അന്ത്യകാലത്ത് ഉഗ്രപീഡനങ്ങൾ ഉണ്ടാകുമെന്നും എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവരെ ഓർത്തു ദൈവം ആ പീഡനത്തിൻറെ നാളുകൾ ചുരുക്കുമെന്നും വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടു ബുദ്ധിമുട്ടേറിയ ആ കാലത്തെ തരണം ചെയ്യാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണം എന്നും പറഞ്ഞുകൊണ്ടാണു നാം കഴിഞ്ഞ അധ്യായം അവസാനിപ്പിച്ചത്. അവസാനനാളുകളിൽ ക്രിസ്തുവിശ്വാസികൾ നേരിടേണ്ടിവരുന്ന പീഡനം ആത്മീയമെന്നതുപോലെ ഭൗതികവുമായിരിക്കും എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇതിൽ ഏതാണു കൂടുതൽ ഭീകരം എന്നുചോദിച്ചാൽ നമുക്കു സംശയിക്കേണ്ട കാര്യമില്ല. ശാരീരികപീഡനങ്ങളെക്കാളും സാമൂഹ്യഭ്രഷ്ടിനെക്കാളും പട്ടിണിയേക്കാളും, ദാരിദ്ര്യത്തേക്കാളും നഗ്നതയെക്കാളും കാരാഗൃഹവാസത്തെക്കാളും നമുക്കു പ്രധാനപ്പെട്ടത് ആത്മീയതലത്തിൽ നാം നേരിടേണ്ടിവരുന്ന മഹാപീഡനമാണ്.
അതിനു കാരണങ്ങൾ രണ്ടാണ്. പ്രധാനകാരണം അതു നമ്മുടെ ആത്മരക്ഷയെ ബാധിക്കും എന്നതുതന്നെ. രണ്ടാമത്തെ കാരണം ആത്മീയ പീഡനങ്ങൾ വരുന്നതു നാം ഒട്ടും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നായിരിക്കും എന്നതുകൊണ്ടും പലപ്പോഴും അതൊരു പീഡനമായോ പ്രലോഭനമായോ നമുക്കു തോന്നുകയില്ല എന്നതുകൊണ്ടുമാണ്.
ഈ വിഷയത്തിലേക്കു കടക്കുന്നതിനു മുൻപായി നാം കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിലെ ഒരു ഖണ്ഡിക മനസിരുത്തി വായിക്കേണ്ടിയിരിക്കുന്നു.
“ക്രിസ്തുവിൻറെ രണ്ടാം വരവിനു മുൻപു സഭ ഒരു അന്തിമപരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കും. ഭൂമിയിലുള്ള അവളുടെ തീർത്ഥാടനത്തോടൊത്തുപോകുന്ന പീഡനം ‘തിന്മയുടെ രഹസ്യ’ത്തെ വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങൾക്കു പ്രത്യക്ഷമായ ഒരു പരിഹാരമാർഗം അതു മനുഷ്യർക്കു വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അത്. സത്യത്തെ പരിത്യജിക്കുക എന്ന വില അവർ അതിനു കൊടുക്കേണ്ടിവരും. മതപരമായ പരമവഞ്ചന എതിർക്രിസ്തുവിൻറേതായിരിക്കും. മനുഷ്യൻ ദൈവത്തിൻറെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്തു തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ് അത്'( CCC 675).
വിശ്വാസികൾക്കു നേരിടേണ്ടിവരുന്ന ആത്മീയ പീഡനം എന്നതു മതപരമായ വഞ്ചന തന്നെയാണ്. തെറ്റായ പ്രബോധനങ്ങളും പാപത്തെ നിസ്സാരവൽക്കരിക്കുന്ന പ്രവണതയും യേശുക്രിസ്തു ഏകരക്ഷകനാണെന്നു പ്രഘോഷിക്കാനുള്ള മടിയും മതസൗഹാർദത്തിൻറെ പേരുപറഞ്ഞുകൊണ്ടുള്ള വിജാതീയവൽക്കരണവും
ക്രിസ്‌തുവിനേക്കാൾ പ്രാധാന്യം അധികാരികൾക്കു കൊടുത്തുകൊണ്ടുള്ള കപട ആത്മീയതയും പരിശുദ്ധകുർബാനയിലെ കുറഞ്ഞുവരുന്ന ജനപങ്കാളിത്തവും കൂദാശകളോടുള്ള അനാദരവും പൗരോഹിത്യത്തിനെതിരായി ഉയരുന്ന സ്വരങ്ങളും എങ്ങനെ ജീവിച്ചാലും സ്വർഗത്തിൽ പോകുമെന്നുള്ള ചിന്തയും കർത്താവിൻറെ രണ്ടാംവരവിനെ അവിശ്വസിക്കുന്നതും ഒക്കെ മതപരമായ വഞ്ചനയുടെ പ്രകാശനമാണ്. തിന്മകൾ നന്മകളായി നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത് നമുക്കു വേണ്ടപ്പെട്ടവർ തന്നെയായിരിക്കും എന്നതിനാൽ അതിൻറെ പിറകിലെ ചതിക്കുഴികള നാം കാണാതെ പോകാൻ സാധ്യത ഏറെയാണ്. ഈയൊരു ബോധ്യത്തോടെ നമുക്കു മുന്നോട്ടുപോകാം.
