വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 97

ദൈവഹിതവുമായി ചേർന്നുപോകുന്നത് 

1. സ്നേഹത്തിൻറെ പ്രഥമഫലം മനപ്പൊരുത്തമാണ്. അത്യുന്നതനായ ദൈവം നമ്മെ സ്നേഹിക്കുന്നതിനാൽ, നാം അവിടുത്തെ സ്നേഹിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു, അതിനാൽ അവിടുന്നു നമ്മുടെ ഹൃദയത്തെ, അതായത്, നമ്മുടെ ഹിതത്തെ  ആവശ്യപ്പെടുന്നു: ‘എൻറെ മകനേ, നിൻറെ ഹൃദയം എനിക്കു നൽകുക’. നമ്മുടെ ഹിതത്തെ  ദൈവഹിതവുമായി  ഐക്യപ്പെടുത്തുന്നതിനെ ആശ്രയിച്ചാണ്  നമ്മുടെ മുഴുവൻ ജീവിതവും രക്ഷയും നിലകൊള്ളുന്നത്.  അതാണല്ലോ  നീതിയുക്തവും  പരിപൂർണ്ണവുമായതിൻറെ  ഏക നിയമം.   ദൈവത്തിൻറെ ഇഷ്ടം അനുസരിച്ചാണ് ജീവൻ നിലനിൽക്കുന്നത്  എന്നു സങ്കീർത്തകൻ പറയുന്നു. ദൈവഹിതവുമായി ഐക്യപ്പെടുന്നവൻ ജീവിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുന്നു; എന്നാൽ അതിൽ നിന്നു സ്വയം വേർപെട്ടു പോകുന്നവൻ മരിക്കുകയും നഷ്ടപ്പെട്ടുപോവുകയും  ചെയ്യുന്നു. ഇല്ല, എൻറെ ദൈവമേ, അങ്ങ് എന്നിൽ നിന്ന് ആഗ്രഹിക്കുന്നതൊന്നിൽ നിന്നും ഞാൻ ഒരിക്കലും എന്നെ വേർപെടുത്തുകയില്ല. അങ്ങയെ സ്നേഹിക്കാൻ എനിക്കു കൃപ നൽകണമേ, അങ്ങയുടെ ഇഷ്ടം പോലെ എന്നെ നടത്തണമേ. 

2. എല്ലായ്‌പ്പോഴും ദൈവഹിതത്തിന് അനുരൂപരായിരിക്കുക എന്നതാണു ദൈവത്തെ സ്നേഹിക്കുന്നവരുടെയെല്ലാം  മഹത്തായ ലക്ഷ്യം. “അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.” അനുഗ്രഹിക്കപ്പെട്ടവർ സ്വർഗത്തിൽ ചെയ്യുന്ന അതേ  പൂർണതയോടെ, ഭൂമിയിൽ ദൈവഹിതം നിറവേറ്റാൻ നാം കഴിവുള്ളവരാകാൻ വേണ്ടി യേശു നമ്മെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത് ഇതാണ്. “എൻറെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എൻറെ ഹൃദയം ഒരുങ്ങിയിരിക്കുന്നു” എന്നു പറഞ്ഞ ദാവീദിനെ അനുകരിച്ചുകൊണ്ടു വിശുദ്ധ അമ്മ ത്രേസ്യ  തൻറെ ഹിതം  ദിവസവും അൻപതു   തവണയെങ്കിലും ദൈവത്തിനു സമർപ്പിച്ചിരുന്നു. “കർത്താവേ, ഞാൻ എന്തു  ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?” എന്നു മാത്രം ദൈവത്തോടു ചോദിച്ച  വിശുദ്ധ പൗലോസിനു സംഭവിച്ചതുപോലെ  ദൈവഹിതത്തിനു അനുസൃതമായി ചെയ്യുന്ന ഒരു വിശിഷ്ട പ്രവൃത്തി, പാപിയെ വിശുദ്ധനാക്കി മാറ്റുന്നു.  ഒരു സഭാദ്രോഹിയിൽ   നിന്ന്  അപ്പസ്തോലനും തെരഞ്ഞെടുക്കപ്പെട്ട  പാത്രവുമായി  അവിടുന്ന് പൗലോസിനെ രൂപാന്തരപ്പെടുത്തിയല്ലോ.

