ഭക്ഷണത്തിൻറെ ശുശ്രൂഷ

ലൂക്കായുടെ സുവിശേഷത്തിൽ വീട്ടുജോലിക്കാർക്ക്  യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥനെക്കുറിച്ച് പറയുന്നുണ്ട് ( ലൂക്കാ  12:42). ‘യജമാനൻ വരുമ്പോൾ  ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ’ ( ലൂക്കാ 12:43) എന്നാണു  തന്നെ ഏല്പിച്ച കടമകൾ വിശ്വസ്തതാപൂർവം നിറവേറ്റിക്കൊണ്ട്  യജമാനൻറെ  വരവിനായി കാത്തിരിക്കുന്ന കാര്യസ്ഥനെക്കുറിച്ചു  കർത്താവ് പറയുന്നത്.  ‘കാര്യസ്ഥനു വിശ്വസ്തത കൂടിയേ തീരൂ’ (1 കൊറി 4:2) എന്നത് ഒരു പൊതുനിയമവുമാണല്ലോ.

കർത്താവിൻറെ ഭവനത്തിൽ വസിക്കുന്നവർക്ക്  യഥാസമയം ഭക്ഷണം കൊടുക്കാൻ വിശ്വസ്തരായ കാര്യസ്ഥന്മാരെ ചുമതലപ്പെടുത്തിയിട്ടാണ് കർത്താവു  സ്വർഗത്തിലേക്കു  പോയത്.  അവൻ വീണ്ടും  വരും എന്നുറപ്പാണ്.  ‘യജമാനൻ  വരുമ്പോൾ ഉണർന്നിരിക്കുന്നവരായി കാണുന്ന ഭൃത്യന്മാർ ഭാഗ്യവാന്മാർ’ (ലൂക്കാ 12:37).

സ്വന്തം ജനത്തിനായി  കർത്താവ് ഒരുക്കിയിരിക്കുന്ന ഭക്ഷണം അവിടുത്തെ  ഭക്ഷണം തന്നെയാണ്. ‘നിങ്ങൾ അറിയാത്ത ഭക്ഷണം  എനിക്കുണ്ട് ‘ (യോഹ. 4:32) എന്നു  പറഞ്ഞതിനുശേഷം  യേശു അതു  വിശദീകരിക്കുന്നത്  ‘എന്നെ അയച്ചവൻറെ ഇഷ്ടം  പ്രവർത്തിക്കുകയും അവൻറെ ജോലി പൂർത്തിയാക്കുകയുമാണ് എൻറെ ഭക്ഷണം’ ( യോഹ. 4:34) എന്നു  പറഞ്ഞുകൊണ്ടാണ്.

യേശുവിനെ അയച്ചതു  പിതാവായ ദൈവമാണ്. അവിടുത്തെ ഇഷ്ടം  എന്തെന്നു നമുക്കു വെളിപ്പെടുന്നതു ദൈവവചനത്തിലൂടെയാണ്.  പിതാവായ ദൈവം നമ്മെ ഏൽപിച്ചിരിക്കുന്ന ജോലി എന്തെന്നു നാം മനസിലാക്കുന്നതും ദൈവവചനത്തിലൂടെയാണ്.  അതായതു  ദൈവവചനമാണു  നമുക്കുള്ള ഭക്ഷണം.

 ‘മനുഷ്യപുത്രാ, നീ  കാണുന്ന ഈ ചുരുൾ ഭക്ഷിക്കുക. എന്നിട്ടു പോയി ഇസ്രായേൽ ഭവനത്തോടു സംസാരിക്കുക’  (എസക്കി  3:1) എന്നു  പറഞ്ഞുകൊണ്ടാണു  ദൈവം എസക്കിയേലിൻറെ നാവിലേക്കു  വചനം ഇട്ടുകൊടുക്കുന്നത്.  ഇതിൻറെ തനിയാവർത്തനം വെളിപാടു പുസ്തകത്തിലും നാം കാണുന്നുണ്ട്. ‘ഞാൻ ദൂതൻറെ അടുത്തുചെന്ന് ആ ചെറിയ ചുരുൾ ചോദിച്ചു. അവൻ പറഞ്ഞു; ഇതെടുത്തു വിഴുങ്ങുക. നിൻറെ ഉദരത്തിൽ ഇതു കയ്പായിരിക്കും; എന്നാൽ വായിൽ തേൻ പോലെ മധുരിക്കും’ (വെളി  10:9). ദൈവവചനമാകുന്ന ചുരുൾ വായിൽ തേൻ പോലെ മധുരിച്ചിരുന്നു  എന്ന് എസക്കിയേലും  സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് (എസക്കി  3:3). ജെറമിയയ്ക്കും വചനം ഭക്ഷിക്കുന്നതു   സന്തോഷകരമായ അനുഭവമായിരുന്നു.  ‘അങ്ങയുടെ വചനങ്ങൾ  കണ്ടെത്തിയപ്പോൾ  ഞാൻ അവ ഭക്ഷിച്ചു. അവ എനിക്ക് ആനന്ദാമൃതമായി. എൻറെ ഹൃദയത്തിനു സന്തോഷവും’ (ജെറ 15:16). തൻറെ ജനത്തിനുവേണ്ടി സ്വർഗത്തിൽ നിന്നയച്ച മന്നയ്ക്കും ദൈവം കൊടുത്തതു തേനിൻറെ  രുചിയായിരുന്നുവല്ലോ  (പുറ  16:31).

