വിശുദ്ധ നഗരം : അഭയ നഗരം അധ്യായം 12

( അഗ്രെദായിലെ വാഴ്ത്തപ്പെട്ട സി. മരിയയ്ക്കു   ലഭിച്ച വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന  Mystical City of God  എന്ന  വിശിഷ്ട ഗ്രന്ഥത്തിലെ  പരിശുദ്ധ അമ്മയെ സംബന്ധിച്ച തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങളുടെ വിവർത്തനം)

281. “അവൻ അതിൻറെ മതിലും അളന്നു: മനുഷ്യൻറെ തോതനുസരിച്ചു നൂറ്റിനാൽപ്പത്തിനാലു മുഴം; അതുതന്നെയായിരുന്നു ദൂതൻറെ തോതും.”  ഈ ദൈവനഗരത്തിൻറെ മതിലുകളുടെ അളവെടുക്കുമ്പോൾ  അതിൻറെ നീളം മാത്രമല്ല ഉയരവും കണക്കിലെടുക്കേണ്ടിയിരുന്നു. ഒരു സമചതുരമായ ഈ നഗരത്തിൻറെ നീളവും വീതിയും പന്ത്രണ്ടായിരം “സ്റ്റേഡിയ” ആയിരുന്നുവെങ്കിൽ, നഗരത്തെ വലയം ചെയ്യുന്ന ചുവരുകളുടെ  അളവു  നൂറ്റിനാൽപ്പത്തിനാലു മുഴം ആയിരുന്നു.  ഈ അളവ് എത്രയാണെങ്കിലും – ആ വിധത്തിലുള്ള ഒരു നഗരത്തിനു തീർച്ചയായും വളരെ ചെറുതാണ്; എന്നാൽ ഈ അളവ്, മതിലുകളുടെ ഉയരത്തിനു നന്നായി യോജിക്കുകയും അതിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്കും പ്രതിരോധത്തിനും അനുയോജ്യമായിരിക്കുകയും  ചെയ്യുന്നു.  ഉയരത്തിൻറെ ഈ അളവ്, ഏറ്റവും പരിശുദ്ധയായ  മറിയത്തിൻറെ  അന്തസ്സിനും വിശുദ്ധിക്കും അനുയോജ്യമാം വിധം സർവ്വശക്തൻ സമ്മാനിച്ച എല്ലാ വരങ്ങളുടെയും  കൃപകളുടെയും സുരക്ഷയെ സൂചിപ്പിക്കുന്നു.

 ഇതു  കൂടുതൽ വ്യക്തമാക്കുന്നതിന്, മൂന്നു മതിലുകളെപ്പറ്റി സൂചിപ്പിക്കുന്നു.  നൂറും, നാൽപ്പതും, നാലും മുഴം  ഉയരമുള്ള മൂന്നു മതിലുകൾ  അതായത്  തുല്യമല്ലാത്ത മൂന്ന്  അളവുകൾ. ഒന്ന് ഉയർന്നത്, ഒന്ന് ഇടത്തരം, ഒന്നു ചെറുത് – ഇവ യഥാക്രമം സ്വർഗ്ഗരാജ്ഞിയുടെ പ്രവർത്തനവുമായി ബന്ധപ്പെടുന്ന മഹത്തരവും, കൂടുതൽ സാധാരണവും, നിസ്സാരവുമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. മറിയത്തിൽ നിസ്സാരമായ എന്തെങ്കിലുമുണ്ടെന്നല്ല, മറിച്ചു  മറിയത്തിൻറെ പ്രവർത്തനലക്ഷ്യങ്ങളിൽ  വ്യത്യസ്‌ത തരത്തിലുള്ള കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. അതുപോലെതന്നെ മറിയത്തിൻറെ പ്രവർത്തനങ്ങളും. ചിലത് അത്ഭുതകരവും അമാനുഷികവുമായിരുന്നു, മറ്റുള്ളവ ധാർമ്മിക പുണ്യങ്ങളുടെ  മേഖലയിലായിരുന്നു; ഇവയിൽ രണ്ടാമത്തേതു വീണ്ടും ആന്തരികം  അഥവാ ബാഹ്യം  എന്നിങ്ങനെ രണ്ടു വിധത്തിലായിരുന്നു. അവയെല്ലാം മറിയം പരിപൂർണ്ണമായിത്തന്നെ നിർവഹിച്ചു. പ്രധാനപ്പെട്ട കടമകൾ മൂലം അപ്രധാനമായ കടമകൾ മറിയം ഒഴിവാക്കിയിട്ടില്ല, ആദ്യത്തേതിലുള്ള കൃത്യത രണ്ടാമത്തേതിനെ ബാധിച്ചതുമില്ല. 

