിളറിയ കുതിര മരണത്തിൻറെ പ്രതീകമാണ്. ‘വാളുകൊണ്ടും ക്ഷാമം കൊണ്ടും പകർച്ചവ്യാധി കൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരം നടത്താൻ ഭൂമിയുടെ നാലിലൊന്നിൻമേൽ അവർക്ക് അധികാരം ലഭിച്ചു’ (വെളി. 6:8). അഞ്ചാമത്തെ മുദ്ര തുറക്കുമ്പോൾ അതുവരെ ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരോടു പറയുന്നത്, അവരെപ്പോലെ ഇനിയും രക്തസാക്ഷികളാകാൻ പോകുന്നവർക്കു വേണ്ടി അല്പസമയം കൂടി കാത്തിരിക്കാനാണ്.
ആറാമത്തെ മുദ്ര വലിയ ഭൂകമ്പത്തിൻറെയും സൂര്യൻ ഇരുണ്ടുപോകുന്നതിൻറെയും ചന്ദ്രൻ രക്തവർണ്ണമാകുന്നതിൻറെയും ആകാശം അപ്രത്യക്ഷമാകുന്നതിൻറെയും ഒക്കെ അടയാളമാണ്. ഭൂമുഖത്തുള്ള മനുഷ്യർ ദൈവത്തിൻറെ ക്രോധത്തിൻറെ രൂക്ഷതയോർത്തു വിലപിക്കുന്ന സമയമാണത്. അതിനുശേഷമാണു നാം കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ച സംരക്ഷണമുദ്ര ദൈവത്തിൻറെ ദാസരുടെ നെറ്റിയിൽ ദൈവദൂതൻ പതിപ്പിക്കുന്നതിൻറെ വിവരണം നൽകിയിരിക്കുന്നത്. തുടർന്നുവരുന്നതു കരയ്ക്കും കടലിനും വൃക്ഷങ്ങൾക്കും നാശം ചെയ്യാൻ അധികാരപ്പെടുത്തിയ ദൂതന്മാരുടെ പ്രവർത്തനസമയമാണ്.
ഏഴാമത്തെ മുദ്ര തുറക്കുമ്പോൾ ഏഴു ദൂതന്മാർക്ക് ഏഴു കാഹളങ്ങൾ നല്കപ്പെടുന്നതായി നാം വായിക്കുന്നു. ഒന്നാമത്തെ ദൂതൻ കാഹളം മുഴക്കുമ്പോൾ രക്തം കലർന്ന തീയും കന്മഴയും കൊണ്ടു ഭൂമിയുടെ മൂന്നിലൊരു ഭാഗം വെന്തെരിയുന്നതും വൃക്ഷങ്ങളിൽ മൂന്നിലൊന്നും കത്തിച്ചാമ്പലാകുന്നതും പച്ചപ്പുല്ലു മുഴുവനും കത്തിയെരിയുന്നതും നാം വായിക്കുന്നു. രണ്ടാമത്തെ കാഹളം മുഴക്കുമ്പോൾ തീ പിടിച്ച മലപോലെ എന്തോ ഒന്നു കടലിലേക്ക് എറിയപ്പെടുന്നതായും കടലിലെ ജീവജാലങ്ങളുടെയും കപ്പലുകളുടെയും മൂന്നിലൊന്നു നശിപ്പിക്കപ്പെടുന്നതായും നാം വായിക്കുന്നു.
