സുഗന്ധമുള്ള ഓർമകൾ

ചുറ്റുമുള്ളവർക്കു   ക്രിസ്തുവിൻറെ പരിമളമാകാൻ  വിളിക്കപ്പെട്ടവരാണു  ക്രിസ്ത്യാനികൾ. ലോകത്തിൻറെ ദീപവും ഭൂമിയുടെ ഉപ്പുമാകാൻ വേണ്ടി  പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവർ. എല്ലാവർക്കും  കാണാൻ തക്കവിധം മലമുകളിൽ  ഉയർന്നുനിൽക്കേണ്ട   നഗരമായിരിക്കണം ഓരോ ക്രിസ്ത്യാനിയും.  കുഞ്ഞാടിൻറെ പ്രകാശത്തിൽ  ജനതകൾ  സഞ്ചരിക്കുന്ന  സ്വർഗീയ ജെറുസലേമിലേക്കുള്ള വഴി മറ്റുള്ളവർക്കു  കാണിച്ചുകൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം നമ്മെ ഏല്പിച്ചിട്ടാണ്  ക്രിസ്തു പിതാവിൻറെ അടുത്തേക്ക് തിരിച്ചുപോയത്.

 ഈ കാര്യങ്ങളെല്ലാം കാച്ചിക്കുറുക്കി കർത്താവു തന്നെ ഇങ്ങനെ പറയുന്നുണ്ട്. ‘മനുഷ്യരുടെ മുൻപിൽ എന്നെ ഏറ്റുപറയുന്നവനെ എൻറെ സ്വർഗ്ഗസ്ഥനായ പിതാവിൻറെ മുൻപിൽ ഞാനും ഏറ്റുപറയും’. പിതാവായ  ദൈവത്തിൻറെ സന്നിധിയിൽ ചെല്ലുമ്പോൾ ഏറ്റവും വിലയുള്ള ആ സർട്ടിഫിക്കറ്റ് യേശു നമുക്കു  തരണമെങ്കിൽ  ഇവിടെ ഈ ഭൂമിയിൽ നാം  നന്നായി അധ്വാനിക്കണം. 

അങ്ങനെ അധ്വാനിച്ച   ഒരാളുടെ   ഓർമ്മകളുടെ സുഗന്ധം രണ്ടായിരം വർഷമായിട്ടും സുവിശേഷത്തിൻറെ താളുകളിൽ നിന്നു മാഞ്ഞുപോയിട്ടില്ല. എന്നു  മാത്രവുമല്ല ഇനിയൊരിക്കലും  അതു  മാഞ്ഞുപോവുകയുമില്ല. കാരണം സത്യദൈവവും സത്യമനുഷ്യനുമായ  യേശുക്രിസ്തു, തന്നെ സുഗന്ധതൈലം കൊണ്ട് അഭിഷേകം  ചെയ്തവളെക്കുറിച്ചു  പറയുന്നത് ഇപ്രകാരമാണ്. “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; ലോകത്തിൽ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവൾ ചെയ്ത കാര്യവും  ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും ” ( മത്തായി 26:13).    

 സുവിശേഷത്തോടൊപ്പം  എക്കാലവും സ്മരിക്കപ്പെടണമെന്നു  യേശു പറഞ്ഞ ഒരേയൊരു പേര്   മഗ്ദലനക്കാരി മറിയത്തിൻറേതായിരുന്നു.  പത്രോസിനോ യോഹന്നാനോ  പോലും ലഭിക്കാത്ത  മഹാഭാഗ്യമാണു   മുന്നൂറു ദെനാറ  വിലയുള്ള സുഗന്ധതൈലത്തിനു പകരമായി  മറിയത്തിനു  ലഭിച്ചത്.    എന്നാൽ പരിശുദ്ധാത്മാവിൻറെ ദാനങ്ങൾ പണം കൊടുത്തു വാങ്ങാമെന്നു കരുതിയ  മാന്ത്രികനായ ശെമയോൻറെ നേരെ എതിർവശത്താണു   മറിയം നിലകൊള്ളുന്നത്. അവളെ സംബന്ധിച്ചിടത്തോളം യേശുവിനെ അഭിഷേകം ചെയ്യാൻ ഉപയോഗിച്ച  തൈലത്തിൻറെ വില നിസാരമായിരുന്നു. അത് അവൾ ധനികയായതുകൊണ്ടല്ല, മറിച്ച്  തൻറെ  കൈവശമുള്ളതെല്ലാം, ഉപജീവനത്തിനുള്ള  മാർഗം പോലും ഭണ്ഡാരത്തിലിട്ട  വിധവയെപ്പോലെ,  താൻ  വലുതെന്നു കരുതുന്നതെല്ലാം യേശുവിനു സമർപ്പിക്കാൻ   അവൾ ഒരിക്കലും മടിച്ചിരുന്നില്ല.  ആരുടെ മുൻപിലും നിവർന്നുനിന്ന് യേശു കർത്താവാണെന്നു  വിളിച്ചുപറയാൻ  അവൾക്കു  ധൈര്യമുണ്ടായിരുന്നു.  

