വിമലഹൃദയ പ്രതിഷ്ഠ – പത്താം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങൾ ഇതു മനസ്സിൽ കോരിയിടുക. എൻ്റെ വിമലഹൃദയ ഭക്തി ആന്തരികമാണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്നും അതു പുറപ്പെടണം ; നിങ്ങളുടെ ആത്മാവിൽ അത് വളർത്തപ്പെടണം. എന്നോടുള്ള സമർപ്പണം സംപൂർണ്ണമാകുമ്പോൾ നിങ്ങളുടെ അമ്മയായ എന്നിൽ നിങ്ങൾക്കു ശിശുസഹജമായ വിശ്വാസം ഉണ്ടാകും. എല്ലാ ആവശ്യങ്ങൾക്കും വേണ്ടി നിങ്ങളുടെ ആത്മാവിന് എൻ്റെ വിമലഹൃദയത്തിലേക്കണയാം – വിശ്വാസത്തോടെ , സ്നേഹത്തോടെ, ലാളിത്യത്തോടെ. എല്ലാ സമയത്തും എല്ലാ കാലത്തും എല്ലാറ്റിനും ഉപരിയായും നിങ്ങൾ എന്നിലേക്കു തിരിയും നിങ്ങളുടെ സംശയങ്ങളിൽ പ്രകാശം ലഭിക്കാൻ, വഴി തെറ്റി അലയുമ്പോൾ നേർവഴിയിലേക്കു തിരികെവരുവാൻ, നിങ്ങളുടെ പരീക്ഷകളിൽ സഹായത്തിനായി, നിരാശകളിൽ പ്രതീക്ഷയായി, കുരിശുവഹിച്ചു ദുഃഖിച്ചു കഷ്ടപ്പെടുമ്പോൾ നിന്നെ ഞാൻ ആലിംഗനം ചെയ്ത് ധൈര്യപ്പെടുത്താനും മുമ്പോട്ടു നയിക്കാനും.

ഇവയെല്ലാം നിനക്കു നൽകപ്പെടുന്നത് എൻ്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്ന നിന്നോടുള്ള അപാര സ്നേഹത്താലാണ്. പ്രിയമുള്ളവരേ, സ്വർഗ്ഗത്തിൽനിന്നുള്ള കൃപകൾ ശേഖരിച്ചു വയ്ക്കുവിൻ. പരിശുദ്ധാത്മാവ് ആവസിക്കുവാനായി നിങ്ങളുടെ ഹൃദയവാതിൽ തുറന്നിടുക. കൈകൾ വിരിച്ച് തുറന്ന നെഞ്ചകം കാട്ടികൊടുക്കുക ; പരിശുദ്ധാത്മാവ് നിങ്ങളെ പുണരട്ടെ.

വഴികാട്ടി

ഈശോയുടേയും മാതാവിൻ്റെയും ഹൃദയങ്ങൾ ഒന്നു ചേർന്ന് ഭരണം നടത്തുമ്പോൾ, രക്ഷ സംഭവിക്കുന്നു. ഈ രക്ഷയാണ് അവരുടെ ഐക്യത്തിൻ്റെ ലക്ഷ്യം. പരിശുദ്ധാത്മാവ് ഹൃദയത്തിൽ വരുന്നത് ഹൃദയങ്ങളെ ഒന്നാക്കി ത്തീർക്കുവാനാണ്. അങ്ങനെ മാതാവിൻ്റെയും ഈശോയുടേയും ഹൃദയങ്ങൾ പരിശുദ്ധാത്മാവിനാൽ ഒന്നാക്കപ്പെടുന്നു. രക്ഷകനും അമ്മയും ഒരു ഹൃദയം പങ്കു വയ്ക്കുന്നു ; രക്ഷ സംഭവിക്കുന്നു. പരിശുദ്ധാത്മാവിലൂടെ ഈശോയെ സ്വീകരിക്കുവാൻ സമർപ്പണം സഹായിക്കുന്നു. തത്സമയം ഈശോയുടെ രക്ഷണീയ ശക്തി പ്രവർത്തിക്കുന്നു. ഈ പ്രവർത്തനമാണ് ആത്മാവിനു കൃപയുടെ ഫലങ്ങൾ നൽകുന്നത് ; മൂന്നു ഹൃദയങ്ങളെയാണ് പരിശുദ്ധാത്മാവ് ഏകീഭവിപ്പിക്കുന്നത്.

