വിശുദ്ധ നഗരം : അഭയ നഗരം – അധ്യായം 4

 101. “പ്രസവ വേദനയാൽ അവൾ നിലവിളിച്ചു.” ദൈവം വിനീതനും ദരിദ്രനും അറിയപ്പെടാത്തവനുമായി ജനിക്കേണ്ടതിന്  ഈ രാജ്ഞിയുടെയും ഈ നിഗൂഢരഹസ്യത്തിൻറെയും  മഹത്വം  ആരംഭത്തിൽ മറഞ്ഞിരിക്കേണ്ടതായിരുന്നു എങ്കിലും, പിന്നീട് ആ തിരുപ്പിറവിയുടെ വാർത്ത വളരെ ഉച്ചത്തിൽ പ്രഘോഷിക്കപ്പെടുകയും, അതിൻറെ ആദ്യപ്രതിധ്വനികൾ തന്നെ  ഹേറോദോസ് രാജാവിനെ ക്ഷോഭിപ്പിക്കുകയും  അസ്വസ്ഥനാക്കുകയും ചെയ്തു.  എന്നാൽ അതേസമയം ഇതേ വാർത്ത തന്നെ മൂന്നു  ജ്ഞാനികളെ  തങ്ങളുടെ  കൊട്ടാരങ്ങളിൽനിന്നും ദേശങ്ങളിൽ നിന്നും വിളിച്ചിറക്കുകയും  ദൈവപുത്രനെ  കണ്ടെത്താനുള്ള യാത്രയ്ക്ക്  അവരെ തയ്യാറാക്കുകയും ചെയ്തു (മത്താ. 2:3).  ചില ഹൃദയങ്ങൾ ഭയംകൊണ്ടു നിറഞ്ഞു,  എന്നാൽ മറ്റുള്ളവയാകട്ടെ  ആന്തരികമായ സ്നേഹത്താൽ പ്രചോദിതരായി.  മറിയത്തിൻറെ ഈ ഉദരഫലത്തിൻറെ സ്വരം , കുരിശിൽ ഉയിർത്തപ്പെടുവോളം വളർന്ന്, സൂര്യോദയം മുതൽ അസ്തമയം വരെ ഉച്ചസ്വരത്തിൽ ഉദ്ഘോഷിക്കപ്പെട്ടു (യോഹന്നാൻ 12:32).  നിത്യപിതാവിൻറെ വചനത്തിനു ജന്മം നൽകിയ ആ സ്ത്രീയുടെ ശബ്ദവും അപ്രകാരം ലോകത്തിൻറെ സീമകൾ വരെയും (റോമ. 10:18)   കേൾക്കപ്പെട്ടു.

102. “പ്രസവക്ലേശത്താൽ അവൾ ഞെരുങ്ങി.” അവിടുന്നു പ്രസവത്തിൻറെ  ശാരീരിക വേദനയിലൂടെ  കടന്നുപോകേണ്ടിയിരുന്നു എന്ന അർത്ഥത്തിലല്ല  ഇങ്ങനെ പറയുന്നത്. കാരണം ഈ ദിവ്യജനനത്തിൽ  അതു സാധ്യമല്ല. പക്ഷേ, അവിടുത്തെ കന്യകോദരത്തിൻറെ രഹസ്യത്തിൽനിന്നു ദിവ്യശിശു പുറത്തുവരുന്നത്, സഹിക്കാനും ലോകത്തിൻറെ പാപങ്ങളുടെ പരിഹാരബലിയായി  മരിക്കാനുമാണ് എന്നത് ആ അമ്മയെ സംബന്ധിച്ചിടത്തോളം ഒരു വലിയ സങ്കടമായിരുന്നു. ഈ രാജ്ഞിക്ക്,  തിരുവെഴുത്തുകളെക്കുറിച്ചുള്ള അവിടുത്തെ ജ്ഞാനത്തിലൂടെ ഇതെല്ലാം മുൻകൂട്ടി അറിയാൻ കഴിയുമായിരുന്നു; അമ്മ  അത്  അറിയുകയും ചെയ്തിരുന്നു. ദൈവഹിതത്തിനു വിധേയമായിട്ടാണെങ്കിൽ  പോലും ഇപ്രകാരം ഒരമ്മയ്ക്കു  തൻറെ  പുത്രനോടുള്ള സ്വാഭാവിക സ്നേഹം നിമിത്തം,  യേശുവിൻറെ പീഡകളെയോർത്ത്  അവിടുന്ന്  വളരെയധികം വേദനിച്ചു.  തൻറെ കന്യകോദരത്തിൽ നിന്നു ജന്മമെടുക്കുന്ന യേശു എന്ന നിധി ജനിച്ചതിനുശേഷം,   ആ  നിധിയുടെ സാമീപ്യം ഒരു നാൾ  തന്നിൽ നിന്ന്  അപഹരിക്കപ്പെടുമെന്ന ചിന്തയാൽ   ഏറ്റവും സൗമ്യയായ ഈ അമ്മയ്ക്കുണ്ടായ   സങ്കടവും ഈ വേദനയിൽ പ്രതിഫലിച്ചു. 

