വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 13

(അഗ്രെദായിലെ  വാഴ്ത്തപ്പെട്ട സി. മരിയയ്ക്കു ലഭിച്ച  വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന Mystical City  of God  എന്ന വിശിഷ്ട ഗ്രന്ഥത്തിൽ പരിശുദ്ധ അമ്മയെക്കുറിച്ച് പരാമർശിക്കുന്ന  തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളുടെ  വിവർത്തനം)

291: “ഏഴാമത്തേതു ചന്ദ്രകാന്തം.” ഈ കല്ല് അതിൻറെ നിറത്തിൽ ജ്വലിക്കുന്ന തീയിൽ തിളങ്ങുന്ന സ്വർണ്ണത്തോടു സാമ്യമുള്ളതാണ്; പകൽ സമയത്തേക്കാൾ കൂടുതലായി  രാത്രിയിൽ ഇതു  തിളങ്ങുന്നു. സമരസഭയ്ക്കും സഭാ ശുശ്രൂഷകർക്കും നേരെയും  വിശേഷാൽ,  കൃപയുടെ നിയമത്തിനു വേണ്ടിയും  മറിയം നൽകുന്ന  തീവ്രമായ  സ്നേഹത്തെ ഇതു  സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും ഈ സ്നേഹം കൂടുതൽ തിളങ്ങിയത്, മറിയത്തിൻറെ  പരിശുദ്ധപുത്രൻ മരിച്ച രാത്രിയിലും,  ശിഷ്യന്മാരുടെ സുവിശേഷപ്രഘോഷണത്തിൻറെ  തുടക്കത്തിൽ മറിയം അവർക്കു   ഗുരുസ്ഥാനം വഹിച്ച സമയത്തും,  അതുപോലെ തന്നെ  സഭയുടെ സ്ഥാപനത്തിനായും അതിൻറെ കൂദാശകൾക്കായും  മറിയം തീക്ഷ്‌ണതയോടെ പ്രാർത്ഥിച്ച സമയത്തും ആയിരുന്നു.  ആ  സമയത്ത്, മുഴുവൻ മനുഷ്യരാശിയുടെയും രക്ഷയ്ക്കുവേണ്ടി തൻറെ  ഏറ്റവും തീക്ഷ്‌ണമായ സ്നേഹം നൽകിക്കൊണ്ട്  മറിയം സഹകരിച്ചു. അവിടുത്തെ പുത്രൻറെ ഏറ്റവും പരിശുദ്ധമായ നിയമത്തിൻറെ ശ്രേഷ്ഠത  മറിയം മാത്രം അറിയുകയും വിലമതിക്കുകയും ചെയ്തു. ഈ സ്നേഹത്താൽ, നമ്മുടെ കർത്താവായ ക്രിസ്തുവിൻറെ സഹായി ആയിരിക്കുന്നതിനായി ആകുന്നതിനായി തൻറെ  അമലോത്ഭവ നിമിഷം മുതൽ മറിയം തയ്യാറാകുകയും സ്വയം സമർപ്പിക്കുകയും  ചെയ്തു. പരിശുദ്ധ സഭയുടെ കൂദാശകളുടെ ഫലപ്രദമായ സ്വീകരണത്തിനുതകുന്ന  വരപ്രസാദത്തിൻറെ  കൃപ നേടാൻ കഴിയുന്നതിനും, കൂദാശകളുടെ  ഫലങ്ങൾ  മനുഷ്യരിൽ എത്തുന്നതിനെ  തടയുന്ന പ്രതിബന്ധങ്ങളെ നീക്കുന്നതിനും ഉള്ള വിശേഷാധികാരവും ഇതിൽ ഉൾപ്പെടുന്നു.