മൂന്നാമത്തെ കാഹളം മുഴക്കുമ്പോൾ പന്തം പോലെ കത്തുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്ന് അടർന്നു നദികളിലും നീരുറവകളിലും പതിക്കുന്നതും അതിൻറെ ഫലമായി അവിടത്തെ ജലം വിഷമയമാകുന്നതും കാണാം. നാലാമത്തെ കാഹളത്തിൻറെ സമയത്തു സൂര്യചന്ദ്രാദികളും നക്ഷത്രങ്ങളും ഇരുണ്ടുപോകുന്നു. അഞ്ചാമത്തെ കാഹളത്തിൻറെ ഫലമായി ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിലേക്കു വീഴുന്നതിൻറെ ഫലമായി പാതാളഗർത്തം തുറക്കപ്പെടുന്നതും ആ പുക കൊണ്ടു സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോകുന്നതും ആ പുകയിൽ നിന്നു മനുഷ്യരെ പീഡിപ്പിക്കുന്ന വെട്ടുകിളികൾ പുറപ്പെടുന്നതും വായിക്കുന്നു. ഈ വെട്ടുക്കിളികളോടു കല്പിച്ചിരിക്കുന്നതു നെറ്റിയിൽ ദൈവത്തിൻറെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്നാണ്. ജീവിക്കുന്ന ദൈവത്തിൻറെ മുദ്രയെക്കുറിച്ചു നാം കഴിഞ്ഞ അധ്യായത്തിൽ വായിച്ചത് ഓർമ്മിക്കുമല്ലോ. ഈ നാളുകളിൽ മനുഷ്യർ മരണത്തെ ആഗ്രഹിക്കുമെങ്കിലും അതു കണ്ടെത്തുകയില്ല. അത്രമേൽ വേദനാജനകമായ പീഡനമാണ് അഞ്ചുമാസത്തേയ്ക്കു പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ആറാമത്തെ കാഹളം മുഴങ്ങുമ്പോൾ മനുഷ്യരിൽ മൂന്നിലൊരു ഭാഗത്തെ തീ, പുക, ഗന്ധകം എന്നീ മഹാമാരികൾ കൊണ്ടു നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട നാലു ദൂതന്മാരുടെ വരവാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ വിശുദ്ധഗ്രന്ഥം പറയുന്ന ഒരു കാര്യം ശ്രദ്ധിക്കണം. ‘ ഈ മഹാമാരികൾ നിമിത്തം മൃതരാകാതെ അവശേഷിച്ചവർ, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേൾക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വർണ്ണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാൽ നിർമ്മിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതിൽ നിന്നു പിന്തിരിയുകയോ ചെയ്തില്ല. തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവർ അനുതപിച്ചില്ല'( വെളി. 9:20-21 ). പാപത്തിൽ അഭിരമിച്ച്, അനുതപിക്കാനുള്ള അവസാന അവസരവും പാഴാക്കിക്കളഞ്ഞു നിത്യനാശം സ്വയം തെരഞ്ഞെടുക്കുന്ന ഒരു തലമുറയുടെ ദയനീയ ദൃശ്യമാണത്.
തുടർന്നു രണ്ടു സാക്ഷികളുടെ സുവിശേഷപ്രഘോഷണവും അവർ വധിക്കപ്പെടുന്നതും മൂന്നരദിവസത്തിനുശേഷം വീണ്ടും ഉയിർപ്പിക്കപ്പെടുന്നതും സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നതും അതിനെത്തുടർന്നു വലിയ ഭൂകമ്പം ഉണ്ടാകുന്നതും നാം വായിക്കുന്നു. സൂര്യനെ ഉടയാടയാക്കിയ സ്ത്രീയും സാത്താനും തമ്മിലുള്ള ശത്രുത, സ്ത്രീയുടെ സന്താനങ്ങളോടു സാത്താൻ യുദ്ധം ചെയ്യുന്നത് ഒക്കെ വായിക്കുമ്പോൾ പരിശുദ്ധ അമ്മയുടെ പ്രത്യേക മധ്യസ്ഥത ഈ അന്ത്യനാളുകളിൽ അത്യന്താപേക്ഷിതമാണ് എന്നു മനസിലാക്കുക. അതു കൃത്യമായി അറിയുന്ന സാത്താൻ അവസാന നാളുകളിൽ പരിശുദ്ധ അമ്മയ്‌ക്കെതിരെ വ്യാജപ്രബോധനങ്ങളുടെ ഒരു പ്രളയം തന്നെ സൃഷ്ടിക്കും. അതിനെ പ്രതിരോധിക്കാനായി നാം കൂടുതൽ കൂടുതൽ അമ്മയോടു ചേർന്നുനിൽക്കണം. പരിശുദ്ധ ദൈവമാതാവിൻറെ വിമലഹൃദയത്തിനു നമ്മെ ഓരോരുത്തരെയും പ്രതിഷ്ഠിക്കേണ്ടതിൻറെ ആവശ്യകത ഇവിടെയാണ്. മഹാവിശുദ്ധർ എന്നു സഭ പ്രകീർത്തിക്കുന്നവരെല്ലാം തന്നെ പരിശുദ്ധ അമ്മയോടു തീവ്രമായ ഭക്തി പുലർത്തിയിരുന്നു. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൻറെ ‘ യഥാർത്ഥ മരിയ ഭക്തി’ എന്ന ഗ്രന്ഥമോ ബഹു, ജോസ് ഉപ്പാണിയച്ചൻറെ ‘കൃപയ്ക്കു മേൽ കൃപ’ എന്ന ഗ്രന്ഥമോ വേണ്ടവിധത്തിൽ ഒരുങ്ങി വിമലഹൃദയപ്രതിഷ്ഠ നടത്താൻ നമ്മെ സഹായിക്കും.