സ്തുത്യർഹമായ വിശുദ്ധിയോടും, കർത്താവിൻറെ പൂർണ്ണമായ അംഗീകാരത്തോടും കൂടി മറിയം അവയെല്ലാം നിറവേറ്റിയതിനാൽ, മറിയത്തിൻറെ ഏറ്റവും പരിശുദ്ധപുത്രൻറെ നിലവാരത്തിലും, അതുപോലെതന്നെ ജീവിതത്തിലെ മറിയത്തിൻറെ സ്വാഭാവിക പ്രകൃതിയിലും, കൂടാതെ  അമാനുഷിക അവസ്ഥയിലും മറിയത്തെ അളന്നു. അത്, എല്ലാ മനുഷ്യരെയും മാലാഖമാരെയുംകാൾ  ശ്രേഷ്ഠനും  സ്വർഗീയ ത്രിത്വത്തിൻറെ  പ്രതിനിധിയുമായ  ദൈവമനുഷ്യൻറെ തന്നെ അളവുകോലായിരുന്നു. ദൈവം അവിടുത്തോടൊപ്പം, അവിടുത്തെ അമ്മയെന്ന നിലയിലുള്ള  അന്തസ്സിന് ആനുപാതികമായി മനുഷ്യരെയും മാലാഖമാരെയുംകാൾ  കൂടുതലായി  മറിയത്തെ ഉയർത്തി. യോഹന്നാൻ  തുടർന്നു പറയുന്നു: 

282. “മതിൽ സൂര്യകാന്തം കൊണ്ട്.” ഒരു നഗരത്തിൻറെ മതിലുകളാണ് കാഴ്ചക്കാരൻറെ  ശ്രദ്ധയെ  ഏറ്റവുമധികം   ആകർഷിക്കുന്നത്.  ദൈവത്തിൻറെ നഗരമായ മറിയത്തിൻറെ മതിലുകൾ ക്രമപ്പെടുത്തിയതായി ഇവിടെ സൂചിപ്പിച്ചിരിക്കുന്ന സൂര്യകാന്തക്കല്ലിനെ വ്യത്യസ്തമാക്കുന്ന വർണ്ണങ്ങൾ  ആ  മഹാരാജ്ഞിയുടെ  യോഗ്യതകളെയും   കൃപകളെയും  ആവരണം ചെയ്തിരുന്ന  അവർണ്ണനീയമായ വിനയത്തെ സൂചിപ്പിക്കുന്നു. കാരണം, മറിയം  സ്രഷ്ടാവിൻറെ മഹത്വമേറിയ  അമ്മയാണെങ്കിലും, പാപത്തിൻറെയും അപൂർണ്ണതയുടെയും എല്ലാ കറകളിൽനിന്നും ഒഴിവാക്കപ്പെട്ടവളാണെങ്കിലും, മനുഷ്യരുടെ  കാഴ്ചപ്പാടിൽ, ആദത്തിൻറെ പുത്രിമാർക്കു  ബാധകമായ സാധാരണ നിയമങ്ങളുടെ കറകളുടെ   നിഴൽ   പറ്റിയതുപോലെയും, അതിൽ ആശ്രയിക്കുന്നവളെപ്പോലെയുമാണ് മറിയം  നമുക്കുമുൻപിൽ വെളിപ്പെടുത്തപ്പെടുന്നത്;  കാരണം,  അനുദിന  ജീവിതത്തിൽ നാം അനുഭവിക്കുന്ന  കാര്യങ്ങൾക്കെല്ലാം   മറിയം സ്വയം വിധേയയായി – അവ ഞാൻ പിന്നീടു വിശദീകരിക്കാം.

  സൂര്യകാന്തക്കല്ലിൻറെ ഈ മതിൽ, പ്രത്യക്ഷത്തിൽ മറ്റു സ്ത്രീകൾക്കെല്ലാം  സ്വഭാവേന ഉണ്ടാകാവുന്ന   പാപക്കറകളെ  പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, അതേ  സമയം തന്നെ ഈ നഗരത്തിൻറെ അജയ്യമായ പ്രതിരോധമായി വർത്തിക്കുകയും ചെയ്യുന്നു. യോഹന്നാൻ  പറയുന്നതുപോലെ, “നഗരം തനി സ്വർണ്ണംകൊണ്ടു നിർമ്മിച്ചതും സ്ഫടികതുല്യം നിർമ്മലവുമായിരുന്നു.” കാരണം,  പരിശുദ്ധയായ  തൻറെ   രൂപീകരണത്തിലോ, അതിനുശേഷമുള്ള  തൻറെ ഏറ്റവും നിഷ്കളങ്കമായ  ജീവിതത്തിലോ, തൻറെ  പളുങ്കുപോലുള്ള ശുദ്ധതയ്ക്കു  മങ്ങലേൽപ്പിക്കുന്ന ഒരു കറയും പറ്റാൻ ഒരിക്കലും മറിയം അനുവദിച്ചിട്ടില്ല. 