292. “എട്ടാമത്തേതു പത്മരാഗം.” ഈ കല്ല് പച്ചയും മഞ്ഞയും നിറമുള്ളതാണ്; എന്നാൽ, ഒലിവുമായി വളരെയധികം സാമ്യമുള്ള തിളക്കമാർന്ന ശോഭയോടുകൂടി, പച്ചനിറം ആധിപത്യം പുലർത്തുന്നു. ഇത് അമലോത്ഭവ സമയത്തു മറിയത്തിനു നൽകപ്പെട്ടതും, അവിടുത്തെ സ്രഷ്ടാവിൻറെ മഹത്വത്തിനായി മറിയം യഥാർത്ഥത്തിൽ നിറവേറ്റിയതുപോലെയുള്ള, കഠിനവും ശ്രേഷ്ഠവുമായ പ്രവൃത്തികൾ ഗ്രഹിക്കാനും നിവർത്തിക്കാനും  മറിയത്തെ പ്രാപ്തയാക്കുന്ന, അനിതരസാധാരണമായ  വിശ്വാസത്തെയും പ്രത്യാശയെയും പ്രതിനിധീകരിക്കുന്നതുമാകുന്നു. തൻറെ  ദാസന്മാർക്ക് തങ്ങളുടെ   കഷ്ടതകളിലും പ്രയാസങ്ങളിലും, സഹനശക്തിയും ക്ഷമയും നൽകാനുള്ള അധികാരം, കർത്താവിൻറെ നിലയ്ക്കാത്ത സഹായമാകുന്ന ഈ ദാനത്തിൻറെ ഫലമായി, മറിയത്തിനു നൽകപ്പെട്ടു. 

293. “ഒമ്പതാമത്തേതു പുഷ്യരാഗം.” ഈ കല്ല് സുതാര്യവും, മൾബറിപ്പഴത്തിൻറെ   നിറമുള്ളതും, വളരെയധികം വിലമതിക്കപ്പെടുന്നതുമാണ്. നമ്മുടെ നാഥയായ മറിയത്തിൻറെ ഏറ്റവും ശ്രേഷ്ഠമായ  കന്യകാത്വത്തെയും, മനുഷ്യാവതാരം ചെയ്ത വചനവുമായുള്ള  ബന്ധത്തിൽ  മറിയത്തിൻറെ മാതൃത്വത്തെയും, ഇതു പ്രതിനിധീകരിക്കുന്നു; മാത്രമല്ല, മറിയത്തിൻറെ ജീവിതത്തിലുടനീളം ഈ രണ്ടു പ്രത്യേകാവകാശങ്ങളും വിലമതിക്കാനാവാത്ത മൂല്യമുള്ളതായും  വിനീതഹൃദയത്തോടെ  നന്ദി അർപ്പിക്കുന്നതിന്  അർഹതയുള്ളതായും  മറിയം കരുതിയിരുന്നു. തൻറെ  അമലോത്ഭവത്തിൻറെ നിമിഷം മുതൽ മറിയം ശുദ്ധത എന്ന പുണ്യം  അത്യുന്നതനോടു യാചിക്കുകയും  തൻറെ  ഭൗമിക ജീവിതകാലം മുഴുവൻ അതു പാലിക്കുമെന്നു  മറിയം വാഗ്ദാനം ചെയ്യുകയും ചെയ്തു.   ഈ വരം  മറിയത്തിൻറെ പ്രതിജ്ഞകൾക്കും ആഗ്രഹങ്ങൾക്കും സാക്ഷാത്കരിക്കാവുന്നതിന് അതീതമായിരുന്നെങ്കിലും, അതു  തനിക്ക്  അനുവദിക്കപ്പെട്ടതായി മറിയത്തിനറിയാമായിരുന്നു. മാത്രമല്ല, കർത്താവ് മറിയത്തെ എല്ലാ കന്യകമാരുടെയും, ചാരിത്ര്യശുദ്ധി കൊതിക്കുന്നവരുടെയും ഗുരുനാഥയും വഴികാട്ടിയുമാക്കിയിട്ടുണ്ടെന്നും, മറിയത്തിൻറെ മധ്യസ്ഥതയിലൂടെ മറിയത്തിൻറെ എല്ലാ ഭക്തരിലും ഈ പുണ്യങ്ങളും  അവയിലുള്ള നിലനിൽപ്പും  നേടിയെടുക്കാനാകുമെന്നും മറിയത്തിനറിയാമായിരുന്നു.