പതിനാറാം അധ്യായത്തിൽ നാം വായിക്കുന്നതു ദൈവകോപത്തിൻറെ ഏഴു പാത്രങ്ങൾ ഭൂമിയിലേക്കു ചൊരിയപ്പെടുന്നതാണ്. ഒന്നാമത്തെ ചഷകം ഭൂമിയിലേക്ക് ഒഴിക്കുമ്പോൾ എതിർക്രിസ്തുവിൻറെ മുദ്രയുള്ളവരും അതിൻറെ പ്രതിമയെ ആരാധിക്കുന്നവരുമായ മനുഷ്യരുടെ ശരീരത്തിൽ ദുർഗന്ധം വമിക്കുന്ന വ്രണങ്ങളുണ്ടായി എന്നു വായിക്കുമ്പോൾ എതിർക്രിസ്തുവിൻറെ മുദ്ര സ്വീകരിക്കുന്നവർക്കു നിത്യമായ ആത്മനാശത്തിനു പുറമെ ഈ ലോകത്തിൽ തങ്ങളുടെ ശരീരത്തിലും ശിക്ഷ ലഭിക്കും എന്നതാണു സൂചിപ്പിക്കുന്നത്.
രണ്ടാമത്തെ പാത്രം ഭൂമിയിലേക്ക് ഒഴിച്ചപ്പോൾ കടലിലെ സകല ജീവികളും ചത്തുപോയി. മൂന്നാമത്തെ പാത്രം ചൊരിയപ്പെട്ടപ്പോൾ നദികളിലെയും നീരുറവകളിലെയും ജലം രക്തമായി മാറി. നാലാമത്തെ പാത്രം സൂര്യൻറെ മേൽ ഒഴിച്ചപ്പോൾ സൂര്യൻറെ ചൂടു വർധിക്കുകയും അത്യുഷ്ണത്താൽ മനുഷ്യർ വെന്തെരിയുകയും ചെയ്തു. ഇവിടെയും തിരുവചനം പറയുന്നത് ‘ ആ മഹാമാരികളുടെ മേൽ അധികാരമുണ്ടായിരുന്ന ദൈവത്തിൻറെ നാമം അവർ ദുഷിച്ചു. അവർ അനുതപിക്കുകയോ അവിടുത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല ( വെളി. 16:9) എന്നാണ്.
ദൈവക്രോധത്തിൻറെ അഞ്ചാമത്തെ പാത്രം മൃഗത്തിൻറെ (എതിർക്രിസ്തുവിൻറെ) സിംഹാസനത്തിൻറെ മേലാണ് ഒഴിക്കുന്നത്. അപ്പോൾ മൃഗത്തിൻറെ രാജ്യം അന്ധകാരത്തിലാഴുന്നു. അപ്പോഴും അവർ അനുതപിക്കാതെ ദൈവത്തെ ദുഷിക്കുകയാണു ചെയ്യുന്നത്. തുടർന്നു ദൈവത്തിനെതിരായുള്ള അന്തിമയുദ്ധത്തിനായി ഭൂമിയിലെ ഭരണാധികാരികൾ ഒന്നിക്കുന്നതും മഹാനഗരം മൂന്നായിപ്പിളരുന്നതും ദ്വീപുകളും പർവതങ്ങളും അപ്രത്യക്ഷമാകുന്നതും ആകാശത്തുനിന്നു കന്മഴ പെയ്യുന്നതും വിവരിക്കുമ്പോഴും തിരുവചനം പറയുന്നതു മനുഷ്യർ അപ്പോഴും ദൈവത്തെ ദുഷിച്ചുകൊണ്ടിരുന്നു എന്നാണ്. വിശ്വാസത്യാഗത്തിൻറെ മൂർദ്ധന്യാവസ്ഥയാണു നാം ഇവിടെ കാണുന്നത്. അനുതപിച്ചു ദൈവത്തിലേക്കു തിരിയാനുള്ള വിശ്വാസം അന്ന് അവരിൽ അവശേഷിച്ചിരിക്കില്ല. ‘മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ!’ എന്ന ക്രിസ്തുവചനം നമുക്കോർക്കാം.
