അപ്പസ്തോലന്മാരുടെ അപ്പസ്തോല – 5

മാർത്ത യേശുവിനെ കാണാൻ പോകുന്നു 

———————————————————————–  

‘ നിങ്ങൾ തിടുക്കം കൂട്ടേണ്ട.  വേഗം  ഓടുകയും വേണ്ട. കർത്താവു നിങ്ങളുടെ മുൻപിൽ നടക്കും. ഇസ്രായേലിൻറെ ദൈവമായിരിക്കും  നിങ്ങളുടെ പിൻകാവൽക്കാരൻ’ (ഏശയ്യാ 52:12) 

ദിവസങ്ങൾ കടന്നുപോയ്‌ക്കൊണ്ടിരുന്നു.  മാർത്തയുടെ സാന്നിധ്യം മറിയത്തെ  സന്തുഷ്ടയാക്കിയെങ്കിലും മാർത്ത ആകുലയായിരുന്നു. കാരണം തൻ ഉദ്ദേശിച്ച മാറ്റങ്ങൾ  മേരിയിൽ കാണുന്നില്ല. അവൾ വിചാരിച്ചതു മറിയത്തിൽ   പെട്ടെന്നുതന്നെ സമ്പൂർണ്ണമായ ഒരു മാറ്റം  ഉണ്ടാവുമെന്നായിരുന്നു. എന്നാൽ അവൾ  ഇപ്പോഴും കൂടുതൽ സമയവും മുറിയിൽ അടച്ചിരിക്കുകയാണ്.  മാർത്തയോടും അടുത്തിരിക്കാൻ പറയും. പിന്നെ അവൾ എണ്ണിപ്പെറുക്കി കരഞ്ഞുതുടങ്ങും. താൻ ചെയ്തുകൂട്ടിയ പാപങ്ങൾ, അമ്മയുടെ സ്നേഹം കാണാതെപോയത്, ഇപ്പോഴും തന്നെ പാപത്തിലേക്കു വലിച്ചിഴക്കുന്ന ചിന്തകൾ, ലോകത്തോടുള്ള ആസക്തി, സഹോദരങ്ങളെ  വേദനിപ്പിച്ചതിലുള്ള കുറ്റബോധം  എല്ലാം  അവൾ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടിരുന്നു.

താൻ ആഗ്രഹിച്ച രീതിയിലുള്ള മാറ്റം  മറിയത്തിൽ  കാണാത്തതിനാൽ മാർത്ത അസ്വസ്ഥയായി.  അവൾക്കു തൻറെ  വേദന പങ്കുവയ്ക്കാൻ ഒരാളേയുള്ളൂ. യേശു മാത്രം. അങ്ങനെയിരിക്കെ യേശു കഫർണാമിൽ വന്നിട്ടുണ്ടെന്ന് അവൾക്ക് അറിവു കിട്ടി. മഗ്ദലയിൽ നിന്നു  കഫർണാമിലേക്കു  പോയി തിരിച്ചുവരുന്നതുവരെയുള്ള സമയം മറിയത്തെ  തനിച്ചാക്കാൻ അവൾക്കു ഭയമായിരുന്നു. എങ്കിലും പോകാതെ തരമില്ലല്ലോ. അവൾ മറിയം  ഉറങ്ങിയ സമയം നോക്കി  പരിചാരകരെ ചുമതലയേൽപ്പിച്ചു  തൻറെ  ദാസിയോടൊത്തു  തിടുക്കത്തിൽ കഫർണാമിലേക്കു യാത്രയായി.

സാധാരണ യേശുവിനെക്കാണാൻ പോകുമ്പോൾ  ഉണ്ടാകുന്ന സന്തോഷം ഇപ്പോൾ മാർത്തയുടെ മുഖത്തു കാണാനില്ല.  കാരണം ഇപ്പോൾ അവൾ പോകുന്നത് ആകുലയായിട്ടാണ്. മറിയം  പെട്ടെന്നു  മാനസാന്തരപ്പെടും  എന്ന പ്രതീക്ഷ  അറ്റുപോയതിനാലും  ഈ യാത്ര പരാതി പറയാനായതിനാലും അവളുടെ ഹൃദയം  അമിതമായി  മിടിച്ചിരുന്നു. ഗുരുവിനെ കണ്ടപ്പോൾ തന്നെ അവളുടെ ദുഖം അണപൊട്ടിയൊഴുകി. തൻറെ ഹൃദയഭാരം അവൾ യേശുവിൻറെ മുൻപിൽ ഇറക്കിവച്ചു. മറിയത്തിന്  യാതൊരും മാറ്റവും സംഭവിച്ചിട്ടില്ല  എന്ന കാര്യം കണ്ണീരിനിടയിലൂടെ അവൾ  യേശുവിനെ അറിയിച്ചു.

