വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 87

മരണസമയത്തെ ക്ലേശവും സംഭ്രമവും   

1. ‘നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ പ്രതീക്ഷിക്കാത്ത മണിക്കൂറിലാണു മനുഷ്യപുത്രൻ വരുന്നത്’. “നിങ്ങൾ എപ്പോഴും തയ്യാറായിരിക്കുക.”  മരണം വരുമ്പോൾ സ്വയം തയ്യാറാകാനല്ല നമ്മുടെ അനുഗൃഹീതനായ രക്ഷകൻ നമ്മോടു പറയുന്നത്.മറിച്ച് നാം മുൻകൂട്ടി സ്വയം തയ്യാറാകണം എന്നാണ്; കാരണം, മരണസമയം ആശയക്കുഴപ്പത്തിൻറെ സമയമായിരിക്കും, ന്യായവിധിയ്ക്കായി ഹാജരാകാനും അനുകൂലമായ ഒരു വിധി നേടിയെടുക്കാനും ഉചിതമായ രീതിയിൽ സ്വയം തയ്യാറാകാൻ അപ്പോൾ ധാർമ്മികമായി അസാധ്യമായിരിക്കും. വിശുദ്ധ അഗസ്റ്റിൻ പറയുന്നു: “നന്മ ചെയ്യാനുള്ള കഴിവ് ഉള്ളപ്പോൾ അതു ചെയ്യാത്തവന്,  പിന്നീട് അതു  ചെയ്യാൻ ആഗ്രഹിക്കുമ്പോൾ സാധിക്കുകയില്ല എന്നത്, ഒരു ന്യായമായ ശിക്ഷയാണ്”.  ഇല്ല, എൻറെ ദൈവമേ! ജീവിതത്തിൽ ഒരു മാറ്റം ആരംഭിക്കാൻ ഞാൻ ആ സമയം വരെ കാത്തിരിക്കില്ല. അങ്ങയെ പ്രസാദിപ്പിക്കാൻ ഞാൻ ഇപ്പോൾ എന്തുചെയ്യണമെന്ന് എന്നെ അറിയിക്കണമേ, കാരണം അങ്ങ് എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഒട്ടും എതിർപ്പില്ലാതെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. 

2. മരണസമയം, ഒന്നും ചെയ്യാൻ കഴിയാത്ത രാത്രിയുടെ സമയമാണ്. ആർക്കും ജോലി ചെയ്യാൻ കഴിയാത്ത രാത്രി വരുന്നു. രോഗം മാരകമാണെന്നുള്ള നിർണ്ണായകമായ വാർത്തയും അതിനോടൊപ്പമുണ്ടാകുന്ന സങ്കടവും വേദനയും, ക്രമരഹിതമായ മാനസികാവസ്ഥയും, എല്ലാറ്റിനുമുപരിയായി മനസ്സാക്ഷിയുടെ പശ്ചാത്താപവും, പാവപ്പെട്ട രോഗിയെ അവൻ ചെയ്യുന്നതെന്തെന്ന് അറിയുന്നതിൽ നിന്നു തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ദുരിതത്തിലേക്കും ആശയക്കുഴപ്പത്തിലേക്കും തള്ളിവിടും. ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ അവൻ ആകാംക്ഷയോടെ ആഗ്രഹിക്കും, പക്ഷേ അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയില്ല, കാരണം ശിക്ഷയുടെ സമയം അടുത്തിരിക്കുന്നു. ‘അവരുടെ കാൽ വഴുതുമ്പോൾ പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്.’ ഓ എൻറെ ദൈവമേ! ഇപ്പോൾ ഇതു കാരുണ്യത്തിൻറെ സമയമാണ്, ശിക്ഷയുടേതല്ല, തെറ്റുതിരുത്തുവാൻ എനിക്കു സമയം അനുവദിച്ചതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങയുടെ കൃപ നഷ്ടപ്പെടുന്നതിനേക്കാൾ ഞാൻ മറ്റെല്ലാം  നഷ്ടപ്പെടുത്തും. എൻറെ പരമനന്മയേ, എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. 

3. നിങ്ങൾ ഇപ്പോൾ കടലിനു നടുവിൽ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ട് ഒരു പാറയിൽ ഇടിക്കുകയും മുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കപ്പലിൽ ആണെന്നു സ്വയം സങ്കൽപ്പിക്കുക; നിങ്ങളുടെ സംഭ്രമം എത്ര വലുതാണെന്നും മരണത്തിൽ നിന്നു രക്ഷപ്പെടാൻ എന്തുചെയ്യണമെന്നു നിങ്ങൾക്കറിയില്ലെന്നും ചിന്തിക്കുക. അങ്ങനെയെങ്കിൽ, മരണസമയത്തു മനസ്സാക്ഷിയുടെ കുറ്റപ്പെടുത്തൽ അനുഭവിക്കുന്ന  പാപിയുടെ ആശയക്കുഴപ്പം എത്ര വലുതാണെന്നു സങ്കൽപ്പിക്കുക.  അവൻറെ ഹിതം, അവൻറെ ബന്ധുക്കൾ, അവസാന കർമ്മങ്ങൾ, പൂർവ്വസ്ഥിതിയിലാകാൻ ചെയ്യേണ്ട കാര്യങ്ങൾ, അവൻ നിന്ദിച്ച ദൈവത്തിൻറെ വിളികൾ, ഓ, ഈ കാര്യങ്ങളെല്ലാം നിസ്സഹായനും  മരണാസന്നനുമായ ആ   പാപിയുടെ ആത്മാവിൽ എത്രയോ വലിയ  കൊടുങ്കാറ്റു സൃഷ്ടിക്കും! അതിനാൽ പോകുക, ഇപ്പോൾ പോയി നിങ്ങളുടെ അസ്വസ്ഥമായ മനസ്സാക്ഷിയെ നേർവഴി യിലേക്ക് കൊണ്ടുവരിക. ഓ എൻറെ ദൈവമേ! അങ്ങ് എനിക്കുവേണ്ടി ചിന്തിയ അങ്ങയുടെ തിരുരക്തം പാഴായിപ്പോകാൻ അനുവദിക്കരുതേ. മാനസാന്തരപ്പെടുന്നവന് അങ്ങു മാപ്പു വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിനാൽ ഞാൻ അങ്ങേയ്ക്കെതിരായി ചെയ്ത അനവധി കുറ്റങ്ങൾക്ക് എൻറെ ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നു ഞാൻ ദുഃഖിക്കുന്നു. ഓ കർത്താവേ, എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഇനി ഒരിക്കലും അങ്ങയെ ദ്രോഹിക്കുകയില്ല. ഇത്രയധികം കാരുണ്യം  അങ്ങ് എനിക്കു നല്കിയതിനുശേഷവും  എനിക്ക് എങ്ങനെ അങ്ങയെ വേദനിപ്പിക്കാൻ കഴിയും? ഇല്ല, എൻറെ ദൈവമേ! അതിലും ഭേദം ഞാൻ മരിക്കുകയാണ്. പരിശുദ്ധ മറിയമേ, ഞാൻ അങ്ങയുടെ ദിവ്യപുത്രനെതിരായി   ഒരിക്കലും പാപം ചെയ്യാതിരിക്കാൻ അവിടുത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.