സ്ഫടികത്തിൻറെ നിർമ്മാണസമയത്ത് അതിനകത്തു പെട്ടുപോകുന്ന ഏറ്റവും ചെറിയ ഒരു  അന്യവസ്തുവോ കറയോ  കളങ്കമോ, അതിൻറെ വലുപ്പം  എത്ര ചെറുതാണെങ്കിലും, അതിൻറെ യാതൊരു അടയാളവും പുറമേയ്‌ക്കു ദൃശ്യമാകില്ലെങ്കിലും എക്കാലവും ആ  സ്ഫടികത്തിൻറെ  സുതാര്യതയെയും  പൂർണ്ണതയെയും  സ്വാധീനിച്ചുകൊണ്ടിരിക്കും.

അതുപോലെ തന്നെ  ഏറ്റവും പരിശുദ്ധയായ  മറിയത്തിനു  അവിടുത്തെ  ജനനത്തിൽ, ഉത്ഭവ പാപത്തിൻറെ  കളങ്കമോ കറയോ ഉണ്ടായിരുന്നെങ്കിൽ, അത് എല്ലായ്‌പ്പോഴും പ്രത്യക്ഷമായിരിക്കുകയും അവിടുത്തെ സ്ഫടികതുല്യമായ വിശുദ്ധിയെയും സുതാര്യതയെയും  എന്നെന്നേക്കും  ബാധിക്കുകയും  തടയുകയും ചെയ്യുമായിരുന്നു. അവിടുത്തെ പവിത്രതയിലും വരങ്ങളിലും  ഉത്ഭവപാപത്തിൻറെ കറ അടങ്ങിയിട്ടുണ്ടെങ്കിൽ,  മറിയം ശുദ്ധസ്വർണ്ണമാവുകയില്ലായിരുന്നു. അങ്ങനെയെങ്കിൽ  മറിയത്തിൻറെ ശ്രേഷ്ഠത  അനേകം കാരറ്റുകൾ  കുറയുമായിരുന്നു.    അതിനാൽ, ഈ നഗരം “തനി സ്വർണ്ണംകൊണ്ടു നിർമ്മിച്ചതും സ്ഫടികതുല്യം നിർമ്മലവും” ആയിരുന്നു എന്നതു സത്യം തന്നെ. കാരണം, മറിയം ഏറ്റവും നിർമ്മലയും ദൈവത്വത്തിനോട് ഏറ്റവും അടുത്തിരുന്നവളും ആയിരുന്നു. 

പരിശുദ്ധ  മറിയത്തിൻറെ ഉത്ഭവത്തെപ്പറ്റി വിവരിക്കുന്ന, വെളിപാട് അധ്യായം 21-ൻറെ അവസാന ഭാഗം.

———————————

283. എനിക്കു വ്യാഖ്യാനിച്ചുകിട്ടിയ വെളിപാടു പുസ്‌തകത്തിൻറെ ഇരുപത്തിയൊന്നാം അധ്യായത്തിൻറെ മൂന്നാമത്തെയും അവസാനത്തെയും ഭാഗത്തെ തിരുവചനങ്ങൾ ഇപ്രകാരമാണ്:

19 & 20. “നഗരമതിലിൻറെ അടിസ്ഥാനങ്ങൾ എല്ലാത്തരം രത്നങ്ങൾകൊണ്ട് അലംകൃതം. ഒന്നാമത്തെ അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് ഇന്ദ്രനീലം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു ഗോമേദകം, ആറാമത്തേതു മാണിക്യം, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു പത്മരാഗം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു വജ്രം, പന്ത്രണ്ടാമത്തേതു സൗഗന്ധികം.

21. പന്ത്രണ്ടു കവാടങ്ങൾ പന്ത്രണ്ടു മുത്തുകളായിരുന്നു. കവാടങ്ങളിലോരോന്നും ഓരോ മുത്തുകൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നു. നഗരത്തിൻറെ തെരുവീഥി അച്ഛസ്ഫടികതുല്യമായ തനിത്തങ്കമായിരുന്നു. 

22. നഗരത്തിൽ ഞാൻ ദേവാലയം കണ്ടില്ല. എന്തുകൊണ്ടെന്നാൽ സർവശക്തനും ദൈവവുമായ കർത്താവും കുഞ്ഞാടുമാണ് അതിലെ ദേവാലയം. 

23. നഗരത്തിനു പ്രകാശം നൽകാൻ സൂര്യൻറെയോ ചന്ദ്രൻറെയോ ആവശ്യമുണ്ടായിരുന്നില്ല. ദൈവതേജസ്സ്‌ അതിനെ പ്രകാശിപ്പിച്ചു. 

24. അതിൻറെ ദീപം കുഞ്ഞാടാണ്. അതിൻറെ പ്രകാശത്തിൽ ജനതകൾ സഞ്ചരിക്കും. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. 

25. അതിൻറെ കവാടങ്ങൾ പകൽ സമയം അടയ്ക്കപ്പെടുകയില്ല. അവിടെയാകട്ടെ രാത്രി ഇല്ലതാനും. 

26. ജനതകൾ തങ്ങളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.

