തൻറെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു ചെയ്തുതരും എന്നാണ് ഈശോ നമുക്കു നൽകിയ ഉറപ്പ്. നമുക്ക് ഒന്നും കിട്ടാത്തതു നാം ചോദിക്കേണ്ട വിധത്തിൽ ചോദിക്കാത്തതു കൊണ്ടാണെന്നും കർത്താവു പറഞ്ഞിട്ടുണ്ട്.
ഹന്നാ സാമുവലിനെ കർത്താവിനോടു ചോദിച്ചുവാങ്ങിയതാണ് (1 സാമു 1:20). അതു ഹന്നായ്ക്കും എൽക്കാനായ്ക്കും മാത്രമല്ല ഇസ്രായേൽ ജനത്തിനു മുഴുവൻ അനുഗ്രഹമായിത്തീർന്നു. ‘കർത്താവിനു പ്രിയങ്കരനും അവിടുത്തെ പ്രവാചകനുമായ സാമുവൽ രാജ്യം സ്ഥാപിക്കുകയും ജനത്തിന് അധികാരികളെ അഭിഷേചിക്കുകയും ചെയ്തു. കർത്താവിൻറെ നിയമമനുസരിച്ച് അവൻ സമൂഹത്തിൽ ന്യായം നടത്തി……… നിദ്ര പ്രാപിച്ചതിനുശേഷം പോലും അവൻ പ്രവചിച്ചു’ (പ്രഭാ 46:13-20).
ഒരു കുഞ്ഞിനു വേണ്ടിയുള്ള ഹന്നായുടെ പ്രാർഥന കേട്ട ദൈവം പക്ഷേ തൻറെ കുഞ്ഞിനുവേണ്ടിയുള്ള ദാവീദിൻറെ കരച്ചിൽ കേട്ടില്ല. ഉപവസിച്ചും രാത്രി മുഴുവൻ മുറിയിൽ നിലത്തുകിടന്നും (2 സാമു 12:16) പ്രാർഥിച്ചിട്ടും ദാവീദിൻറെ കുഞ്ഞു മരിച്ചുപോയല്ലോ.
ജോബാകട്ടെ തനിക്കുവേണ്ടി ഒന്നും ചോദിച്ചില്ല. തൻറെ സുഹൃത്തുക്കൾക്കു വേണ്ടി യാചിക്കുന്നതാണു ദൈവഹിതമെന്നു മനസിലാക്കിയ ആ മനുഷ്യൻ അതാണു ചെയ്തത്. നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുളളവയെല്ലാം നിങ്ങൾക്കു ലഭിക്കും (മത്തായി 6:33) എന്ന് ഈശോ അരുളിചെയ്യുന്നതിനും എത്രയോ മുൻപുതന്നെ ജോബിൻറെ ജീവിതത്തിൽ ആ വാഗ്ദാനം നിറവേറിയിരുന്നു.
കർത്താവിനോടു യാചിച്ച് ആയുസ് നീട്ടിവാങ്ങിയ ഹെസക്കിയാ രാജാവിനെയും നാം ഓർക്കണം. ‘ജീവനുളളവരുടെ നാട്ടിൽ ഞാൻ ഇനി കർത്താവിനെ ദർശിക്കുകയില്ല; ഭൂവാസികളുടെ ഇടയിൽ വച്ചു മനുഷ്യനെ ഞാൻ ഇനി നോക്കുകയില്ല. ആട്ടിടയൻറെ കൂടാരം പോലെ എൻറെ ഭവനം എന്നിൽ നിന്നു പറിച്ചുമാറ്റിയിരിക്കുന്നു. നെയ്ത്തുകാരനെപോലെ എൻറെ ജീവിതം ഞാൻ ചുരുട്ടിയിരിക്കുന്നു. തറിയിൽ നിന്ന് അവിടുന്ന് എന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടുന്ന് എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു’ (ഏശയ്യാ 38 :11-12) എന്നൊക്കെപ്പറഞ്ഞു വിലപിക്കുന്ന ഹെസക്കിയ ദൈവസന്നിധിയിൽ തന്നെത്തന്നെ വിനീതനാക്കിയ ഒരു മനുഷ്യനായിരുന്നു (പ്രഭാ 49:4). എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ ആ വിനീതൻറെ പ്രാർഥന മേഘങ്ങൾ തുളച്ചുകയറി ദൈവസന്നിധിയിൽ എത്തി. ഉടൻ മരിക്കുമെന്ന് ഏശയ്യാ പ്രവാചകനിലൂടെ മുന്നറിയിപ്പു നല്കപ്പെട്ടിരുന്നെങ്കിലും ഹെസക്കിയ കർത്താവിൽ നിന്നു തൻറെ ആയുസ് വീണ്ടും പതിനഞ്ചുവർഷം കൂടി നീട്ടിവാങ്ങി.