294. “പത്താമത്തേതു പവിഴം,” ഇതിൻറെ നിറം സ്വർണ്ണവർണ്ണം  കലർന്ന പച്ചയാണ്.  പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവത്തിൽ അവിടുത്തെ ഹൃദയത്തിൽ വേരുറച്ച ഏറ്റവും ഉറച്ച പ്രത്യാശയെയും, അതിനെ ഫലവത്താക്കുകയും അലങ്കരിക്കുകയും ചെയ്ത സ്നേഹത്തെയും ഇതു സൂചിപ്പിക്കുന്നു. പ്രത്യാശ നമ്മുടെ രാജ്ഞിയുടെ ഹൃദയത്തിൽ നിന്നു  വേർതിരിക്കാനാവാത്തവിധം ചേർന്നുനിന്നിരുന്നു. അതു  മറിയത്തിനു  തികച്ചും  അനുയോജ്യമായിരുന്നു;  കാരണം അതുവഴിയായി  മറിയം മനുഷ്യവർഗ്ഗത്തിന് ഈ പുണ്യങ്ങൾ പകർന്നുകൊടുക്കേണ്ടിയിരുന്നു.  അവിടുത്തെ  പരിശുദ്ധമായ ജീവിതത്തിലെ എല്ലാ അദ്ധ്വാനങ്ങളിലും ഉദ്യമങ്ങളിലും, പ്രത്യേകിച്ച് അവിടുത്തെ ഏറ്റവും പരിശുദ്ധനായ  പുത്രൻറെ പീഡാസഹനത്തിലും മരണത്തിലും, മറിയത്തിൻറെ ഉന്നതവും ഉദാരവുമായ സ്വഭാവത്തിൻറെ സ്ഥിരതയിലാണ് അവളുടെ  ആത്മവിശ്വാസം ദൃഢമായി  സ്ഥാപിതമായത്. അതേസമയം ഈ സദ്ഗുണത്തോടൊപ്പം ഫലപ്രദമായ മധ്യസ്ഥതയുടെ ശക്തിയും  മറിയത്തിനു നൽകപ്പെട്ടു, അതിനാൽ മറിയത്തിൻറെ വിശ്വസ്തർക്ക്,  മറിയത്തിനുണ്ടായിരുന്ന പ്രത്യാശയുടെ അതേ ദാർഢ്യം തന്നെ  ലഭിക്കും.

295. “പതിനൊന്നാമത്തേത്, വജ്രം.” അനുപമസൗന്ദര്യമുള്ള ഈ രത്‌നം  വയലറ്റ് നിറമുള്ളതാണ്. ഈ അടിസ്ഥാനശിലയിൽ മനുഷ്യവംശത്തിൻറെ വീണ്ടെടുപ്പിനുള്ള മറിയത്തിൻറെ സ്നേഹം വെളിപ്പെടുത്തിയിട്ടുണ്ട്.  അമലോത്ഭവസമയത്ത് ഈ സ്നേഹം മറിയത്തിലേയ്ക്കു പകർന്നുകൊടുക്കപ്പെട്ടു. മനുഷ്യരുടെ രക്ഷകനായ  തൻറെ പുത്രൻ യേശുക്രിസ്തുവിൻറെ  കുരിശുമരണത്തിൻറെ യോഗ്യതകൾ കണക്കിലെടുത്താണ്   ഇതു  മറിയത്തിനു നൽകപ്പെട്ടത്. സകല പാപങ്ങളുടെയും പൂർണ്ണ പരിഹാരവും, എല്ലാ ആത്മാക്കളുടെയും നീതീകരണവും യേശുവിൻറെ പരിത്രാണകർമ്മത്തിലൂടെ സംഭവിക്കേണ്ടിയിരുന്നു.  അതിനാൽ,  എത്ര വലിയ പാപിയും മ്ലേച്ഛനുമാണെങ്കിലും, ഒരുവൻ പോലും  വീണ്ടെടുപ്പിൻറെയും നീതീകരണത്തിൻറെയും  ഫലത്തിൽനിന്ന് ഒഴിവാക്കപ്പെടരുതെന്നും, ശക്തയായ നാഥയും  അഭിഭാഷകയുമായ മറിയത്തിൻറെ  മധ്യസ്ഥത അപേക്ഷിക്കുന്നവർ ആരും തന്നെ നിത്യജീവൻ നേടുന്നതിൽ പരാജയപ്പെടരുതെന്നും നിശ്ചയിക്കപ്പെട്ടു. മനുഷ്യരാശിയുടെ വീണ്ടെടുപ്പിനായി    ഇപ്രകാരം  ആവശ്യപ്പെടാനുള്ള അധികാരം,  ഈ മഹാരാജ്ഞിയുടെ  സ്നേഹം മൂലം ആദ്യനിമിഷം മുതൽ തന്നെ  മറിയത്തിനു നൽകപ്പെട്ടു.