27. എന്നാൽ കുഞ്ഞാടിൻറെ ജീവഗ്രന്ഥത്തിൽ പേരെഴുതപ്പെട്ടവർ മാത്രമേ അതിൽ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവർത്തിക്കുന്ന ആരും, അതിൽ പ്രവേശിക്കുകയില്ല.” 

വെളിപാടിൻറെ ഇരുപത്തിയൊന്നാം അധ്യായത്തിൻറെ മൂലവാക്യങ്ങളും വാച്യാർത്ഥവും എനിക്കു വിശദീകരിക്കപ്പെട്ടത് ഇപ്രകാരമാണ്:

284. സർവ്വശക്തൻ അവിടുത്തെ വാസത്തിനായി  തൻറെ പരിശുദ്ധ നഗരമായ മറിയത്തെ തിരഞ്ഞെടുത്തതിനാലും, മറിയം ദൈവമൊഴികെയുള്ള എല്ലാറ്റിലും വച്ച് ഏറ്റവും അനുയോജ്യയും ഉചിതയുമായതിനാലും, ഈ നഗരത്തിൻറെ മതിലിൻറെ അടിത്തറ, അവിടുത്തെ ദൈവത്വത്തിൻറെ നിധികളിൽനിന്നും, അവിടുത്തെ ഏറ്റവും പരിശുദ്ധപുത്രൻറെ യോഗ്യതകളിൽനിന്നും, എല്ലാത്തരം വിലയേറിയ കല്ലുകളാലും ദൈവം  അലങ്കരിക്കുക  എന്നതു യുക്തമായിരുന്നു. മതിലുകളാൽ വ്യക്തമാക്കപ്പെട്ട  മറിയത്തിൻറെ മനോഭാവവും ശക്തിയും, വിലയേറിയ കല്ലുകളാൽ പ്രതീകപ്പെടുത്തപ്പെട്ട മറിയത്തിൻറെ പവിത്രതയുടെയും കൃപയുടെയും ഭംഗിയും മികവും, നഗരത്തിൻറെ അടിസ്ഥാനങ്ങൾ എന്ന രൂപകത്തിലൂടെ വിവരിക്കപ്പെട്ട മറിയത്തിൻറെ അത്ഭുതകരമായ അമലോത്ഭവവും  എല്ലാം എന്തിനുവേണ്ടി ഈ നഗരം സ്ഥാപിക്കപ്പെട്ടുവോ ആ ഉന്നതമായ ലക്ഷ്യത്തെപ്രതിയായിരുന്നു. അതായത്, ദൈവം തൻറെ  സ്നേഹത്താൽ ഈ നഗരത്തിനുള്ളിൽ വസിക്കണമെന്നും കന്യകയായ മറിയത്തിൻറെ ഗർഭപാത്രത്തിൽനിന്ന് അവിടുന്നു തൻറെ മനുഷ്യസ്വഭാവം സ്വീകരിക്കണമെന്നും, ദൈവം യഥാവിധി നിശ്ചയിച്ചിരുന്നു. ഇവയെല്ലാം പരിശുദ്ധ മറിയത്തിൽ കാണുന്നതുപോലെതന്നെ  യോഹന്നാൻ  വിവരിക്കുന്നു. 

ദൈവത്തിൻറെ  വാസസ്ഥലവും ശക്തികേന്ദ്രവുമെന്ന നിലയിൽ മറിയത്തിൽ അവശ്യം ഉണ്ടായിരിക്കേണ്ടിയിരുന്ന അന്തസ്സ്, പവിത്രത, സ്ഥിരത എന്നിവ കണക്കിലെടുത്ത്, മറിയത്തിൻറെ അമലോത്ഭവത്തിൻറെ  പ്രതിബിംബമായ ഈ നഗരത്തിൻറെ അടിസ്ഥാന മതിലുകൾ, കൂടുതൽ സമ്പന്നവും വിലപ്പെട്ടതുമായ മറ്റൊന്നും കണ്ടെത്താൻ കഴിയാത്തവിധം അത്ര ശ്രേഷ്‌ഠമായ വിലയേറിയ കല്ലുകളോ പുണ്യങ്ങളോ ഉപയോഗിച്ചു  നിർമ്മിക്കണം എന്നുള്ളത് ഉചിതവുമായിരുന്നു.