യേശു എല്ലാം ശാന്തമായി കേട്ടിരുന്നു. പിന്നെ  കരുണാർദ്രമായ മിഴികൾ കൊണ്ടു  മാർത്തയെ നോക്കി. അതിനുശേഷം അവളെ ആശ്വസിപ്പിച്ചു. പിന്നെ  ചെറുതായി പുഞ്ചിരിച്ചുകൊണ്ടു  ചോദിച്ചു; “ആട്ടെ, എന്തൊക്കെ വ്യത്യാസങ്ങൾ നീ ഇപ്പോൾ മറിയത്തിൽ  കാണുന്നുണ്ട്?”  ചോദ്യം കേട്ടു  മാർത്ത കുറച്ചുനേരം  നിശ്ശബ്ദയായിരുന്നു. അവൾ ഒന്നും പറയാൻ  കഴിയാതെ വിതുമ്പി.  എന്നാൽ യേശു  പുഞ്ചിരിയോടെ വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ  കണ്ണീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞുതുടങ്ങി; “കർത്താവേ, അവൾ സദാ  മുറിയിൽ തന്നെ ഒറ്റയിരിപ്പാണ്. മറ്റുള്ളവരെ ആരെയും കാണാൻ   തയ്യാറല്ല. പ്രത്യേകിച്ചും പുരുഷന്മാരെ…….. എപ്പോഴും  ഞാൻ കൂടെയിരിക്കണം….. തന്നെക്കാണാൻ ആരെയും അനുവദിക്കരുത് എന്നും  താൻ വീടിനു പുറത്തുപോകാൻ ശ്രമിച്ചാൽ  അനുവദിക്കരുതെന്നും    എതിർത്താൽ   പിടിച്ചുകെട്ടിയിട്ടിട്ടാണെങ്കിലും തന്നെ തടയണമെന്നും  ഒക്കെയാണ് അവൾ പറയുന്നത്. ഞാൻ  ദുർബലയാണ്.എന്നാലും എനിക്കു  സുഖം പ്രാപിക്കണം. ലോകത്തോടു  ചെറുത്തുനിൽക്കാനുള്ള ശേഷി എനിക്കില്ല … എന്നെ സഹായിക്കണം….. ഞാൻ വീണ്ടും വീണു പോകും എന്നു  ഭയപ്പെടുന്നു……. എനിക്ക് രക്ഷപ്പെടണം….. എന്നെ  മുതലെടുക്കുകയായിരുന്നു…… എനിക്ക് എല്ലാറ്റിനോടും വെറുപ്പാണ്… എൻറെ അമ്മ!  ഓ എന്തൊരു പാവമായിരുന്നു എൻറെ അമ്മ! … ഞാൻ കൊള്ളരുതാത്തവൾ…. ആർക്കും വേണ്ടാത്തവൾ….. ഞാനൊരു മഹാപാപിയാണ്….. എനിക്കു  കരുണ ലഭിക്കില്ല.  ഇതുതന്നെ വീണ്ടും വീണ്ടും പറഞ്ഞ്  എല്ലാസമയവും  അവൾ കരച്ചിലാണ്.  അപ്പോഴൊക്കെ ഞാൻ  അങ്ങയെക്കുറിച്ചും അങ്ങയുടെ  പ്രബോധനങ്ങളെക്കുറിച്ചും പറയും. പക്ഷേ അവൾക്കൊരു മാറ്റവും  കാണുന്നില്ല……”  നിയന്ത്രിക്കാനാവാത്ത വിധം തേങ്ങിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞവസാനിപ്പിച്ചു.

യേശുവിൻറെ  മുഖത്ത്  അപ്പോഴും അതേ ശാന്തത മാത്രം. യേശു അവളെ  ആശ്വസിപ്പിച്ചു.  എന്നിട്ടു പറഞ്ഞു; 

” നീ തിരിച്ച് അവളുടെ അടുത്തേക്കു  പോവുക. നീ നന്നായി പ്രാർത്ഥിക്കുകയും ക്ഷമാപൂർവം   കാത്തിരിക്കുകയും ചെയ്യുക. ഇപ്പോൾ അവൾ പ്രകടിപ്പിക്കുന്ന ഈ മാറ്റങ്ങളെല്ലാം ശുഭസൂചകങ്ങളാണ്. കാരണം തിന്മയിൽ മുഴുകിയിരുന്ന ഒരാത്മാവു  ദൈവത്തോട് അടുക്കണം എന്ന് ആഗഹിക്കുവാൻ തുടങ്ങുമ്പോൾ തന്നെ  പരീക്ഷണങ്ങൾ ആരംഭിക്കും. അതു  തുടർന്നുകൊണ്ടേയിരിക്കും… അതായത് ഇത്രയും കാലം ആ ആത്മാവിനെ നയിച്ചിരുന്നതു  പൈശാചികശക്തികളായിരുന്നു.  അതുവഴിയായി സമയം കടന്നുപോകുംതോറും  അവൾ കൂടുതൽ കൂടുതൽ ബലഹീനയായിക്കൊണ്ടിരുന്നു.  അവൾ ഇനി  ശക്തിപ്പെടണം… നീ നിൻറെ  കവിഞ്ഞൊഴുകുന്ന ദയയോടും ക്ഷമയോടും പ്രത്യാശയോടും കൂടി  അവളെ ശക്തിപ്പെടുത്തണം… നീ സമാധാനത്തിൽ പോകുക… ഞാൻ പ്രസംഗിക്കുന്ന സ്ഥലം നീ അവൾക്കു പറഞ്ഞുകൊടുക്കണം”.

രക്ഷകൻറെ വാക്കുകൾ മാർത്തയുടെ ഹൃദയത്തിൽ കുളിർമഴയായി പെയ്തിറങ്ങി. അവൾ കണ്ണീർ തുടച്ചു. സമാധാനത്തോടെ ഗുരുവിനോടു  യാത്ര പറഞ്ഞു സഹോദരിയുടെ ഭവനത്തിലേക്കു തിരിച്ചുപോയി. അവളുടെ ഹൃദയം വീണ്ടും പ്രത്യാശാഭരിതമായി.  മറിയം  നേർവഴിയിലേക്കെത്തും  എന്ന് അവൾക്കുറപ്പായിരുന്നു.

 നഷ്ടപ്പെട്ട ( ഇഷ്ടപ്പെട്ട) ആട് 

——————————————

‘പശ്ചാത്തപിക്കുന്നവർക്കു  തിരിച്ചുവരാൻ അവിടുന്ന് അവസരം നൽകും. ചഞ്ചലഹൃദയർക്കു  പിടിച്ചുനിൽക്കാൻ അവിടുന്നു  പ്രോത്സാഹനം നൽകും’ ( പ്രഭാ.17:24)

മാർത്ത തിരിച്ചെത്തിയപ്പോഴേക്കും മറിയം  ഉണർന്നുകഴിഞ്ഞിരുന്നു.  മാർത്ത  യേശുവിനെക്കാണാനാണു  പോയതെന്ന് അതിനകം തന്നെ അവൾ  മനസിലാക്കിയിരുന്നു. മാർത്തയുടെ മുഖത്തെ സന്തോഷം അതു കണ്ടുനിന്ന മറിയത്തിൻറെ   മനസ്സിലേക്കും സംക്രമിച്ചു. അവൾ ഓടിവന്ന്,  സഹോദരിയോട്‌ യേശുവിനെക്കുറിച്ച് അന്വേഷിച്ചുതുടങ്ങി.  അവൾക്ക് യേശുവിനെ കാണണം എന്ന ആഗ്രഹം  വർധിച്ചുവരുന്നു. മാർത്ത അവൾക്കു യേശു പ്രസംഗിക്കുന്ന സ്ഥലം  പറഞ്ഞുകൊടുത്തു.  മറിയം പിന്നെ  താമസിച്ചില്ല.  ഏറെക്കാലമായി ഉപയോഗിക്കാതെ വച്ചിരുന്ന ശിരോവസ്ത്രം  അവൾ എടുത്തണിഞ്ഞു.  അതിനൊരു കാരണം ആരുടേയും കണ്ണിൽപ്പെടാതെ  യേശുവിൻറെ അടുക്കൽ എത്തണം എന്ന ആഗ്രഹമായിരുന്നു. അവൾ പാത്തും പതുങ്ങിയും  യേശു  വചനം പറയുന്ന സ്ഥലത്തെത്തി.  തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനക്കൂട്ടം യേശുവിൻറെ അധരങ്ങളിൽ നിന്നു  വീഴുന്ന ഓരോ മൊഴിമുത്തുകളും  ശ്രദ്ധയോടെ വാരിയെടുക്കുകയാണ്. അവൾ    യേശുവിൻറെ വാക്കുകൾ  ശരിക്കു കേൾക്കാൻ പാകത്തിൽ  ഒരരികിലേക്കു മാറിനിന്നു.. ആരും കാണാതെ   ഇവിടം വരെ എത്താൻ  കഴിഞ്ഞതുതന്നെ  അവൾക്കു  വലിയ ആശ്വാസമായിരുന്നു. മാത്രവുമല്ല,  ഇവിടെയെത്തിയിട്ടും  ശിരോവസ്ത്രം ഉള്ളതുകൊണ്ട് ഈ ജനക്കൂട്ടത്തിനിടയിൽ   തന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നതും അവളെ സന്തോഷിപ്പിച്ചു.. 