296. “പന്ത്രണ്ടാമതു സൗഗന്ധികം. ഉജ്ജ്വലമായ ഒരു വയലറ്റ് നിറമാണിതിനുള്ളത്. ഈ കല്ലിൻറെ അഥവാ അടിസ്ഥാനത്തിൻറെ രഹസ്യം ആദ്യത്തെ അടിസ്ഥാനശിലയുടേതുമായി  ഭാഗികമായി ചേർന്നുപോകുന്നുണ്ട്. എല്ലാ പൈശാചിക സേനകൾക്കും എതിരെ  അമലോത്ഭവ നിമിഷംമുതൽ ഏറ്റവും പരിശുദ്ധ മറിയത്തിനു നൽകപ്പെട്ട നൈസർഗികമായ  ശക്തിയെ അതു  പ്രതീകവത്കരിക്കുന്നു. അതിനാൽ പിശാചുക്കൾ മറിയത്തിൻറെ അടുത്തുവരാൻ  ആഗ്രഹിക്കുന്ന നിമിഷം തന്നെ, പരിശുദ്ധ മറിയത്തിൻറെ ഭാഗത്തുനിന്നു യാതൊരുവിധ കൽപ്പനയോ നടപടിയോ ഇല്ലാതെതന്നെ, അവളിൽ നിന്നു പുറപ്പെടുന്നതും, തങ്ങളെ അസഹ്യപ്പെടുത്തുന്നതും പീഡിപ്പിക്കുന്നതുമായ ഒരു ശക്തി അവയ്ക്ക് അനുഭവപ്പെടുന്നു. ദൈവത്തിൻറെ മഹത്വവും ബഹുമാനവും, പുകഴ്ത്തുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള മറിയത്തിൻറെ സമാനതകളില്ലാത്ത തീക്ഷ്ണതയുടെ പ്രതിഫലമായാണ് ഇതു മറിയത്തിനു നൽകപ്പെട്ടത്. അതിനാൽ മറിയത്തിൻറെ ഇമ്പമാർന്ന നാമത്തിൻറെ ശബ്ദം മനുഷ്യരുടെ ശരീരത്തിൽനിന്നു ദുഷ്ടാത്മാക്കളെ  പുറന്തള്ളാൻ പര്യാപ്തമാണ്. മറിയത്തിൻറെ പരിശുദ്ധനാമം വളരെ ശക്തമാണ്, അതിനെക്കുറിച്ചുള്ള  വെറും അറിവിനാൽ തന്നെ അവർ പരാജയപ്പെടുകയും അവയുടെ ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തിൽ, ദൈവം പണിത മറിയമാകുന്ന പരിശുദ്ധ നഗരത്തിൻറെ അടിത്തറയുടെ രഹസ്യങ്ങളാണ് ഇവ. എന്നാൽ അവ, മറിയത്തിനു ലഭിച്ച മറ്റു പല രഹസ്യങ്ങളിലേക്കും അനുഗ്രഹങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്, കർത്താവ് എനിക്കു വെളിപ്പെടുത്തിത്തരുന്നതനുസരിച്ച്, ഈ ചരിത്രത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ ഞാൻ അവ സ്‌പഷ്‌ടമാക്കുന്നതാണ്.