പതിനേഴ്, പതിനെട്ട് അധ്യായങ്ങളിൽ നാംകാണുന്നതു മഹാവേശ്യയായ ബാബിലോണിൻറെ പതനമാണ്. ബാബിലോൺ വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവാണെന്നും അവൾ വിശുദ്ധരുടെയും യേശുവിൻറെ സാക്ഷികളുടെയും രക്തം കുടിച്ച് ഉന്മത്തയായി ലഹരി പിടിച്ചിരിക്കുന്നവളാണെന്നും അവൾ ഭൂമിയിലെ രാജാക്കന്മാരുടെമേൽ അധീശത്വമുള്ള മഹാനഗരമാണ് എന്നും വിശുദ്ധ ഗ്രന്ഥം സൂചനകൾ നൽകുന്നുണ്ട്. അപ്പോൾ നാം മനസിലാക്കേണ്ട കാര്യം ഭൂമിമുഴുവൻെറയും മേൽ അധികാരമുള്ളവർ എല്ലാ മ്ലേച്ഛതകൾക്കും കൂട്ടുനിൽക്കുകയും അതേസമയം അവർ യേശുവിൻറെ യഥാർത്ഥഅനുയായികളെ അതിക്രൂരമായി പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുമെന്നാണ്.
ഈ സമയങ്ങളിൽ നമുക്ക് ആശ്രയിക്കാവുന്നതു മുഖ്യദൂതനായ മിഖായേലിനെയാണ്. ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിൽ യുഗാന്തം എന്നുതന്നെ തലക്കെട്ടു കൊടുത്തിട്ടുള്ള പന്ത്രണ്ടാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്. ‘ അക്കാലത്തു നിൻറെ ജനത്തിൻറെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേൽ എഴുന്നേൽക്കും. ജനത രൂപം പ്രാപിച്ചതുമുതൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകൾ അന്നുണ്ടാകും. എന്നാൽ ഗ്രന്ഥത്തിൽ പേരുള്ള നിൻറെ ജനം മുഴുവൻ രക്ഷപ്പെടും ( ദാനി. 12:1). രക്ഷപെടേണ്ടവരുടെ ഗ്രന്ഥത്തിൽ പേരുള്ള സകലരും വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന മുടങ്ങാതെ ചൊല്ലുവാൻ ശ്രദ്ധിക്കണം. നൂറ്റിമുപ്പത്തിയഞ്ചു വർഷം മുൻപ് ഈ പ്രാർത്ഥന രചിച്ച ലിയോ പതിമൂന്നാമൻ പാപ്പാ നിർദേശിച്ചത് എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും എല്ലാ ദിവസവും ഈ പ്രാർത്ഥന ചൊല്ലണമെന്നായിരുന്നു. 1960 കൾ വരെ മാർപ്പാപ്പയുടെ നിർദേശമനുസരിച്ചു ദൈവാലയങ്ങളിൽ ആ പ്രാർത്ഥന ചൊല്ലിയിരുന്നു. അതിനുശേഷം തികച്ചും അജ്ഞാതമായ കാരണങ്ങളാൽ ആ പ്രാർത്ഥന ആരും ചൊല്ലാതായി. ആ പ്രാർത്ഥനയുടെ ഫലസിദ്ധിയെക്കുറിച്ചു ക്രിസ്ത്യാനികൾക്കില്ലാത്ത ബോധ്യം തീർച്ചയായും സാത്താനുണ്ടായിരുന്നു!
അവസാനവിധിയും പുതിയ ആകാശവും പുതിയ ഭൂമിയും സ്വർഗീയ ജെറുസലേമും ജീവജലത്തിൻറെ നദിയും ജീവൻറെ വൃക്ഷവും ഒക്കെ വിവരിച്ചതിനുശേഷം വെളിപാട് ഗ്രന്ഥകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നത് ‘ജീവൻറെ വൃക്ഷത്തിന്മേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കുന്നവർ ഭാഗ്യവാന്മാർ. നായ്ക്കളും ( സ്വവർഗഭോഗികൾ), മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്നേഹിക്കുകയും അതു പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത് ‘ ( വെളി 22:14-15) എന്നാണ്.