എന്നാൽ  ഒരാൾ മാത്രം അവളെ കണ്ടു. യേശുവിൻറെ  കരുണാർദ്രമായ കണ്ണുകൾ അവളെ തിരഞ്ഞെത്തുന്നത് അവൾക്കു ഹൃദയത്തിൽ അനുഭവപ്പെട്ടു. അവൻ പ്രസംഗം തുടരുകയാണ്; ” നിങ്ങളിലാരാണു   തനിക്കു നൂറ് ആടുകൾ ഉണ്ടായിരിക്കേ, അതിൽ ഒന്നു   നഷ്ടപ്പെട്ടാൽ  തൊണ്ണൂറ്റൊൻപതിനേയും മരുഭൂമിയിൽ  വിട്ടിട്ട്, നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത്?”  കാണാതായ  ഒരാടിനു   വേണ്ടി  ബാക്കി തൊണ്ണൂറ്റൊൻപതിനേയും വിട്ടു  തിരയാനിറങ്ങുന്നവൻ. ആ ആടിനെ കണ്ടെത്തുമ്പോൾ  സന്തോഷത്തോടെ അതിനെ തോളിലേറ്റുന്ന നല്ല ഇടയൻ.  യേശു പറഞ്ഞവസാനിപ്പിക്കുകയാണ്; ” അതേ, ഇന്നു  ഞാൻ  നഷ്ടപ്പെട്ടുപോയ ആ ആടിനെ കണ്ടെത്തി”.  ഇതു  കേട്ടപ്പോൾ മറിയത്തിനു  കരച്ചിലടക്കാൻ കഴിഞ്ഞില്ല.  അവൾ ഒരു നിമിഷം ചിന്തിച്ചു. നഷ്ടപ്പെട്ടുപോയ ആ ആടു  ഞാനല്ലേ!  എന്നെത്തിരഞ്ഞല്ലേ നല്ല ഇടയനായ യേശു  വന്നത്! അതുകൊണ്ടല്ലേ  ഈ  ജനക്കൂട്ടത്തിനിടയിൽ ശിരോവസ്ത്രം ധരിച്ചു മറഞ്ഞിരുന്ന  എന്നെ   അവൻ കണ്ടുപിടിച്ചത്!

കരച്ചിലടക്കാൻ കഴിയില്ല എന്നു  മനസിലായപ്പോൾ  അവൾ ആരും കാണാതെ പിൻവാങ്ങി. എന്നാൽ സൂര്യനെക്കാൾ    പതിനായിരം മടങ്ങു  ശക്തിയുള്ള രണ്ടു കണ്ണുകൾ അവളുടെ ഹൃദയത്തെ കീറിമുറിച്ചിരുന്നു. അവൾ ഒരു തീരുമാനമെടുത്തു. ഇതുവരെ നഷ്ടപ്പെട്ട ആടായിരുന്നു ഞാൻ. ഇന്നു  മുതൽ ഞാൻ  യേശുവിന് ഇഷ്ടപ്പെട്ട ആടായി  മാറും. ആ  ഉറച്ച തീരുമാനത്തോടെ അവൾ വീട്ടിലേക്കു മടങ്ങി.

