വ്യവസ്ഥകളില്ലാതെ നമ്മെത്തന്നെ ദൈവത്തിനു നൽകണം
1. തന്നെ സ്നേഹിക്കുന്ന എല്ലാവരെയും താൻ സ്നേഹിക്കുന്നുവെന്നു ദൈവം പ്രഖ്യാപിച്ചിരിക്കുന്നു: ‘എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു’. എന്നാൽ ലോകത്തിലുള്ള എന്തിനെയെങ്കിലും ദൈവത്തിനു തുല്യമായി സ്നേഹിക്കുന്നവനു ദൈവം തന്നെത്തന്നെ പൂർണ്ണമായും നൽകുമെന്നു കരുതേണ്ടതില്ല. ഒരു ബന്ധുവിനോടുള്ള അമിതമായ വാത്സല്യം മൂലം – സത്യത്തിൽ അത് അശുദ്ധമായ വാത്സല്യമൊന്നുമായിരുന്നില്ല – ഒരു കാലത്ത് വിശുദ്ധ അമ്മ ത്രേസ്യ ഈ അവസ്ഥയിലായിരുന്നു. എന്നിരുന്നാലും, ഈ അടുപ്പത്തിൽ നിന്ന് അവൾ സ്വയം പിന്മാറിയപ്പോൾ, ഒരു ദർശനത്തിൽ ദൈവം അവളോടു സന്തോഷത്തോടെ പറഞ്ഞു, “നീ ഇപ്പോൾ പൂർണ്ണമായും എൻറേതാണ്, ഞാൻ പൂർണ്ണമായും നിൻറേതുമാണ്”. ഓ എൻറെ ദൈവമേ! ഞാൻ പൂർണ്ണമായും അങ്ങയുടേതാകുന്ന ദിവസം എപ്പോൾ വരും? ഞാൻ പൂർണമായും അങ്ങയുടേതാകുന്നതിൽ നിന്ന് എന്നെ തടയുന്ന എല്ലാ ഭൗമിക ആഗ്രഹങ്ങളെയും, അങ്ങയുടെ ദിവ്യസ്നേഹാഗ്നിജ്വാലകളാൽ എൻറെയുള്ളിൽ നിന്ന് എരിയിച്ചുകളയണമേയെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. എൻറെ ദൈവമേ, ഞാൻ അങ്ങയെ മാത്രമേ ആഗ്രഹിക്കുന്നുള്ളു, അങ്ങയെയല്ലാതെ ഞാൻ വേറൊന്നും ആഗ്രഹിക്കുന്നില്ല എന്നു സത്യമായും അങ്ങയോടു പറയാൻ എപ്പോഴാണ് എനിക്ക് കഴിയുക?
2. ‘എൻറെ മാടപ്രാവ്, എൻറെ പൂർണ്ണവതി, ഒരുവൾ മാത്രം’. തന്നെത്തന്നെ പൂർണ്ണമായും ദൈവത്തിനു കൊടുക്കുന്ന ആത്മാവിനെ ദൈവം വളരെയധികം സ്നേഹിക്കുന്നു; അവിടുന്നു മറ്റൊരാളെയും സ്നേഹിക്കുന്നില്ലെന്നു തോന്നിക്കുംവിധം ആ ആത്മാവിനെ സ്നേഹിക്കുന്നു, അതിനാൽ അതിനെ തൻറെ ‘ഒരേയൊരു മാടപ്രാവ്’ എന്ന് അവിടുന്നു വിളിക്കുന്നു. വരപ്രസാദവസ്ഥയിലുള്ളതെങ്കിലും മന്ദോഷ്ണവും അപൂർണ്ണവുമായ ആയിരക്കണക്കിന് ആത്മാക്കളെക്കാൾ, പൂർണത ആഗ്രഹിക്കുന്ന ഒരു ആത്മാവിനോടാണു ദൈവത്തിനു കൂടുതൽ സ്നേഹം എന്നു വിശുദ്ധ ‘അമ്മ ത്രേസ്യ തൻറെ സഹോദരിമാരിൽ ഒരാളോടു തൻറെ മരണശേഷം വെളിപ്പെടുത്തി. ഓ എൻറെ ദൈവമേ, എത്രയോ വർഷങ്ങളായി അങ്ങ് എന്നെ പൂർണ്ണമായും അങ്ങയുടേതാകാൻ ക്ഷണിക്കുകയും ഞാൻ നിരസിക്കുകയും ചെയ്തുപോന്നു! മരണം ഇതാ അടുത്തുവന്നിരിക്കുന്നു, ഞാൻ ഇതുവരെ ജീവിച്ചതുപോലെ അപൂർണ്ണനായി ഞാൻ മരിക്കുമോ? ഇല്ല, ഞാൻ ഇതുവരെ നന്ദിഹീനനായിരുന്നതുപോലെ മരണനേരത്തും നന്ദിഹീനനായി എന്നെ കാണില്ലെന്നു ഞാൻ പ്രതീക്ഷിക്കുന്നു. പൂർണമായും അങ്ങയുടേതാകാൻ വേണ്ടി എല്ലാം കാര്യങ്ങളും ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നതിനാൽ, എന്നെ സഹായിക്കണമേ.