അവിടുത്തെ ദൈവത്വത്തെ സംബന്ധിച്ചിടത്തോളം മറിയത്തിൻറെ  ആത്മാവ് അവിടുത്തെ സാന്നിധ്യം എല്ലായ്‌പ്പോഴും  ആസ്വദിച്ചിരുന്നുവെങ്കിലും, ശാരീരികമായി  തൻറെ മാത്രം പുത്രനായിരുന്ന അവിടുത്തെ ശാരീരിക സാന്നിധ്യമില്ലാതെ  മറിയം വളരെക്കാലം ജീവിക്കേണ്ടിയിരുന്നു.  മറിയത്തെ പാപത്തിൽ നിന്ന്  ഒഴിവാക്കാൻ അത്യുന്നതൻ മുന്നമേ തീരുമാനിച്ചിരുന്നെങ്കിലും  ഈ സ്ത്രീയ്ക്കായി അവിടുന്നു കരുതിയിരുന്ന പ്രതിഫലത്തിനനുയോജ്യമായ  കഠിനാദ്ധ്വാനങ്ങളിലും ദുഃഖങ്ങളിലും നിന്നും ഈ സ്ത്രീയെ ഒഴിവാക്കിയിരുന്നില്ല. അങ്ങനെ ചിന്തിക്കുമ്പോൾ, ഈ ജനനത്തിൻറെ ക്ലേശങ്ങൾ ഹവ്വായുടെ സന്തതിപരമ്പരകൾക്കു  സഹജമായതുപോലെ  പാപത്തിൻറെ പരിണതഫലമായിരുന്നില്ല, പ്രത്യുത അതു തൻറെ ദൈവകുമാരനോടുള്ള ഏറ്റവും പരിശുദ്ധ ദൈവമാതാവിൻറെ തീവ്രവും പരിപൂർണ്ണവുമായ സ്നേഹത്തിൻറെ ഫലം ആയിരുന്നു. ഈ രഹസ്യങ്ങളെല്ലാം നല്ല മാലാഖമാർക്കു സ്തുതിക്കാനും ആരാധിക്കാനുമുള്ള പ്രചോദനവും,  അതേസമയം തന്നെ ദുഷിച്ച മാലാഖമാർക്കു ശിക്ഷയുടെ ആരംഭവും ആയിരുന്നു.

103. “സ്വർഗ്ഗത്തിൽ മറ്റൊരടയാളംകൂടി കാണപ്പെട്ടു. ഇതാ അഗ്നിമയനായ ഒരുഗ്രസർപ്പം. അതിന് ഏഴു തലയും പത്തു കൊമ്പും. തലകളിൽ ഏഴു കിരീടങ്ങൾ. അതിൻറെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു.” അതിനുശേഷം ലൂസിഫറിൻറെയും കൂട്ടാളികളുടെയും ശിക്ഷ നടപ്പിലാക്കപ്പെട്ടു.   സ്വർഗ്ഗീയ അടയാളത്തിൽ പ്രതിനിധാനം ചെയ്യപ്പെട്ട സ്ത്രീക്കെതിരെ  ദൈവദൂഷണങ്ങൾ പറഞ്ഞതിനുശേഷം, താൻ  ഏറ്റവും സുന്ദരനായ ഒരു മാലാഖയിൽനിന്നു, ഭയങ്കരനും ഭീകരനുമായ  ഒരു മഹാസർപ്പം ആയി, പ്രത്യക്ഷമായും ദൃശ്യമായും  രൂപാന്തരപ്പെട്ടതായി ലൂസിഫർ  മനസിലാക്കി.   തൻറെ ഏഴു  തലകളെയും  അതായത്, അവനെ പിന്തുടരുകയും അവനോടൊപ്പം വീണുപോകുകയും ചെയ്ത ഏഴു  സൈന്യഗണങ്ങളെയും  അവൻ ഉഗ്രകോപത്തോടെ വളർത്തി  നയിച്ചു. 

തൻറെ ഈ അനുയായികളുടെ ഓരോ മണ്ഡലത്തിനും  കൂട്ടത്തിനും  അവൻ ഒരു തലവനെ നൽകി, സ്വന്തം നിലയ്ക്കു പാപം ചെയ്യാനും  തലപ്പെട്ട പാപങ്ങൾ എന്നുവിളിക്കപ്പെടുന്ന ഏഴു മാരകമായ പാപങ്ങൾക്കു നേതൃത്വം ഏറ്റെടുക്കാനും അവൻ അവരോടു കൽപിച്ചു. മറ്റെല്ലാ പാപങ്ങളും ഈ  ഏഴുപാപങ്ങളിൽ  അടങ്ങിയിട്ടുണ്ട്, അവ ദൈവത്തിനെതിരെ ഉയർന്നുവരുന്ന സൈന്യവ്യൂഹങ്ങളാണ്. അവ അഹങ്കാരം, അസൂയ, ദ്രവ്യാഗ്രഹം, കോപം, മോഹം, അമിതാസക്തി, മടി എന്നിങ്ങനെയുള്ള പാപങ്ങളാണ്‌. ഉഗ്രസർപ്പമാക്കി മാറ്റപ്പെട്ടതിനുശേഷം ലൂസിഫർ എടുത്തണിഞ്ഞ  ഏഴു കിരീടങ്ങളാണവ. അവനു അത്യുന്നതനിൽനിന്നു ലഭിച്ചതും, തനിക്കും തന്നോടു പങ്കുചേർന്ന  ദുഷിച്ച മാലാഖമാർക്കും  തങ്ങളുടെ  ഭയാനകമായ ദുഷ്ടതയ്ക്കുള്ള പ്രതിഫലമായി അവൻ നേടിയെടുത്ത ശിക്ഷയായിരുന്നു ഇത്. അവരുടെ ദുഷ്ടതയ്ക്കും ഏഴു മാരകപാപങ്ങളുടെ ഉത്ഭവത്തിൽ അവർക്കുള്ള പങ്കിനും തുല്യമായ ശിക്ഷയും വേദനയും അവർക്കെല്ലാമായി  പകുത്തുകൊടുക്കപ്പെട്ടു.