ഹെസക്കിയയ്ക്കു ശേഷം രാജാവായത് അവൻറെ പുത്രൻ മനാസ്സേ ആയിരുന്നു. ഭരണം ഏറ്റെടുക്കുമ്പോൾ മനാസ്സേയ്ക്കു പന്ത്രണ്ടു വയസായിരുന്നു പ്രായം. അതായതു ഹെസക്കിയയ്ക്ക് നീട്ടിക്കിട്ടിയ പതിനഞ്ചു വർഷത്തെ ആയുസിൽ ജനിച്ച പുത്രനായിരുന്നു മനാസ്സേ. പിതാവു ചെയ്തതിനെല്ലാം നേർ വിപരീതമായിരുന്നു മനാസ്സെയുടെ പ്രവൃത്തികൾ. ഇസ്രായേൽ ജനത്തെ പാപത്തിലേക്കും പേരു പറയാൻ പോലും കൊള്ളാത്ത മ്ലേച്ഛതകളിലേക്കും വിഗ്രഹാരാധനയിലേക്കും നയിച്ച അവൻ ജെറുസലേം ദൈവാലയം അശുദ്ധമാക്കുകയും ചെയ്തു (2 രാജാ. 21:2-16, ദിന. 33:2-7). ദുഷ്ടനായ ആ മനുഷ്യനാണ് ഇസ്രായേൽ ജനത്തിൻറെ രാജാക്കന്മാരിൽ ഏറ്റവും കൂടുതൽ കാലം (അൻപത്തഞ്ചു വർഷം) രാജ്യം ഭരിച്ചത് എന്നും ഓർക്കണം.
മനാസ്സെയുടെ പാപങ്ങളായിരുന്നു ഇസ്രായേൽ ജനം ബാബിലോൺ അടിമത്തത്തിലേക്കു പോകാനുള്ള പ്രധാനകാരണം. പലതവണ പ്രവാചകന്മാരിലൂടെ മുന്നറിയിപ്പ് നൽകിയിട്ടും തങ്ങളുടെ വഴികൾ തിരുത്താൻ രാജാവോ ജനങ്ങളോ തയാറായില്ല. ഏശയ്യായുടെയും ജെറമിയയുടെയും എസക്കിയേലിൻറെയും പുസ്തകങ്ങളിലൊക്കെ ദൈവത്തെ ഉപേക്ഷിച്ച് പാപത്തിൽ ജീവിക്കുന്ന ഇസ്രായേൽ ജനത്തിനു വരാനിരിക്കുന്ന പ്രവാസത്തെക്കുറിച്ച് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അതിനു കാരണക്കാരനായ മനാസ്സേയാകട്ടെ ഹെസക്കിയ ദൈവത്തോടു ചോദിച്ചു നീട്ടിവാങ്ങിയ പതിനഞ്ചു വർഷത്തെ ആയുസിൽ ഉണ്ടായ പുത്രനായിരുന്നു.
ദൈവത്തോടു ചോദിക്കുമ്പോൾ വളരെ സൂക്ഷിക്കണം. ‘ഇതാണു വഴി, ഇതിലേ പോവുക’ ( ഏശയ്യാ 30:21) എന്നു കർത്താവ് പറയുമ്പോൾ അതു സ്വീകരിക്കാനുള്ള ഹൃദയം നമുക്കുണ്ടാകണം. കർത്താവു നമുക്കായി കരുതിവച്ചിരിക്കുന്നതിന് അപ്പുറത്തേക്ക് ഒന്നും ചോദിക്കാതിരിക്കുന്നതാണു യഥാർഥജ്ഞാനം. ചോദിച്ചാൽ കിട്ടില്ലെന്നല്ല, കിട്ടുന്നതു പലപ്പോഴും നമുക്കു ദോഷകരമായിരിക്കും.
വിദേശത്തുപോകാൻ വേണ്ടി തന്നെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ ദൈവം അതു സാധിച്ചുതന്നെന്നിരിക്കും. ഒരുപക്ഷേ നമ്മുടെ ജീവിതം നശിപ്പിക്കുന്നതു അങ്ങനെ ചോദിച്ചുവാങ്ങിയ വിദേശജീവിതം ആയിരിക്കാം. സാമ്പത്തികസമൃദ്ധി വേണമെന്നു പറഞ്ഞു ദൈവത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നാൽ ദൈവം അതു തന്നെന്നിരിക്കും. എന്നാൽ നമ്മുടെ ആത്മരക്ഷയ്ക്ക് ഏറ്റവും വലിയ തടസം ആ സമ്പത്തായിരിക്കാം. ഉയർന്ന ജോലി കിട്ടണമെന്നും പ്രൊമോഷൻ വേണമെന്നും പ്രാർഥിച്ചാൽ നടന്നെന്നിരിക്കും. എന്നാൽ അതായിരിക്കാം നമ്മെ ദൈവത്തിൽ നിന്നകറ്റുന്നത്. പ്രാർഥിച്ചാൽ ആഗ്രഹിച്ച ജീവിതപങ്കാളിയെത്തന്നെ ദൈവം തന്നെന്നിരിക്കും. ഒരുപക്ഷേ അതായിരിക്കാം നമ്മുടെ പിൽക്കാലദുരിതങ്ങൾക്കു കാരണം. മക്കൾ വലിയവരാകണമെന്നു പ്രാർത്ഥിച്ചാൽ നടന്നെന്നിരിക്കും. എന്നാൽ ആ മക്കളായിരിക്കാം ഒരുപക്ഷേ നമ്മുടെ വാർധ്യകജീവിതം ദുഖപൂർണമാക്കുന്നത്.
ദൈവത്തോടു ചോദിക്കുന്നതിനു മുൻപായിത്തന്നെ ദൈവഹിതത്തിനനുസരിച്ചുള്ളവ മാത്രം ചോദിക്കാനുള്ള കൃപ ലഭിക്കാൻ വേണ്ടി നമുക്കു പ്രാർഥിക്കാം. ആ കൃപ ലഭിക്കുന്നവർ കാര്യസാധ്യത്തിനായിമാത്രം പ്രാർഥിക്കുന്ന ഇടങ്ങൾ തേടി നടക്കില്ല. അവരുടെ പ്രാർഥനയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം സ്വന്തം ആത്മരക്ഷയും അതോടൊപ്പം മറ്റുള്ളവരുടെ രക്ഷയുമായിരിക്കും.