ദൈവകരുണയുടെ ദുരുപയോഗം
മനുഷ്യരെ വഞ്ചിച്ച് അവരെ നിത്യനാശത്തിലേക്ക് കൊണ്ടുപോകാനായി പിശാചു രണ്ടുവിധത്തിൽ പരിശ്രമിക്കുന്നു: ഒന്നാമതായി പാപം ചെയ്യുന്നതിനുമുൻപു ദൈവകരുണ ലഭിക്കുമെന്നുള്ള പ്രത്യാശ നൽകിക്കൊണ്ട് പിശാച് അവരെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നു. പാപം ചെയ്തതിനുശേഷമാകട്ടെ ദൈവനീതിയുടെ തീവ്രതയോർത്ത് ( തൻ്റെ പാപം ക്ഷമിക്കപ്പെടില്ല എന്ന് കരുതി) നിരാശപ്പെടാനും പ്രേരിപ്പിക്കുന്നു. ഈ രണ്ടു കൗശലങ്ങളും ഒരുപോലെ പ്രയോഗിച്ചുകൊണ്ടു പിശാച് എണ്ണമില്ലാത്ത ആത്മാക്കളുടെ നാശം ഉറപ്പുവരുത്തുന്നു. മർക്കടമുഷ്ടിക്കാരനായ പാപി, തന്നെ പാപവഴികളിൽ നിന്നും മനസാന്തരപ്പെടുത്താൻ ശ്രമിക്കുന്നവനോട് , “ദൈവം കാരുണ്യവാനാണ്” എന്നു പറയുന്നു.
ദൈവം കാരുണ്യവാനാണ് എന്നത് സത്യം തന്നെ. എന്നാൽ, മാതാവിൻ്റെ സ്തോത്രഗീതത്തിൽ പറയുന്നതുപോലെ, ദൈവത്തിൻ്റെ കരുണ അവിടുത്തെ ഭയപ്പെടുന്നവർക്കാണു ലഭിക്കുക. അതേ, ദൈവത്തിനെതിരായി പാപം ചെയ്യുന്നതിനെ ഭയപ്പെടുന്നവനോടാണു കർത്താവ് കരുണയോടെ പെരുമാറുന്നത്; അല്ലാതെ, ദൈവകരുണ പ്രതീക്ഷിച്ചുകൊണ്ട് വീണ്ടും വീണ്ടും പാപം ചെയ്യുന്നവനെയല്ല. ഓ ദൈവമേ, എന്നോട് സഹിഷ്ണുത കാണിക്കുന്നതിൽ അങ്ങു പ്രകടിപ്പിക്കുന്ന ക്ഷമയെപ്പറ്റി എന്നെ ബോധവാനാക്കിയതിനു ഞാനങ്ങേയ്‌ക്ക് നന്ദിയർപ്പിക്കുന്നു. കണ്ടാലും, അങ്ങയുടെ നന്മയിൽ പ്രതീക്ഷവച്ചുകൊണ്ട് അങ്ങയെ വീണ്ടും വീണ്ടും ദ്രോഹിച്ച അനേകരിൽ ഒരുവനാണ് ഞാൻ.
ദൈവം കരുണയുള്ളവനാണ്; അതുപോലെതന്നെ നീതിമാനുമാണ്. ദൈവം നീതി നോക്കാതെ, കരുണയുള്ളവൻ മാത്രമായിരിക്കണമെന്നു പാപികൾ ആഗ്രഹിക്കുന്നു; പക്ഷേ, അത് അസാധ്യമാണ്, കാരണം എപ്പോഴും ക്ഷമിക്കുകയും ഒരിക്കലും ശിക്ഷിക്കാതിരിക്കുകയും ചെയ്താൽ, ദൈവം നീതിരഹിതനായിരിക്കും. അതിനാൽ ദൈവത്തെ കൂടുതൽ അവഹേളിക്കാൻ വേണ്ടി അവിടുത്തെ അനുകമ്പയിൽ ആശ്രയം വയ്ക്കുന്നവരോടുള്ള ദൈവത്തിന്റെ ക്ഷമ കാരുണ്യമല്ല, മറിച്ച് നീതിരാഹിത്യമാണെന്ന് ആവിലയിലെ വിശുദ്ധ യോഹന്നാൻ നിരീക്ഷിക്കുന്നു. നന്ദികെട്ടവരെ ശിക്ഷിക്കാൻ ദൈവം ബാധ്യസ്ഥനാണ്. ഒരു നിശ്ചിത സമയം വരെ ദൈവം അവരെ സഹിക്കുന്നു; എന്നാൽ അതിനുശേഷം അവരെ കൈവിടുന്നു.