104. പത്തു കൊമ്പുകൾ  ആ മഹാസർപ്പം ചെയ്ത അകൃത്യങ്ങളുടെയും   ദ്രോഹത്തിൻറെയും വിജയത്തെയും  തൻറെ  ദുഷ്ടപദ്ധതികൾ നടപ്പാക്കുന്നതിൽ അവൻ  തനിക്കുതന്നെ സ്വയം ചാർത്തിക്കൊടുത്ത  വ്യർത്ഥവും ധാർഷ്ട്യപൂർണ്ണവുമായ  മഹത്വത്തെയും  ഉന്നതിയെയും പ്രതീകവത്കരിക്കുന്നു. തൻറെ  അഹങ്കാരത്തിൻറെ ലക്ഷ്യം കൈവരിക്കാനുള്ള  അതിരറ്റതും  ദുഷിച്ചതുമായ  ആഗ്രഹത്തിൽ,  അവൻ അസന്തുഷ്ടരായ മാലാഖമാർക്കു തൻറെ  ക്ഷുദ്രവും വിഷലിപ്തവുമായ സൗഹൃദവും,  വ്യാജ ഭരണമണ്ഡലങ്ങളും, അധികാരങ്ങളും, പ്രതിഫലങ്ങളും  വാഗ്ദാനം ചെയ്തു. സ്വർഗ്ഗത്തിലെ നക്ഷത്രങ്ങളായിരുന്ന മൂന്നിലൊന്നു മാലാഖമാരെ മഹാസർപ്പം അവൻറെ പിന്നിൽ വാരിക്കൂട്ടിയ വാലായിരുന്നു മൃഗീയമായ അജ്ഞതയും തിന്മയും  നിറഞ്ഞ ഈ വാഗ്ദാനങ്ങൾ. ഈ മാലാഖമാർ നക്ഷത്രങ്ങളായിരുന്നു, അവർ  പിടിച്ചുനിന്നിരുന്നുവെങ്കിൽ  നിത്യകാലം  സൂര്യനെപ്പോലെ, ശേഷം  മാലാഖമാരുടെയും നീതിമാന്മാരുടെയും കൂടെ തിളങ്ങുമായിരുന്നു (ദാനി. 12:3). എന്നാൽ അവർ അർഹിച്ച ശിക്ഷ അവരുടെ അസന്തുഷ്ടിയുടെ കേന്ദ്രമായ, ഭൂമിയുടെ അടിയിലേക്ക്, നരകത്തിലേക്കുതന്നെ,  അവരെ വലിച്ചിഴച്ചു, അവിടെ അവർക്കു നിത്യത മുഴുവൻ പ്രകാശവും ആനന്ദവും  നിഷേധിക്കപ്പെടും (യൂദാ: 6). 

105. “ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു.” ലൂസിഫറിൻറെ അഹങ്കാരം അതിരുകളില്ലാത്തതായിരുന്നു, അവൻ തൻറെ സിംഹാസനം ഉന്നതങ്ങളിൽ സ്ഥാപിക്കുന്നതായി നടിച്ചു, സ്വർഗ്ഗീയ അടയാളത്തിൽ പ്രതിനിധാനം ചെയ്യപ്പെട്ട  സ്ത്രീയുടെ മുൻപിൽ  അവൻ അങ്ങേയറ്റം  വീമ്പിളക്കി സംസാരിച്ചു: “ആ സ്ത്രീ പ്രസവിക്കാൻ പോകുന്ന ഈ പുത്രൻ  പ്രകൃതിയിൽ എന്നേക്കാൾ താഴ്ന്നവനാണ്. ഞാൻ അവനെ  വിഴുങ്ങുകയും നശിപ്പിക്കുകയും ചെയ്യും. ഞാൻ എൻറെ അനുയായികളെ അവനെതിരെ  നയിക്കും, അവൻ നൽകുന്ന കൽപനകൾക്കും നിയമങ്ങൾക്കുമെതിരെ  എൻറെ പ്രമാണങ്ങൾ ഞാൻ വ്യാപിപ്പിക്കും. ഞാൻ അവനെതിരെ നിരന്തരമായ യുദ്ധവും നിഷേധവും നടത്തും”.  എന്നാൽ, ഈ സ്ത്രീ  ഇരുമ്പുദണ്ഡുകൊണ്ടു ജനതകളെ ഭരിക്കേണ്ട ഒരു മനുഷ്യനെ  പ്രസവിക്കും  എന്നായിരുന്നു അത്യുന്നതനായ കർത്താവിൻറെ ഉത്തരം. 

