അവൻ വീണ്ടും വരുന്നു അധ്യായം 17

സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുകയും നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നും നിപതിക്കുകയും  ആകാശശക്തികൾ  ഇളകുകയും ചെയ്യും എന്നുപറഞ്ഞതിനുശേഷം  യേശു പറയുന്നത്  അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻറെ  അടയാളം പ്രത്യക്ഷപ്പെടും എന്നാണ്. യുഗാന്ത്യവുമായി ബന്ധപ്പെട്ടു ഗൗരവത്തോടെ കാണേണ്ട  ഒരു അടയാളമാണിത് എന്നതിൽ തർക്കമില്ലല്ലോ. സ്വർഗത്തിലേക്ക് എഴുന്നള്ളിയതിനുശേഷം ആദ്യമായി യേശു തൻറെ സാന്നിധ്യം  നേരിട്ടു  മനസ്സിലാക്കാവുന്ന അടയാളങ്ങളിലൂടെ  മനുഷ്യർക്കു വെളിപ്പെടുത്തിക്കൊടുക്കുന്ന സമയമാണിത്.  ഈ തിരുവചനഭാഗത്തെക്കുറിച്ചു  വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ട്.  വിശുദ്ധ ഫൗസ്റ്റീനയ്ക്കു ലഭിച്ച സന്ദേശങ്ങൾ അനുസരിച്ച്  ഇതു  ദൈവത്തിൻറെ മഹാകരുണ പ്രകടമാകുന്ന അവസരമാണ്. നമുക്ക് ഈ അധ്യായത്തിൽ   ചിന്തിക്കാനുള്ളതും   ഈ വിഷയത്തെക്കുറിച്ചാണ്.

34. ആകാശത്തിൽ മനുഷ്യപുത്രൻറെ   അടയാളം പ്രത്യക്ഷപ്പെടും.  (മത്തായി  24:30)

മനുഷ്യപുത്രൻറെ  അടയാളം  എന്നതു  കുരിശല്ലാതെ  മറ്റെന്താണ്?  അവസാനനാളുകളിൽ വലിയൊരു ക്രൂശിതരൂപം സകലമനുഷ്യർക്കും  ദൃശ്യമാകുന്ന വിധത്തിൽ ആകാശത്തിൽ പ്രത്യക്ഷപ്പെടും എന്നു   ചില ദര്ശനങ്ങളിലൂടെ വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അതു   മനുഷ്യർക്കു  മാനസാന്തരപ്പെടാനുള്ള അവസാനത്തെ അവസരം ആയിരിക്കും എന്നും പറയപ്പെടുന്നു.   പി ഒ  സി പഠന ബൈബിൾ അനുസരിച്ചു   മനുഷ്യപുത്രൻറെ  അടയാളം എന്ന പ്രയോഗം ഭാഷാശാസ്ത്രപരമായി മനുഷ്യപുത്രൻ തന്നെയായ അടയാളം എന്നാണു  മനസിലാക്കേണ്ടത്. 1961 ൽ   സ്പെയിനിലെ  ഗരബന്ധാളിൽ  പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക  ദർശകർക്കു  വെളിപ്പെടുത്തിക്കൊടുത്തത്  അവസാന നാളുകൾക്കു മുൻപായി ഒരു മഹാ മുന്നറിയിപ്പ്  ഉണ്ടാകുമെന്നാണ്. അതിനുശേഷം ഗരബന്ധാളിലെ  പൈൻ മരങ്ങൾക്കിടയിൽ ഏറെക്കാലം  നിലനിൽക്കുന്ന ഒരു അടയാളവും  ഉണ്ടാവുമെന്നു  മാതാവു  വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.

മുന്നറിയിപ്പ് എന്ന വിഷയത്തെക്കുറിച്ചു  കൂടുതൽ വിശദീകരിക്കുന്നതിനു മുൻപായി  ഒരു കാര്യം  വ്യക്തമാക്കട്ടെ.  അന്ത്യനാളുകൾക്കു മുൻപായി  ഒരു മുന്നറിയിപ്പ് ഉണ്ടാകുമെന്നു  ബൈബിളിൽ എവിടെയും പറയുന്നില്ല.  ഗരബന്ധാളിലും  അതിനുശേഷം കഴിഞ്ഞ അറുപതു വർഷങ്ങളിൽ  ലോകത്തിൻറെ  വിവിധ ഭാഗങ്ങളിലുള്ള അനേകം പേർക്കു   സന്ദേശങ്ങളിലൂടെയും  ദർശനങ്ങളിലൂടെയും  വെളിപ്പെടുത്തപ്പെട്ട  കാര്യങ്ങളെക്കുറിച്ച്  ഒരു ലഘുവിവരണം നൽകുക എന്നതുമാത്രമേ ഈ അധ്യായത്തിൽ  ഉദ്ദേശിക്കുന്നുള്ളൂ. തിരുവചനങ്ങളും സഭാപ്രബോധനങ്ങളും  വിശുദ്ധരുടെ പ്രവചനങ്ങളും  മാതാവിൻറെ  സന്ദേശങ്ങളും എല്ലാം മനസിരുത്തി പഠിച്ചാൽ മാത്രമേ  മുന്നറിയിപ്പ് എന്ന വിഷയത്തെക്കുറിച്ച് വ്യക്തമായ  ധാരണ കിട്ടുകയുള്ളൂ എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. 