രണ്ടായിരം വർഷം മുൻപ് എഴുതപ്പെട്ട വെളിപാടിലെ പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ നിറവേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത് എന്നതിൽ സംശയമില്ല. തൊട്ടുമുൻപുള്ള ഖണ്ഡികകളിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും എഴുതപ്പെട്ടപ്പോൾ അവിശ്വസനീയമായി തോന്നുകയും ഇത്രയും കാലം മുദ്രിതമായിരിക്കുകയും ചെയ്‌തെങ്കിലും ഇപ്പോൾ അവ മനസിലാക്കാൻ നമുക്കു ബുദ്ധിമുട്ടില്ല. ആകാശത്തു നിന്ന് ഒരു ധൂമകേതു വീഴുന്നതോ ഒരു അണുബോംബ് പൊട്ടി അന്തരീക്ഷം ഇരുണ്ടുപോകുന്നതോ രോഗാണുവാഹകരായ വൈറസിനെ കൃത്രിമമായി ഉല്പാദിപ്പിച്ചു മനുഷ്യരെ പീഡിപ്പിക്കുന്നതോ ഭൂമി പിളരുന്നതോ, കടലിലെ ജീവജാലങ്ങൾ നശിക്കുന്നതോ ഭൂമിയിലെ ജലം വിഷമയമാകുന്നതോ ലോകവ്യാപകമായ ക്ഷാമമോ പകർച്ചവ്യാധിയോ യുദ്ധമോ ആക്രമണങ്ങളോ ഉണ്ടാകുന്നതോ ഭൂമിയിലെ ചൂടു വർധിക്കുന്നതോ, ലോകമെങ്ങും മനുഷ്യരുടെ മേൽ ചിപ്പ് ഘടിപ്പിക്കുന്നതോ ഒന്നും അസംഭവ്യമല്ല എന്ന് ഇപ്പോൾ നമുക്കറിയാം.
നാം ഇതുവരെ ചർച്ച ചെയ്തവയുടെ വെളിച്ചത്തിൽ യേശുക്രിസ്തുവിൻറെ മഹത്വപൂർണ്ണമായ രണ്ടാം വരവ് നമ്മുടെ തൊട്ടുമുന്നിലെത്തിക്കഴിഞ്ഞുവെന്നു നമുക്കു മനസിലാക്കാം. അതിനു വേണ്ടി ഒരുങ്ങുക എന്ന ഒറ്റക്കാര്യമേ നമുക്കിനി ചെയ്യാനുള്ളൂ. അതിനാൽ ഇനിയുള്ള നാളുകളിൽ പത്തു പ്രമാണങ്ങളുടെ പാലനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നാം തയ്യാറാകരുത്.. പ്രത്യേകിച്ചും ഒന്നാം പ്രമാണത്തിൻറെയും ആറാം പ്രമാണത്തിൻറെയും കാര്യത്തിൽ. ഇത് എടുത്തുപറയാൻ കാര്യം അവസാനനാളുകളിൽ ഈ രണ്ടു പാപങ്ങൾ ആയിരിക്കും അനേകം മനുഷ്യരെ നിത്യനാശത്തിലേക്കു വലിച്ചുകൊണ്ടുപോകുന്നത് എന്നതുകൊണ്ടാണ്.
ദൈവമല്ലാത്തവയെ ദൈവമായി ആരാധിക്കാനുള്ള ശ്രമങ്ങൾ, പ്രകൃതിശക്തികളെ ദൈവത്തിൻറെ ആലയത്തിൽ വച്ചു വണങ്ങുന്ന സംഭവങ്ങൾ, ദൈവപുത്രനും ഏകരക്ഷകനും എന്ന യേശുക്രിസ്തുവിൻറെ അനന്യമായ സ്ഥാനത്തെ തരംതാഴ്ത്തി മറ്റു മതസ്ഥാപകരുമായോ തത്വചിന്തകരുമായോ തുല്യപ്പെടുത്താനുള്ള ആസൂത്രിതശ്രമങ്ങൾ, പരിശുദ്ധകുർബാനയിൽ യേശു സജീവമായി സന്നിഹിതനാണ് എന്ന വിശ്വാസസത്യത്തിൽ വെള്ളം ചേർക്കൽ, പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനെ നിരുത്സാഹപ്പെടുത്തുന്നത്, എല്ലാം ഒന്നാണ് എന്ന വ്യാജപ്രബോധനം സഭാമക്കളിലേക്കു കുത്തിവയ്ക്കുന്ന പുസ്തകങ്ങളും പഠനങ്ങളും, ക്രിസ്തീയരാജ്യങ്ങളുടെ ക്രൈസ്തവസംസ്കാരം തകർക്കുക എന്ന ഗൂഢലക്ഷ്യത്തോടെയുള്ള അനധികൃത കുടിയേറ്റത്തിനു ലഭിക്കുന്ന പ്രോത്സാഹനം, പൗരോഹിത്യത്തിനെതിരെയുള്ള പരസ്യമായ ആക്രമണങ്ങൾ, ക്രൈസ്തവദൈവാലയങ്ങൾ തെരഞ്ഞുപിടിച്ചു നശിപ്പിക്കൽ, സാബത്തിനെ നിസാരവൽക്കരിക്കുന്ന പ്രവണത, കുമ്പസാരവും പരിശുദ്ധകുർബാനയും രോഗീലേപനവും അടക്കം കൂദാശകൾ ഒന്നും തന്നെ വിശ്വാസികൾക്കു ലഭിക്കാതിരിക്കുന്ന അവസ്ഥ ഇവയെല്ലാം വിരൽ ചൂണ്ടുന്നതു ദൈവത്തിൽ നിന്നു ബോധപൂർവം അകലുന്ന ഒരു മനുഷ്യസമൂഹത്തെയാണ്.