ഓ എൻറെ ദൈവമേ! അങ്ങ് എനിക്ക് അനുവദിച്ചുതരുന്ന കഷ്ടതകളെക്കുറിച്ചു ഞാൻ ഒരിക്കലും വിലപിക്കുകയില്ല. അവയെല്ലാം എൻറെ നന്മയ്ക്കു വേണ്ടിയായിരിക്കുമെന്ന് എനിക്കറിയാം. കർത്താവേ, അങ്ങയുടെ പരിശുദ്ധ ഹിതം എന്നേക്കും നിറവേറട്ടെ എന്നു ഞാൻ എപ്പോഴും പറയും. അങ്ങയുടെ ഹിതം പോലെ തന്നെ  ഞാനും ആഗ്രഹിക്കും. അങ്ങയുടെ ഇഷ്ടം നിറവേറട്ടെ. കർത്താവിൻറെ തിരുവിഷ്ടം പോലെ സംഭവിക്കട്ടെ.

3. ദാരിദ്ര്യം, രോഗം, നഷ്ടങ്ങൾ, നാശം എന്നിങ്ങനെയുള്ള എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ദൈവേഷ്ടത്തോടുള്ള അവ്യാകുലമായ  പൊരുത്തമാണ്  ഒരാത്മാവ്  ദൈവത്തെ സ്നേഹിക്കുന്നു എന്നതിൻറെ ഏറ്റവും വ്യക്തമായ അടയാളം. മറ്റു മനുഷ്യരുടെ ദ്രോഹം മൂലം  നമുക്കുണ്ടാകുന്ന കഷ്ടതകളിൽ, നമുക്കുനേരെ വരുന്ന കല്ലുകളെയല്ല, മറിച്ച് അതിനെ അനുവദിക്കുന്ന ദൈവത്തിൻറെ കരത്തെയാണു  നാം കാണേണ്ടത്. നമ്മുടെ വസ്തുവകകളോ സൽപ്പേരോ ജീവിതമോ നഷ്ടപ്പെടുത്തുന്നവരുടെ പാപം ദൈവം ആഗ്രഹിക്കുന്നതല്ല; എന്നാൽ, ആ കഷ്ടതകൾ ദൈവത്തിൻറെ കയ്യിൽനിന്നു വരുന്നതുപോലെതന്നെ  നാം സ്വീകരിക്കണമെന്നും, തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടപ്പോൾ ജോബ്  പറഞ്ഞതുപോലെ  “തൻറെ  ഇഷ്ടമനുസരിച്ച് കർത്താവ് തന്നു; കർത്താവ് എടുത്തു; കർത്താവിൻറെ നാമം മഹത്വപ്പെടട്ടെ!” എന്നു പറയണമെന്നും അവിടുന്ന്  ആഗ്രഹിക്കുന്നു. ഓ എൻറെ ദൈവമേ, ഞാൻ ഇപ്രകാരം പ്രവർത്തിച്ചിട്ടില്ല; എൻറെ ഇഷ്ടം നിറവേറ്റാൻ വേണ്ടി ഞാൻ അങ്ങയെ എത്രയോ  തവണ നിന്ദിച്ചു! എന്നാൽ അതിനുശേഷം ഞാൻ അങ്ങയെ സ്നേഹിച്ചില്ല; ഇപ്പോൾ ഞാൻ എന്നെക്കാൾ കൂടുതലായി  അങ്ങയെ സ്നേഹിക്കുന്നു; അങ്ങയുടെ എല്ലാ ദൈവിക തീരുമാനങ്ങളും ഞാൻ സ്വീകരിക്കുന്നു, അങ്ങ് ഉദ്ദേശിക്കുന്നതെന്തും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ ബലഹീനത അങ്ങ് അറിയുന്നു; അതിനാൽ ഞാൻ ഇപ്പോൾ തീരുമാനിക്കുന്ന കാര്യങ്ങൾ നിറവേറ്റാൻ അങ്ങയുടെ സഹായത്താൽ എന്നെ പ്രാപ്തനാക്കണമേ. ഓ ദൈവത്തിൻറെ പരിശുദ്ധ ഹിതം!  ഇനിയങ്ങോട്ട് എൻറെ മുഴുവൻ സ്നേഹവും അങ്ങുമാത്രം  ആയിരിക്കും. പരിശുദ്ധ മറിയമേ, എൻറെ ശേഷിക്കുന്ന ജീവിതകാലം മുഴുവൻ ദൈവഹിതം നിറവേറ്റുന്നതിനുള്ള കൃപ എനിക്കു നേടിത്തരണമേ.