285. “ആദ്യത്തെ അടിത്തറ,” അല്ലെങ്കിൽ കല്ല്, “സൂര്യകാന്തക്കല്ല് ആയിരുന്നു” എന്നു യോഹന്നാൻ  പറയുന്നു,  വർണ്ണാഭമായ അതിൻറെ  ഉറപ്പ്, സ്ഥിരതയെയും ധീരതയെയും സൂചിപ്പിക്കുന്നു. ജീവിതകാലത്ത് അജയ്യമായ മഹത്വത്തോടും സ്ഥിരതയോടുംകൂടെ മറിയം തൻറെ എല്ലാ സദ്ഗുണങ്ങളും പ്രയോഗിക്കേണ്ടതിന്  അമലോത്ഭവനിമിഷം മുതൽ തന്നെ  ഈ  നാരീരത്നത്തിന്  അതു പകർന്നുകൊടുക്കപ്പെട്ടു. അമലോത്ഭവത്തിൽ‌  പരിശുദ്ധ മറിയത്തിന് അനുവദിക്കപ്പെടുകയും  പകർന്നുകൊടുക്കപ്പെടുകയും  ചെയ്തതും ഈ വിലയേറിയ കല്ലുകളാൽ സൂചിപ്പിക്കപ്പെടുന്നതുമായ പുണ്യങ്ങളും  സ്വഭാവപ്രകൃതവും, അതേസമയം തന്നെ  മറിയത്തിൻറെ സവിശേഷാധികാരങ്ങളുമായും  ബന്ധപ്പെട്ടിരിക്കുന്നു, ഈ പന്ത്രണ്ട് അടിസ്ഥാനങ്ങളുടെ രഹസ്യങ്ങൾ യഥാവിധി  അറിയപ്പെടുന്നതിനായി ഞാൻ അവ  എനിക്കു കഴിയുന്നത്രയും വിശദീകരിക്കാം.

 പുരാതന സർപ്പത്തെ അടിച്ചമർത്തുന്നതിനും കീഴടക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും, എല്ലാ പിശാചുക്കളെയും പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം  ഭീതിയിലാഴ്ത്തുന്നതിനുമുള്ള  ഒരു പ്രത്യേക മഹത്വവും അധികാരവും  ഇതിൽ ഉൾപ്പെട്ടിരുന്നു. ഇക്കാരണത്താൽ മാതാവിൻറെ കേവല സാന്നിദ്ധ്യത്തിൽ പോലും  വിറപൂണ്ടു   പിശാചുക്കൾ  മറിയത്തിൽനിന്ന്  ഓടിയകലുന്നു. അവർ ദൂരത്തുനിന്നു  മറിയത്തെ  കണ്ടു ഭയപ്പെടുന്നു. കഠിനമായ വേദന സഹിച്ചുകൊണ്ടല്ലാതെ അവർക്കു   പരിശുദ്ധ മറിയത്തിൻറെ അടുത്തു വരാൻ കഴിയുന്നില്ല.  മറിയത്തിൻറെ മഹിമയിൽ  ദൈവകൽപ്പിതമായ പരിപാലനം വളരെ ഉദാരമായിരുന്നതിനാൽ, ആദത്തിൻറെ മക്കൾക്കു  ബാധകമായ പൊതുനിയമങ്ങളിൽനിന്നു   മറിയം ഒഴിവാക്കപ്പെട്ടു  എന്നുമാത്രമല്ല, ഉത്ഭവപാപത്തിൽനിന്നും, അതുവഴി മനുഷ്യർ അകപ്പെടുന്ന  പിശാചിൻറെ അടിമത്തത്തിൽനിന്നും കൂടി  മറിയം മോചിതയായിരുന്നു. ഈ തിന്മകളിൽനിന്നു  മറിയത്തെ അകറ്റിനിർത്തിക്കൊണ്ട്, സകല  മനുഷ്യർക്കും നഷ്ടപ്പെട്ട തങ്ങളുടെ നിഷ്കളങ്കതയും അതോടൊപ്പം  പിശാചിന്മേലുള്ള പരമാധികാരവും അതേസമയംതന്നെ അവിടുന്നു  മറിയത്തിനു  നൽകി. 

അതിലുമുപരിയായി, ശത്രുക്കളുടെ ദുഷ്ടശക്തി അവസാനിപ്പിക്കുന്നതിനായി മറിയം തൻറെ ഗർഭപാത്രത്തിൽ വഹിച്ച നിത്യപിതാവിൻറെ പുത്രൻറെ അമ്മയെന്ന നിലയിൽ, ദൈവത്തിൽനിന്നു   സിദ്ധിച്ച  യഥാർത്ഥ അധികാരത്തോടെയാണു  മറിയം  അവരോധിക്കപ്പെട്ടത്. അതിൻറെ ഫലമായി ഏറ്റവും ഉന്നതയായ ഈ നാഥ പിശാചുക്കളെ കീഴടക്കുകയും  അവരെ വീണ്ടും നരകത്തിൻറെ തടവറകളിലേക്ക് അയയ്ക്കുകയും ചെയ്തു.- അതു ഞാൻ പിന്നീടു കൂടുതൽ വിശദീകരിക്കുന്നതാണ്.

