അപ്പസ്തോലന്മാരുടെ അപ്പസ്തോല 7

രക്ഷകൻറെ  വഴിയിൽ

 

‘ ദാസൻ യജമാനനേക്കാൾ വലിയവനല്ല  എന്നു  ഞാൻ നിങ്ങളോടു പറഞ്ഞ വചനം ഓർമ്മിക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും  പീഡിപ്പിക്കും. അവർ എൻറെ വചനം പാലിച്ചുവെങ്കിൽ നിങ്ങളുടേതും പാലിക്കും’ ( യോഹ. 15:20).

യേശുവും ശിഷ്യന്മാരും  കഫർണാമിൽ  നിന്നു  യാത്രതിരിച്ചു. പരിശുദ്ധ അമ്മയും മർത്തയും മറിയവും  കൂടെയുണ്ട്. അവർ കടന്നുപോകുന്ന യിടങ്ങളിലെല്ലാം ജനങ്ങൾ  മറിയത്തെ    കളിയാക്കാനും  അവളെ നോക്കി അശ്ലീലച്ചുവയോടെ സംസാരിക്കാനും തുടങ്ങി. അതോടൊപ്പം നിയമജ്ഞരും  ഫരിസേയരും യേശുവിനെയും ദുഷിച്ചുപറയുന്നുണ്ടായിരുന്നു.  ഇതുകേട്ടപ്പോൾ മറിയത്തിൻറെ  ഹൃദയം  വേദനിച്ചു. തന്നെപ്പറ്റി ആരു  വേണമെങ്കിലും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ. അതുകേൾക്കാൻ  അവൾ തയ്യാറായിരുന്നു. എന്നാൽ താൻ കാരണം  യേശുവിനു ദുഷ്പേരുണ്ടാകുന്നത് അവൾക്കു  സഹിച്ചില്ല. താൻ കൂടെ നടക്കുന്നതുകൊണ്ടാണു   ജനങ്ങൾ യേശുവിനെ  പഴിപറയുന്നതെന്നു അവൾക്കറിയാമായിരുന്നു. അതുകൊണ്ട് അവൾ തിരിച്ചു പോകാനാഗ്രഹിച്ചു‌. 

അവളുടെ മാനസികാവസ്ഥ ഗ്രഹിച്ച യേശു  ഒരു കാരണവശാലും തിരിച്ചുപോകരുതെന്നു  ശാസനാരൂപത്തിൽ  അവൾക്കു  .താക്കീതു കൊടുത്തു. അവൾ ധർമ്മസങ്കടത്തിലായി. ഒരാശ്വാസത്തിനായി അവൾ  അമ്മയുടെ  അടുത്തെത്തി. ഒരു പിഞ്ചുകുഞ്ഞ്  അമ്മയുടെ  കൈ  പിടിക്കുന്നതുപോലെ  അവൾ മാതാവിൻറെ കരം ഗ്രഹിച്ചു  വിതുമ്പിക്കരഞ്ഞുകൊണ്ടു   പറഞ്ഞു; “അമ്മേ, ഞാൻ എന്തുചെയ്യും? ഞാൻ മൂലം അമ്മയുടെ മകനെ എല്ലാവരും   അധിക്ഷേപിക്കുന്നു”. അവളുടെ കരച്ചിൽ വർധിക്കുകയാണ്.

അമ്മ അവളെ  സ്നേഹത്തോടെ ചേർത്തുനിർത്തിയിട്ടു  പറഞ്ഞു; “മകളേ, നീ അവനെ അനുഗമിച്ചാലും ഇല്ലെങ്കിലും അവൻറെ നന്മപ്രവൃത്തികൾ കാരണമായി  മറ്റുള്ളവർ അവനെ നിന്ദിക്കും.. അത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും, ..എൻറെ യേശു രക്ഷകനാണ്…. അവൻ ഈ ലോകത്തിൻറെ എല്ലാ പാപങ്ങളും വഹിക്കേണ്ടവനാണ്.  എല്ലാ പീഡനങ്ങളും  ഏൽക്കേണ്ടവനാണ്. അവന്  അതിനുള്ള ശക്തി ലഭിക്കാനായി ഞാൻ എൻറെ പ്രശാന്തത കൊണ്ട് അവനെ സഹായിക്കും…… ഞാൻ അവൻറെ അമ്മയല്ലേ… ഞാൻ അവനെ കൂടുതൽ   ആശ്വസിപ്പിക്കും. അതുപോലെതന്നെ മകളേ നീയും  ചെയ്യണം. ലോകം മുഴുവനും എതിർത്താലും അവസാനം വരെ  അവനെ സ്നേഹിച്ചു കൂടെ നിൽക്കണം…. അങ്ങനെ നിർമലമായ സ്നേഹം അവനു   കൊടുക്കണം… ഇതാണു  ഞാൻ ചെയ്യുന്നത്”

പരിശുദ്ധ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അവളുടെ ഹൃദയം ശാന്തമായി. അവൾ ദൈവസ്നേഹത്താൽ നിറഞ്ഞു. അവൾ ചോദിച്ചു; ‘അമ്മേ, യേശുവിനെ അനുസരിച്ച്, അവനെ സ്നേഹിച്ച്, എൻറെ ജീവിതം മുഴുവൻ ഒരു ബലിയാക്കിത്തീർക്കുവാൻ എനിക്കു  കഴിയുമോ?”.