 ഇന്നത്തെക്കാലത്തു  നമുക്ക് ആ ധൈര്യം നഷ്ടപ്പെട്ടുപോയതുകൊണ്ടാണ് ഇടയ്ക്കിടെ മഗ്ദലേനാമറിയത്തെക്കുറിച്ച്  ഓർമിപ്പിക്കേണ്ടിവരുന്നത്.  അങ്ങനെയൊരു കാലം വരുമെന്നു  നേരത്തെ അറിഞ്ഞിരുന്നതുകൊണ്ടാണു  കർത്താവ് സുവിശേഷം നിലനിൽക്കുന്നിടത്തോളം കാലം   ഈ സ്ത്രീയുടെ  പേരും  സ്മരിക്കപ്പെടണമെന്നു  ശഠിച്ചത്.

എന്തായിരുന്നു മഗ്ദലേന മറിയം  ചെയ്ത വൻ കാര്യങ്ങൾ? അങ്ങനെ എടുത്തുപറയാൻ മാത്രം ഒന്നുമില്ലെന്നു വേണമെങ്കിൽ പറയാം.  ജീവിതത്തിൻറെ ഇരുണ്ട വഴികളിൽ   നിന്ന്  യേശു അവളെ പ്രകാശത്തിലേക്ക് കൊണ്ടുവന്നു. പിന്നിട്ട വഴികളിലേക്ക് അവൾ പിന്നീടൊരിക്കലും  തിരിഞ്ഞുനോക്കിയിട്ടില്ല. അവളുടെ ഭവനത്തിൽ   വന്ന യേശുവിൻറെ   കാൽക്കലിരുന്ന്  അവൾ വചനംകേട്ടു. തൻറെ  സഹോദരൻ മരിക്കുന്നതുവരെ  മറഞ്ഞിരുന്ന  കർത്താവിനെ നാലുനാളുകൾക്കു ശേഷം കണ്ടപ്പോൾ അവൾ പറഞ്ഞത്   ഇത്രമാത്രം.   “നീ  ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എൻറെ സഹോദരൻ മരിക്കുമായിരുന്നില്ല”.  ഇതുകേട്ടപ്പോൾ യേശു ആത്മാവിൽ നെടുവീർപ്പിട്ടുവെന്നും അസ്വസ്ഥനായെന്നും  കണ്ണീർ പൊഴിച്ചുവെന്നും  യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നു.  യേശുവിൻറെ  ഈ മുഖം മറ്റൊരിടത്തും  നാം കാണുന്നില്ലല്ലോ.

മഗ്ദലനാമറിയത്തെക്കുറിച്ചു   സുവിശേഷങ്ങൾ വളരെ കുറച്ചു   മാത്രമേ എഴുതിയിട്ടുള്ളൂ. അവളുടെ ജീവിതത്തെക്കുറിച്ചും  അവൾ എങ്ങനെയാണ് പൂർണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ     മനുഷ്യനായി അവതരിച്ച  ദൈവപുത്രനെ  സ്നേഹിച്ചതെന്നും അറിയണമെങ്കിൽ  മരിയ  വാൾതോർത്തയുടെ ‘ദൈവമനുഷ്യൻറെ സ്നേഹഗീത’  വായിക്കണം.  ആഴമേറിയ അനുതാപത്തിലൂടെ യേശു നൽകുന്ന പാപമോചനത്തിൻറെ  ആനന്ദം മനസ്സിലാക്കണമെങ്കിൽ   അവളുടെ ജീവിതം പഠിച്ചാൽ മതി. കടുകുമണിയോളം പോലും വിശ്വാസമില്ലാതിരുന്ന  ശിഷ്യന്മാരുടെ അടുത്തു   വെളുപ്പാൻ കാലത്ത് ഓടിച്ചെന്ന് യേശു ഉയിർത്തെഴുന്നേറ്റു എന്നു  വിളിച്ചുപറയണമെങ്കിൽ  കടുകുമണിയോളമല്ല, സിക്കമൂർ വൃക്ഷത്തോളം   വിശ്വാസം വേണം.  അവൾ പറഞ്ഞത്  അവർക്കു  കെട്ടുകഥ പോലെയേ തോന്നിയുള്ളൂ എന്നു ലൂക്കാ സുവിശേഷകൻ എഴുതിവെച്ചിട്ടുണ്ട്.

