ഉദാസീനത എന്ന തിന്മ
1. ഒരുവൻ മാരകമായ പാപാവസ്ഥയിൽ ആയിരിക്കുകയും അതിനെയോർത്ത് അതിയായി ഭയപ്പെടുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അപ്പോഴും താൻ മനഃപൂർവം ചെയ്തതും ക്ഷന്തവ്യവുമായ മറ്റു പാപങ്ങളെ അവഗണിക്കുകയും അവയെ ഒഴിവാക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ അവൻറെ ആത്മാവിൽ, മന്ദോഷ്‌ണത ഉളവാക്കുന്ന തിന്മ വളരെ വലുതാണ്. അവയെ പുറന്തള്ളാൻ ദൈവം മന്ദോഷ്‌ണനു മുന്നറിയിപ്പു നല്‍കുന്നു: ‘നീ ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ ഞാൻ നിന്നെ എൻറെ വായിൽ നിന്നു തുപ്പിക്കളയും’. ഇതിൻറെ അർത്ഥം ദൈവത്തിൻറെ ഭാഗത്തുനിന്നുള്ള തിരസ്കരണമാണ്; ഇവിടെ സൂചിപ്പിച്ച രീതിയിൽ, ഒരിക്കൽ നിരസിച്ചവ ഇനി ഒരിക്കലും സ്വീകരിക്കുകയില്ല. ഏറ്റവും ശ്രദ്ധയോടെ സേവിക്കപ്പെടാൻ ദൈവം അർഹനാണെന്നു താൻ കരുതുന്നില്ലെന്നു കപട ക്രിസ്ത്യാനി അവൻറെ പെരുമാറ്റത്താൽ തെളിയിച്ചുകൊണ്ട് ദൈവത്തെ അപമാനിക്കുന്നു. അതെ, എൻറെ ദൈവമേ! ഞാൻ ഇതുവരെ ഈ വിധത്തിൽ അങ്ങയെ നിന്ദിച്ചു, എന്നാൽ ഇപ്പോൾ ഞാൻ തെറ്റുകൾ തിരുത്തി എൻറെ ജീവിതത്തെ നേർവഴിയിലെത്തിക്കും. അങ്ങ് എന്നെ സഹായിക്കുകയും തുണയ്‌ക്കുകയും ചെയ്യണമേ.
2. അമ്മ ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള മാർപ്പാപ്പയുടെ കല്പനയിൽ പറയുന്നതുപോലെ, അവൾ ഒരിക്കലും മാരകമായ പാപത്തിൽ അകപ്പെട്ടിട്ടില്ല; എന്നിട്ടും, തൻറെ മന്ദോഷ്ണത മാറ്റുന്നില്ലെങ്കിൽ, തനിക്കായി നരകത്തിൽ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് ഒരിക്കൽ അവൾക്കു വെളിപ്പെട്ടുകിട്ടിയിരുന്നു . ഇത് എങ്ങനെയായിരുന്നു? മാരകമായ പാപം മാത്രമല്ലേ ഒരുവനെ നരകശിക്ഷയ്ക്ക് അർഹനാക്കുന്നുള്ളൂ!അതിനുള്ള ഉത്തരം പരിശുദ്ധാത്മാവ് ഇപ്രകാരം തരുന്നു: ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അൽപാൽപമായി നശിക്കും. മനപ്പൂർവം ചെയ്ത ലഘുവായ പാപങ്ങളെ കണക്കിലെടുക്കാത്തവൻ എളുപ്പത്തിൽ “മാരകമായ പാപങ്ങളിൽ” വീഴും; കാരണം, ചെറിയ കാര്യങ്ങളിലൂടെ പതിവായി സർവ്വശക്തനായ ദൈവത്തിനെതിരെ പാപം ചെയ്യുന്നതിലൂടെ, ചില സമയങ്ങളിൽ വലിയ കാര്യങ്ങളിൽ ദൈവത്തിനെതിരെ പാപം ചെയ്യുന്നതിക്കുറിച്ച് അവനു കാര്യമായ ഭയമില്ലാതാകും; കൂടാതെ, നിരന്തരം ദൈവത്തിൽ നിന്നു സ്വയം അകന്നുനിൽക്കുന്നതിലൂടെ, അവനെ എളുപ്പത്തിൽ കീഴടക്കുന്ന ശക്തമായ പ്രലോഭനങ്ങളെ പ്രതിരോധിക്കുന്ന ദൈവത്തിൻറെ പ്രത്യേക സഹായങ്ങൾ അവനു നൽകാതിരിക്കാൻ അവൻ ദൈവത്തെ നിർബന്ധിതനാക്കുകയും ചെയ്യുന്നു. ഓ കർത്താവേ, അത്തരമൊരു ദുരിതത്തിലേക്ക് എന്നെ കൈവിടരുതേ; അതിനേക്കാൾ മുൻപ് മരിക്കാൻ എന്നെ അനുവദിക്കണമേ; എൻറെമേൽ കരുണയായിരിക്കണമേ.
3. അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം മാത്രം കൊയ്യും. ദൈവത്തെ അലസമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ആത്മാവിൽനിന്നു ദൈവം തൻറെ കൃപയെ നീതിയോടെ തടയുന്നു. അതിനാൽ പ്രവാചകൻ പറയുന്നു: കർത്താവിൻറെ വേലയിൽ അലസനായവൻ ശപ്തൻ. ദൈവത്തെ വഞ്ചനയോടെ ശുശ്രൂഷിക്കുന്നവനെ ദൈവം ശപിക്കുന്നതിനാൽ അവൻ ഒരു വലിയ തിന്മയാണു ചെയ്യുന്നത്. കഠിന പാപി, തൻറെ കുറ്റകൃത്യങ്ങളെക്കുറിച്ചു ബോധവാനായിക്കൊണ്ട് അവയെ ഏറ്റുപറയുന്നു; എന്നാൽ കപടവിശ്വാസിയായ ക്രിസ്ത്യാനി, താൻ വലിയ പാപങ്ങളിൽ അകപ്പെട്ടിട്ടില്ലാത്തതിനാൽ മറ്റുള്ളവരെക്കാൾ മികച്ചവനാണെന്നു സ്വയം കരുതിക്കൊണ്ട് തൻറെ അകൃത്യങ്ങളുടെ ചെളിയിൽ തന്നെ തുടരുന്നു. അവൻ തന്നെത്താൻ എളിമപ്പെടുത്തുന്നുമില്ല. ഓ എൻറെ ദൈവമേ! അങ്ങ് എനിക്കു നൽകാൻ തയ്യാറായിരുന്ന കൃപയുടെ വഴി ഞാൻ തന്നെ എൻറെ മന്ദതയാൽ അടച്ചിരിക്കുന്നു. കർത്താവേ, എന്നെ സഹായിക്കണമേ. എൻറെ ജീവിതം നേർവഴിയിലാക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. എനിക്കുവേണ്ടി സ്വന്തം ജീവൻ നൽകിയ അങ്ങയെ ഞാൻ ഒഴിവാക്കാൻ ഒരു കാരണവുമില്ല. പരിശുദ്ധ മറിയമേ, ദൈവത്തിൻറെ അമ്മേ, എന്നെ സഹായിക്കണമേ; അങ്ങയുടെ രക്ഷാകർതൃത്വത്തിൽ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു.