അവൻ വീണ്ടും വരുന്നു അധ്യായം 13

ഈ പ്രപഞ്ചത്തിൽ ദൈവത്തെ അനുസരിക്കാത്ത ഒരേയൊരു സൃഷ്ടി മനുഷ്യനാണ്. മറ്റെല്ലാ ജീവികളും, അചേതനമോ സചേതനമോ ആയ എല്ലാ വസ്തുക്കളും ദൈവഹിതത്തെ അതേപടി നടപ്പിലാക്കുന്നവരാണ്.

‘കാള അതിൻറെ  ഉടമസ്ഥനെ അറിയുന്നു. കഴുത അതിൻറെ യജമാനൻറെ  തൊഴുത്തും. എന്നാൽ ഇസ്രായേൽ ഗ്രഹിക്കുന്നില്ല. എൻറെ ജനം മനസിലാക്കുന്നില്ല’ ( ഏശയ്യാ 1:3) എന്ന പ്രവാചകൻറെ വിലാപം ഇസ്രായേൽക്കാരെ  മാത്രം ഉദ്ദേശിച്ചല്ലല്ലോ. ‘കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ’ എന്നു ശിഷ്യന്മാർ അത്ഭുതപ്പെടത്തക്കവിധം പ്രകൃതിശക്തികളുടെ മേൽ പരിപൂർണ്ണമായ അധികാരം ദൈവത്തിനുണ്ട്.  പലപ്പോഴും പ്രകൃതിശക്തികളെക്കൊണ്ടുതന്നെയാണു  ദൈവം ഇസ്രായേൽക്കാരെ  രക്ഷിച്ചതും അവരുടെ ശത്രുക്കളെ ശിക്ഷിച്ചതും. അങ്ങനെയെങ്കിൽ  സർവശക്തനായ കർത്താവിൻറെ മഹത്വപൂർണ്ണമായ ദ്വിതീയാഗമനം  എന്ന ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാസംഭവത്തിനു മുന്നോടിയായി  പ്രകൃതിയിൽ  – ആകാശത്തിലും ഭൂമിയിലും –  അടയാളങ്ങൾ ഉണ്ടാവുന്നതിൽ എന്തത്ഭുതം?

ഇതേക്കുറിച്ചു ബൈബിൾ എന്താണു  .പറയുന്നതെന്നു നോക്കാം.

24.പീഡനങ്ങളുടെ   ഒരു കാലഘട്ടത്തിനുശേഷം  പൊടുന്നനെ സൂര്യൻ ഇരുണ്ടുപോകും (മർക്കോസ് 13:24)

കർത്താവു  കുരിശിൽ മരിച്ച സമയത്തു  സൂര്യൻ ഇരുണ്ടുപോയെങ്കിൽ കർത്താവു  രണ്ടാമതും വരുന്നതിൻറെ  മുന്നോടിയായി ഒരിക്കൽ കൂടി സൂര്യൻ ഇരുണ്ടുപോകും എന്നു  വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നു.  ബൈബിളിൽ പറയുന്നതു  വിശ്വസിക്കാൻ  ബുദ്ധിമുട്ടുള്ളവർക്കു വേണമെങ്കിൽ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായവും  കേൾക്കാം. ഒരു ആണവയുദ്ധം  ഉണ്ടാവുകയാണെങ്കിൽ  അതിൻറെ  ഫലമായി  വലിയ അളവിൽ പൊടിപടലങ്ങൾ ഉണ്ടാവുകയും അവ  അന്തരീക്ഷത്തിലേക്ക് ഉയർന്നു സൂര്യപ്രകാശത്തെ  ദീർഘകാലത്തേക്കു  മറച്ചുകളയുകയും ചെയ്യും എന്നാണു  ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത്.  ഇങ്ങനെ സൂര്യപ്രകാശം തടയപ്പെടുന്നതുകൊണ്ടു   ഭൂമിയിലെ താപനില വളരെ പെട്ടെന്നുതന്നെ താഴ്ന്നുപോകും. ചില പഠനങ്ങളനുസരിച്ച് 10 ഡിഗ്രി മുതൽ 20  ഡിഗ്രി വരെ താപനില  താഴാൻ സാധ്യതയുണ്ട്.  അതായതു   30    ഡിഗ്രി  ചൂടിൽ  ഫാൻ ഇട്ടു  കിടന്നുറങ്ങുന്ന  മലയാളികൾ  പത്തോ പന്ത്രണ്ടോ ഡിഗ്രിയിൽ തണുത്തുവിറച്ചു  സ്വെറ്റർ ഇട്ടു കമ്പിളിപ്പുതപ്പും  പുതച്ച് ഇരിക്കേണ്ടിവരും എന്നർത്ഥം. 

 നിങ്ങളുടെ പലായനം സാബത്തിലോ ശീതകാലത്തോ ആകാതിരിക്കാൻ പ്രാർത്ഥിക്കുക എന്നു  പറഞ്ഞ യേശുവിൻറെ  വചനങ്ങൾ  നമുക്കോർക്കാം. അന്ത്യകാലത്തേക്ക് ഒരുങ്ങാനുള്ള സന്ദേശങ്ങൾ  കിട്ടുന്ന പലരും   തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ കൂടി സൂക്ഷിച്ചുവയ്ക്കണം എന്നു പറയുന്നത് ഇതുകൊണ്ടായിരിക്കാം. ഒരു ആണവയുദ്ധത്തിൻറെ   പാരിസ്ഥിതികദൂഷ്യഫലങ്ങളിൽ നിന്ന് രക്ഷപെടാൻ

( അത് സാധ്യമാണെങ്കിൽ ) ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ  തന്നെ എടുത്തേക്കാം. ആ കാലയളവിനുള്ളിൽ  റേഡിയേഷനും സൂര്യപ്രകാശത്തിൻറെ  അഭാവവും മൂലം  കൃഷികൾ നശിക്കുകയും  അതു  വലിയ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യും.

25. ചന്ദ്രൻ  പ്രകാശം തരുകയില്ല.(മർക്കോസ് 13:24)

സൂര്യൻ ഇരുണ്ടുപോകുമെങ്കിൽ പിന്നെ ചന്ദ്രൻറെ  കാര്യം പറയാനുണ്ടോ? സൂര്യൻറെ  പ്രകാശമാണല്ലോ ചന്ദ്രൻ പ്രതിഫലിപ്പിക്കുന്നത്.

26. നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നു  നിപതിക്കും

27. ആകാശശക്തികൾ ഇളകും ( മർക്കോസ് 13:25)

ഉൽക്കകളും  ധൂമകേതുക്കളും  ഭൂമിയിൽ പതിക്കുന്നത് അസാധാരണമല്ല. നാം അതു  ശ്രദ്ധിക്കാതെപോകുന്നത് അവ താരതമ്യേന ചെറുതായതുകൊണ്ടും ഉൽക്കകൾ പതിക്കുന്നതിൻറെ  ഫലമായുള്ള നാശനഷ്ടങ്ങൾ പരിമിതമായതുകൊണ്ടും  ആണ്.  എന്നാൽ വലിയ നശീകരണശേഷിയുള്ള  ഉൽക്കകൾ ഭൂമിക്കടുത്തുകൂടി കടന്നുപോകാനുള്ള സാധ്യത വളരെയധികമാണെന്നാണു  ശാസ്ത്രജ്ഞന്മാർ പറയുന്നത്. ആകാശശക്തികളുടെ തകർച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു   വിജാതീയരാജ്യങ്ങളുടെ തകർച്ചയാണെന്നാണു   പഴയനിയമ പ്രവാചകരെ ഉദ്ധരിച്ചുകൊണ്ട്  പി ഒ സി  യുടെ പഠന ബൈബിൾ പ്രസ്താവിക്കുന്നത്.

സൂര്യനും  ചന്ദ്രനും  നക്ഷത്രങ്ങളും  ആയി  ബന്ധപ്പെട്ട പ്രവചനങ്ങൾക്ക്  പ്രഥമദൃഷ്ടാ കാണുന്നതിനപ്പുറം  ആഴമായ ഒരു ആത്മീയ അർത്ഥവുമുണ്ട്. പ്രകൃതിശക്തികളെ ആരാധിച്ചുകൊണ്ടായിരുന്നു മനുഷ്യൻറെ 

ദൈവാന്വേഷണം തുടങ്ങിയത്.  ഇരുളിലും മരണത്തിൻറെ  നിഴലിലും ഇരിക്കുന്നവർക്കു  പ്രകാശമായി 

ദൈവം  യേശുക്രിസ്തുവിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തിയിട്ടും  അതു  സ്വീകരിക്കാതെ ഇപ്പോഴും  ലോകത്തിൻറെ പ്രകാശം തേടുന്ന മനുഷ്യർ ഉണ്ടല്ലോ. നീതിസൂര്യനായ യേശുക്രിസ്തു ഉദിച്ചുകഴിയുമ്പോൾ 

മഹത്തരമെന്നു മനുഷ്യർ കരുതിയിരുന്ന പ്രകൃതിശക്തികൾ  അവിടുത്തെ മുൻപിൽ   ഒന്നുമല്ല എന്നു .തെളിയുക തന്നെ ചെയ്യും. ഭൂമി അമ്മയാണ്  എന്നൊക്കെയുള്ള  അക്രൈസ്തവ ചിന്തകളും അതിൻറെ  ഭാഗമായ   പ്രകൃത്യാരാധനയും  പിൻവാതിലിലൂടെ സഭയിൽ കടത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ  യേശുവിൻറെ രണ്ടാം വരവുമായി ബന്ധപ്പെട്ടു പ്രകൃതിശക്തികളിലൂടെ ദൈവം അയയ്ക്കുന്ന  അടയാളങ്ങൾ നാം ശ്രദ്ധിക്കണം. 

ഭൗതികമായ തലത്തിൽ ചിന്തിക്കുകയാണെങ്കിൽ സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും പ്രകൃതിയിലും  ഈ കാലഘട്ടത്തിൽ  അസാധാരണവും വിചിത്രവുമായ പ്രതിഭാസങ്ങൾ  സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവയെക്കുറിച്ചെല്ലാം  ഈ ലേഖനത്തിൽ വിവരിക്കുക എന്നത് പ്രയോഗികമല്ലല്ലോ.  ആകാശത്തിലും ഭൂമിയിലും സംഭവിക്കുന്ന ഏത് അസാധാരണസംഭവവും  കർത്താവിൻറെ രണ്ടാം വരവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്ന ഒരു മനസ് രൂപപ്പെടുത്തിയെടുക്കാൻ നാം ശ്രമിക്കണം എന്നു മാത്രം ഓർമ്മിപ്പിക്കുന്നു.

(തുടരും)