21.കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും.
22. അവർ സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്ക വിധം വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കും.
23. യേശു മരുഭൂമിയിൽ അല്ലെങ്കിൽ മുറിക്കുള്ളിൽ ഉണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ നാം വിശ്വസിക്കരുത്.
കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും അരങ്ങുതകർക്കുന്ന കാലമാണിത്. കുട്ടിദൈവങ്ങളും ആൾദൈവങ്ങളും അതിനുപുറമെ. മനുഷ്യൻ തന്നെത്തന്നെ ദൈവത്തിൻറെ സ്ഥാനത്ത് മഹത്വപ്പെടുത്തുമ്പോൾ എതിർക്രിസ്തുവിൻറെ വഞ്ചനയുടെ നിഴൽ ലോകത്തിൽ പടർന്നുതുടങ്ങുന്നു എന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നത് എത്ര സത്യം? ഇനിപ്പറയുന്ന പേരുകൾ കേട്ടിട്ടുണ്ടോ എന്നു നോക്കുക.
ജിം ജോൺസ് – യേശുക്രിസ്തുവിൻറെ പുനരവതാരമെന്ന് അവകാശപ്പെട്ടവൻ
ഡേവിഡ് കൊറേഷ് – തിരിച്ചുവന്ന യേശു എന്ന് അവകാശപ്പെട്ടവൻ
ജോസ് ലൂയിസ് ഡി ജീസസ് – ക്രിസ്തുവും എതിർക്രിസ്തുവും താൻ തന്നെയെന്ന് അവകാശപ്പെടുന്നവൻ. പാപം, പിശാച്, നരകം എന്നിവ ഇല്ലെന്നതാണു മുഖ്യപഠനം.
ഇൻറി ക്രിസ്റ്റോ – മറ്റൊരു കള്ളക്രിസ്തു
അലൻ ജോൺ മില്ലർ – ക്രിസ്തുവിൻറെ പുനരവതാരം എന്ന് അവകാശപ്പെടുന്നു. കൂടെയുള്ള സ്ത്രീ മഗ്ദലേനാമറിയം ആണത്രേ.
സെർജി അനറ്റോലിയെവിച്ച് – കള്ളക്രിസ്തുവിൻറെ റഷ്യൻ അവതാരം
ഇവരിൽ പലരുടെയും അനുയായികളുടെ എണ്ണം ആയിരങ്ങൾക്കുമപ്പുറമാണ്. ക്രിസ്തു ഇവിടെയുണ്ട് അല്ലെങ്കിൽ അവിടെയുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത് എന്നു പറഞ്ഞ സാക്ഷാൽ യേശുക്രിസ്തുവിൻറെ അനുയായികൾ എന്നവകാശപ്പെടുന്നവർ ആണ് ഇവരിൽ ഭൂരിഭാഗവും. യേശു സ്വർഗാരോഹണം ചെയ്യുന്നതിനു മുൻപു വാഗ്ദാനം ചെയ്ത സഹായകൻ ആണു താനെന്ന് അവകാശപ്പെട്ടുകൊണ്ടു നൂറ്റാണ്ടുകൾക്കുശേഷം ഈ ഭൂമിയിൽ വലിയ അനുയായിവൃന്ദങ്ങളെ ഉണ്ടാക്കിയവരെയും നമുക്കറിയാം.