കർത്താവ് കൂട്ടിച്ചേർത്തു: “ഈ മനുഷ്യൻ ആ സ്ത്രീയുടെ പുത്രൻ മാത്രമല്ല, അവൻ  എൻറെ പുത്രനും നിൻറെ അഹങ്കാരത്തെ മറികടന്നു നിൻറെ തല തകർക്കാൻ ശക്തി നൽകപ്പെട്ട സത്യദൈവവും, സത്യമനുഷ്യനും ആയിരിക്കും. അവിടുന്നു നിനക്കും, നിന്നെ കേൾക്കുകയും അനുഗമിക്കുകയും ചെയ്യുന്നവർക്കും ശക്തനായ ഒരു ന്യായാധിപൻ ആയിരിക്കും, അവിടുന്നു നിങ്ങളെ ഒരു ഇരുമ്പുദണ്ഡുകൊണ്ടു ഭരിക്കുകയും, നിൻറെ വ്യർത്ഥവും അതിമോഹം നിറഞ്ഞതുമായ എല്ലാ ചിന്തകളെയും നിഷ്ഫലമാക്കുകയും  ചെയ്യും. ഈ പുത്രൻ എൻറെ സിംഹാസനത്തിലേക്ക് എടുക്കപ്പെടും, അവിടെ അവൻ  ന്യായാധിപനായി എൻറെ വലതുഭാഗത്ത് ഇരിക്കും, ഞാൻ അവൻറെ  ശത്രുക്കളെ അവൻറെ  പാദപീഠമാക്കും (സങ്കീ. 2:9). നീതിമാനായ മനുഷ്യൻ എന്ന നിലയിൽ അവനു  പ്രതിഫലം ലഭിക്കും, അതേസമയംതന്നെ അവിടുന്നു സത്യദൈവവുമായതിനാൽ, തൻറെ  സൃഷ്ടികൾക്കായി വളരെക്കാര്യങ്ങൾ ചെയ്തിട്ടുള്ളതിനാൽ എല്ലാവരും അവനെ  അറിയുകയും, അവന് ആദരവും ബഹുമാനവും നൽകുകയും ചെയ്യും (സങ്കീ. 109:1). എന്നാൽ, ഏറ്റവും നിർഭാഗ്യനായ  നീ, സർവ്വശക്തൻറെ കോപത്തിൻറെ ദിവസം എന്നത് എന്താണെന്നറിയുകയും ചെയ്യും  (സെഫാനിയാ 1:14). ഈ സ്ത്രീയെയാകട്ടെ ഞാൻ  ഏകാന്തതയിൽ പാർപ്പിക്കും, അവിടെ ഈ സ്ത്രീയ്ക്കു ഞാൻ നിയോഗിച്ച ഒരു സ്ഥലം ലഭിക്കും” (വെളി. 12:6).  

സ്ത്രീ ഓടിപ്പോയ ഈ ഏകാന്തത എന്നത് എല്ലാ  പാപങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ട്, അജയ്യമായ  പരിശുദ്ധിയിൽ, തനിച്ച്,  നമ്മുടെ മഹാരാജ്ഞി ആയിരിക്കുന്ന  സ്ഥാനമാണ്.  . എന്തെന്നാൽ, മനുഷ്യരെപ്പോലെ തന്നെ സ്വഭാവരീതികളുള്ളവളെങ്കിലും, തങ്ങൾക്കുലഭിച്ച  കൃപകളെയും, യോഗ്യതകളെയും  വരങ്ങളെയും  സംബന്ധിച്ചിടത്തോളം  ഈ സ്ത്രീ എല്ലാ മാലാഖമാരെയുംകാൾ മികവു പുലർത്തി. അപ്രകാരം, ഏകയും, സൃഷ്ടികളിൽ  അതുല്യയുമായ  ഈ സ്ത്രീ ഓടിപ്പോവുകയും മറ്റെല്ലാവരെക്കാളും ശ്രേഷ്ഠമായ ഏകാന്തതയിൽ പാർപ്പിക്കപ്പെടുകയും ചെയ്തു. ഈ ഏകാന്തതയെ ഇത്രകാലം എല്ലാ പാപങ്ങളിൽനിന്നും അകറ്റി നിർത്തിയതിനാൽ  മഹാസർപ്പത്തിന് അതു കാണാൻ പോലും കഴിഞ്ഞില്ല എന്നു മാത്രമല്ല, അവിടുത്തെ അമലോത്ഭവസമയം മുതൽ അവിടുത്തെപ്പറ്റി ഒന്നും മനസ്സിലാക്കാനും അതിനു കഴിഞ്ഞില്ല. ഒരിക്കലും സർപ്പവുമായി ബന്ധപ്പെടാതെയും   സർപ്പത്തിനു കീഴ്‌പ്പെടാതെയുമിരിക്കുന്ന ലോകത്തിലെ ഒരേയൊരു വ്യക്തിയായി, അത്യുന്നതൻ ഈ സ്ത്രീയെ തനിച്ചാക്കി.  ദൃഢമായ നിശ്ചയത്തോടും ഉറപ്പായ വാഗ്ദാനത്തോടുംകൂടി ദൈവം പ്രഖ്യാപിച്ചു.   “തൻറെ  അസ്തിത്വത്തിൻറെ ആദ്യ നിമിഷം മുതൽ, എനിക്കു മാത്രമായി ഞാൻ  തിരഞ്ഞെടുത്ത ഒരേയൊരാൾ ആണ് ഈ സ്ത്രീ; ഈ സ്ത്രീയുടെ ശത്രുക്കളുടെ അധികാരപരിധിയിൽനിന്ന് ഇതാ ഇപ്പോൾ തന്നെ  ഞാൻ ഈ സ്ത്രീയെ ഒഴിവാക്കുന്നു, അവിടെ ആയിരത്തി ഇരുനൂറ്റി അറുപതു ദിവസം ഈ സ്ത്രീയെ കാത്തുസൂക്ഷിക്കുന്നതിന്  ഏറ്റവും ശ്രേഷ്ഠവും താരതമ്യപ്പെടുത്താനാവാത്തതുമായ കൃപയുടെ ഒരു സ്ഥാനം ഞാൻ നൽകും.” (വെളി. 12:6). 