ആരും  വിശ്വസിക്കാത്തപ്പോഴും സത്യം വിളിച്ചുപറയാൻ ധൈര്യമുണ്ടാകുമെന്നു  തനിക്കു ബോധ്യപ്പെട്ട മഗ്ദലന മറിയത്തിനാണ്  ഉത്ഥാനത്തിനുശേഷം യേശു ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നതിൽ  അത്ഭുതമില്ല.  ആ ധൈര്യമില്ലാത്തതുകൊണ്ടല്ലേ, പല ദൈവികരഹസ്യങ്ങളും ഗ്രഹിക്കാൻ നമുക്കു  കഴിയാതെ പോകുന്നത്?   മഗ്ദലന മറിയത്തിൻറെ വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ മ്ലാനവദരരായി   ജറുസലേമിൽ നിന്ന് എമ്മാവൂസിലേക്കു  പൊയ്‌ക്കൊണ്ടിരുന്ന  രണ്ടു ശിഷ്യന്മാർക്കു  വഴിമധ്യേ പ്രത്യക്ഷപ്പെട്ട യേശു അപ്പം മുറിച്ചുകൊടുത്തപ്പോൾ അവരുടെ കണ്ണുകൾ  തുറക്കപ്പെട്ടുവെങ്കിൽ,  ഇന്ന് എല്ലാ ദിവസവും നമുക്കുവേണ്ടി  മുറിയപ്പെടുന്ന  ആ അപ്പത്തിൻറെ പങ്കുപറ്റിയിട്ടും നമ്മുടെ വിശ്വാസം വളരാത്തതെന്തെന്ന ചോദ്യത്തിനു മറുപടിയും മറിയത്തിൻറെ ജീവിതം തന്നെയാണ്.   

പാപങ്ങളിൽ നിന്ന്, വിശിഷ്യാ ജഡികപാപങ്ങളിൽ നിന്നു  മോചനം ആഗ്രഹിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥയാണു  മഗ്ദലന മറിയം.  അപ്പസ്തോലന്മാരുടെ അപ്പസ്തോല  എന്നു  സഭ  വിളിക്കുന്ന ഈ വിശുദ്ധയുടെ തിരുനാൾ  ജൂലൈ 22  നാണ്   ആചരിക്കപ്പെടുന്നത്. പാരമ്പര്യം   പറയുന്നത്  പലസ്തീനയിൽ ക്രൈസ്തവപീഡനം ശക്തമായപ്പോൾ മഗ്ദലന മറിയം  ഫ്രാൻസിലേക്കു  പോയെന്നും അവിടെസുവിശേഷം പ്രസംഗിച്ചു   എന്നുമാണ്. തെക്കൻ ഫ്രാൻസിലെ പ്രോവെൻസ്  പ്രവിശ്യയിലെ  സെയിൻറ് ബോമേ  എന്ന സ്ഥലത്തെ ഒരു ഗുഹയിൽ മറിയം മുപ്പതു വർഷത്തോളം വസിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.  ഡൊമിനിക്കൻ വൈദികരുടെ സംരക്ഷണത്തിലുള്ള ഈ തീർത്ഥാടനകേന്ദ്രത്തിലേക്കു    147  മൈൽ ദൂരമുള്ള    ഒരു തീർത്ഥാടനപാത  താണ്ടി വിശ്വാസികൾ കടന്നുവരുന്നു.

ഫ്രാൻസിൽ മഗ്ദലനാമറിയത്തിൻറെ പേരിലുള്ള ദൈവാലയങ്ങൾ നിരവധിയാണ്.  നിർഭാഗ്യവശാൽ കേരളത്തിൽ ഈ വിശുദ്ധയുടെ നാമധേയത്തിൽ അധികം ദൈവാലയങ്ങളില്ല. അതിനു കാരണം മഗ്ദലന മറിയത്തെക്കുറിച്ചു     പഠിക്കാൻ മുൻകാലങ്ങളിൽ  നാം  കൂടുതൽ താല്പര്യം കാണിച്ചിരുന്നില്ല എന്നതാണ്.

 പാലാ  രൂപതയിലെ നരിയങ്ങാനത്തും വരാപ്പുഴ രൂപതയിലെ മരടിലും  മഗ്ദലനാമറിയത്തിൻറെ പേരിലുള്ള ദൈവാലയങ്ങൾ ഉള്ളതായി അറിയാം.  കൂടാതെ തുമ്പ റോക്കറ്റ്  വിക്ഷേപണ കേന്ദ്രത്തിനായി ഏറ്റെടുത്ത സ്ഥലത്തുണ്ടായിരുന്ന  മഗ്ദലനാമറിയത്തിൻറെ ദൈവാലയം തൊട്ടടുത്തുള്ള പള്ളിത്തുറയിലേക്കു  മാറ്റി സ്ഥാപിച്ചിട്ടുമുണ്ട്. 