അവൻ സ്നേഹമാണ് 

—————————————

‘ സീയോൻ പുത്രീ, നിൻറെ പാപത്തിൻറെ ശിക്ഷ പൂർത്തിയായി. നിൻറെ പ്രവാസം തുടരാൻ അവിടുന്ന് അനുവദിക്കുകയില്ല’ ( വിലാ. 4:22)

മഗ്ദലയിൽ എല്ലാവരും ഉറക്കമാണ്.  മറിയം  പതിയെ നടന്നുവന്നു   തൻറെ മുറിയുടെ  അടുത്തെത്തി. അടഞ്ഞുകിടന്ന വാതിൽ ശബ്ദമുണ്ടാക്കാതെ  തള്ളിത്തുറന്നു.  അരണ്ട വെളിച്ചത്തിൽ തളർന്നുറങ്ങുന്ന  തൻറെ സഹോദരി മാർത്തയെ  അവൾ ഒരു നിമിഷം നോക്കിനിന്നു. പാവം! എനിക്കുവേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നു!

അവളുടെ മനസു  ഭൂതകാലത്തിലേക്കു പാഞ്ഞു. കുഞ്ഞുങ്ങളായിരുന്നപ്പോൾ എത്ര സ്നേഹത്തോടെയാണു  തങ്ങൾ  കഴിഞ്ഞിരുന്നത് .എൻറെ തന്നിഷ്ടം പോലെയുള്ള ജീവിതം കാരണമല്ലേ  എനിക്കു  സഹോദരങ്ങളുടെ  സ്നേഹം  മനസിലാക്കാൻ കഴിയാതെ പോയത്!  അവൾ ശബ്ദമുണ്ടാക്കാതെ കിടക്കയിലിരുന്ന്  മാർത്തയെ  കെട്ടിപ്പിടിച്ചു. ഞെട്ടിയുണർന്ന മാർത്ത ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് അതു  മറിയമാണെന്നു  മനസിലായപ്പോൾ  എഴുന്നേറ്റിരുന്ന്  അവളുടെ ശിരസിൽ തലോടുകയും  കരഞ്ഞുവീർത്ത  അവളുടെ മുഖത്തു ചുംബിച്ച്  ആശ്വസിപ്പിക്കുകയും ചെയ്തു. മറിയത്തിൻറെ  കണ്ണുകളിൽ നിന്നു  കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു. കരച്ചിലിനിടയിൽക്കൂടി  അവൾ പറഞ്ഞു ; ” ഞാൻ രക്ഷകനെ കണ്ടു…… അവൻ പാപികളെ സ്നേഹിക്കുന്നു……  വഴിതെറ്റിപ്പോയ ആടിൻറെ  കഥയാണ് അവൻ പറഞ്ഞുകൊണ്ടിരുന്നത്…..  അവൻറെ ഉപമയിലെ  വഴിതെറ്റിപ്പോയ ആടു   ഞാനായിരുന്നു….. ഓ അവൻറെ കണ്ണുകളിലെ  കരുണ….അവൻറെ സ്നേഹം,  അവൻറെ നന്മ ….. ഓ  മാർത്താ, എനിക്ക് ഇനി ഒന്നിനെയും ഭയമില്ല. അവൻ പാപികളെ രക്ഷിക്കാനാണു  വന്നത്. അവൻ ആരെയും തള്ളിക്കളയില്ല…. അവൻ സ്നേഹമാണ്,,,,, അതേ, അവൻ സ്നേഹമാണ്”. മേരി അതുതന്നെ  മന്ത്രിച്ചുകൊണ്ടേയിരുന്നു.

ഇപ്പോൾ കരയുന്നതു  മാർത്തയാണ്!  എത്രയോ വർഷങ്ങളായി താനും  ലാസറും കാത്തിരുന്നത് ഈ നിമിഷത്തിനുവേണ്ടിയായിരുന്നു! അവൾ സഹോദരിയെ വീണ്ടും തൻറെ മാറോടുചേർത്തണച്ചു.  അവളുടെ  ഹൃദയത്തിൽ നിറയെ  യേശുവിനോടുള്ള  നന്ദി മാത്രം..

(തുടരും)