അവൻ വീണ്ടും വരുന്നു അധ്യായം -23

യുഗാന്ത്യകാലഘട്ടത്തിൽ ഏറ്റവുമധികം  ചിന്തിക്കേണ്ട വിഷയങ്ങളിലൊന്നാണു  നാം കഴിഞ്ഞ അധ്യായങ്ങളിൽ  ചർച്ച ചെയ്തത്. അത് എതിർക്രിസ്തുവിനെക്കുറിച്ചായിരുന്നു. എതിർക്രിസ്തു എങ്ങനെയാണു  സകലലോകത്തെയും  ഭരിക്കുന്നതെന്നും അവൻ അതിനുവേണ്ടി  ഉപയോഗിക്കുന്ന ഏറ്റവും വലിയ തന്ത്രമായ മൈക്രോചിപ്പ് എന്ന അവൻറെ  മുദ്ര  എങ്ങനെയാണ് അതിവിദഗ്ദ്ധമായി  മനുഷ്യരെക്കൊണ്ടു  സ്വീകരിപ്പിക്കുന്നതെന്നും നാം കണ്ടുകഴിഞ്ഞു. എതിർക്രിസ്തുവിൻറെ മുദ്ര സ്വീകരിച്ചാൽ അതിൻറെ ഫലം  തീർച്ചയായും നിത്യനരകം തന്നയായിരിക്കുമെന്ന വിശുദ്ധഗ്രന്ഥപ്രവചനങ്ങളും നമുക്കറിയാം.

ഒരു കാര്യം ഉറപ്പാണ്. അന്ത്യനാളുകളിൽ ലോകത്തിൽ രണ്ടു തരം  മനുഷ്യരേ  ഉണ്ടാകൂ.  ഒന്നാമത്തെ വിഭാഗം എതിർക്രിസ്തുവിൻറെ മുദ്ര  കൈയിലോ  നെറ്റിയിലോ  സ്വീകരിച്ച്,  ലോകത്തിൻറെ എല്ലാ സുഖങ്ങളും അനുഭവിക്കുകയും   അവസാനം നിത്യനാശത്തിലേക്കു പോകുകയും  ചെയ്യുന്നവർ. രണ്ടാമത്തെ വിഭാഗം  ജീവൻ പോയാലും എതിർക്രിസ്തുവിൻറെ മുദ്ര  സ്വീകരിക്കാത്തവരാണ്. അവരാണ് അന്ത്യകാലത്തെ വിശുദ്ധർ.  അവർക്ക് ഈ ലോകത്തിൽ കഷ്ടതയും പട്ടിണിയും പീഡനവും നിന്ദനവും പരിഹാസവും  ഒറ്റപ്പെടുത്തലും ആയിരിക്കും ലഭിക്കുക. എന്നാൽ വരാനിരിക്കുന്ന ലോകത്തിൽ അവർ  യേശുക്രിസ്തുവിനോടുകൂടി നിത്യമഹത്വത്തിനർഹരാകും. നിങ്ങൾ ഇതിൽ  ഏതു വിഭാഗത്തിൽ  പെടും  എന്നതു   വ്യക്തിപരമായി  തീരുമാനിക്കേണ്ട വിഷയമാണ്. ഒരിക്കലും  നിങ്ങളുടെ സ്വതന്ത്രമായ തീരുമാനത്തിൽ  ദൈവം   ഇടപെടില്ല.