297. യോഹന്നാൻ  തുടർന്നു പറയുന്നു: “പന്ത്രണ്ടു കവാടങ്ങൾ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നു.” ഈ നിഗൂഡമായ നഗരത്തിൻറെ കവാടങ്ങളുടെ എണ്ണം  സൂചിപ്പിക്കുന്നത് ഏറ്റവും പരിശുദ്ധ മറിയത്തിലൂടെയും, അവിടുത്തെ അവർണ്ണനീയമായ  മഹത്വത്തിലൂടെയും  യോഗ്യതകളിലൂടെയും, നിത്യജീവനിലേക്കുള്ള പ്രവേശനം സൗജന്യം എന്നുപറയാവുന്ന തരത്തിൽ  എളുപ്പമാണെന്നാണ്. മഹിമയാർന്ന ഈ  രാജ്ഞിയുടെ ശ്രേഷ്ഠതയ്ക്ക് അർഹതപ്പെട്ടതും അനുയോജ്യവുമായ രീതിയിലാണ്, മറിയത്തിലും മറിയത്തിലൂടെയും അത്യുന്നതൻറെ അനന്തമായ കാരുണ്യം വെളിപ്പെടാൻ തിരുമനസായത്.  അങ്ങനെ  ദിവ്യത്വത്തിലേക്ക് എത്തിച്ചേരാനുള്ള  എല്ലാ വഴികളും തുറന്നുകൊടുക്കപ്പെടുകയും  അതുവഴി  മറിയത്തിൻറെ മഹത്വം സ്വയം പ്രകാശിതമാവുകയും ചെയ്തു.

ഇപ്രകാരമാണു   മറിയത്തിൻറെ യോഗ്യതകളും ശക്തമായ മധ്യസ്ഥതയും ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും  ദിവ്യത്വത്തിലേക്ക് പ്രവേശിക്കേണ്ടതും. മുത്തുകൾ കൊണ്ടു നിർമ്മിച്ച ഈ പന്ത്രണ്ടു വാതിലുകളുടെ വിലമതിക്കാൻ പറ്റാത്ത മൂല്യം, ശോഭ, സൗന്ദര്യം, വെണ്മ എന്നിവ, ഈ സ്വർഗീയ രാജ്ഞിയുടെ  അന്തസ്സിൻറെയും കൃപയുടെയും മഹത്വവും, ദൈവത്തിലേക്കു  മനുഷ്യരെ ആകർഷിക്കുന്ന മറിയത്തിൻറെ ആനന്ദകരമായ നാമത്തിൻറെ മാധുര്യവും സൂചിപ്പിക്കുന്നു. മനുഷ്യവർഗ്ഗത്തിൻറെ പ്രത്യേക മധ്യസ്ഥയും, അവിടുത്തെ പുത്രനുവേണ്ടി ദൈവത്വത്തിൻറെ നിധികളുടെ കാര്യസ്ഥയും ആയിരിക്കാനുള്ള അവകാശം കർത്താവ് തനിക്കു  നൽകിയിട്ടുണ്ടെന്ന് ഏറ്റവും പരിശുദ്ധയായ മറിയത്തിന് അറിയാമായിരുന്നു; അതിനാൽ ജ്ഞാനിയും വിവേകിയുമായ  നാഥ തൻറെ പ്രവർത്തികളുടെ ശ്രേഷ്ഠതയെയും  യോഗ്യതയെയും   സ്വർഗ്ഗവാസികൾ  ആശ്ചര്യപ്പെടാൻ തക്കവിധം അത്രയേറെ  വിലപ്പെട്ടതും മികച്ചതുമായിരിക്കണമെന്ന് സ്വയം തീരുമാനിച്ചു. അപ്രകാരമാണ്  ആ നഗരത്തിൻറെ കവാടങ്ങൾ കർത്താവിൻറെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ഏറെ  വിലപ്പെട്ട മുത്തുകളായത്.

