പാപത്താൽ ദൈവത്തെ അപമാനിക്കുന്നത്
1. നിയമം ലംഘിച്ചുകൊണ്ടു നീ ദൈവത്തെ അപമാനിക്കുന്നു. അല്ലയോ പാപീ, അപ്പസ്തോലൻ പറയുന്നതു ശ്രദ്ധിക്കുക, ദൈവികനിയമം ലംഘിക്കുമ്പോൾ നീ ചെയ്യുന്നതെന്താണെന്ന് ചിന്തിക്കുക; നീ ദൈവത്തെ അപമാനിക്കുന്നു. അതേ, ദൈവത്തോടുള്ള എല്ലാ ബഹുമാനവും ഇല്ലാതാകുമ്പോൾ പാപി ദൈവതിരുമുമ്പിൽ തന്നെ അവിടുത്തെ അപമാനിക്കുന്നു. ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നതും അവിടുത്തെ ന്യായപ്രമാണത്തെ അവഗണിക്കുന്നതും വലിയ തിന്മയൊന്നുമല്ല എന്നു തൻറെ പ്രവൃത്തികൾ വഴി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഓ ദൈവമേ, അങ്ങ് ഏറെ സ്നേഹിക്കുകയും കരുണ കാണിക്കുകയും ചെയ്തിട്ടും അങ്ങയുടെ പ്രമാണങ്ങൾ ലംഘിച്ച് അങ്ങയെ പലതവണ നിന്ദിച്ച നന്ദികെട്ട ഒരു പാപി ഇതാ അങ്ങയുടെ കാൽക്കൽ പ്രണമിക്കുന്നു. ഞാൻ ആയിരം തവണ നരകത്തിന് അർഹനാണ്, എന്നാൽ എന്നെ നരകത്തിൽ നിന്ന് രക്ഷിക്കാനാണ് അങ്ങ് മരിച്ചതെന്ന് ഓർക്കണമേ.
2. ഒരു തുച്ഛമായ സംതൃപ്തിയോ, നികൃഷ്ടമായ ലൗകിക നേട്ടമോ, അല്ലെങ്കിൽ വെറും വ്യാമോഹമോ തിരഞ്ഞെടുത്തുകൊണ്ട് പാപി ദൈവത്തെ അപമാനിക്കുന്നു; കാരണം പാപത്തിന് അവൻ തൻറെ സമ്മതം നൽകുന്നതുവഴി, അത്തരം കാര്യങ്ങൾ ദൈവത്തിൻറെ സൗഹൃദത്തേക്കാൾ തനിക്കു വിലപ്പെട്ടതാണെന്ന് അവൻ പ്രഖ്യാപിക്കുന്നു. അപ്രകാരം ചില നികൃഷ്ടമായ സന്തോഷങ്ങൾക്കു വേണ്ടി ദൈവത്തോടു പുറം തിരിഞ്ഞുകൊണ്ട്, അവയെക്കാൾ മോശമാണു ദൈവമെന്നു അവൻറെ പ്രവൃത്തികളാൽ പ്രഖ്യാപിച്ചുകൊണ്ടു പാപി ദൈവത്തെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ഓ എൻറെ ദൈവമേ! അങ്ങ് അനന്തനന്മയാകുന്നു; എന്നിട്ടും ഒരു നികൃഷ്ട പുഴുവായ എനിക്ക്, ദുഷിച്ച പ്രവണതകളെയും അമിതവികാരങ്ങളെയും അങ്ങയെക്കാളധികമായി ഇഷ്ടപ്പെടാൻ കഴിയുന്നതെങ്ങനെ? മാനസാന്തരപ്പെടുന്നവർക്കു മാപ്പു നൽകുമെന്ന് അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു ഞാൻ അറിഞ്ഞിരുന്നില്ലെങ്കിൽ, അങ്ങയുടെ കരുണ യാചിക്കാൻ ഞാൻ ധൈര്യപ്പെടുകയില്ലായിരുന്നു. അനന്തനന്മയായ അങ്ങേക്കെതിരായി പാപം ചെയ്തതിൽ ഞാൻ ഖേദിക്കുന്നു.
3. ദൈവം നമ്മുടെ അവസാനത്തെ ലക്ഷ്യമാണ്, കാരണം ഈ ലോകത്തിൽ അവിടുത്തെ ശുശ്രൂഷിക്കാനും സ്നേഹിക്കാനും അവിടുന്നു നമ്മെ സൃഷ്ടിച്ചിരിക്കുന്നു; അതുവഴി വരാനിരിക്കുന്ന ജീവിതത്തിൽ നാം എന്നേക്കും ദൈവത്തോടൊത്ത് ആനന്ദിക്കേണ്ടതിനുവേണ്ടിയാണത്. എന്നാൽ മനുഷ്യൻ ദൈവകൃപയ്ക്കു പകരം നീചമായ ഒരു ആനന്ദം ഇഷ്ടപ്പെടുമ്പോൾ, അവൻ തൻറെ ആ സന്തോഷത്തെ തൻറെ അവസാന ലക്ഷ്യമാക്കിക്കൊണ്ട്, അതിനെ തൻറെ ദൈവമാക്കുന്നു. വളരെ ഹീനവും നികൃഷ്ടവുമായ ഒരു കാര്യത്തിനായി ദൈവത്തെ കൈമാറ്റം ചെയ്യുന്നതു കാണുന്നത്, അപരിമേയനന്മയായ ദൈവത്തിന് എത്ര അപമാനമായിരിക്കണം! എൻറെ പ്രിയപ്പെട്ട രക്ഷകാ, ഞാൻ അങ്ങേയ്ക്കെതിരായി പാപം ചെയ്തു; എന്നാൽ അങ്ങയുടെ കരുണയിൽ ആശ്രയിക്കാതിരിക്കാൻ അങ്ങ് എന്നെ അനുവദിക്കുകയില്ല; എൻറെ നന്ദികേട് അങ്ങ് അറിയുന്നുവെങ്കിലും അങ്ങ് എന്നെ സ്നേഹിക്കുകയും എൻറെ രക്ഷ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങയെ ദ്രോഹിക്കുക വഴി ഞാൻ ചെയ്ത തിന്മയെക്കുറിച്ച് ഞാൻ ബോധവാനാണ്, എൻറെ പൂർണ്ണഹൃദയത്തോടെ ഞാൻ അതിൽ ഖേദിക്കുന്നു. വീണ്ടും അങ്ങയുടെ അപ്രീതിക്ക് ഇടയാകുന്നതിനേക്കാൾ മരിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്യുന്നു. എൻറെ സ്വന്തം ബലഹീനതയെ ഞാൻ ഭയപ്പെടുന്നു, എന്നാൽ മരണം വരെ അങ്ങയോടു വിശ്വസ്തത പുലർത്താൻ അങ്ങയുടെ നന്മയിൽ അങ്ങ് എന്നെ ബലപ്പെടുത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഓ യേശുവേ! അങ്ങാണ് എൻറെ പ്രത്യാശയും എൻറെ സ്നേഹവും. പരിശുദ്ധ മറിയമേ, എനിക്കു രക്ഷ ലഭിക്കുന്നതിനായി അങ്ങ് മാധ്യസ്ഥ്യം വഹിക്കണമേ.