ഈ രാജ്ഞി, കൂടുതൽ അവിസ്മരണീയവും അതിശയകരവും ആയിരിക്കേണ്ട, ആന്തരികവും ആത്മീയവുമായ അവസ്ഥയിൽ, ഏറ്റവും ഉന്നതവും അസാധാരണവുമായ കൃപകളിൽ, അത്രയും ദിവസങ്ങൾ തുടരേണ്ടിയിരിക്കുന്നു. അവിടുത്തെ ജീവിതത്തിൻറെ അവസാന വർഷങ്ങളിലാണ് ഇതു സംഭവിച്ചത് – ദൈവത്തിൻറെ സഹായത്താൽ അതിനെപ്പറ്റി പിന്നീടു ഞാൻ വിശദീകരിക്കുന്നതാണ്. ആ അവസ്ഥയിൽ നമ്മുടെ ഗ്രഹണശക്തിക്ക് ഒരിക്കലും ഗ്രഹിക്കാൻ കഴിയില്ലാത്ത ഒരു പ്രത്യേക ദൈവിക  ഇടപെടലിലൂടെയാണ്  അവിടുന്നു പോഷിപ്പിക്കപ്പെട്ടത്. ഒരു പരിധിവരെ ഈ കൃപകൾ സ്വർഗ്ഗരാജ്ഞിയുടെ ജീവിതത്തിലെ മറ്റു നിയോഗങ്ങളുടെ പൂർത്തീകരണവും പരിസമാപ്തിയും ആയതിനാലാണ്, വിശുദ്ധ യോഹന്നാൻ  അവയെക്കുറിച്ച് ഒരു പ്രത്യേക പരാമർശം നടത്തുന്നത്.

വെളിപാട് പുസ്തകം  പന്ത്രണ്ടാം അധ്യായത്തിൻറെ ശേഷഭാഗത്തിൻറെ വിശദീകരണം

——————————————————————————————————————————-

106. “അനന്തരം, സ്വർഗ്ഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവൻറെ ദൂതന്മാരും സർപ്പത്തോടു പോരാടി. സർപ്പവും അവൻറെ ദൂതന്മാരും എതിർത്തു യുദ്ധം ചെയ്തു.” കർത്താവ് ഈ കാര്യങ്ങൾ നല്ല മാലാഖമാർക്കും ദുഷിച്ച മാലാഖമാർക്കും വെളിപ്പെടുത്തിയതിനുശേഷം, മഹാപ്രഭുവായ വിശുദ്ധ മിഖായേലും അവൻറെ സൈന്യവും ദൈവത്തിൻറെ അനുമതിയോടെ മഹാസർപ്പത്തിനും അനുയായികൾക്കും എതിരെ യുദ്ധം ചെയ്തു. അതൊരു അത്ഭുതകരമായ യുദ്ധമായിരുന്നു, കാരണം അത് പൂർണ്ണമായ അറിവോടും  ആഗ്രഹത്തോടും കൂടിയാണു ചെയ്തത്. വിശുദ്ധ മിഖായേൽ, ദൈവത്തോടുള്ള ഭക്തിയാൽ  തീക്ഷ്ണതയോടെ ജ്വലിക്കുകയും ദിവ്യശക്തികൊണ്ടും സ്വന്തം വിനയം കൊണ്ടും  ആയുധധാരിയായി ഇപ്രകാരം പറഞ്ഞുകൊണ്ടു  മഹാസർപ്പത്തിൻറെ നിഷ്‌ഠുരമായ അഹങ്കാരത്തെ ചെറുത്തുനിൽക്കുകയും ചെയ്തു: “അത്യുന്നതൻ എല്ലാ സൃഷ്ടികളാലും സ്നേഹിക്കപ്പെടുന്നവനും, ഭയപ്പെടുന്നവനും, അനുസരിക്കപ്പെടുന്നവനും, എല്ലാവരിൽ നിന്നും   സ്തുതിക്കും, ആരാധനയ്‌ക്കും വണക്കത്തിനും യോഗ്യനും ആണ്. താൻ  ആഗ്രഹിക്കുന്നതെന്തും പ്രവർത്തിക്കാൻ അവിടുന്നു ശക്തനാണ്. സൃഷ്ടിക്കപ്പെടാത്തവനും മറ്റൊന്നിനെയും ആശ്രയിക്കാതെ സ്വയം നിലനിൽക്കുന്നവനുമായവനു പരിപൂർണ്ണ നീതിയല്ലാതെ മറ്റൊന്നും ചെയ്യുക സാധ്യമല്ല. ഒന്നുമില്ലായ്മയിൽനിന്നു നമ്മെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടു നമുക്കിപ്പോഴുള്ള കൃപ അവിടുന്നു  നൽകി. അവിടുത്തെ ഇഷ്ടാനുസരണം എങ്ങനെ  വേണമെങ്കിലും മറ്റു ജീവികളെ സൃഷ്ടിക്കാൻ അവിടുത്തേയ്ക്കു കഴിയും. 