298. അതിനാൽ  ഇങ്ങനെ പറയുന്നു: “നഗരത്തിൻറെ തെരുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു.” ഏറ്റവും പരിശുദ്ധ മറിയമാകുന്ന ദൈവത്തിൻറെ നഗരത്തിൻറെ പൂമുഖം അല്ലെങ്കിൽ ചത്വരം, അതിൻറെ ഉള്ളമാണ്, അല്ലെങ്കിൽ അവിടുത്തെ ആത്മാവാണ്. ഒരു നഗര ചത്വരത്തിലോ വാണിജ്യകേന്ദ്രത്തിലോ  ഉള്ളതുപോലെ, ഇവിടെ എല്ലാ ജീവിതവും ഒത്തുചേരുന്നു, ഇവിടെ ആത്മാവിൻറെ രാജ്യത്തിൻറെ വാണിജ്യ- വ്യാപാര ഇടപാടുകൾ  നടത്തപ്പെടുന്നു; കാരണം, ചേതനയുടെയും മറ്റു സിദ്ധികളുടെയും പ്രവർത്തന കേന്ദ്രമാണിത്. ദൈവത്തിൻറെ ജ്ഞാനവും സ്നേഹവുംകൊണ്ടു സൃഷ്ടിക്കപ്പെട്ട ഏറ്റവും പരിശുദ്ധ മറിയത്തിലെ ഈ ചത്വരം, ശുദ്ധവും സുതാര്യവുമായ തനിത്തങ്കമായിരുന്നു.  മന്ദതയോ, അജ്ഞതയോ, അശ്രദ്ധയോ ഒരിക്കലും അതിനെ ബാധിച്ചിട്ടില്ല; മറിയത്തിൻറെ ചിന്തകളെല്ലാം ഉന്നതവും അവിടുത്തെ താല്പര്യങ്ങൾ എല്ലാം അതിരില്ലാത്ത സ്നേഹത്താൽ ജ്വലിച്ചിരുന്നതും ആയിരുന്നു. ദിവ്യത്വത്തിൻറെ പരമോന്നത രഹസ്യങ്ങൾ ഈ ചത്വരത്തിൽ ആലോചിക്കപ്പെട്ടു, ഈ ചത്വരത്തിൽ നിന്നാണ് “ഇതാ, കർത്താവിൻറെ ദാസി! നിൻറെ  വാക്ക് എന്നിൽ നിറവേറട്ടെ!” എന്ന, ദൈവം ഇതുവരെ നിർവഹിച്ചിട്ടുള്ളതോ അല്ലെങ്കിൽ ഇനിയും  നിർവഹിക്കാനിരിക്കുന്നതോ ആയതിൽ വച്ച്  ഏറ്റവും ഉന്നതമായ പ്രവൃത്തിക്കു തുടക്കംകുറിച്ച വാക്കുകൾ കേട്ടത്;  അവിടെവച്ചുതന്നെയാണ്   മനുഷ്യവർഗ്ഗത്തിനു  വേണ്ടിയുള്ള  എണ്ണമറ്റ അപേക്ഷകൾ രൂപപ്പെടുകയും അവ  ദൈവത്തിൻറെ  ന്യായാസനത്തിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തത്. മനുഷ്യർ  അവിടവുമായി ഇടപാടുകൾ നടത്തുകയാണെങ്കിൽ  ലോകത്തെല്ലായിടത്തുനിന്നും ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ തക്കവിധത്തിലുള്ള  സമ്പത്ത് അവിടെ ശേഖരിച്ചുവച്ചിട്ടുണ്ട്. പിശാചുക്കൾക്കും എല്ലാ തിന്മകൾക്കും എതിരായ ആയുധശാലയും അവിടെത്തന്നെയാണ്. പരിശുദ്ധമറിയത്തിൽ,   നരകത്തിനു തന്നെ  ഭയകാരണമാക്കുന്നതും, അതോടൊപ്പം തന്നെ പൈശാചിക സംഘങ്ങളെ ജയിക്കാൻ നമുക്ക്  ധൈര്യം തരുന്നതുമായ കൃപകളും പുണ്യങ്ങളും അവിടെ  സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

