അന്ത്യവിധിയിൽ ദുഷ്ടർക്കുള്ള ശിക്ഷ
1. അന്ത്യദിനത്തിൽ, ദുഷ്ടന്മാരുടെ രോഷം എത്ര വലുതായിരിക്കും എന്നു ചിന്തിക്കുക; നീതിമാന്മാർ, തേജസോടെ പ്രകാശിച്ചുകൊണ്ട് ‘അനുഗ്രഹിക്കപ്പെട്ടവരേ, നിങ്ങൾ വരുവിൻ’ എന്ന് യേശുക്രിസ്തു അവരെ സ്വർഗ്ഗത്തിലേക്കു സ്വാഗതം ചെയ്യുന്നതു കേൾക്കാൻ സന്തോഷം നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്; എന്നാൽ, ‘ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നു പോകുവിൻ’ എന്ന ദുഷ്ടരുടെ ശിക്ഷാവിധി, യേശുക്രിസ്തു ലോകം മുഴുവൻറെയും മുമ്പാകെ പ്രഖ്യാപിക്കുന്നതിനെ വിറയലോടെ പ്രതീക്ഷിച്ചുകൊണ്ടു പിശാചിനാൽ ചുറ്റപ്പെട്ടു നിൽക്കുന്നതായി കാണപ്പെടുന്ന ദുഷ്ടന്മാരുടെ ലജ്ജയും സംഭ്രാന്തിയും എത്ര വലുതായിരിക്കും! ഓ എൻറെ പ്രിയപ്പെട്ട രക്ഷകാ! ഇത്രയധികം സ്നേഹത്തോടെ അങ്ങു സഹിച്ച അങ്ങയുടെ മരണംകൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ലാതെ പോകാൻ അനുവദിക്കരുതേ.
2. ‘ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നു നിത്യാഗ്നിയിലേക്കു പോകുവിൻ’. ഇതായിരിക്കും ശിക്ഷാവിധി; ദുഷ്ടന്മാരുടെ മേൽ പതിക്കുന്ന നിർഭാഗ്യകരമായ ദുർവിധി: ദൈവത്താൽ ശപിക്കപ്പെട്ടും ദൈവത്തിൽനിന്നു വേർപെടുത്തപ്പെട്ടും, നരകാഗ്നിയിൽ എന്നെന്നേക്കുമായി ജ്വലിക്കുക. ഒരു നരകമുണ്ടെന്നു ക്രിസ്ത്യാനികൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, വളരെയധികം പേർ സ്വമേധയാ അതിൻറെ ഭയാനകമായ ശിക്ഷകൾക്കു സ്വയം വിധേയരാവുന്നത് എന്തുകൊണ്ടാണ്? ഓ എൻറെ ദൈവമേ! എന്നാൽ, അവസാന ദിവസം ഞാനും അവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടേക്കുമോയെന്ന് ആർക്കറിയാം? അങ്ങയുടെ വിലയേറിയ രക്തത്തിൻറെ യോഗ്യതയാൽ, അതിഭയങ്കരമായ ഈ അവസ്ഥയിൽ ഞാൻ അകപ്പെടുകയില്ല എന്നു ഞാൻ പ്രതീക്ഷിക്കുന്നു; എന്നാൽ ആരാണ് എനിക്ക് ഇതിന് ഉറപ്പുതരുന്നത്? ഓ കർത്താവേ, എന്നെ പ്രകാശിപ്പിക്കേണമേ, ഞാൻ ഇതുവരെ അങ്ങയെ പ്രകോപിപ്പിച്ചതിനാൽ അങ്ങയുടെ കോപത്തിൽ നിന്നു രക്ഷപ്പെടാൻ ഞാൻ എന്തു ചെയ്യണമെന്ന് എന്നെ അറിയിക്കണമേ. അങ്ങ് എന്നോടു കരുണ കാണിക്കുകയും ക്ഷമിക്കുകയും ചെയ്യണമേ.
3. അവസാനം, യഹോഷാഫാത്ത് താഴ്‌വരയുടെ നടുവിൽ ഭൂമി പിളരുകയും, അവിടെ ദുഷ്ടന്മാർ, പിശാചിനോടും അവൻറെ എല്ലാ ദുരാത്മാക്കളോടും കൂടെ വിഴുങ്ങപ്പെടുകയും ചെയ്യും; നിത്യതയിൽ ഒരിക്കലും തുറക്കപ്പെടാത്തവിധം ആ വാതിലുകൾ എന്നെന്നേക്കുമായി അടയ്ക്കപ്പെടുന്നത് അവരെല്ലാവരും കേൾക്കും. ഓ ശപിക്കപ്പെട്ട പാപമേ! എത്ര ദയനീയമായ അന്ത്യത്തിലേക്കാണ് അസംഖ്യം ആത്മാക്കളെ നീ ഒരുനാൾ നയിക്കുന്നത്! അത്തരം ദുരിതപൂർണ്ണമായ ഒരു ദുർവിധി നിത്യതയ്ക്കായി കരുതിവയ്‌ക്കപ്പെട്ടവർ നിർഭാഗ്യരാണ്! ഓ എൻറെ ദൈവമേ! എൻറെ വിധി എന്തായിരിക്കും? എൻറെ നന്മ മാത്രമായ അങ്ങയിൽനിന്നു എന്നെന്നേക്കുമായി എന്നെ വേർപെടുത്തുകയും അകറ്റിനിർത്തുകയും ചെയ്യുക എന്ന ചിന്ത പോലെ, നരകത്തിലെ അഗ്നി പോലും എന്നെ ഭയപ്പെടുത്തുന്നില്ല. എൻറെ പ്രിയപ്പെട്ട രക്ഷകാ, ഇതുവരെ ഞാൻ അങ്ങയെ നിന്ദിച്ചുവെങ്കിൽ, ഞാൻ ഇപ്പോൾ എല്ലാറ്റിനുമുപരിയായി എൻറെ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയിൽ നിന്ന് എന്നെന്നേക്കുമായി വേർപിരിഞ്ഞിരിക്കുക എന്ന ശിക്ഷ അങ്ങയെ സ്നേഹിക്കുന്നവർക്ക് ഉണ്ടാകില്ലെന്ന് എനിക്കറിയാം. അതിനാൽ ഞാൻ അങ്ങയെ എന്നെന്നും സ്നേഹിക്കാൻ എന്നെ അനുവദിക്കണമേ; എന്നെ ബന്ധിച്ച് അങ്ങയോട് അടുപ്പിക്കണമേ; ഞാൻ അങ്ങയിൽ നിന്ന് ഒരിക്കലും പിരിഞ്ഞുപോകാതിരിക്കാനായി എന്നെ അങ്ങയോട് അനുദിനം കൂടുതൽ കൂടുതൽ ഒന്നിപ്പിക്കണമേ, എന്നിട്ട് അങ്ങ് ആഗ്രഹിക്കുന്നതെന്തും എന്നോടു ചെയ്താലും. പരിശുദ്ധ മറിയമേ, പാപികളുടെ അഭിഭാഷകയേ, എന്നെ എക്കാലവും കാത്തുകൊള്ളണമേ.