ദൈവത്തിൻറെ കൃപ സ്വന്തമാക്കുന്നതിലുള്ള സന്തോഷവും അതു നഷ്ടപ്പെടുന്ന ദൗർഭാഗ്യവും
1. ദൈവിക കൃപയുടെ മൂല്യം മനുഷ്യൻ അറിയുന്നില്ല. അതിനാൽ അവൻ അത് ഒന്നുമല്ലാത്ത വെറും നിസ്സാര കാര്യങ്ങൾക്കു വേണ്ടി കൈമാറ്റം ചെയ്യുന്നു. ദൈവകൃപ എന്നത് അനന്തമായ മൂല്യമുള്ള ഒരു നിധിയാണ്. ഒരു സൃഷ്ടിക്കു ദൈവത്തിൻറെ സുഹൃത്താകുക അസാധ്യമാണെന്നു വിജാതീയർ പറഞ്ഞു. എന്നാൽ അങ്ങനെയല്ല; തന്നെ സ്വന്തമാക്കിയ ആത്മാവിനെ തൻറെ സുഹൃത്ത് എന്നു വിളിക്കാൻ ദൈവകൃപ ദൈവത്തെ പ്രേരിപ്പിക്കുന്നു: നിങ്ങൾ എൻറെ സ്നേഹിതരാണ് എന്നു നമ്മുടെ അനുഗ്രഹീതനായ രക്ഷകൻ അവിടുത്തെ ശിഷ്യന്മാരോടു പറഞ്ഞു. അതിനാൽ ഓ ദൈവമേ, എൻറെ ആത്മാവ് കൃപയുടെ അവസ്ഥയിലായിരുന്നപ്പോൾ, അത് അങ്ങയുടെ സ്നേഹിതനായിരുന്നു; എന്നാൽ പാപം മൂലം അതു പിശാചിൻറെ അടിമയും അങ്ങയുടെ ശത്രുവും ആയിത്തീർന്നു. അങ്ങയുടെ കൃപയിലേക്കു തിരിച്ചുവരാൻ സമയം നൽകുന്നതിനെയോർത്തു ഞാൻ അങ്ങയോടു നന്ദി പറയുന്നു. ഓ കർത്താവേ, അങ്ങയുടെ കൃപ നഷ്ടപ്പെട്ടതിൽ ഞാൻ എൻറെ പൂർണ്ണഹൃദയത്തോടെ ഖേദിക്കുന്നു; അങ്ങയുടെ ദയയാൽ അത് എനിക്കു പുനഃസ്ഥാപിച്ചുതരണമേ, മേലിൽ എനിക്ക് അതു നഷ്ടപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ.
2. രാജാവിൻറെ സുഹൃത്തായിത്തീരുന്ന മനുഷ്യൻ തന്നെത്തന്നെ എത്ര ഭാഗ്യവാനായി കണക്കാക്കണം! രാജകുമാരൻ, തന്നെ അവൻറെ സുഹൃത്താക്കണമെന്ന് ഒരു ദാസൻ പ്രതീക്ഷിക്കുന്നതു ധാർഷ്ട്യം തന്നെ. എന്നാൽ ഒരാത്മാവ് ദൈവത്തിൻറെ സുഹൃത്താകാൻ ആശിക്കുന്നതു ധാർഷ്ട്യമല്ല. ഒരു രാജസദസ്യൻ പറഞ്ഞ കാര്യം വിശുദ്ധ ആഗസ്തീനോസ് രേഖപ്പെടുത്തിയിരിക്കുന്നു; “ഞാൻ സീസറിൻറെ ഒരു സുഹൃത്തായിത്തീരണമെന്നുണ്ടെങ്കിൽ, അതിനായി ഏറെ പ്രയാസമനുഭവിക്കേണ്ടതുണ്ട്; എന്നാൽ ദൈവത്തിൻറെ സുഹൃത്താകുന്ന കാര്യമാണെങ്കിൽ, ഞാൻ ഇപ്പോൾ തന്നെ അവിടുത്തെ സുഹൃത്തായിക്കഴിഞ്ഞിരിക്കുന്നു. പശ്ചാത്താപത്തിൻറെയും സ്നേഹത്തിൻറെയും ഒരു പ്രവൃത്തി നമ്മെ ദൈവത്തിൻറെ സുഹൃത്തുക്കളാക്കുന്നു. അൽകാൻറരയിലെ വിശുദ്ധ പീറ്റർ പറയുന്നു: “ കൃപാവസ്ഥയിലുള്ള ഒരു ആത്മാവിനോടുള്ള യേശുവിൻറെ സ്നേഹത്തിൻറെ വലുപ്പം എത്രയെന്നു പറഞ്ഞറിയിക്കാൻ ഒരു നാവിനും കഴിയുകയില്ല.” ഓ എൻറെ ദൈവമേ! ഞാൻ അങ്ങയുടെ കൃപയിലാണോ അല്ലയോ? ഒരിക്കൽ എനിക്ക് അതു നഷ്ടപ്പെട്ടിരുന്നുവെന്ന് എനിക്കു നന്നായി അറിയാം, എന്നാൽ ഞാൻ അതു വീണ്ടെടുത്തിട്ടുണ്ടോ എന്ന് ആർക്കറിയാം? കർത്താവേ! ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങേയ്‌ക്കെതിരായി പാപം ചെയ്തതിൽ ഞാൻ ഖേദിക്കുന്നു; എന്നോടു ക്ഷമിക്കാൻ വൈകരുതേ.
3. മറിച്ച്, കൃപയുടെ അവസ്ഥയിൽ നിന്നു വീണുപോയ ഒരു ആത്മാവിൻറെ ദുരിതം എത്ര വലുതാണ്! അതു പരമമായ നന്മയിൽ നിന്നു വേർതിരിക്ക പ്പെടുന്നു. അത് ഇനി ഒരിക്കലും ദൈവത്തിൻറേതല്ല, ദൈവം ഇനിമേലിൽ അതിൻറേതുമല്ല. അത് ഇനി ഒരിക്കലും ദൈവത്താൽ സ്നേഹിക്കപ്പെടുന്നില്ല, മറിച്ച്, ദൈവത്താൽ ഇഷ്ടപ്പെടാതിരിക്കുകയും വെറുക്കപ്പെടുകയും ചെയ്യുന്നു. മുമ്പ്, അവിടുന്ന് അതിനെ സ്വന്തം കുഞ്ഞായികരുതി അനുഗ്രഹിച്ചു; എന്നാൽ ഇപ്പോൾ അവിടുന്ന് അതിനെ ശത്രുവായിക്കണ്ടു ശപിക്കുന്നു. ദൈവമേ, അങ്ങയുടെ കൃപ നഷ്ടപ്പെടുത്തിയപ്പോൾ ഞാൻ ആയിരുന്ന നിർഭാഗ്യകരമായ അവസ്ഥ ഇതായിരുന്നു. ഈ ദുർഭഗാവസ്ഥയിൽ നിന്നു ഞാൻ ഉയിർത്തെ ഴുന്നേറ്റുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാൽ അങ്ങനെയല്ലാത്ത പക്ഷം യേശുവേ, അതിൽ നിന്ന് രക്ഷപ്പെടാൻ എന്നെ വേഗം സഹായിക്കണമേ. അങ്ങയെ സ്നേഹിക്കുന്നവരെ സ്നേഹിക്കുമെന്ന് അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ട്. എൻറെ പരമനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു; അങ്ങ് എന്നെ സ്നേഹിക്കുന്നു; ഇനി ഒരിക്കലും അങ്ങയുടെ സ്നേഹം എനിക്കു നഷ്ടപ്പെടാതിരിക്കട്ടെ. പരിശുദ്ധ മറിയമേ, അങ്ങയിൽ ആശ്രയിക്കുന്ന ഈ എളിയവനെ സഹായിക്കണമേ; അങ്ങയുടെ രക്ഷാകർതൃത്വത്തിനു ഞാൻ എന്നെത്തന്നെ ഭരമേല്‍പ്പിക്കുന്നു.