വർദ്ധിച്ചുവരുന്ന ലൈംഗിക അരാജകത്വവും എല്ലാ വിധ അശുദ്ധപാപങ്ങളും മ്ലേച്ഛമായ സ്വവർഗ്ഗഭോഗവും അശ്ലീലസാഹിത്യവും,അസാന്മാർഗ്ഗികതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമയും ടെലിവിഷൻ പരിപാടികളും എല്ലാത്തരം ലൈംഗികവൈകൃതങ്ങളെയും വിവാഹമോചനത്തെയും കൊലപാതകം തന്നെയായ ഗർഭച്ഛിദ്രത്തെയും അനുവദിക്കുന്ന രാഷ്ട്രനിയമങ്ങളും അതിനോട് ഒത്തുതീർപ്പിനു തയ്യാറാകുന്ന സഭാകൂട്ടായ്മകളും ആറാം പ്രമാണലംഘനത്തിൻറെ വ്യാപ്തി നമുക്കു മനസിലാക്കിത്തരുന്നുണ്ട്.
പാപം ഇത്രയേറെ വർധിച്ചിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ നമുക്കു വലിയ ദൈവകൃപ വേണം. അതിനായി നാം നിരന്തരം പ്രാർത്ഥിക്കണം. എല്ലായ്‌പ്പോഴും വരപ്രസാദാവസ്ഥയിൽ ആയിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. അല്പം ദൂരെ പോകേണ്ടി വന്നേക്കാമെങ്കിലും കുമ്പസാരത്തിനുള്ള അവസരങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ലഭ്യമാണ്. പരിശുദ്ധകുർബാന വേണം എന്നു തീക്ഷ്ണമായി ആഗ്രഹിക്കുന്നവർക്ക് അതു കിട്ടുന്നുണ്ട് എന്നതാണു ലോക്ക് ഡൗൺ കാലത്തെ പൊതു അനുഭവം. അപവാദങ്ങൾ ഇല്ലെന്നല്ല. ക്രിസ്തുവിൻറെ തിരുശരീരവും തിരുരക്തവും സ്വീകരിക്കണമെന്നു തീക്ഷ്ണമായി ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുക. അതിനുള്ള വഴികൾ ദൈവം തുറന്നുതരും. പരിശുദ്ധകുർബാന പൂർണ്ണമായി നിർത്തലാക്കപ്പെടുന്ന ഒരു കാലം തൊട്ടുമുൻപിലുണ്ട് എന്ന ചിന്ത എപ്പോഴും നമുക്കുണ്ടായിരിക്കണം. സത്യസുവിശേഷം പറയാൻ സാധിക്കാത്ത കാലം. ഓൺലൈൻ കുർബാനകൾ പോലും കിട്ടാതാകുന്ന കാലം. നിയമത്തിൻറെ യാതൊരു പരിരക്ഷണവും സത്യവിശ്വാസികൾക്കു ലഭിക്കാത്ത കാലം. ബൈബിൾ കിട്ടാത്ത കാലം. കർത്താവിൻറെ വചനം ലഭിക്കാത്തതു കൊണ്ടുള്ള ക്ഷാമം ( ആമോസ് 9:11) കൊണ്ടു ജനം ഉഴലുന്ന കാലം. അങ്ങനെ ലോകം ക്രിസ്തുവിനുവേണ്ടിയും ക്രിസ്തുവിനെതിരെയും എന്നിങ്ങനെ രണ്ടു ചേരിയായി കൃത്യമായും വേർതിരിയുന്ന കാലം നമ്മുടെ തൊട്ടു മുൻപിലുണ്ട് എന്നു തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ.