299. അദ്ദേഹം തുടർന്നു പറയുന്നു: “നഗരത്തിൽ ഞാൻ ദൈവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാൽ, സർവ്വശക്തനും ദൈവവുമായ കർത്താവും കുഞ്ഞാടുമാണ് അതിലെ ദൈവാലയം.” നഗരത്തിലെ  ദൈവാലയങ്ങൾ ദൈവത്തിനു സമർപ്പിക്കപ്പെടേണ്ട പ്രാർത്ഥനയുടെയും ആരാധനയുടെയും ഇടങ്ങളായി വർത്തിക്കുന്നു; ദൈവത്തിൻറെ നഗരത്തിൽ ദൈവത്തിൻറെ മഹത്വത്തിനും ശ്രേഷ്ഠതയ്ക്കും അനുയോജ്യമായ ഒരു ദേവാലയവും ഇല്ലായിരുന്നുവെങ്കിൽ അത് ഒരു വലിയ പോരായ്മയായേനെ. അതിനാൽ, സർവ്വശക്തനായ ദൈവവും കുഞ്ഞാടും, അതായത് അവിടുത്തെ ഏകജാതനായ പുത്രൻറെ മാനുഷികതയും ദൈവികതയും , ലോകത്തിലെ മറ്റെല്ലാ ദൈവാലയങ്ങളിലേതിനേക്കാളും കൂടുതൽ യോഗ്യതയോടെ, ആത്മാവിൽ സ്തുതിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന വളരെ പവിത്രമായ ഒരു ദൈവാലയം പരിശുദ്ധ മറിയത്തിൻറെ ഈ നഗരത്തിൽ ഉണ്ട്; എന്തെന്നാൽ അവിടുന്ന് തൻറെ സ്വന്തം   വാസസ്ഥലത്തിലെന്നപോലെ മറിയത്തിൽ വസിച്ചു. തൻറെ  ഏകജാതൻറെ ദിവ്യത്വവും അതോടൊപ്പം  തന്നെ  മനുഷ്യത്വവും  മറിയത്തെ വലയം ചെയ്യുകയും ആവരണം ചെയ്യുകയും ചെയ്തിരുന്നതിനാൽ, അവിടുന്നു സ്വയം മറിയത്തിൻറെ ദൈവാലയം കൂടിയായിരുന്നു – അവ രണ്ടും മറിയത്തിന് ഒരു സ്വാഭാവിക വാസസ്ഥലമായും ആരാധനാസ്ഥലമായും വർത്തിച്ചിരുന്നു. ദൈവത്തിൽ ആയിരുന്നതിനാൽ, തൻറെ  ഉദരത്തിൽ  അവതരിച്ച വചനമാകുന്ന അതേ ദൈവത്തെ ആരാധിക്കുന്നതും സ്തുതിക്കുന്നതും അവിടുത്തോട് അപേക്ഷിക്കുന്നതും മറിയം ഒരിക്കലും അവസാനിപ്പിച്ചില്ല; അപ്രകാരം മറിയത്തിൻറെ നിതാന്തമായ പരിശുദ്ധി  അത്തരമൊരു ദൈവാലയത്തിന് അനുയോജ്യമായിരുന്നുതിനാൽ, ദൈവത്തിലും, ഒരു ദൈവാലയത്തിലെന്നപോലെ കുഞ്ഞാടിലും, ആത്മാവിൽ മറിയം വസിച്ചു. ഈ സ്വർഗ്ഗീയ നാഥയെക്കുറിച്ച്  ഉചിതമായി ചിന്തിക്കണമെങ്കിൽ , ഒരു ദൈവാലയത്തിലെന്നപോലെ, മറിയത്തെ ദിവ്യത്വത്താലും   അവിടുത്തെ ഏറ്റവും പരിശുദ്ധ പുത്രനാലും, ഒരു ദൈവാലയത്തിലെന്നപോലെ ആവരണം  ചെയ്യപ്പെട്ടിരിക്കുന്നതായി  നാം എല്ലായ്‌പ്പോഴും  കണക്കാക്കണം.

 കർത്താവിനോടുള്ള സ്നേഹം, ആരാധന, ഭക്തി എന്നിവയുടെ ഏതെല്ലാം പ്രവൃത്തികളും പ്രക്രിയകളും  മറിയത്താൽ നിവർത്തിക്കപ്പെട്ടു എന്നും, ആ കർത്താവിൽ മറിയം എന്തുമാത്രം ആനന്ദം അനുഭവിച്ചു എന്നും, മനുഷ്യവർഗ്ഗത്തിനായി മറിയത്തിൽ നിന്ന്  എന്തൊക്കെ അപേക്ഷകൾ  ഉയർന്നുവന്നിട്ടുണ്ട് എന്നും,  അവരുടെ രക്ഷയുടെ അനിവാര്യത  തൻറെ ആത്മാവിൽ തിരിച്ചറിഞ്ഞപ്പോൾ , എത്ര ആത്മാർത്ഥതയോടെയും ജ്വലിക്കുന്ന അനുകമ്പയോടെയും  മറിയം കരയുകയും തൻറെ  ഏറ്റവും വാത്സല്യം നിറഞ്ഞ  ഹൃദയത്തിൽനിന്നും  മനുഷ്യരുടെ രക്ഷയ്ക്കായി  യാചിക്കുകയും ചെയ്തു എന്നും, ഇപ്രകാരം നമുക്കു മനസ്സിലാക്കാം. 