ഗരബന്ധാളിലെ  സന്ദേശങ്ങൾ അനുസരിച്ച്,  മുന്നറിയിപ്പ് എന്നത് ഏഴു വയസിനു മുകളിലുള്ള എല്ലാ വ്യക്തികൾക്കും  യേശുവുമായുണ്ടാകുന്ന ഒരു മൗതിക കൂടിക്കാഴ്ചയായിരിക്കും. ഇതു  ലോകമെമ്പാടും ഒരേ സമയം  സംഭവിക്കും. ഏകദേശം പതിനഞ്ചു മിനുട്ട് നീണ്ടുനിൽക്കുന്ന ഈ അതിഭൗതിക അനുഭവത്തിൽ ഓരോരുത്തരും തങ്ങളുടെ ആത്മാവിൻറെ അവസ്ഥ  ദൈവം എങ്ങനെ കാണുന്നുവോ അതുപോലെ തന്നെ അനുഭവിക്കാൻ കഴിയും.  തങ്ങൾ ആ നിമിഷത്തിൽ മരിച്ചാൽ  നിത്യത എവിടെയാണു  ചിലവഴിക്കേണ്ടി വരിക എന്ന് അവർക്കു നേരിട്ടു  ബോധ്യപ്പെടും.  അന്ത്യവിധിയുടെ ഒരു മുന്നനുഭവം ആയിരിക്കും അത്. ഒരേയൊരു  വ്യത്യാസം മുന്നറിയിപ്പു  ശിക്ഷ വിധിക്കാനുള്ള സമയമല്ല, മറിച്ച്  അനുതാപത്തിലേക്കു  നയിക്കാനുള്ളതാണെന്നാണ്. 

 പതിനഞ്ചു മിനിറ്റു  മാത്രമേ ഈ അനുഭവം നീണ്ടുനിൽക്കുകയുള്ളൂ.  എങ്കിലും അതു  വളരെ ദീർഘമായ ഒരു കാലയളവു പോലെ  നമുക്ക് അനുഭവപ്പെടും.  മുന്നറിയിപ്പിൻറെ ആരംഭത്തിൽ രണ്ടു   ധൂമകേതുക്കൾ ആകാശത്തു കൂട്ടിയിടിക്കുന്നതായും  ആകാശം ചുവപ്പുനിറമാകുന്നതായും നാം കാണും. അപ്പോൾ ആകാശത്തിൽ ക്രൂശിതരൂപം പ്രത്യക്ഷപ്പെടും. യേശുക്രിസ്തുവിനെ കുരിശിൽ തറച്ച  ആണിപ്പഴുതുകളിലൂടെ  ശക്തമായ പ്രകാശധാര ദൃശ്യമാകും.  അതു  ദൈവത്തിൻറെ മഹാകരുണയിൽ അഭയം തേടാനുള്ള സമയമാണ്.  

എത്ര കൊടുംപാപിയാണെങ്കിലും  പാപങ്ങളോർത്ത്  അനുതപിച്ച് ദൈവത്തോടു  പാപമോചനം  യാചിക്കാനുള്ള അവസാന അവസരം ആയിരിക്കും അത്. ആകാശത്തിൽ ക്രൂശിതരൂപം കാണുമ്പോൾ തന്നെ മുട്ടിൽ വീണ്, ആത്മാർത്ഥമായി അനുതപിച്ച് ദൈവകരുണ  യാചിക്കാനുള്ള സമയമാണത്.    പല ദർശനങ്ങളിലും വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതു   മുന്നറിയിപ്പിനു  മുൻപു  തന്നെ അനുതപിച്ച്, കുമ്പസാരിച്ച് പ്രസാദവരാവസ്ഥയിൽ ആയിരിക്കണം എന്നാണ്. കാരണം  തങ്ങൾ  ചെയ്തുകൂട്ടിയ പാപങ്ങളുടെ  ഗൗരവവും അതു  സ്നേഹം തന്നെയായ ദൈവത്തെ എത്രയധികമായി  മുറിപ്പെടുത്തിയെന്നും നേരിട്ടു  ബോധ്യപ്പെടുമ്പോൾ  പലരും ആ ഞെട്ടലിൽ വീണുമരിക്കും എന്നാണ്.  അങ്ങനെയുള്ളവർക്കുവേണ്ടി നാം  ഇപ്പോൾത്തന്നെ പ്രാർത്ഥിക്കണമെന്നു    സന്ദേശങ്ങളിൽ പറയുന്നു.