ഈ സാഹചര്യത്തിൽ നമുക്കു ചെയ്യാവുന്നത് സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ഒരു ആത്മീയ ഉപദേഷ്ടാവിനെയോ ഗുരുവിനെയോ കണ്ടുപിടിക്കുക എന്നതാണ്. അതു നിങ്ങളുടെ ഇടവക വികാരിയാകാം, ധ്യാനഗുരുവാകാം, വചനപ്രഘോഷകരാകാം, നിങ്ങളുടെ വീട്ടിൽ തന്നെയോ പരിസരങ്ങളിലോ ഉള്ള വിശുദ്ധജീവിതം നയിക്കുന്ന സാധാരണക്കാരാകാം. അവരോടുചേർന്നു പ്രാർത്ഥനയിലും പരിത്യാഗത്തിലും പ്രായശ്ചിത്തപ്രവൃത്തികളിലും മുഴുകിയ ആത്മീയജീവിതരീതി തെരഞ്ഞെടുക്കുക.
അത്തരമൊരു കൂട്ടായ്മയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ സ്വയം വചനം വായിച്ചു ധ്യാനിച്ച്, ഹൃദയത്തിൽ സംഗ്രഹിക്കുക. അതിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുക. വിശുദ്ധിയും എളിമയും ദൈവവചനത്തോടുള്ള തുറവിയും ഹൃദയത്തിൽ നിന്നു നഷ്ടമാകാതിരിക്കട്ടെ. അന്ത്യനാളുകളിലെ മഹാപീഡനസമയത്ത് തെരഞ്ഞെടുക്കപ്പെട്ടവരെ പ്രത്യേക അഭയസങ്കേതങ്ങളിൽ കർത്താവു സംരക്ഷിക്കും എന്നു ചില ദർശനങ്ങളിൽ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ സംരക്ഷണം നമുക്കു ലഭിക്കാനായി ആഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക. നമ്മുടെ ഭവനങ്ങൾ വെഞ്ചരിച്ചു വിശുദ്ധിയിൽ സൂക്ഷിക്കുക. ഹന്നാൻ വെള്ളം, വെഞ്ചരിച്ച മെഴുകുതിരികൾ, ജപമാല, വെന്തിങ്ങ, മറ്റു ഭക്തവസ്തുക്കൾ എന്നിവ എല്ലായ്‌പ്പോഴും നമ്മുടെ ഭവനങ്ങളിൽ ഉണ്ടായിരിക്കട്ടെ.
ലോകവ്യാപാരങ്ങളിൽ നിന്നു പരമാവധി ഒഴിഞ്ഞുനിൽക്കുക. അതിനായി പത്രവും ടെലിവിഷനും വേണ്ടെന്നുവച്ചിരിക്കുന്ന ക്രൈസ്തവകുടുംബങ്ങളുടെ എണ്ണം നിങ്ങൾ കരുതുന്നതിലും എത്രയോ അധികമാണ്. സിനിമ കാണാതെ, ഇൻറർനെറ്റും മൊബൈലും ആത്മീയകാര്യങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിച്ച്, വരുമാനത്തിൻറെ ദശാംശം കൃത്യമായി കൊടുത്ത്, എല്ലാ ദിവസവും പരിശുദ്ധകുർബാനയിൽ പങ്കെടുത്ത്, ഇടയ്ക്കിടെ കുമ്പസാരിച്ച്, സാബത്തിനെ വിശുദ്ധമായി ആചരിച്ച്, വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ പാപം ചെയ്യാതെ ക്രിസ്തുവിൻറെ യഥാർത്ഥ സാക്ഷികളായി ജീവിക്കുന്ന അനേകർ നമ്മുടെയിടയിലുണ്ട്. ഇത് അതിശയോക്തിയൊന്നുമല്ല. അത്തരം അനേകം അന്ത്യകാലവിശുദ്ധരെ നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഈ ലേഖനം എഴുതുന്നയാൾ.
നിങ്ങൾ അത്തരം മനുഷ്യരെ കണ്ടിട്ടില്ലെങ്കിൽ അതിൻറെയർത്ഥം അവരെ കാണാനായി നിങ്ങളുടെ കണ്ണുകൾ ഇതുവരെ തുറന്നിട്ടില്ല എന്നുമാത്രമാണ്. അതിനുകാരണം അന്ത്യകാലത്തിൻറെ പ്രധാന അടയാളങ്ങളിലൊന്നായി കർത്താവ് പറഞ്ഞ ആ കാര്യങ്ങൾ തന്നെയാണ്. ‘ സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മനസ്സു ദുർബലമായിട്ടുണ്ടോ ( ലൂക്കാ 21:34) എന്നു പരിശോധിക്കുക.