പ്രവൃത്തിപഥം

ഹൃദയത്തിൻ്റെ ഏകാന്തത എന്നാൽ ആത്മാവിൻ്റെ ഏകാന്തതയാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുന്ന ആത്മാവിൻ്റെ അവസ്ഥ മനസ്സിലാക്കുക. അത് ദൈവത്തെപ്പറ്റി മാത്രം ചിന്തിക്കുന്നു, ദൈവത്തെ മാത്രം സ്നേഹിക്കുന്നു, ദൈവത്തെ നിക്ഷേപമായും, സമ്പത്തായും കാണുന്നു. എവിടെയാണോ നിക്ഷേപം, അവിടെയാണ് ഹൃദയം. അങ്ങനെ ആത്മാവിൽ ഈ ലോകമോ, അതിൻ്റെ മോഹങ്ങളോ ഇല്ലാതെ പോകുന്നു. ഈ ലോകത്തിൽ ജീവിക്കുമ്പോഴും ലോകത്തെ ആത്മാവ് ഹൃദയത്തിലേറ്റുന്നില്ല. അവിടെ ദൈവം മാത്രം. ഇതാണ് ആത്മാവിൻ്റെ ഏകാന്തത.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, എവിടെയും എല്ലാറ്റിനും ഉപരിയായും ദൈവത്തെ അന്വേഷിക്കുവാൻ എൻ്റെ ഹൃദയത്തെ നയിക്കേണമേ ! ദൈവത്തിൽ ഞാൻ ഏകാന്തത അനുഭവിക്കട്ടെ ! എൻ്റെ സമർപ്പണത്തിലൂടെ ദൈവത്തിൽ ഞാൻ ഏകാന്തതയും സമാധാനവും കണ്ടെത്തട്ടെ !. പരിശുദ്ധാത്മാവിൻ്റെ അഗ്നി എൻ്റെ എല്ലാ ലൗകിക മോഹങ്ങളും ചാമ്പലാക്കട്ടെ ! അമ്മേ, എൻ്റെ സങ്കേതമേ, എകാന്തത എന്ന കൃപ എനിക്കു വാങ്ങിത്തരേണമേ !

വചനം

“ എന്നാൽ നീ പ്രാർത്ഥിക്കുമ്പോൾ, നിൻ്റെ മുറിയിൽ പ്രവേശിച്ച്, കതകടച്ച്, രഹസ്യമായി നിൻ്റെ പിതാവിനോട് പ്രാർത്ഥിക്കുക. ”

( മത്തായി 6 : 6 )

2, വിശ്വാസ പ്രമാണം

സര്‍വശക്തനായ പിതാവും, ആകാശത്തിൻ്റെയും ഭൂമിയുടേയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കനൃകാമറിയത്തില്‍നിന്ന്‌ പിറന്നു, പന്തിയോസ്‌ പിലാത്തോസിൻ്റെ കാലത്ത്‌ പീഡകള്‍ സഹിച്ച്‌, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്‌, അടക്കപ്പെട്ട്, പാതാളങ്ങളില്‍ ഇറങ്ങി. മരിച്ചവരുടെ ഇടയില്‍ നിന്നും മുന്നാംനാള്‍ ഉയര്‍ത്തു. സ്വര്‍ഗ്ഗത്തിലേക്ക്‌ എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത്‌ ഇരിക്കുന്നു. അവിടുന്ന്‌ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐകൃത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിൻ്റെ ഉയിര്‍പ്പിലും, നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.