3. നമ്മോടുള്ള സ്നേഹത്തിലൂടെ, യേശുക്രിസ്തു അവിടുത്തെ മുഴുവൻ സത്തയും നമുക്കു നൽകി. അവൻ നമ്മെ സ്നേഹിച്ചു, നമുക്കുവേണ്ടി തന്നെത്തന്നെ ഏല്പിച്ചിരിക്കുന്നു. വിശുദ്ധ ക്രിസോസ്റ്റം പറയുന്നു: “അങ്ങനെയാണെങ്കിൽ, ദൈവം ഒന്നും മാറ്റിവെക്കാതെ തന്നെത്തന്നെ നിങ്ങൾക്കായി തന്നിട്ടുണ്ട്; ദൈവം സത്യമായും അവിടുത്തെ പീഡാനുഭവത്തിലൂടെയും പരിശുദ്ധ കുർബാനയിലൂടെയും ചെയ്തതുപോലെ അവിടുത്തെ മുഴുവൻ നിങ്ങൾക്കു തന്നിട്ടുണ്ടെങ്കിൽ, നിങ്ങൾക്കു നൽകാൻ ഇനിയും ഒന്നും ദൈവത്തിന് അവശേഷിക്കുന്നില്ലെങ്കിൽ, നിങ്ങളും ഒന്നും മാറ്റിവെക്കാതെ നിങ്ങളെത്തന്നെ ദൈവത്തിനു സ്വയം നൽകണമെന്നു ജ്ഞാനം ആവശ്യപ്പെടുന്നു”. വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് പറയുന്നു: “നമുക്കുവേണ്ടി ജീവൻ ബലി കഴിക്കാൻ മാത്രം നമ്മെ സ്നേഹിച്ച നമ്മുടെ ഔദാര്യവാനായ രക്ഷകനെ സ്നേഹിക്കാൻ നമ്മുടെ ഹൃദയം വളരെ വളരെ ചെറുതാണ്. ” ഓ, നമ്മുടെ ഹൃദയങ്ങളെ ഭിന്നിപ്പിക്കുകയും അവയെ പൂർണ്ണമായും ദൈവത്തിനു കൊടുക്കാതിരിക്കുകയും ചെയ്യുന്നത് എന്തൊരു നന്ദികേടാണ്, എന്ത് അനീതിയാണ്! ഇപ്പോൾ നമുക്ക് ഉത്തമഗീതത്തിലെ മണവാട്ടിയോടു ചേർന്നു പറയാം: ഞാൻ എൻറെ പ്രിയൻറേതാണ്, എൻറെ പ്രിയൻ എൻറേതും. എൻറെ ദൈവമേ, അങ്ങ് എല്ലാം എനിക്കു തന്നിരിക്കുന്നു, ഞാനും എല്ലാം അങ്ങേയ്ക്കു തരും. എൻറെ പരമ നന്മയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. “എൻറെ ദൈവവും എൻറെ സകലവും.” ഞാൻ അങ്ങയുടേതായിരിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു, അങ്ങനെയാകാൻ ഞാനും ആഗ്രഹിക്കുന്നു. ഓ മറിയമേ, എൻറെ അമ്മേ, ദൈവത്തെ അല്ലാതെ മറ്റൊന്നിനെയും ഞാൻ സ്നേഹിക്കാതിരിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.