അവിടുത്തെ സന്നിധിയിൽ നാം വിധേയപ്പെടുകയും പ്രണമിക്കുകയും ചെയ്തുകൊണ്ട് അവിടുത്തെ മഹിമയെയും രാജത്വത്തെയും ആരാധിക്കുന്നതു ന്യായമാണ്. അതിനാൽ, ദൂതന്മാരേ വരിക, എന്നെ അനുഗമിക്കുക, നമുക്ക് അവിടുത്തെ ആരാധിക്കാം, അവിടുത്തെ പ്രശംസാവഹവും നിഗൂഢവുമായ  ന്യായവിധികളെയും ഏറ്റവും ശ്രേഷ്ഠവും പരിശുദ്ധവുമായ പ്രവൃത്തികളെയും നമുക്കു  പ്രകീർത്തിക്കാം.  ദൈവം ഏറ്റവും ശ്രേഷ്ഠനും എല്ലാ സൃഷ്ടികൾക്കും ഉപരിയുമാണ്, അവിടുത്തെ മഹത്തായ പ്രവൃത്തികളെ  എത്തിപ്പിടിക്കാനോ ഗ്രഹിക്കാനോ  നമുക്കു കഴിയുമായിരുന്നെങ്കിൽ  അവിടുന്നു അത്യുന്നതൻ ആയിരിക്കില്ലായിരുന്നു. ജ്ഞാനത്തിലും നന്മയിലും അവിടുന്ന് അതിരില്ലാത്തവനാണ്. ദൈവം കഴിവുകളുടെ  നിധികളിൽ സമ്പന്നനും ആണ്. എല്ലാവരുടെയും കർത്താവും ആരെയും ആവശ്യമില്ലാത്തവനും എന്ന നിലയിൽ, താൻ  ആഗ്രഹിക്കുന്നവർക്ക് അവ വിതരണം ചെയ്യാൻ അവിടുത്തേയ്ക്കു കഴിയും, ആ തിരഞ്ഞെടുപ്പിൽ അവിടുത്തേയ്ക്കു തെറ്റു പറ്റുകയില്ല. താൻ  തിരഞ്ഞെടുക്കുന്നവരെ സ്നേഹിക്കാനുംതൻറെ  കൃപ  നൽകാനും അവിടുത്തേയ്ക്കു കഴിയും, തനിക്കിഷ്ടമുള്ളവരെ സ്നേഹിക്കാനും അവിടുത്തേക്കു കഴിയും. തൻറെ   തിരുവിഷ്ടംപോലെ അവിടുത്തേയ്ക്ക് ആരെ വേണമെങ്കിലും  സൃഷ്ടിക്കാനും ഉയർത്താനും സമ്പന്നമാക്കാനും കഴിയും. എല്ലാ കാര്യങ്ങളിലും അവിടുന്നു ജ്ഞാനിയും പരിശുദ്ധനും അപ്രതിരോധ്യനുമായിരിക്കും. അവിടുന്നു തീരുമാനിച്ച മനുഷ്യാവതാരത്തിൻറെ അത്ഭുതകരമായ പ്രവൃത്തിക്കും, മനുഷ്യരോടു പ്രദർശിപ്പിച്ച  അവിടുത്തെ എല്ലാ നന്മകൾക്കും മനുഷ്യൻറെ പതനത്തിനുശേഷം കൃപയിലേക്കുള്ള വീണ്ടെടുപ്പിനും നമുക്ക് അവിടുത്തെ ആരാധിക്കുകയും നന്ദി പറയുകയും ചെയ്യാം. മാനുഷിക സ്വഭാവവും ദൈവിക സ്വഭാവവും ഒന്നുപോലെ സമ്മേളിച്ചിരിക്കുന്ന  ഈ വ്യക്തിയെ നമുക്ക് ആരാധിക്കാം, നമ്മുടെ തലവൻ ആയി നമുക്ക് അവിടുത്തെ ബഹുമാനിക്കുകയും അവിടുത്തെ അംഗീകരിക്കുകയും ചെയ്യാം; അവിടുന്ന് എല്ലാ മഹത്വത്തിനും സ്തുതിക്കും ആരാധനയ്‌ക്കും  യോഗ്യനാണെന്ന്   ഏറ്റുപറയുകയും കൃപയുടെ അധികാരി എന്ന നിലയിൽ  അവിടുത്തേയ്ക്കു മഹത്വം നൽകുകയും അവിടുത്തെ ശക്തിയും ദൈവത്വവും അംഗീകരിക്കുകയും ചെയ്യാം.”

107. സത്യത്തിൻറെ ശക്തമായ രശ്മികൾ ആയുധങ്ങളാക്കി  വിശുദ്ധ മിഖായേലും അവൻറെ മാലാഖമാരും ദൈവദൂഷണങ്ങൾ ആയുധമാക്കിയ മഹാസർപ്പത്തിനും അനുയായികൾക്കുമെതിരായി യുദ്ധം ചെയ്തു. ആ യുദ്ധത്തിൽ  സ്വർഗ്ഗത്തിൻറെ പരിശുദ്ധനായ മഹാപ്രഭുവിനെ  കണ്ടപ്പോൾ പ്രതിരോധിക്കാൻ കഴിയാതെ ലൂസിഫർ ആന്തരിക കോപത്താൽ  ജ്വലിച്ച്, അവൻറെ പീഡനങ്ങളിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; എന്നാൽ, ദൈവത്തിൻറെ സത്യവും ശക്തിയും അവൻ അറിയേണ്ടതിന് അവൻറെ പതനത്തിലൂടെ അവൻ ശിക്ഷിക്കപ്പെടുക മാത്രമല്ല കീഴടക്കപ്പെടുകകൂടി വേണമെന്നതു ദൈവഹിതമായിരുന്നു. എന്നിരുന്നാലും, അവൻ ദൈവദൂഷണം പറഞ്ഞുകൊണ്ടു അലറിവിളിച്ചു: “മാലാഖമാരുടെ പ്രകൃതത്തെക്കാൾ മനുഷ്യപ്രകൃതത്തെ ഉയർത്തുകവഴി ദൈവം അനീതി കാട്ടുന്നു. ഏറ്റവും ഉന്നതനും സുന്ദരനുമായ മാലാഖ ഞാനാണ്, വിജയം എനിക്കുള്ളതാണ്, ഞാൻ തന്നെയാണ് എൻറെ സിംഹാസനം നക്ഷത്രങ്ങൾക്കു മുകളിൽ സ്ഥാപിക്കേണ്ടതും അത്യുന്നതനെപ്പോലെയാകേണ്ടതും; താഴ്ന്ന പ്രകൃതമുള്ള  ആർക്കും ഞാൻ എന്നെത്തന്നെ വിധേയനാക്കില്ല, ആരെങ്കിലും എന്നെക്കാൾ ഉന്നതസ്ഥാനം സ്വീകരിക്കാനോ എന്നെക്കാൾ വലിയവനാകാനോ ഞാൻ സമ്മതിക്കില്ല.” ലൂസിഫറിൻറെ വിശ്വാസത്യാഗികളായ അനുയായികളും അതേ രീതിയിൽ തന്നെ  സംസാരിച്ചു. 