286. “രണ്ടാമത്തേത്, ഇന്ദ്രനീലക്കല്ല്.” ഈ കല്ലിൻറേത്  വ്യക്തവും പ്രസന്നവുമായ ആകാശത്തിൻറെ നിറമാണ്.  അതു   സ്വർണ്ണധൂളികളും   വർണകണങ്ങളും  ചിതറിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്നു. അതിൻറെ നിറം, പ്രതിനിധാനം ചെയ്യുന്നതു   മറിയത്തിൻറെ വരങ്ങളുടെയും കൃപകളുടെയും ശാന്തതയെയും സ്വസ്ഥതയെയും ആണ്.  ഇതാകട്ടെ മാറ്റമില്ലാത്തതും സ്വർഗ്ഗീയവും ശാന്തവുമായ സമാധാനം ആസ്വദിക്കാൻ പരിശുദ്ധ മറിയത്തെ പ്രാപ്തയാക്കിക്കൊണ്ട്, അവിടുത്തെ അമലോത്ഭവത്തിൻറെ നിമിഷംമുതൽ  നൽകപ്പെട്ടവയാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമരാഹിത്യത്തിൻറെ കളങ്കത്തിൽനിന്നു മുക്തവും, ദൈവിക ദർശനങ്ങൾകൊണ്ടു പ്രകാശിക്കുന്നതുമായ ദൈവികസ്വഭാവത്തോടു    മറിയത്തിൻറെ സദ്ഗുണങ്ങൾക്കുള്ള  സാദൃശ്യത്താലും, അവയിലുള്ള അവിടുത്തെ പങ്കാളിത്തത്താലും, പ്രത്യേകിച്ച് അവയുടെ മാറ്റമില്ലാത്ത അവസ്ഥയാലും, ദൈവത്തെ കാണാൻ മറിയം തന്നെത്തന്നെ  യോഗ്യയാക്കിയിരുന്നു.  തൻറെ ഭൗമികതീർത്ഥാടനത്തിനിടയിൽ, ഈ ഭൂമിയിലെ ജീവിതകാലത്തുതന്നെ   പലതവണ, മറയില്ലാത്തതും വ്യക്തവുമായ ദൈവദർശനം മറിയത്തിനു ലഭിച്ചിരുന്നു – അതിനെപ്പറ്റി പിന്നീടു  വിവരിക്കുന്നതാണ്. 

ഈ ഒരു പ്രത്യേകാനുകൂല്യത്തിൻറെ ഫലമായി, തൻറെ  മാധ്യസ്ഥ്യം ആവശ്യപ്പെടുന്നവർക്ക് ആത്മാവിൻറെ പ്രശാന്തതയും സമാധാനവും പകരുവാനുള്ള ശക്തി സർവ്വശക്തൻ മറിയത്തിനു നൽകി. അതിനാൽ, ദുർവാസനകൾ മൂലമുള്ള  പീഡകളാൽ   വ്യാകുലപ്പെടുകയും ആശങ്കപ്പെടുകയും സംഭ്രമിക്കുകയും ചെയ്യുന്ന എല്ലാ വിശ്വാസികളും മറിയത്തോടു പ്രാർത്ഥിക്കട്ടെ, അങ്ങനെ, സമാധാനമാകുന്ന ഈ ദാനം അവർ മറിയത്തിൽനിന്നു നേടിയെടുക്കട്ടെ.

287. “മൂന്നാമത്തേത്,  വൈഡൂര്യം.” ഈ കല്ലിനു  അതിൻറെ പേരു ലഭിച്ചത്, അത് ആദ്യമായി  കണ്ടെടുത്ത  രാജ്യത്തു  നിന്നാണ്. ഇതിനു  മാണിക്യത്തിൻറെ നിറമാണ്,  അപായ മുന്നറിയിപ്പു  നൽകുന്ന ദീപം പോലെ    രാത്രിയിൽ മിന്നിത്തിളങ്ങുന്ന ഒന്നാണിത്.  മറിയത്തിൻറെ പേരിൻറെ പരിശുദ്ധിയും ശക്തിയുമാണ്  ഈ കല്ലിൻറെ പിറകിൽ മറഞ്ഞിരിക്കുന്ന രഹസ്യം. കാരണം, ആദത്തിൻറെ മകളെന്നു സ്വയം വിളിച്ചുകൊണ്ടാണു    സൃഷ്ടലോകത്തിൽനിന്നു മറിയം തൻറെ പേരു സ്വീകരിച്ചത്.  ഉച്ചാരണരീതിയിലുള്ള മാറ്റം കണക്കിലെടുത്താൽ  ലത്തീനിൽ മറിയത്തിൻറെ  പേരിൻറെ അർഥം    ഒന്നിച്ചുകൂടിയ സമുദ്രങ്ങളെന്നാണ്, എന്തെന്നാൽ മറിയം ദൈവത്വത്തിൻറെ കൃപകളുടെയും വരങ്ങളുടെയും സമുദ്രമായിരുന്നു.  ഈ വരങ്ങളാൽ, പാപത്തിൻറെ ദോഷത്തെയും  അതിൻറെ ഫലങ്ങളെയും  ജലപ്രളയത്താലെന്ന പോലെ മറിയത്തിൻറെ അമലോത്ഭവത്തിലൂടെ നശിപ്പിച്ചുകൊണ്ടും മറിയം ഈ ലോകത്തിലേക്കു വന്നു. ആഴത്തിൻറെ  ഇരുട്ടിനെ മറിയത്തിൻറെ ആത്മാവിൻറെ പ്രകാശവും  സ്വർഗ്ഗീയ ജ്ഞാനത്തിൻറെ  തെളിച്ചവും കൊണ്ടു പ്രകാശിപ്പിച്ചുകൊണ്ടാണു    മറിയം ഈ ലോകത്തിലേക്കു വന്നത്. 