വ്യാജക്രിസ്തുമാരെക്കുറിച്ചു പറയുമ്പോൾ യോഹന്നാൻ ശ്ലീഹാ സൂചിപ്പിക്കുന്നത് അവർ നമ്മുടെ കൂട്ടത്തിൽ നിന്നു പുറത്തുപോയവരാണെന്നാണ്. ‘യേശുവാണു ക്രിസ്തു എന്നതു നിഷേധിക്കുന്നവനല്ലാതെ മറ്റാരാണ് കള്ളം പറയുന്നവൻ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് എതിർക്രിസ്തു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും’
( 1 യോഹ.2 : 18-23). വ്യാജപ്രവാചകനെ തിതിരിച്ചറിയാനുള്ള അടയാളമായി വിശുദ്ധ യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക; ‘പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിൻറെ ആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം. യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തിൽ നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവു ദൈവത്തിൽ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുള്ള എതിർക്രിസ്തുവിൻറെ ആത്മാവാണ് അത്’
( 1 യോഹ.4:1-3). യോഹന്നാൻ വീണ്ടും പറയുന്നു; ‘ വളരെയധികം വഞ്ചകർ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവർ. ഇങ്ങനെയുള്ളവനാണു വഞ്ചകനും എതിർക്രിസ്തുവും’ ( 2 യോഹ.7). വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യുന്ന വ്യാജോപദേഷ്ടാക്കളെക്കുറിച്ചു പത്രോസ് ശ്ലീഹായും മുന്നറിയിപ്പു നൽകുന്നുണ്ട് ( 2 പത്രോസ് 2:1-2). പലരും അവരുടെ ദുഷിച്ച മാർഗത്തെ അനുഗമിക്കും എന്നും അങ്ങനെ അവർ മൂലം സത്യത്തിൻറെ മാർഗം നിന്ദിക്കപ്പെടും എന്നും പത്രോസ് എഴുതിയിട്ടുണ്ട്.
ഇനി സ്വസ്ഥമായിരുന്നു ചിന്തിക്കുക. യേശുക്രിസ്തു ദൈവപുത്രനല്ല വെറുമൊരു പ്രവാചകൻ മാത്രമാണ് എന്നു കരുതുന്ന അനേകം വിശ്വാസസംഹിതകളെ നാം പരിചയപ്പെട്ടിട്ടില്ലേ? യേശു വളരെ നല്ലൊരു ലോകഗുരു ആണെന്നും അദ്ദേഹത്തിൻറെ ആശയങ്ങൾ എല്ലാം വളരെ നല്ലതാണെന്നും അവർ സമ്മതിക്കും. മാംസം ധരിച്ചുവന്ന വചനമായ ദൈവപുത്രനാണ് യേശു എന്നു മാത്രം അവർ സമ്മതിക്കില്ല. ചിലർ പറയും യേശു കുരിശിൽ മരിച്ചിട്ടില്ല. മറ്റു ചിലർ പറയും അവൻ കുരിശിൽ മരിച്ചു, പക്ഷെ ഉയിർത്തിട്ടില്ല. യേശു ഇന്ത്യയിലേക്കു വന്നുവെന്നു പഠിപ്പിക്കുന്ന വ്യാജഗുരുക്കന്മാരെയും നാം കണ്ടിട്ടുണ്ട്. യേശുവിൻറെ ദൈവപുത്രസ്ഥാനവും ലോകത്തിൻറെ ഏകരക്ഷകൻ എന്നുള്ള സ്ഥാനവും നിഷേധിച്ചുകൊണ്ട്, സ്വന്തം പ്രയത്നത്താൽ ആത്മസാക്ഷാത്കാരം നേടാമെന്നു പഠിപ്പിക്കുന്ന ന്യൂ ഏജ് ഗുരുക്കന്മാരും അനവധിയാണ്.