എതിർക്രിസ്തുവിൻറെ മുദ്രയ്‌ക്കു നേർ വിപരീതമായ ഒരു മുദ്രയെക്കുറിച്ചും നാം   വായിച്ചിട്ടുണ്ട്. അതു ദൈവത്തിൻറെ മുദ്രയാണ്.  അതിനെക്കുറിച്ചുള്ള ആദ്യ പരാമർശം നാം കാണുന്നത് എസക്കിയേൽ പ്രവാചകൻറെ പുസ്തകത്തിലാണ്.  ‘ കർത്താവ് അവനോട് അരുളിച്ചെയ്തു;  ജെറുസലേം പട്ടണത്തിലൂടെ  കടന്നുപോവുക. ആ നഗരത്തിൽ നടമാടുന്ന മ്ലേച്ഛതകളെയോർത്തു   കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയിൽ അടയാളമിടുക. അവിടുന്നു  മറ്റുള്ളവരോടു  ഞാൻ കേൾക്കേ  ആജ്ഞാപിച്ചു; അവൻറെ പിന്നാലെ പട്ടണത്തിൽ  സഞ്ചരിച്ചു   സംഹാരം തുടങ്ങുവിൻ.  നിങ്ങളുടെ കണ്ണിൽ  അലിവുണ്ടാകരുത്; കരുണ കാണിക്കരുത്. വൃദ്ധരെയും  യുവാക്കളെയും യുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശ്ശേഷം വധിക്കുവിൻ. എന്നാൽ അടയാളമുള്ളവരെയാരെയും തൊടരുത്  എൻറെ വിശുദ്ധമന്ദിരത്തിൽ തന്നെ ആരംഭിക്കുവിൻ. അവർ ആലയത്തിനു മുൻപിലുണ്ടായിരുന്ന  ശ്രേഷ്ഠന്മാരിൽത്തന്നെ ആരംഭിച്ചു. അവിടുന്ന് അവരോടു കൽപിച്ചു; ഈ ആലയത്തെ അശുദ്ധമാക്കുക. അങ്കണങ്ങളെ മൃതശരീരങ്ങൾ കൊണ്ട് നിറയ്ക്കുക. മുന്നേറുക. അവർ മുന്നേറി, നഗരത്തിൽസംഹാരം നടത്തി'( എസക്കി.9:4-7). 

ദൈവത്തിൻറെ മുദ്ര  നെറ്റിത്തടത്തിൽ ലഭിക്കാനുള്ള യോഗ്യതയായി കർത്താവ്  പറയുന്നതു ജെറുസലേം നഗരത്തിൽ നടമാടുന്ന  മ്ലേച്ഛകളെയോർത്തു   കരയുകയും നെടുവീർപ്പിടുകയും ചെയ്യുക എന്നതാണ്.   

യഹൂദരുടെ രാജ്യത്തിൻറെ തലസ്ഥാനമാണു  ജെറുസലേം. അതിലുമുപരിയായി അവർക്കുണ്ടായിരുന്ന ഒരേയൊരു  ദൈവാലയം ജെറുസലേമിലായിരുന്നു. ദൈവമായ കർത്താവിൻറെ ജീവിക്കുന്ന സാന്നിധ്യത്തിൻറെ  അടയാളം.  യഹൂദരുടെ ആത്മീയജീവിതത്തിൻറെ  കേന്ദ്രമായിരുന്നു ജെറുസലേം.  ആ നഗരത്തിലെങ്ങും  മ്ലേച്ഛത നടമാടിയിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ചാണ്  എസക്കിയേൽ പ്രവാചകൻറെ വാക്കുകൾ.  

നഗരത്തിലെ മ്ലേച്ഛതകളേക്കാൾ  കൂടുതലായി കർത്താവിനെ  വേദനിപ്പിച്ചത് അവിടുത്തെ വിശുദ്ധമന്ദിരത്തിലെ മ്ലേച്ഛതകളായിരുന്നു. അതുകൊണ്ടാണു  സംഹാരദൂതനോട്   ‘എൻറെ വിശുദ്ധമന്ദിരത്തിൽ തന്നെ   ആരംഭിക്കുവിൻ’  എന്ന് അവിടുന്നു    കൽപിച്ചത്.  ഇസ്രായേൽ ഭവനം മുഴുവനും യൂദാ ദേശം ഒന്നാകെയും   പാപത്തിലും മ്ലേച്ഛതയിലും മുഴുകിയിരുന്ന ആ നാളുകളിൽ കർത്താവ് അക്കാര്യം വളച്ചുകെട്ടൊന്നുമില്ലാതെ പ്രവാചകനിലൂടെ പറയുന്നുണ്ട്. ‘ ഇസ്രായേൽ ഭവനത്തിൻറെയും യൂദായുടെയും അപരാധം അത്യധികമാണ്. ദേശം മുഴുവൻ  രക്തം  കൊണ്ടു  നിറഞ്ഞിരിക്കുന്നു. പട്ടണം അനീതി കൊണ്ടു  നിറഞ്ഞു’ ( എസക്കി.9:9). അനീതി  കൊണ്ടും രക്തം കൊണ്ടും നിറഞ്ഞിരിക്കുന്ന  ദൈവജനത്തിൻറെ തലസ്ഥാനമായ  ജെറുസലേമിൽ നടമാടുന്ന മ്ലേച്ഛതകളാണ് കർത്താവിനെ പ്രകോപിതനാക്കിയത്. 