ഭൂമി മുഴുവൻ വ്യാപകമായിരിക്കുന്ന അവിശ്വസ്തതയുടെ മേഘങ്ങളെ  ചിതറിക്കാനും മതനിന്ദ, പാഷണ്ഡത, വിഗ്രഹാരാധന, കത്തോലിക്കാ വിശ്വാസത്തിലുള്ള  സംശയങ്ങൾ  എന്നിവയെ  ഇല്ലാതാക്കാനുമുള്ള അധികാരം അത്യുന്നതൻ മറിയത്തിൻറെ ഏറ്റവും പരിശുദ്ധനാമത്തിന് അനുവദിച്ചതായി ഈ അടിസ്ഥാനശില സൂചിപ്പിക്കുന്നു. മറിയത്തിൻറെ പേരു വിളിച്ചപേക്ഷിച്ചുകൊണ്ട് അവിശ്വാസികൾ ഈ വെളിച്ചത്തിലേക്കു തിരിയുകയാണെങ്കിൽ, അത് അവരെ ബാധിച്ചിരിക്കുന്ന  ഇരുട്ടിനെ പെട്ടെന്നുതന്നെ  പുറത്താക്കുമെന്ന് ഉറപ്പാണ്, മറിയത്തിന് ഉന്നതത്തിൽനിന്ന് അനുവദിക്കപ്പെട്ടിട്ടുള്ള ശക്തിയുടെ ഫലമായി അവളിൽ  അഭയം തേടുന്നവരുടെ  പാപങ്ങൾ  ഒരു സമുദ്രത്തിലെന്നപോലെ മുങ്ങിപ്പോകുകയും ചെയ്യും. 

288. “നാലാമത്തേത്, മരതകം,” ഇതിൻറെ നിറം കണ്ണുകൾക്കു കുളിർമയും ആനന്ദവുമേകുന്ന പ്രശാന്തഹരിതമാണ്.  ദൈവത്തിൻറെയും അവിടുത്തെ സൃഷ്ടികളുടെയും ദൃഷ്ടിയിൽ ഏറ്റവും സൗമ്യയും ഉദാരമതിയുമായ  പരിശുദ്ധ മറിയത്തിൻറെ അമലോത്ഭവത്തിലെ കൃപകളെ അതു നിഗൂഡമായി സൂചിപ്പിക്കുന്നു. മറിയത്തിന് അപ്പോൾ നൽകപ്പെട്ട  പരിശുദ്ധിയുടെ എല്ലാ ശക്തിയും  പുണ്യങ്ങളും  വരങ്ങളും, തൻറെ നാമത്തിനും സ്മരണയ്ക്കും എതിരായ ഒരു കുറ്റവും  വരാൻ  ഒരിക്കലും  ഇടകൊടുക്കാത്ത വിധം   മറിയം സ്വയം സൂക്ഷിച്ചു. അതനുസരിച്ച്, തൻറെ  ഭക്തരായ അനുയായികൾക്കു   വിശ്വാസസ്ഥിരത ഉറപ്പുവരുത്തുന്നതിനും, ദൈവത്തിൻറെ സൗഹൃദത്തിലും പുണ്യപരിശീലനത്തിലും സ്ഥിരോത്സാഹവും വിശ്വസ്തതയും നൽകുന്നതിനുമുള്ള  അവകാശം അത്യുന്നതൻ മറിയത്തിനു നൽകി.  

289. “അഞ്ചാമത്തേത്, ഗോമേദകം.” ഈ കല്ല് സുതാര്യമാണ്,  സാധാരണഗതിയിൽ  ഇതിനു  മാംസത്തിൻറെ നിറമാണെന്നു തോന്നുമെങ്കിലും  യഥാർത്ഥത്തിൽ ഇതു മൂന്നു  വ്യത്യസ്ത നിറങ്ങൾ  ഉൾക്കൊള്ളുന്നുണ്ട്. ചുവടെ ഇരുണ്ട നിറം, മധ്യഭാഗത്ത് അൽപം വെളുത്ത നിറം, മുകളിൽ തിളങ്ങുന്ന ബഹുവർണ്ണങ്ങളോടെ   മുത്തുച്ചിപ്പിയുടേതു പോലെ, അത്യാകർഷകമായ  നിറം!  ഈ കല്ലിൻറെ നിഗൂഡരഹസ്യം   പരിശുദ്ധ അമ്മയും, അവിടുന്നു പ്രസവിക്കാനിരുന്ന പുത്രനും തമ്മിലുള്ള അടുത്ത ബന്ധത്തിലേക്കു വിരൽ ചൂണ്ടുന്നു. ഇരുണ്ട നിറം, തൻറെ ഇഹലോകവാസകാലത്തു   മനോവ്യഥയും അദ്ധ്വാനവും കൊണ്ടു സങ്കീർണ്ണമാക്കപ്പെട്ട  മറിയത്തിൻറെ ശരീരത്തിൻറെ താഴ്ന്നതും ഐഹികവുമായ ഭാഗത്തെയും, കൂടാതെ, നമ്മുടെ അപരാധങ്ങൾ സ്വയം ഏറ്റെടുക്കുന്നതിലൂടെ മങ്ങലേറ്റ അവിടുത്തെ പുത്രൻറെ മാനവികതയെയും സൂചിപ്പിക്കുന്നു. കന്യകാമറിയത്തിൻറെയും നമ്മുടെ സർവനന്മയായ ക്രിസ്തുവിൻറെയും ആത്മാക്കളുടെ  വിശുദ്ധിയെ വെളുത്ത നിറം സൂചിപ്പിക്കുന്നു. മാംസളനിറം, ക്രിസ്തുവിൽ അവിടുത്തെ മാനവികതയുടെയും ദൈവികതയുടെയും യോഗാത്മകമായ ഒത്തുചേരലിനെയും, മറിയം  അവിടുത്തെ ഏറ്റവും പരിശുദ്ധനായ പുത്രൻറെ സ്നേഹത്തിൽ പങ്കുചേരുന്നതിനെയും, കൂടാതെ  ദൈവികതയുടെ പ്രഭാപൂർണമായ ആശയവിനിമയത്തെയും സൂചിപ്പിക്കുന്നു. 

ഈ അടിസ്ഥാനശിലയുടെ ഫലമായും, മനുഷ്യാവതാരത്തിൻറെയും വീണ്ടെടുപ്പിൻറെയും സമൃദ്ധമായ യോഗ്യതകളുടെ ഫലപ്രദമായ ഉപയോഗംവഴിയായും, ഈ സ്വർഗീയറാണി തൻറെ ഭക്തർക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നതിനുള്ള അധികാരം വിനിയോഗിക്കുന്നു.  കൂടാതെ   നമ്മുടെ കർത്താവായ യേശുക്രിസ്തു എന്ന രഹസ്യത്തോടും  അവിടുത്തെ ജീവിതത്തോടും ഉള്ള പ്രത്യേക ഭക്തി ഉൾപ്പെടെ, തൻറെ ഭക്തർക്കു വേണ്ടതെല്ലാം നേടിക്കൊടുക്കുന്നതിനും ഈ  അധികാരം വിനിയോഗിക്കുന്നു. ഇതാകട്ടെ ക്രിസ്തുവിൻറെ യോഗ്യതകളിലൂടെ യാണു മറിയം  സാധിച്ചെടുക്കുന്നത്.

290. “ആറാമത്തേതു മരതകം.”  ഈ കല്ല് സുതാര്യമാണ്, അതേസമയംതന്നെ, അതു  വ്യക്തമായും അഗ്നിജ്വാല  പോലെ  മിന്നുന്നതിനാൽ, സ്വർഗ്ഗരാജ്ഞിയിൽ നിരന്തരം ജ്വലിച്ചുകൊണ്ടിരിക്കുന്ന ദിവ്യസ്നേഹത്തിൻറെ ജ്വാലയുടെ പ്രതീകമായി വർത്തിക്കുന്നു. കാരണം അവിടുത്തെ ഹൃദയത്തിലെ  സ്നേഹത്തിൻറെ ജ്വലനത്തിനു   വിരാമമോ കുറവോ ഇല്ല. അതിൻറെ  ഇടവും  സമയവും ആയിരുന്ന അവിടുത്തെ അമലോത്ഭവത്തിൻറെ  നിമിഷംമുതൽ, അതു വളർന്നുകൊണ്ടേയിരുന്നു. ഇപ്പോഴും, മറ്റൊരു  സൃഷ്ടിയുടെയും അവസ്ഥയിലേക്ക് ഒരിക്കലും വഴുതിവീഴാൻ കഴിയാത്തത്ര   ഉയർന്ന പദവിയിലെത്തിയ ആ സ്നേഹം  ജ്വലിച്ചുകൊണ്ടിരിക്കുന്നു.  ഇനിയും കൂടുതൽ തിളക്കത്തോടെ എല്ലാ നിത്യതയിലും അതു ജ്വലിച്ചുകൊണ്ടിരിക്കുകയും  ചെയ്യും. പരിശുദ്ധാത്മാവിൻറെ ഇടപെടലിലൂടെ  സ്നേഹവും വരങ്ങളും  അവിടുത്തെ നാമത്തിൽ ചോദിക്കുന്നവർക്കു വിതരണം ചെയ്യാനുള്ള മറിയത്തിൻറെ വിശേഷാധികാരവും ഇതിൽ ഉൾപ്പെടുന്നു. 

(തുടരും)