ഓ ദൈവമേ, അത്തരമൊരു ശിക്ഷ ഇതുവരെ എനിക്കു ലഭിച്ചിട്ടില്ലല്ലോ;അല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ നരകത്തിൽ എറിയപ്പെടുകയോ അല്ലെങ്കിൽ എൻ്റെ പാപങ്ങളിൽ തന്നെ മർക്കടമുഷ്ടിയോടെ തുടരുകയോ ചെയ്യുമായിരുന്നു. ഇതാ, ഞാൻ എൻ്റെ വഴികൾ തിരുത്താൻ ആഗ്രഹിക്കുന്നു; ഇനി മേലിൽ അങ്ങയെ മുറിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇതുവരെ അങ്ങയെ അപ്രീതിപ്പെടുത്തിയിട്ടുണ്ടെങ്കിലും, എൻ്റെ പൂർണ്ണാത്മാവോടും കൂടെ ഞാൻ അതിൽ ഖേദിക്കുന്നു; ഇനി മുതൽ മറ്റുള്ളവരെക്കാൾ കൂടുതൽ അങ്ങയെ സ്നേഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം എന്നോടു കാണിച്ചത്രയും ക്ഷമ അങ്ങു മറ്റുളളവരോടു കാണിച്ചിട്ടില്ലല്ലോ.
ദൈവം പരിഹസിക്കപ്പെടുന്നില്ല. എന്നാൽ പാപി ദൈവത്തെ നിരന്തരം ദ്രോഹിക്കുകയും പിന്നീട് ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ ആനന്ദിക്കുകയും ചെയ്താൽ ദൈവം പരിഹസിക്കപ്പെടും. ഒരു മനുഷ്യൻ വിതയ്ക്കുന്നതു തന്നെ കൊയ്യും. സൽപ്രവൃത്തികൾ ചെയ്യുന്നവനു നല്ല ഫലം ലഭിക്കും; അനീതി പ്രവർത്തിക്കുന്നവൻ ശിക്ഷകൾ ഏറ്റുവാങ്ങും. ദൈവം ക്ഷമിക്കുന്നവനാണല്ലോ എന്ന പാപിയുടെ പ്രത്യാശ, ദൈവദൃഷ്ടിയിൽ മ്ലേച്ഛതയാണ്; അവരുടെ പ്രത്യാശ ഒരു മ്ലേച്ഛതയാണെന്നു ജോബ് പറയുന്നു. അപ്രകാരം, യജമാനൻ നല്ലവനായതിനാൽ അവൻ്റെ നന്മയെ മുതലെടുത്ത് ദുഷ്ടത പ്രവർത്തിച്ചുകൊണ്ടു യജമാനനെ പ്രകോപിപ്പിച്ച ദാസനെപ്പോലെ, പാപി, അത്തരം പ്രത്യാശ കൊണ്ട്, അവനെ പെട്ടെന്ന് ശിക്ഷിക്കാൻ ദൈവത്തെ പ്രകോപിപ്പിക്കുന്നു.
ഓ യേശുവേ! അങ്ങയോടുള്ള എൻ്റെ പെരുമാറ്റവും അങ്ങനെയായിരുന്നുവെന്നു ഞാൻ ഭയപ്പെടുന്നു; അങ്ങു നല്ലവനായതുകൊണ്ട് അങ്ങയുടെ പ്രമാണങ്ങളെ ഞാൻ കണക്കാക്കിയില്ല. അങ്ങയോടു ക്രൂരമായി പെരുമാറിയെന്നു ഞാൻ ഏറ്റുപറയുന്നു; അങ്ങയോടുചെയ്ത പാപങ്ങളെല്ലാം ഞാൻ വെറുക്കുന്നു. ഇപ്പോൾ ഞാൻ എന്നെക്കാൾ കൂടുതൽ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ ഇനി ഒരിക്കലും അപ്രീതിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓ കർത്താവേ, ഞാൻ ഇനിയും മാരകമായ പാപം ചെയ്ത് അങ്ങയെ വീണ്ടും ദ്രോഹിക്കാൻ എന്നെ അനുവദിക്കരുതേ, അതിനു മുൻപായി മരിക്കാൻ എന്നെ അനുവദിക്കണമേ. ഓ മറിയമേ, നിലനിൽപിന്റെ മാതാവേ, അങ്ങ് എന്നെ സഹായിക്കണമേ.