ക്രിസ്തുവിനെതിരെയും സഭയ്‌ക്കെതിരെയും കൂദാശകൾക്കെതിരെയും പൗരോഹിത്യത്തിനെതിരെയും ദൈവാലയങ്ങൾക്കെതിരെയും രക്ഷയുടെ അടയാളമായ കുരിശിനെതിരെയും നാനാഭാഗത്തുനിന്നും ആക്രമണങ്ങളും നിന്ദനങ്ങളും പെരുകിവരുമ്പോൾ, ദൈവദൂഷണം ഒരു മഹാമാരി പോലെ പടർന്നുപിടിക്കുമ്പോൾ, ദൈവാലയങ്ങൾ അഗ്നിക്കിരയാകുമ്പോൾ, ക്രൈസ്തവനാണെന്ന ഒറ്റക്കാരണത്താൽ പിശാചിൻറെ സന്താനങ്ങളുടെ കൊലക്കത്തി അനേകം മനുഷ്യരുടെ കഴുത്തിൽ വീഴുമ്പോൾ, അതിനെതിരെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിട്ടും കമൻറിട്ടും കൊണ്ടല്ല നമ്മുടെ ക്രൈസ്തവസാക്ഷ്യം നിർവഹിക്കേണ്ടത്. ലോകത്തിനുവേണ്ടിയും പെരുകിവരുന്ന പാപത്തിൻറെ കുത്തൊഴുക്കിൽപ്പെട്ടു നിത്യനാശത്തിലേക്കു പോകുന്നവർക്കുവേണ്ടിയും നമ്മെ പീഡിപ്പിക്കുന്നവർക്കുവേണ്ടിയും പരിഹാരംചെയ്തു പ്രാർത്ഥിക്കുന്നവരാണ് അന്ത്യകാലത്തെ വിശുദ്ധർ ആയിത്തീരുന്നത്. വിശുദ്ധനായ പോൾ ആറാമൻ പാപ്പാ അവരെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്. ‘ ഒരു ചെറിയ അജഗണം, – അതെത്രതന്നെ ചെറുതാണെങ്കിലും- അവസാനം വരെ പിടിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ്’.
അവരെക്കുറിച്ചാണ് കർത്താവും പറഞ്ഞിരിക്കുന്നത്. ‘അവസാനം വരെ പിടിച്ചുനിൽക്കുന്നവൻ രക്ഷപ്രാപിക്കും’ എന്ന്. പിടിച്ചുനിൽക്കാനുള്ള കൃപ തീർച്ചയായും ദൈവം നമുക്കു നൽകും ‘ ചെറിയ അജഗണമേ, ഭയപ്പെടേണ്ട. നിങ്ങൾക്കു രാജ്യം നൽകാൻ പിതാവ് പ്രസാദിച്ചിരിക്കുന്നു’ എന്നു വാഗ്ദാനം ചെയ്യുന്ന വിശുദ്ധഗ്രന്ഥം മുന്നൂറ്റി അറുപത്തിയാറു തവണ ‘ ഭയപ്പെടേണ്ട’ എന്ന് ആവർത്തിക്കുന്നുണ്ട്.
‘ബാലിൻറെ മുൻപിൽ മുട്ടുമടക്കുകയോ അവനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ അവശേഷിപ്പിക്കും’ ( 1 രാജാ.19:18) എന്നു പറഞ്ഞ് ഏലിയാ പ്രവാചകനെ ധൈര്യപ്പെടുത്തിയ ദൈവം ‘ഇക്കാലഘട്ടത്തിലും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗത്തെ’ (റോമാ 11:5) തനിക്കായി ഒരുക്കുന്നുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുകയും ആ അവശിഷ്ടഭാഗത്തിൽ നമ്മെയും ചേർക്കണമേ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക.
ഭയം കൂടാതെ,വിശ്വാസത്തിൽ ഉറച്ചുനിന്ന്, വിശുദ്ധജീവിതം നയിച്ച് യേശുക്രിസ്തുവിൻറെ മുൻപിൽ നിർമലഹൃദയരും പ്രസന്നവദനരുമായി പ്രത്യക്ഷപ്പെടാനുള്ള കൃപ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതതയിലൂടെ പിതാവായ ദൈവം നമുക്കെല്ലാവർക്കും സമൃദ്ധമായി നൽകട്ടെ എന്ന പ്രാർത്ഥനയോടെ ഈ ലേഖനപരമ്പര അവസാനിപ്പിക്കുകയാണ്.