എന്നാൽ വിശുദ്ധ മിഖായേൽ മറുപടി പറഞ്ഞു: “സ്വർഗ്ഗത്തിൽ അധിവസിക്കുന്ന കർത്താവിനു തുല്യനായി ആരുണ്ട്? അവിടുത്തോടു സ്വയം താരതമ്യം ചെയ്യാൻ ആരുണ്ട്? ശത്രുവായ നീ  നിശ്ശബ്ദനാകുക. നിൻറെ ഭീകരമായ ദൈവദൂഷണം അവസാനിപ്പിക്കുക, അധർമ്മം നിന്നെ കീഴടക്കിയിരിക്കുന്നതിനാൽ ഞങ്ങളുടെ ഇടയിൽനിന്നു വിട്ടുപോകുക, നിർഭാഗ്യവാനായ നീ നിൻറെ  ആഴമായ  അജ്ഞതയിലും ദുഷ്ടതയിലും, അന്ധകാരം നിറഞ്ഞ ഇരുണ്ട രാത്രിയിലേക്കും നരകവേദനയുടെ ആഴങ്ങളിലേക്കും വലിച്ചെറിയപ്പെട്ടു ബഹിഷ്കൃതനാകുക. എന്നാൽ, കർത്താവിൻറെ ആത്മാക്കളേ, നിത്യവചനത്തിനു മനുഷ്യശരീരം നൽകാനിരിക്കുന്ന  ഈ അനുഗ്രഹീത സ്ത്രീയെ നമുക്ക് ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം, നമ്മുടെ രാജ്ഞിയും നാഥയും ആയി നമുക്ക് അവിടുത്തെ അംഗീകരിക്കാം.” 

108. ഈ  സ്ത്രീയുടെ മഹത്തായ  അടയാളം നല്ല ദൂതന്മാർക്ക് ഒരു പരിചയായി ഭവിച്ചു; ദുഷിച്ച മാലാഖമാർക്ക് ഈ അടയാളം കാണുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന വിശുദ്ധ രഹസ്യങ്ങളും നിഗൂഢതകളും സഹിക്കാൻ കഴിയാത്തതിനാൽ, അതു കാണുന്നത്, അവരുടെ യുക്തിയുടെ എല്ലാ ശക്തിയെയും ദുർബ്ബലമാക്കുകയും, അവരെ ആശയക്കുഴപ്പത്തിലും നിശബ്ദതയിലും കൊണ്ടുചെന്നെത്തിക്കുകയും, അപ്രകാരം  അത് അവർക്കെതിരായുള്ള യുദ്ധത്തിനുള്ള ആയുധമായി ഭവിക്കുകയും ചെയ്തു. ഈ നിഗൂഢമായ അടയാളം ദിവ്യശക്തിയാൽ പ്രത്യക്ഷപ്പെട്ടതുപോലെ, ഉഗ്രസർപ്പത്തിൻറെ വേറൊരു രൂപമോ അടയാളമോ അപ്പോൾ പ്രത്യക്ഷപ്പെട്ടു, അങ്ങനെ രൂപാന്തരപ്പെട്ട അവനെ അവൻറെ അനുയായികളുടെ ഭയത്തിനും സംഭ്രമത്തിനും നടുവിൽ, വിശുദ്ധ ദൂതന്മാരുടെ വിസ്മയത്തിനിടയിൽ സ്വർഗ്ഗത്തിൽനിന്നും  അപമാനിതനായി  വലിച്ചെറിയുന്നതിനു വേണ്ടിയായിരുന്നു അത്. ദൈവത്തിൻറെ നീതിയുടെയും ശക്തിയുടെയും  പുതിയ പ്രകടനത്തിൻറെ ഫലമായിരുന്നു ഇതെല്ലാം.

109. ഭൗതികമായ  അറിവിൽ  സ്ഥാപിതമായ നമ്മുടെ സങ്കൽപ്പങ്ങളും, ഈ മാലാഖമാരെപ്പോലുള്ള മഹാരൂപികളുടെ  സ്വഭാവത്തിനും പ്രവർത്തനത്തിനും ചേർന്ന സങ്കൽപ്പങ്ങളും തമ്മിൽ വളരെ വലിയ വ്യത്യാസമുള്ളതിനാൽ, ആ അവിസ്മരണീയ യുദ്ധത്തിൽ എന്തൊക്കെ നടന്നുവെന്നു വാക്കുകളിൽ വിവരിക്കുക പ്രയാസമാണ്. “എന്നാൽ, ദുഷിച്ച മാലാഖമാർക്കു  പിടിച്ചുനിൽക്കാൻ  കഴിഞ്ഞില്ല”. കാരണം, അനീതി, നുണ, അജ്ഞത, ദ്രോഹം എന്നിവയ്ക്കു, നീതി, സത്യം, പ്രകാശം, നന്മ എന്നിവയ്‌ക്കെതിരെ വിജയിക്കാനാവില്ല; ഈ സദ്ഗുണങ്ങളെ ദുഷ്പ്രവൃത്തികളാൽ മറികടക്കാനും കഴിയില്ല. അതിനാൽ, ഇങ്ങനെയും പറയപ്പെടുന്നു: “ആ സമയം മുതൽ അവർക്ക് സ്വർഗത്തിൽ  സ്ഥാനം ഉണ്ടായിരുന്നില്ല”. അധപതിച്ച  ഈ ദൂതന്മാർ ചെയ്ത പാപങ്ങളിലൂടെ, അവർ കർത്താവിൻറെ നിത്യദർശനത്തിനും സൗഹൃദത്തിനും  യോഗ്യരല്ലാതായിത്തീർന്നു. അവിടുത്തെ മനസ്സിൽനിന്ന് അവരുടെ ഓർമ്മകൾ മായിച്ചുകളഞ്ഞു – അത് അവിടെ അവർക്ക് നൽകപ്പെട്ട  സ്വഭാവത്തിൻറെ യോഗ്യതകളാലും  കൃപകളാലും എഴുതപ്പെട്ടിരുന്നതാണല്ലോ. അവർ അനുസരിച്ചിരുന്നുവെങ്കിൽ അവർക്കായി മാറ്റിവച്ചിട്ടുള്ളതായിരുന്ന  