മുന്നറിയിപ്പ് ഒരു പ്രകൃത്യാതീത പ്രതിഭാസം ആയിരിക്കും.അത് ഒരേസമയം അന്തരീക്ഷത്തിൽ കാണുകയും  ആത്മാവിൽ അനുഭവിക്കുകയും ചെയ്യാൻ കഴിയും.   എന്നാൽ ആ അനുഭവം കഴിയുന്നതോടെ ശാസ്ത്രജ്ഞന്മാരും  നിരീശ്വരവാദികളും  അതിനു ശാസ്ത്രീയ വ്യാഖാനങ്ങൾ ചമയ്ക്കാൻ വിഫലശ്രമം നടത്തും.  മുന്നറിയിപ്പിനു  ശേഷമുള്ള   കുറച്ചുകാലം  വലിയ മാനസാന്തരങ്ങളുടെ കാലമായിരിക്കും.  കാരണം അപ്പോഴേയ്ക്കും ദൈവത്തിൻറെ അസ്തിത്വത്തെക്കുറിച്ചോ യേശുവിൻറെ രക്ഷാകരപ്രവർത്തിയെക്കുറിച്ചോ ഒരു മനുഷ്യൻറെയും  മനസ്സിൽ സംശയം  അവശേഷിച്ചിരിക്കില്ല. 

ദൈവത്തിൻറെ മഹാകരുണയുടെ പ്രദർശനമായ  മുന്നറിയിപ്പിനെക്കുറിച്ച്  നമുക്കു  കുറച്ചുകൂടി വ്യക്തത ലഭിക്കുന്നതു  വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിൽ നിന്നാണ് ( എൻറെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ എന്ന പേരിൽ ഈ  ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ  ലഭ്യമാണ്).  യേശു  ഫൗസ്റ്റീനയോട് പറഞ്ഞത് ഇപ്രകാരമാണ്.

‘ നീതിമാനായ  വിധിയാളനായി വരുന്നതിനുമുൻപേ  ഞാൻ കരുണയുടെ രാജാവായി  വരുന്നു.  നീതിയുടെ ദിനം ആഗതമാകുന്നതിനു മുൻപ്  ഇങ്ങനെയൊരടയാളം  മനുഷ്യർക്കായി ആകാശത്തിൽ നൽകപ്പെടും. ആകാശത്തിലെ എല്ലാ പ്രകാശവും അണഞ്ഞുപോകും. എങ്ങും കനത്ത അന്ധകാരം മാത്രം. അപ്പോൾ  ആകാശത്തിൽ ക്രൂശിതരൂപം പ്രത്യക്ഷപ്പെടും. രക്ഷകൻറെ കൈകാലുകൾ തുളയ്ക്കപ്പെട്ട  ആണിപ്പഴുതുകളിലൂടെ  വരുന്ന മഹാപ്രകാശം  അല്പനേരത്തേക്കു   ഭൂമിയെ പ്രകാശിപ്പിക്കും. ഇത് അന്ത്യദിനത്തിന്  അല്പം മുൻപായി സംഭവിക്കും ( ഡയറി 83)

എൻറെ കരുണയെക്കുറിച്ചു  ലോകത്തോടു  പറയുക.  അത് അന്ത്യകാലത്തിൻറെ അടയാളമാണ്. അതിനുശേഷം  നീതിയുടെ ദിനം സമാഗതമാകും. ഇപ്പോൾ സമയള്ളപ്പോൾ തന്നെ  അവർ  എൻറെ കരുണയുടെ സ്രോതസ്സിൽ അഭയം തേടട്ടെ ( ഡയറി 848)

 നീതിയുടെ ദിനത്തിനു  മുൻപായിഞാൻ  കരുണയുടെ ദിനം അയയ്ക്കുന്നു

 ( ഡയറി 1588).  എൻറെ കരുണയുടെ വാതിലിലൂടെ  കടക്കാൻ വിസമ്മതിക്കുന്നവർ  എൻറെ നീതിയുടെ വാതിലിലൂടെ കടന്നുപോകേണ്ടിവരും ( ഡയറി 1146 ).