ഇവരുടെയൊക്കെ ഇരയായിത്തീരുന്നതു ക്രിസ്തീയകുടുംബങ്ങളിൽ ജനിച്ചുവളർന്നവർ തന്നെയാണ് എന്നതാണു ദുരന്തത്തിൻറെ മറുവശം. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ യോഗയും അതീന്ദ്രിയധ്യാനവും റെയ്ക്കിയും പ്രാണിക് ഹീലിംഗും പഠിപ്പിക്കുന്നത് കുടിൽ വ്യവസായം പോലെയായതിനു പിറകിലും, ക്രിസ്തുവിൽ നിന്നകന്നു വ്യാജസിദ്ധാന്തങ്ങളുടെ പിറകെ പോകാനുള്ള ത്വരയാണു കാരണം. വ്യാജപ്രവാചകന്മാർക്കും കള്ളക്രിസ്തുമാർക്കും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും എന്നുതന്നെ ബൈബിൾ മുന്നറിയിപ്പു നല്കിയിട്ടുണ്ടല്ലോ. അതുവഴിയാണ് അവർ ജനങ്ങളെ വഴിതെറ്റിക്കുന്നത്. ഈ കൊച്ചുകേരളത്തിൽ ആയിരക്കണക്കിനു ക്രിസ്ത്യൻ പെൺകുട്ടികൾ മാതാപിതാക്കളെപ്പോലും ഉപേക്ഷിച്ചുകൊണ്ട് യേശുവിൻറെ ദൈവത്വത്തെ നിഷേധിക്കുന്ന ഒരു ആശയത്തിൽ ആകൃഷ്ടരായി പുറപ്പെട്ടുപോകുന്നത് എന്തിൻറെ അടയാളമാണെന്നു ചിന്തിക്കുക.
വെളിപാടു പുസ്തകം പതിമൂന്നാം അധ്യായത്തിൽ ഭൂമിയ്ക്കടിയിൽ നിന്നു കയറിവരുന്ന ഒരു മൃഗത്തെക്കുറിച്ചു പറയുന്നുണ്ടല്ലോ. ആ മൃഗത്തിനു കുഞ്ഞാടിൻറേതുപോലുള്ള രണ്ടു കൊമ്പുകൾ ഉണ്ടെങ്കിലും അതു സംസാരിക്കുന്നതു സർപ്പത്തെപ്പോലെയായിരിക്കും എന്നു ബൈബിൾ മുന്നറിയിപ്പു തരുന്നുണ്ട് ( വെളി. 13:11). ഈ അടയാളങ്ങളുടെ കാലികപ്രസക്തി മനസ്സിലാക്കണമെങ്കിൽ സ്‌റ്റെഫാനോ ഗോബി എന്ന ഇറ്റാലിയൻ വൈദികനു പരിശുദ്ധ ‘അമ്മ 1973 മുതൽ 25 വർഷക്കാലം കൊണ്ടു നൽകിയ 604 സന്ദേശങ്ങളിലൂടെ കടന്നുപോകണം.(Marian Movement of Priests പ്രസിദ്ധീകരിക്കുന്ന ‘നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു’ എന്ന പുസ്തകത്തിൽ ഈ സന്ദേശങ്ങൾ വായിക്കാം. ഫാദർ സ്‌റ്റെഫാനോ ഗോബിയുടെ നാമകരണത്തിനായുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു എന്നാണറിയുന്നത്).
ബൈബിളിൽ കുഞ്ഞാട് യേശുവിൻറെ ബലിയുടെ പ്രതീകമാണല്ലോ. കുഞ്ഞാടിൻറെ വേഷത്തിൽ വന്നു സർപ്പത്തെപ്പോലെ സംസാരിക്കുന്ന വ്യക്തി എന്നതു ക്രിസ്തുവിൻറെ പൗരോഹിത്യശുശ്രൂഷയിൽ ആയിരിക്കെത്തന്നെ പിശാചിൻറെ പ്രവൃത്തികൾ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ്. സഭയിൽ കയറിക്കൂടി അധികാരസ്ഥാനങ്ങൾ പിടിച്ചടക്കുന്ന ഫ്രീമേസൺ അനുഭാവികൾ പുറമേയ്ക്കു ക്രിസ്തുവിൻറെ പുരോഹിതർ എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടു തിന്മയ്‌ക്കു കൂട്ടുനിൽക്കുന്ന കാലത്തെക്കുറിച്ചാണു മാതാവു മുന്നറിയിപ്പു തരുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സഭയിലെ പുരോഹിതരിലെ ഒരു വിഭാഗം സത്യവിശ്വാസം ഉപേക്ഷിക്കുകയും എന്നാൽ തങ്ങൾ വിശ്വാസത്തിൽ ആണു നിലനിൽക്കുന്നത് എന്നു മറ്റുള്ളവരെ വിശ്വസിപ്പിച്ചുകൊണ്ട് അവരെ വഞ്ചിക്കുകയും ചെയ്യും എന്നർത്ഥം. സാത്താൻ നുണയനും നുണയുടെ പിതാവുമായതുകൊണ്ട് അവൻ ഇപ്രകാരം പ്രവർത്തിക്കുന്നതിൽ അത്ഭുതമില്ല.