യേശുക്രിസ്തുവിൻറെ കുരിശുമരണത്തിനും ഉത്ഥാനത്തിനും സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച  മഗ്ദലന മറിയത്തിൻറെ  മാധ്യസ്ഥം തേടി നമുക്കും   പ്രാർഥിക്കാം.

പ്രാർഥന 

‘ഈ ചെറിയവരിൽ ഒരുവൻ പോലും നശിച്ചുപോകുവാൻ  എൻറെ സ്വർഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല ‘ എന്ന തിരുവചനത്തിൻറെ സാക്ഷ്യമായി മാറിയ  വിശുദ്ധ മഗ്ദലനാമറിയമേ, പ്രാർത്ഥന, പരിഹാരം പ്രായശ്ചിത്തം എന്നിവയിലൂടെ ദൈവസന്നിധിയിലെത്തിയ പുണ്യാത്മാവേ, വിശുദ്ധിയിലും   വിശ്വാസത്തിലും എളിമയിലും സ്നേഹത്തിലും വളർന്നുവരുവാൻ ഞങ്ങളെ സഹായിക്കണമേ. 

അനുതാപക്കണ്ണുനീരാൽ പാപങ്ങളിൽ നിന്നു മോചനം നേടിയതുപോലെ ഞങ്ങളും ആവർത്തിക്കപ്പെടുന്ന പാപങ്ങളിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും മോചനം നേടുവാനും  ഞങ്ങളെ നിരന്തരം പീഡിപ്പിക്കുന്ന ദുഷ്ടാരൂപികളിൽ നിന്നും വിടുതൽ പ്രാപിക്കുവാനും, മരണം വരെ  യേശുവിൻറെ പാദാന്തികത്തിലിരുന്നു  വചനം ധ്യാനിക്കുവാനും, കാൽവരിയിൽ നാഥൻറെ കുരിശിൻ ചുവട്ടിൽ നിന്നതുപോലെ ഞങ്ങളും പരിശുദ്ധ അമ്മയോടും  അപ്പസ്തോലന്മാരോടും എല്ലാ വിശുദ്ധരോടും സകല മാലാഖമാരോടുമൊപ്പം ഭക്തിപൂർവ്വം  ബലിയർപ്പണത്തിൽ പങ്കുകൊള്ളുവാനും  പ്രതിസന്ധികളിൽ തളരാതെ ധൈര്യപൂർവം വിശുദ്ധിയിലും വിശ്വാസത്തിലും പ്രത്യാശയിലും  ഉറച്ചുനിന്നുകൊണ്ട് ഉത്ഥിതനെ പ്രഘോഷിക്കാനുമുള്ള കൃപ ലഭിക്കുന്നതിനു വേണ്ടി  നിരന്തരം മാധ്യസ്ഥം പ്രാർഥിക്കണമേ.

ഈ ലോകജീവിതത്തിൽ ഞങ്ങൾക്കുണ്ടാകുന്ന എല്ലാ കുരിശുകളെയും സന്തോഷത്തോടെ സ്വീകരിക്കുവാനും ഞങ്ങളുടെ മരണസമയത്തു  മഹത്വപൂർണനായ  യേശുവിൻറെ തിരുമുഖം ദർശിക്കുവാനുമുള്ള ഭാഗ്യം ലഭിക്കുന്നതിനായി ഞങ്ങൾക്കുവേണ്ടി നിരന്തരം പ്രാർഥിക്കണമേ .

ഞങ്ങൾ   സമർപ്പിക്കുന്ന   ഈ  യാചനകൾ ………….. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവത്തിൻറെ മുൻപിൽ  സമർപ്പിക്കണമേ. മരണശേഷം സകല വിശുദ്ധരുടെയും  രക്തസാക്ഷികളുടെയും  അപ്പസ്തോലന്മാരുടെയും കൂട്ടായ്മയിൽ    യേശുവിനോടൊപ്പം സ്വർഗീയഭാഗ്യം അനുഭവിക്കുവാൻ ഞങ്ങൾ യോഗ്യരാകുന്നതിനുവേണ്ടി,  അപ്പസ്തോലന്മാരുടെ അപ്പസ്തോലയായ വിശുദ്ധ മഗ്ദലനാമറിയമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ആമേൻ