എന്തൊക്കെയായിരുന്നു കർത്താവിനെ വേദനിപ്പിച്ച  പാപങ്ങൾ? എട്ടാം അധ്യായം അതിനെക്കുറിച്ചു  വിവരം തരുന്നുണ്ട്.  ബലിപീഠത്തിൻറെ വാതിൽക്കലുള്ള   പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന അസൂയാവിഗ്രഹം, അവിടെ ചിത്രീകരിച്ചിരിക്കുന്ന    ഇഴജന്തുക്കളും അറപ്പുണ്ടാക്കുന്ന ജീവികളും,  ഇരുളിൽ ചിത്രങ്ങൾ നിറഞ്ഞ  മുറിയിൽ    ഇസ്രായേലിൻറെ ശ്രേഷ്ഠന്മാർ ചെയ്യുന്ന മ്ലേച്ഛതകൾ,  തമ്മൂസിനെക്കുറിച്ചു വിലപിക്കുന്ന സ്ത്രീകൾ, ദൈവാലയത്തിൻറെ പൂമുഖത്തിനും ബലിപീഠത്തിനും നടുവിൽ ദൈവാലയത്തിനു പുറം തിരിഞ്ഞു  നിന്ന്, കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുന്ന മനുഷ്യർ!  സത്യദൈവത്തിൽ  നിന്നു  ഹൃദയം കൊണ്ട് അകന്നു പോയ ദൈവജനവും അവരുടെ ശ്രേഷ്ഠന്മാരും ഒരു വശത്ത്. ഈ മ്ലേച്ഛതകൾ  കണ്ടു കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്ന വിശുദ്ധരുടെ ഒരു സമൂഹം മറുവശത്ത്. അവരുടെ നെറ്റിയിലാണ് തൻറെ  സംരക്ഷണത്തിൻറെ  മുദ്ര പതിക്കാൻ ദൈവം ദൂതനെ  അയയ്ക്കുന്നത്.

പുതിയ ഇസ്രായേലാണ് യേശുക്രിസ്തുവിൻറെ  സഭ.   സഭയിൽ അനീതിയും അപരാധവും  നിറഞ്ഞാൽ  എന്തു  സംഭവിക്കും? സഭയുടെ അധികാരകേന്ദ്രങ്ങളിൽ മ്ലേച്ഛത നടമാടിയാൽ എന്തുസംഭവിക്കും? സഭയുടെ ഉന്നത അധികാരശ്രേണികളിൽ സാത്താൻ കയറിപ്പറ്റും എന്ന  മാതാവിൻറെ മുന്നറിയിപ്പുകൾ  ഓർക്കുക.   പുതിയ ഇസ്രായേലായ  സഭയിൽ, ജറുസലേമിൽ  നടമാടുന്ന മ്ലേച്ഛതകളെക്കുറിച്ചു  കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്ന ആരെങ്കിലും ഉണ്ടോ എന്നു  കർത്താവ് അന്വേഷിക്കുകയാണ്.  അവരുടെ നെറ്റിയിൽ തൻറെ സംരക്ഷണത്തിൻറെ മുദ്ര ദൈവം പതിക്കുക തന്നെ ചെയ്യും.

ഈ മുദ്രയെക്കുറിച്ചുള്ള രണ്ടാമത്തെ പരാമർശം  വെളിപാടിൻറെ  പുസ്തകത്തിലാണുള്ളത്;  ‘വേറൊരു ദൂതൻ  ജീവിക്കുന്ന ദൈവത്തിൻറെ മുദ്രയുമായി സൂര്യനുദിക്കുന്ന ദിക്കിൽ നിന്ന്  ഉയർന്നുവരുന്നതു ഞാൻ കണ്ടു. കരയ്ക്കും കടലിനും നാശം ചെയ്യാൻ അധികാരം നൽകപ്പെട്ട ആ നാലു  ദൂതന്മാരോട് അവൻ ഉറച്ച   സ്വരത്തിൽ വിളിച്ചുപറഞ്ഞു; ഞങ്ങൾ   നമ്മുടെ ദൈവത്തിൻറെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്രകുത്തിത്തീരുവോളം നിങ്ങൾ കരയോ കടലോ വൃക്ഷങ്ങളോ നശിപ്പിക്കരുത്’ ( വെളി. 7:2-3).  ദൈവഭവനത്തിൽ നടമാടുന്ന മ്ലേച്ഛമായ വിജാതീയ ആരാധനാനുഷ്ടാനങ്ങളും  പ്രകൃതിശക്തികളുടെ  ആരാധനയും  യേശു ഏകരക്ഷകൻ എന്ന  പരമപ്രധാനമായ വിശ്വാസസത്യത്തിൽ നിന്നുള്ള വ്യതിചലനവും ഒക്കെ കണ്ടു കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ  നെറ്റിത്തടത്തിൽ ദൈവം തീർച്ചയായും തൻറെ  സംരക്ഷണത്തിൻറെ മുദ്ര പതിപ്പിക്കും. അന്ത്യകാലത്തെ വിശുദ്ധരായ അവരുടെ കടമ സഭയ്‌ക്കുവേണ്ടിയും ദൈവജനത്തിനുവേണ്ടിയും സഭാധികാരികൾക്കുവേണ്ടിയും  തീക്ഷ്ണമായി പ്രാർത്ഥിക്കുക എന്നതാണ്.