കർത്താവിൻറെ  രണ്ടാം വരവിനായി  വിശുദ്ധിയോടെ ഒരുങ്ങി പ്രസാദവരാവസ്ഥയിൽ ആയിരിക്കുന്നവർക്കു  മുന്നറിയിപ്പു  വലിയ  കൃപയുടെ അനുഭവമായിരിക്കും.  നാം ചെയ്യേണ്ട പ്രധാന കാര്യം നീതിവിധിയുടെ  ദിനത്തിനു മുൻപായി കർത്താവിൻറെ കരുണയുടെ ദിനം  ഉണ്ടാകുമെന്നും അതിനുമുൻപായി  എല്ലാവരും അനുതപിച്ച്  യേശുവിലേക്കു തിരിയണം എന്നുമുള്ള സന്ദേശം  പരമാവധി ,മനുഷ്യരിലേക്ക്  എത്തിക്കുക എന്നതാണ്. ദൈവകരുണയെക്കുറിച്ചു  മറ്റുള്ളവരോടു  പറയുന്ന വ്യക്തികൾക്ക് യേശു വലിയ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട് എന്നും നാം ഓർക്കണം. മുന്നറിയിപ്പു  സമയത്തു  മാരകപാപാവസ്ഥയിൽ ആയിരിക്കുകയും അനുതപിക്കാൻ  അവസരം കിട്ടാതെ മരിച്ചുപോവുകയും ചെയ്യാൻ  ഇടയുള്ളവർക്കുവേണ്ടി നാം ഇപ്പോൾ തന്നെ പ്രാർത്ഥിക്കണം.  അതു  വലിയൊരു കാരുണ്യപ്രവൃത്തിയാണെന്ന് ഓർക്കുക.

കർത്താവിൻറെ രണ്ടാം വരവ്  എന്നുണ്ടാകുമെന്നു നമുക്കറിയില്ല. അതുകൊണ്ടുതന്നെ അതിനുമുൻപു   സംഭവിക്കേണ്ട മുന്നറിയിപ്പിൻറെ  സമയവും നമുക്കറിയില്ല.  അതോടൊപ്പം ചിന്തിക്കേണ്ട ഒരു കാര്യം  മുന്നറിയിപ്പ് എന്നൊന്ന് ഉണ്ടാവില്ല എന്നു  കരുതുന്നവരായിരിക്കും നാം കണ്ടുമുട്ടുന്നവരിൽ പലരും എന്നതാണ്. അവരെ വിട്ടേക്കുക. മുന്നറിയിപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശുദ്ധിയിൽ ജീവിച്ച് പ്രാർത്ഥിച്ചൊരുങ്ങാതെ   മനുഷ്യപുത്രൻറെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു (ലൂക്കാ 21:34)  ലഭിക്കില്ലല്ലോ. അതിനാൽ തന്നെ സുരക്ഷിതമായ കാര്യം മുന്നറിയിപ്പ് ഉണ്ടാവുമെന്നും  അത്  ‘ഇതാ നാളെ സംഭവിക്കാനിരിക്കുന്നു’  എന്നുമുള്ള  വിധത്തിൽ നാം ഒരുങ്ങണമെന്നു ചിന്തിക്കുന്നതാണ്. അതോടൊപ്പം  കരുണയുടെ ആ ദിനത്തിനായി  മറ്റുള്ളവരെ  ഒരുക്കുകയും വേണം. കാരണം നീതിയുടെ ദിനത്തിനു മുൻപായി കരുണയുടെ ദിനം വരുമെന്നതിനെക്കുറിച്ച് അജ്ഞരാണു  നമുക്കു  ചുറ്റുമുള്ള പലരും. അവരെ ആ മഹാസംഭവത്തിനായി ഒരുക്കുക എന്നതു നമ്മുടെ കടമയാണ്. അതിനാകട്ടെ,  ആദ്യം നാം സ്വയമേ ഒരുങ്ങണം.

നമ്മുടെ ശരീരങ്ങളെ  വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി  സൂക്ഷിക്കേണ്ട കാലമാണിത് . അതോടൊപ്പം നമ്മുടെ ഭവനങ്ങളെയും വിശുദ്ധമായി  സൂക്ഷിക്കണം.  വെഞ്ചരിച്ച ഭവനങ്ങളും  വിശുദ്ധവസ്തുക്കളും  സാത്താൻറെ ആക്രമണത്തെ ചെറുക്കാൻ നമ്മെ സഹായിക്കും.  വെഞ്ചരിച്ച തിരുസ്വരൂപങ്ങളും  ജപമാല, വെന്തിങ്ങ, മെഡൽ, മെഴുകുതിരികൾ, മറ്റു വിശുദ്ധവസ്തുക്കൾ   എന്നിവയും  അതുപോലെ തന്നെ  ഹന്നാൻ വെള്ളവും    നമ്മെയും  നമ്മുടെ ഭവനങ്ങളെയും  കൃപയിൽ നിലനിൽക്കാൻ സഹായിക്കും. നമ്മുടെ വീടുകളിൽ ഇവയെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തുക. അക്കാര്യത്തിൽ  ഒരു കാരണവശാലും അശ്രദ്ധ കാണിക്കരുത് എന്ന് ഓർമ്മിപ്പിക്കുന്നു.

(തുടരും)