അമ്മ പറഞ്ഞു;  “തീർച്ചയായും…. മുള്ളുകൾ  നിറഞ്ഞ അവൻറെ വഴികളിൽ…. രക്ഷയുടെ പാതയിൽ… അവിടെയായിരിക്കട്ടെ  നിൻറെ ഇനിയുള്ള ജീവിതം….. നിൻറെ  വിശുദ്ധി, തീക്ഷ്ണത, ധൈര്യം  എല്ലാം  യേശുവിനു സന്തോഷമായിരിക്കും”.

ഇതു  കേട്ടതും  മേരി ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അമ്മയുടെ കരം  കൈകളിലെടുത്തു    മാറിമാറി ചുംബിച്ചു. 

 മറിയത്തിലൂടെ   യേശുവിലേക്ക് 

—————————————————-

‘ അവിടുന്ന് എന്നോട് അരുളിച്ചെയ്തു. ഈ  അസ്ഥികളോടു  നീ പ്രവചിക്കുക. വരണ്ട അസ്ഥികളേ,  കർത്താവിൻറെ  വചനം ശ്രവിക്കുവിൻ എന്ന് അവയോടു പറയുക’ ( എസക്കി. 37:4)

തിബേരിയാസ്. ഗലീലിക്കടൽത്തീരത്തെ തിരക്കുള്ള പട്ടണം. യഹൂദർക്കും  റോമാക്കാർക്കും  പുറമേ  നാനാവംശങ്ങളിൽ പെട്ട അനേകർ വന്നുകൂടുന്ന സ്ഥലമായിരുന്നു അന്നാളുകളിൽ തിബേരിയാസ്. യേശുവും ശിഷ്യഗണവും അതുവഴി കടന്നുപോവുകയാണ്. അവരുടെ കൂടെ മഗ്ദലന മറിയവും ഉണ്ട്.  അവളെ യേശുവിൻറെ കൂടെ കണ്ടപ്പോൾ  അവിടെ കൂടിയിരുന്ന ജനങ്ങൾ  അവനെ പരിഹസിക്കാൻ തുടങ്ങി. അവരുടെ കണ്ണിൽ മറിയം  ഇപ്പോഴും  വഴിപിഴച്ച  ഒരു സ്ത്രീയാണ്.

എന്നാൽ റോമാക്കാരനായ ഒരു മനുഷ്യൻ മാത്രം   യേശുവിനെ പരിഹസിക്കുന്നില്ല. അയാൾ മാറി നിന്ന് എല്ലാം വീക്ഷിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ മറിയത്തിൻറെ  അടുത്തുവന്നു  താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു; ” മറിയം, എന്താണു  നിൻറെ ഈ മാറ്റത്തിനു പിന്നിൽ? എനിക്കൊന്നും മനസിലാകുന്നില്ല.  എനിക്കു  നിന്നെ നന്നായറിയാം. നീ ഇങ്ങനെ മാറണമെങ്കിൽ അതിനു പിന്നിൽ തക്കതായ  കാരണം ഉണ്ടാവണം. എന്താണത്?” 

മേരി ആദ്യമൊന്നു  പരുങ്ങി.  എല്ലാവരും അവളെത്തന്നെ  ശ്രദ്ധിക്കുകയാണ്. അവൾ ശിരോവസ്ത്രം  ഒന്നുകൂടി വലിച്ചുനേരെയിട്ടു. എന്നിട്ടു യേശുവിൻറെ മുഖത്തേക്കു നോക്കി. അവിടെ അപ്പോഴും അതേ  ശാന്തത മാത്രം. ഗുരുവിൻറെ  കരുണാർദ്രമായ  കണ്ണുകൾ  അവളെ ശക്തിപ്പെടുത്തി.  അവൾ ആ റോമാപ്പൗരനുനേരെ തിരിഞ്ഞുനിന്നു  പറഞ്ഞു; “നീ അറിവുള്ളവനല്ലേ?  സത്യം  അന്വേഷിച്ചു നടന്നുതുടങ്ങിയിട്ടു  നാളേറെയായില്ലേ?”  അവൾ യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടു  പറഞ്ഞു;  “അവനാണ് സത്യം!….. ഇതുവരെ  നീ അറിയാതെ പോയ കാര്യങ്ങളെല്ലാം അവൻ  നിനക്കു  പറഞ്ഞുതരും…. അവനിലാണ് രക്ഷ”.