അന്ത്യകാലത്തെ മഹാപീഡനങ്ങളിൽ നിന്നു രക്ഷപ്പെടണമെങ്കിൽ നെറ്റിയിൽ ദൈവത്തിൻറെ മുദ്ര  നിർബന്ധമായും ഉണ്ടാകണം. അല്ലെങ്കിൽ അവിടെ എതിർക്രിസ്തുവിൻറെ മുദ്രയായിരിക്കും  വരാൻ  പോകുന്നത് എന്നോർക്കുക. മുദ്രയടിക്കപ്പെടുന്നവരുടെ എണ്ണം എന്നു  ബൈബിളിൽ പറഞ്ഞിരിക്കുന്ന 144000  പേർ എന്ന കണക്കിനെ  ആധാരമാക്കി വ്യാജപ്രബോധനങ്ങൾ നടത്തുന്നവരെയും നാം പലപ്പോഴും കണ്ടുമുട്ടാറുണ്ട്.  പന്ത്രണ്ടും ആയിരവും ഒക്കെ പൂർണ്ണതയുടെ  പ്രതീകങ്ങളാണെന്നും  ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിൽ നിന്നായി പന്ത്രണ്ടായിരം പേർ  വീതം മുദ്രയടിക്കപ്പെടും എന്നതു   പന്ത്രണ്ട് അപ്പസ്തോലന്മാരുടെ  അടിസ്ഥാനത്തിൽ പണിയപ്പെട്ട സഭയിലെ അന്ത്യകാലവിശുദ്ധരെ   സൂചിപ്പിക്കാനായി ഉപയോഗിച്ചിരിക്കുന്ന പ്രതീകം ആണെന്നും  മാത്രം മനസിലാക്കിയാൽ പോരേ!

ദൈവജനത്തിൻറെ പാപത്തെക്കുറിച്ച് ജെറമിയ പ്രവാചകൻ   പറഞ്ഞ വാക്കുകൾ കൂടി നമുക്കു  ശ്രദ്ധിക്കാം.  ‘ പ്രാചകനിലും പുരോഹിതനിലും മ്ലേച്ഛത നിറഞ്ഞിരിക്കുന്നു. എൻറെ ഭവനത്തിൽ പോലും അവർ ദുഷ്ടത  പ്രവർത്തിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു.’ ( ജെറി. 23:11).   ജറുസലേമിലെ പ്രവാചകരുടെ ഇടയിൽ ഭയാനകമായ ഒരു കാര്യം  ഞാൻ കണ്ടു, അവർ വ്യഭിചരിക്കുകയും കാപട്യത്തിൽ  മുഴുകുകയുംചെയ്യുന്നു.

ആരും ദുഷ്ടത ഉപേക്ഷിക്കാതിരിക്കത്തക്കവിധം അവർ ദുഷ്ടരെ പിൻതാങ്ങുന്നു. അവർ എനിക്കു സോദോം  പോലെയാണ്; അവിടുത്തെ നിവാസികൾ ഗൊമോറ പോലെയും’ ( ജെറ.23:14).  മ്ലേച്ഛത, കാപട്യം, ദൈവത്തിൻറെ ഭവനത്തിൽ പോലും  നടത്തപ്പെടുന്ന  ദുഷ്ടത ഇവയൊക്കെയും വിവരിച്ചതിനുശേഷം പ്രവാചകൻ പറയുന്ന ഒരു കാര്യം നാം കൂടുതൽ ശ്രദ്ധിക്കണം.  ദുഷ്ടർ ദുഷ്ടത ഉപേക്ഷിക്കാൻ  വേണ്ടി ഉപദേശം കൊടുക്കേണ്ടവർ  അതു ചെയ്യാതെ  ദുഷ്ടതയെ പിൻതാങ്ങുന്നു എന്നതാണത്.  അത്തരം ഇടയന്മാരെ കർത്താവ് ഉപമിക്കുന്നതു  സോദോമിനോടും  അവരുടെ   ദുരുപദേശത്തെ പിഞ്ചെല്ലുന്നവരെ ഉപമിക്കുന്നതു  ഗൊമോറയോടുമാണ്. സ്വവർഗ്ഗഭോഗം എന്ന അതിഹീനമായ പാപം കൊണ്ടു തങ്ങളുടെ  ശിക്ഷാവിധി ഏറ്റുവാങ്ങിയവരാണല്ലോ  സോദോം ഗോമോറാ നിവാസികൾ!