എന്നാൽ മന്നയെക്കാളും ശ്രേഷ്ഠമായ മറ്റൊരപ്പമാണ് യേശുവിൻറെ വരവോടുകൂടെ  നമുക്കു ലഭിച്ചത്.

‘ഞാൻ ജീവൻറെ അപ്പമാണ്……ഇതാകട്ടെ മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി  സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവൻ മരിക്കുകയില്ല’ (യോഹ. 6:48-50) എന്നും  ‘എൻറെ ശരീരം യഥാർത്ഥ ഭക്ഷണമാണ്. എൻറെ രക്തം യഥാർത്ഥ  പാനീയവുമാണ്.  എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം  പാനം  ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു’ (യോഹ 6:55-56) എന്നും  പറഞ്ഞ യേശു യുഗാന്ത്യം വരെ നമ്മോടൊത്തുണ്ടാവുമെന്ന വാഗ്ദാനം പാലിക്കാനായി സ്വയം കുർബാനയപ്പമായി മാറുകയും ചെയ്തു.

തൻറെ ഭവനത്തിൽ വസിക്കുന്നവർക്കായി ദൈവം ഒരുക്കിയിരിക്കുന്ന ഭക്ഷണം  – ദൈവവചനവും  ദിവ്യകാരുണ്യവും – ഒരിടത്തു  നിന്നുതന്നെ വിളമ്പിക്കൊടുക്കണം എന്നതുകൊണ്ടാണ്  തിരുസഭ പരിശുദ്ധകുർബാനയിൽ  വചനത്തിൻറെ ശുശ്രൂഷയും അപ്പത്തിൻറെ ശുശ്രൂഷയും ഒരുമിച്ചു പരികർമ്മം ചെയ്യുന്നത്.  നമ്മുടെ യജമാനനായ ക്രിസ്തു തിരിച്ചുവരുവോളം  ദൈവത്തിൻറെ ഭവനത്തിലുള്ളവർക്കു  യഥാസമയം ഭക്ഷണം വിളമ്പിക്കൊടുക്കാനായി വിശ്വസ്തരെന്നു കരുതുന്നവരെ അവിടുന്ന്  നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.  

‘യജമാനൻറെ  ഹിതം അറിഞ്ഞിട്ടും  അതനുസരിച്ചു പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ  കഠിനമായി പ്രഹരിക്കപ്പെടും’ (ലൂക്കാ  12:47) എന്ന തിരുവചനം ഓർത്തുകൊണ്ട്, പരിശുദ്ധകുർബാന പരികർമം ചെയ്യുകയെന്ന മഹത്തായ ദൗത്യം ഏല്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ  പ്രിയപ്പെട്ട വൈദികർക്കുവേണ്ടി നമുക്കു പ്രാർഥിക്കാം.  പരിശുദ്ധകുർബാനയർപ്പണം എന്ന  അവരുടെ പ്രഥമവും പ്രധാനവുമായ കടമയിൽ നിന്ന്  അവരെ വ്യതിചലിപ്പിച്ചുകൊണ്ടുപോകാനായി  അന്ധകാരശക്തികൾ   ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിക്കുന്ന ഈ നാളുകളിൽ  അവർക്ക് ഏറ്റവും ആവശ്യം നമ്മുടെ പ്രാർഥനകളാണ്  എന്നതു മറക്കാതിരിക്കാം. യജമാനൻ വരുന്ന നിർണായകമായ മണിക്കൂറിൽ മറ്റുകാര്യങ്ങളിൽ മുഴുകിയിരിക്കാതെ, തങ്ങളെ  ഏല്പിച്ച ജോലിയിൽ മാത്രം  വ്യാപൃതരായി കാണപ്പെടാനുള്ള കൃപ എല്ലാ വൈദികർക്കും  ലഭിക്കാൻ വേണ്ടിയും നമുക്കു പ്രാർഥിക്കാം.