3. പ്രതിഷ്ഠാ ജപം

എൻ്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യാമറിയമേ, ഞാന്‍ എന്നെ പൂര്‍ണ്ണമായി അമ്മയ്ക്ക്‌ സമര്‍പ്പിക്കുന്നു. വിശിഷ്യ, എൻ്റെ കണ്ണുകളും കാതുകളും എൻ്റെ നാവും ഹൃദയവും അമ്മയുടെ സംരക്ഷണത്തിന്‌ സമര്‍പ്പിക്കുന്നു. ഇന്നുമുതല്‍ അമ്മ എൻ്റെ സ്വന്തമാണ്‌, ഞാന്‍ അമ്മയുടെയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കര്‍ത്താവിൻ്റെ മാലാഖ

കര്‍ത്താവിൻ്റെ മാലാഖ പരിശുദ്ധ മറിയത്തോട്‌ വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു – 1 നന്മ.

ഇതാ കര്‍ത്താവിൻ്റെ ദാസി നിൻ്റെ വചനം പോലെ എന്നിലാകട്ടെ – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു -1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക്‌ ഞങ്ങള്‍ യോഗ്യരാകുവാന്‍,

സര്‍വ്വേശ്വരൻ്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍, അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിൻ്റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന്‌ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാവഴി അങ്ങയോട്‌ ഞങ്ങള്‍ അപേക്ഷിക്കുന്നു ആമേന്‍ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(വിശ്വാസം, ശരണം, സ്നേഹം, എളിമ, ക്ഷമ, അരൂപിയിൽ നിലനില്‍പ്പ്‌, അനുസരണ എന്നീ ഏഴു പുണ്യങ്ങള്‍ക്ക്‌ വേണ്ടിയുള്ള പ്രാര്‍ത്ഥന)

I . പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ – 1 സ്വര്‍ഗ്ഗ .. 1 ത്രി ..

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങള്‍ കാണാന്‍ എൻ്റെ കണ്ണുകള്‍ തുറക്കണമേ.

പരിശുദ്ധ റൂഹായെ, എൻ്റെ ഹൃദയത്തിലേക്ക്‌ എഴുന്നള്ളിവരണമേ! ദൈവിക കാര്യങ്ങള്‍ ഗ്രഹിക്കാന്‍ എൻ്റെ മനസ്സിനു ശക്തി തരണമേ. അങ്ങനെ ഞാന്‍ ദൈവ മഹത്ത്വം അന്വേഷിക്കട്ടെ! എൻ്റെ ചിന്തകളും വാക്കുകളും പ്രവര്‍ത്തികളും വിശുദ്ധീകരിക്കപ്പെട്ട്‌ ഞാന്‍ ദൈവത്തിൻ്റെ സ്വന്തമാകട്ടെ!

II ) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ ..1ത്രി.. പരിശുദ്ധ റൂഹായെ…

III ) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. 1 ത്രി .. പരിശുദ്ധ റൂഹായെ…

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VI) പരിശുദ്ധ ദൈവമാതാവേ, അരൂപിയില്‍ നിലനില്‍പ്പ്‌ എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എൻ്റെ ആത്മാവില്‍ ജനിക്കുവാനും വളരുവാനും വര്‍ദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

1 സ്വര്‍ഗ്ഗ .. ത്രി .. പരിശുദ്ധ റൂഹായെ…

6. മാതാവിനോടുള്ള ജപം

പരിശുദ്ധ കനൃകാമറിയമെ, എൻ്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട്‌ അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്പവലയംകൊണ്ട്‌ അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമര്‍പ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എൻ്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാന്‍ അങ്ങേയ്ക്കു നല്‌കിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നല്കണമേ. ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതല്‍ അറിയപ്പെടാന്‍ ഞാന്‍ കാരണമാകട്ടെ!

7, പന്തക്കുസ്ത പ്രാര്‍ത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണര്‍ത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നില്‍ നിറയണമേ.

അങ്ങയുടെ മുദ്ര എൻ്റെ ആത്മാവില്‍ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എൻ്റെ ഹൃദയത്തിന്‍ പതിപ്പിച്ചുറപ്പിക്കണമേ. പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നില്‍ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എൻ്റെ ആത്മാവ്‌ അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദര്‍ശിക്കട്ടെ!