വിശുദ്ധ മത്തായിയുടെ  സുവിശേഷം ഇരുപത്തിമൂന്നാം  അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ  എത്ര  തവണയാണു  കർത്താവ് നിയമജ്ഞരെയും ഫരിസേയരെയും  താക്കീതു ചെയ്യുന്നത് എന്നു  ശ്രദ്ധിക്കുക.  അവർ  സ്വയം  സ്വർഗ്ഗരാജ്യത്തിൽ  പ്രവേശിക്കുന്നില്ല  എന്നു  മാത്രമല്ല  മറ്റുള്ളവർക്കു മുന്നിൽ സ്വർഗ്ഗരാജ്യം അടച്ചുകളയുകയും ചെയ്യുന്നു. അന്ധരായ മാർഗദർശികൾ എന്നും വെള്ളയടിച്ച കുഴിമാടങ്ങൾ എന്നും  കപടനാട്യക്കാർ എന്നും സർപ്പങ്ങളെന്നും അണലിസന്തതികളെന്നും  വിളിച്ചുകൊണ്ടു  കർത്താവു വിമർശിക്കുന്നവരുടെ വലിയൊരു പാപം  അവർ തെറ്റായ പ്രബോധനങ്ങൾ കൊണ്ടു  ജനങ്ങളെ വഴിതെറ്റിക്കുന്നു എന്നതായിരുന്നു.  തെറ്റിനെ തെറ്റെന്നു പറയാതെ  ശരിയുടെ വേഷത്തിൽ അവതരിപ്പിക്കുന്ന  ചെന്നായ്ക്കൾ  കുഞ്ഞാടുകളുടെ രൂപത്തിൽ ഇറങ്ങുന്ന കാലമാണ് അന്ത്യനാളുകൾ എന്ന ബോധ്യം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം.

നമ്മുടെ നെറ്റിയിൽ ഏതു മുദ്രയാണു വേണ്ടതെന്നു സ്വയം തീരുമാനമെടുക്കേണ്ട  സമയം   വന്നുകഴിഞ്ഞു.

‘കർത്താവാണു  ദൈവമെങ്കിൽ അവിടുത്തെ അനുഗമിക്കുവിൻ. ബാലാണു  ദൈവമെങ്കിൽ അവൻറെ പിന്നാലെ പോകുവിൻ ‘ ( 1 രാജാ.18:21) എന്നു  നാനൂറ്റമ്പത്‌ വ്യാജപ്രവാചകന്മാരുടെ മുൻപിൽ  നിവർന്നുനിന്നു  വിളിച്ചുപറഞ്ഞ  സത്യപ്രവാചകനായ ഏലിയാ ഒറ്റയ്ക്കായിരുന്നു. ഇന്നും കർത്താവിൻറെ പ്രവാചകന്മാർ വിളിച്ചുപറയുന്നുണ്ട്: കർത്താവിൻറെ മുദ്ര വേണമെന്നുള്ളവർ  അവിടുത്തെ അനുഗമിക്കട്ടെ. എതിർക്രിസ്തുവിൻറെ മുദ്രയാണു വേണ്ടതെന്നുള്ളവർ അവൻറെ പിന്നാലെ പോകട്ടെ’. 

ദൈവത്തിൻറെ ദാസരുടെ നെറ്റിത്തടത്തിൽ മുദ്രയിടാനുള്ള  ദൂതന്മാർ വന്നുപോയ്ക്കഴിഞ്ഞാലുടനെ തൊട്ടു പുറകെ  വരാനിരിക്കുന്നത്  സംഹാരദൂതരാണ്.  അതുകൊണ്ടു  ജാഗ്രതയായിരിക്കുക. കേൾക്കാൻ ചെവി യുള്ളവൻ കേൾക്കട്ടെ  എന്നു പറഞ്ഞുകൊണ്ട് ഈ അധ്യായം  അവസാനിപ്പിക്കുകയാണ്.