ഈ സ്ഥാനങ്ങളുടെ  അവകാശം, അവർ സ്വയം നഷ്ടപ്പെടുത്തിയതുകൊണ്ട്   മനുഷ്യരാശിക്കു നൽകപ്പെട്ടു.  വിശ്വാസത്യാഗികളായ മാലാഖമാരുടെ അടയാളങ്ങൾ പോലും സ്വർഗ്ഗത്തിൽ  മായിച്ചു കളയുകയും മേലിൽ അവിടെ  അവയൊന്നും  കാണപ്പെടാതിരിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ അവകാശം  ഇപ്പോൾ മനുഷ്യർക്കു കൈമാറ്റം ചെയ്യപ്പെട്ടത്. ഹാ, ദാരുണവും ഭയാനകവുമായ ശിക്ഷയ്ക്കു കാരണമായ നിർഭാഗ്യകരമായ ദുഷ്ടതയും, വിവരണാതീതമായ  അനർത്ഥവും!  

110. “ആ വലിയ സർപ്പം, സർവ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസർപ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവൻറെ ദൂതൻമാരും.” വിശുദ്ധ മിഖായേൽ രാജകുമാരൻ  “ദൈവത്തെപ്പോലെ ആരുണ്ട്?” എന്ന അജയ്യമായ യുദ്ധകാഹളം  മുഴക്കിക്കൊണ്ടു സ്വർഗ്ഗത്തിൽനിന്നു ലൂസിഫർ എന്ന മഹാസർപ്പത്തെ വീശി വലിച്ചെറിഞ്ഞു. ആ ആരവം  എത്ര ശക്തമായിരുന്നു! അഹങ്കാരിയായ ആ രാക്ഷസനെയും അവൻറെ എല്ലാ സൈന്യങ്ങളേയും  ഭൂമിയിലേയ്ക്കയയ്ക്കുന്നതിനും അവരെ ഭീകരമായ നിത്യാപമാനത്തിൽ, ഭൂമിയുടെ മദ്ധ്യത്തിലേക്കു തള്ളിവിടുന്നതിനും മാത്രം പര്യാപ്തമായിരുന്നു അത് . ആ യുദ്ധത്തിൽ അവൻറെ അധർമ്മത്തിൻറെയും ദുഷ്ടതയുടെയും സാക്ഷ്യമായി അവൻറെമേൽ  പ്രധാനദൂതൻ ചുമത്തിയ, മഹാസർപ്പം, വ്യാളി, പിശാച്, സാത്താൻ എന്നീ പേരുകളിൽ ആ സമയം മുതൽ അവൻ വിളിക്കപ്പെടാൻ തുടങ്ങി. അവൻ അയോഗ്യനായിത്തീർന്നതിനാൽ അവൻറെ ആനന്ദവും ബഹുമതിയും നഷ്ടപ്പെട്ടു, അവൻറെ  ശ്രേഷ്ഠമായ പേരുകളും  സ്ഥാനമാനങ്ങളും എടുത്തുമാറ്റപ്പെടുകയും  അതിനുപകരം  അവന് അപകീർത്തി വരുത്തുന്ന സ്ഥാനപ്പേരുകൾ ലഭിക്കുകയും ചെയ്തു. ലോകത്തിൽ വസിക്കുന്ന എല്ലാവരെയും വഞ്ചിക്കുകയും വഴിപിഴപ്പിക്കുകയും  ചെയ്യണമെന്നുതുടങ്ങി അവൻ തൻറെ കൂട്ടാളികളോടു നിർദ്ദേശിച്ച  കുടില  പദ്ധതികൾ അവൻറെ ദുഷ്ടത വേണ്ടുവോളം പ്രകടമാക്കുന്നു. അതിനാൽ, ജനതകളെ  പ്രഹരിക്കാൻ ഉദ്ദേശിച്ച അവനെത്തന്നെ  ദൈവം നരകമേഖലകളിലേക്കു വിട്ടു കൊടുത്തു, ഏശയ്യാ  പ്രവാചകൻ പതിനാലാം അധ്യായത്തിൽ പറയുന്നതുപോലെ,  അവൻ പാതാളത്തിൻറെ അഗാധഗർത്തത്തിലേക്കു തള്ളിയിടപ്പെട്ടു, അവൻറെ മൃതശരീരം  പുഴുക്കൾക്ക് നൽകപ്പെട്ടു. അവൻറെതന്നെ  ദുഷിച്ച മനഃസാക്ഷിയുടെ പുഴുക്കൾക്ക്  അവൻ ആഹാരമായിത്തീർന്നു. അപ്രകാരം ആ അധ്യായത്തിൽ പ്രവാചകൻ പറയുന്നതെല്ലാം ലൂസിഫറിൽ നിറവേറി. 

(തുടരും)