ആ മനുഷ്യൻ അത്ഭുതസ്തബ്ധനായി ഒരു നിമിഷം നിന്നു.  പിന്നെ  രണ്ടും കൽപിച്ചു  ശിഷ്യന്മാരുടെ ഇടയിലൂടെ യേശുവിൻറെ  മുൻപിലെത്തി പ്രണമിച്ചു. അവന്‌ യേശുവിൻറെ വാക്കുകൾ കേൾക്കണം. എന്നാൽ യേശു നടക്കുകയാണ്. അവൻ ചോദിച്ചു;  ” ഗുരുവേ….. ഇവിടെ നീ പ്രസംഗിക്കുന്നുണ്ടോ?”  യേശു അവനെ സ്നേഹത്തോടെ കടാക്ഷിച്ചുകൊണ്ടു  പറഞ്ഞു;  “ഞാൻ പ്രസംഗിക്കണം എന്നാഗ്രഹിക്കുന്ന ആരും ഈ സ്ഥലത്തില്ലല്ലോ!”  ആ മനുഷ്യൻ പറഞ്ഞു;  “എനിക്ക് അങ്ങയുടെ വാക്കുകൾ കേൾക്കണം. ഞാൻ അങ്ങയുടെ വാക്കുകൾക്കായി ദാഹിക്കുന്നു”.  യേശു വീണ്ടും അവനെ സ്നേഹത്തോടെ നോക്കിക്കൊണ്ടു  തൻറെ യാത്ര തുടരുകയാണ്.  എന്നാൽ ആ മനുഷ്യൻ നിരാശനാകുന്നില്ല. അവൻ  അവരെ അനുഗമിക്കുന്നു.

കുറച്ചുദൂരം ചെന്നപ്പോൾ  അവർ ഒരു ചെറിയ പട്ടണത്തിലെത്തി. അവിടെയാണ് യേശു  പ്രസംഗിക്കേണ്ടിയിരുന്നത്.  ആ റോമാക്കാരൻ  യേശു പറയുന്നതെല്ലാം  ഒരു വാക്കുപോലും വിട്ടുപോകാതെ  ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. അവൻ യേശുവിൻറെ പ്രബോധനങ്ങളിൽ ആകൃഷ്ടനായി.  അതിലൂടെ തൻറെ തെറ്റുകളെ തിരിച്ചറിഞ്ഞ അവൻ ആത്മാർത്ഥമായി അനുതപിച്ചു. പ്രസംഗം കഴിഞ്ഞപ്പോൾ അവൻ യേശുവിൻറെ മുൻപിൽ താണുവണങ്ങി  അനുഗ്രഹം വാങ്ങിച്ചു. തിരിച്ചുപോകാനൊരുങ്ങുമ്പോൾ  അവൻ വീണ്ടും മറിയത്തെ  കണ്ടു. അവൻ  കൈകൂപ്പികൊണ്ട് അവളോട് പറഞ്ഞു. ” മറിയം, നിനക്ക് ആയിരം നന്ദി. ജീവിതത്തിൻറെ  അർത്ഥം   എന്തെന്നു  നീ  എനിക്കു  പറഞ്ഞുതന്നു. യഥാർത്ഥ നിധി നീ എനിക്കു  കാണിച്ചുതന്നു. നിനക്കു  മാറ്റം വന്നതുപോലെ എനിക്കും മാറണം.  അങ്ങനെ പൂർണ്ണമായും മാറിക്കഴിയുമ്പോൾ ഞാൻ എന്നും  നിന്നോടു  കടപ്പെട്ടിരിക്കും”. സന്തോഷാശ്രുക്കൾ പൊഴിച്ച്, തന്നെ  അനുഗ്രഹിച്ചുകൊണ്ട് ആ മനുഷ്യൻ കടന്നുപോയപ്പോൾ മറിയം  നിറകണ്ണുകളോടെ അതു  നോക്കിനിന്നു.

പിന്നെ ഇരുകരങ്ങളും കൂപ്പി അയാൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഒരു നിമിഷം നിന്നു. അതിനുശേഷം മുട്ടുകുത്തിക്കൊണ്ട്   യേശുവിൻറെ കാൽപ്പാദങ്ങൾക്കരികിലെത്തി, സാഷ്ടംഗംപ്രണാമം ചെയ്തുകൊണ്ട് ഏങ്ങലടികൾക്കിടയിലൂടെ  പറഞ്ഞു; ” ഓ എൻറെ നാഥാ, ഞാൻ മനുഷ്യരെ  അങ്ങയുടെ  അടുത്തേക്കു  നയിക്കുമെന്നു  പറഞ്ഞതു  സത്യമായി ഭവിക്കുന്നു. കർത്താവേ, അങ്ങയുടെ  വലിയ കൃപയാണ് എന്നെ ഇതിനു പ്രാപ്തയാക്കിയത്. .. നന്ദി…നന്ദി….നന്ദി… അവൾ  യേശുവിൻറെ പാദങ്ങൾ  മാറിമാറി ചുംബിക്കുന്നു. കാലങ്ങൾ പിന്നിടുമ്പോൾ അപ്പസ്തോലന്മാരുടെ അപ്പസ്തോല ആകാനുള്ള അവളുടെ യാത്രയിലെ ആദ്യ കാൽവയ്പുകൾ  ആയിരുന്നു അന്നു  തിബേരിയാസിൽ കണ്ടത്..

(തുടരും)