300. യോഹന്നാൻ  തുടർന്നു പറയുന്നു: “നഗരത്തിനു പ്രകാശം നൽകാൻ സൂര്യൻറെയോ ചന്ദ്രൻറെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ്‌ അതിനെ പ്രകാശിപ്പിച്ചു. അതിൻറെ ദീപം കുഞ്ഞാടാണ്.”  സൂര്യനും ചന്ദ്രനും, അവയുടേതിനെക്കാൾ വലിയ പ്രകാശത്തിൻറെ സാന്നിധ്യമുള്ളപ്പോൾ, ആവശ്യമില്ല; അതിനാൽ, എണ്ണമറ്റ സൂര്യന്മാർ പ്രകാശം നൽകുന്ന അത്യുന്നത സ്വർഗ്ഗത്തിൽ, നമ്മുടെ സൂര്യൻറെ അഭാവം ഒരു പോരായ്മയല്ല.  വളരെ തേജസ്സുള്ളതും മനോഹരവുമാണെങ്കിലും, മറിയത്തെ പ്രബുദ്ധയാക്കാനും നയിക്കാനുമായി  സൃഷ്ടിക്കപ്പെട്ട ഒരു  സൂര്യൻറെയോ ചന്ദ്രൻറെയോ ആവശ്യമില്ല; കാരണം, താരതമ്യപ്പെടുത്താനാവാത്തവിധം മറിയം ദൈവത്തെ പ്രസാദിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. മറിയത്തിൻറെ പ്രവൃത്തികളിൽ പ്രകാശിതമായ  ജ്ഞാനം, പരിശുദ്ധി, പൂർണ്ണത എന്നിവയ്ക്ക്, നീതിസൂര്യൻ തന്നെയായ മറിയത്തിൻറെ ഏറ്റവും പരിശുദ്ധ പുത്രനല്ലാതെ, മറ്റൊരു അദ്ധ്യാപകനും സംവിധായകനും ഉണ്ടാകാൻ സാധ്യമല്ല. മറ്റെല്ലാ സൃഷ്ടികളും, സ്രഷ്ടാവിൻറെ  അമ്മയാകാൻ മറിയത്തെ യോഗ്യയാക്കുന്നതിൽ  സഹായിക്കാൻ കഴിയാത്തത്രവിധം വളരെ കുറവുള്ളവരായിരുന്നു. എന്നിരുന്നാലും, കർത്താവിൻറെ അതേ വിദ്യാലയത്തിൽതന്നെ എളിയവരുടെയും അനുസരണമുള്ളവരുടെയും ഇടയിൽ ഏറ്റവും വിനീതയും അനുസരണയുള്ളവളുമായിരിക്കാൻ മറിയം പഠിച്ചു. ദൈവം തന്നെയാണ് മറിയത്തെ പഠിപ്പിച്ചതെങ്കിലും, നേരായ കാര്യങ്ങളിൽ മനുഷ്യരുടെ ഇടയിലെ ഏറ്റവും താഴ്ന്നവരെപ്പോലും അനുസരിക്കാനും അവരോട് അപേക്ഷിക്കാനും, മറിയം ഒരിക്കലും മടി കാണിച്ചില്ല. മറിയം, ജ്ഞാനികളെ തിരുത്തുന്ന ദൈവത്തിൻറെ ശിഷ്യയായതിനാൽ, അവിടുത്തെ മഹാനായ യജമാനൻറെ താഴ്മയുടെ ദിവ്യശൈലി  ദൈവത്തിൽനിന്നു സ്വീകരിച്ചു. അഥവാ,  യോഹന്നാൻ പറയുന്നപോലെ, മറിയം ഇങ്ങനെയൊരു  ജ്ഞാനത്തിലേക്ക് ഉയർന്നു: 

(തുടരും)