ക്രിസ്ത്യാനിയും കത്തോലിക്കനും ആണെന്ന് അവകാശപ്പെടുന്നവർ തന്നെ ഗർഭച്ഛിദ്രവും സ്വവർഗലൈംഗികതയും വിവാഹമോചനവും വ്യഭിചാരവും സ്വീകാര്യമാണെന്നും സഭയുടെ രണ്ടായിരം വർഷത്തെ പ്രബോധനങ്ങളും, എന്തിനു ബൈബിൾ പോലും കാലത്തിനനുസരിച്ചു പുതിയരീതിയിൽ
( അതായതു പാപത്തെ ന്യായീകരിക്കുന്ന രീതിയിൽ) വ്യാഖ്യാനിക്കുകയും ചെയ്യണമെന്നു പറയുമ്പോൾ വ്യാജപ്രവാചകന്മാരുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസിലാക്കാം. AA 1025 ( ഒരു ആൻറി അപ്പസ്തോലൻറെ ഓർമ്മക്കുറിപ്പുകൾ – മലയാളത്തിൽ സോഫിയ ബുക്ക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു ) എന്ന വിഖ്യാതഗ്രന്ഥത്തിൽ പറയുന്നതു കമ്മ്യൂണിസ്റ്റു ഭരണകൂടങ്ങൾ 1940കൾ മുതൽ സഭയുടെ പൗരോഹിത്യശ്രേണിയിലേക്ക് തങ്ങളുടെ ചാരന്മാരെ അതിവിദഗ്ദ്ധമായി കടത്തിവിട്ടിരുന്നു എന്നാണ്. അതു ശരിയാണെങ്കിൽ അവരിൽ പലരും കാലക്രമേണ മെത്രാനും കർദിനാളും ഒക്കെയായി സഭയുടെ താക്കോൽസ്ഥാനങ്ങളിൽ എത്തിച്ചേർന്നിരിക്കാൻ സാധ്യതയുണ്ട്.
ഒരു പുരോഹിതനു വഴിതെറ്റിയാൽ അതോടൊപ്പം നൂറുകണക്കിനു വിശ്വാസികൾക്കും വഴിതെറ്റുമെന്നു സംശയമില്ല. മനുഷ്യനായി ഭൂമിയിൽ അവതരിച്ച്, നമ്മുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച്, ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്ക് ആരോഹണം ചെയ്യുകയും നമ്മെ വിധിക്കാനായി വീണ്ടും വരികയും ചെയ്യുന്ന ഒരു ക്രിസ്തുവിനെയല്ലാതെ മറ്റൊരു ക്രിസ്തുവിനെയും നമുക്കറിയില്ല. മറ്റേതെങ്കിലും പുസ്തകങ്ങളിൽ യേശുവിനോടു സാമ്യം തോന്നിക്കുന്ന കഥാപാത്രങ്ങൾ ഉണ്ടായേക്കാം. യേശുവിൻറെ അമ്മയായ മറിയത്തോടു സാമ്യം തോന്നുന്ന കഥാപാത്രങ്ങൾ ഉണ്ടായേക്കാം. അതു ക്രിസ്തുവല്ല, മറിയവുമല്ല. അതുകൊണ്ടാണു ക്രിസ്തു ഇവിടെയുണ്ട്, അവിടെയുണ്ട്, മരുഭൂമിയിലുണ്ട്, മുറിയ്ക്കുള്ളിലുണ്ട്, ഞങ്ങളുടെ പുസ്തകത്തിലുണ്ട്, ഞങ്ങളുടെ കൂടാരത്തിലുണ്ട്, ഞങ്ങളുടെ സഭയിലുണ്ട്, ആ യേശുവും ഈ യേശുവും ഒന്നാണ് എന്നൊക്കെ പറഞ്ഞുകൊണ്ടു ക്രിസ്തുവിനുശേഷം വ്യാജപ്രവാചകന്മാർ വരുമെന്നു ബൈബിൾ കൃത്യമായി പ്രവചിച്ചിരിക്കുന്നത്.
അവർ നിങ്ങളെ ശീഘ്രനാശത്തിലേക്കു നയിക്കും എന്നതിൽ സംശയമില്ല.അവരുടെ പിടിയിൽ പെടാതിരിക്കാനുള്ള കൃപയ്ക്കായി നാം പ്രാർത്ഥിക്കണം.
(തുടരും)