മാരകപാപം ചെയ്യുന്ന പാപിയുടെ സാഹസികത
1. ദൈവത്തിനു മാരകപാപത്തെ വെറുക്കാൻ മാത്രമേ കഴിയുകയുള്ളു, കാരണം മാരകപാപം അവിടുത്തെ ദിവ്യഹിതത്തിന് എതിരാണ്: വിശുദ്ധ ബെർണാർഡ് പറയുന്നു: “പാപം ദൈവഹിതത്തെ നശിപ്പിക്കും”. മാരകപാപത്തെ വെറുക്കാൻ മാത്രമേ ദൈവത്തിനു കഴിയുകയുള്ളു എന്നതുപോലെ, പാപത്തെ സ്നേഹിക്കുകയും ദൈവത്തിനെതിരെ മത്സരിക്കുകയും ചെയ്യുന്ന പാപിയെയും വെറുക്കാൻ മാത്രമേ ദൈവത്തിനു കഴിയുകയുള്ളു. ‘ദുഷ്ടനും അവൻറെ ദുഷ്ടതയും ദൈവത്തിന് ഒരുപോലെ വെറുപ്പുളവാക്കുന്നതാണ്’. അപ്പോൾ, പാപം ചെയ്യുന്നതിലൂടെ ദൈവത്തിൻറെ ക്രോധം തൻറെമേൽ വരുത്തുകയാണെന്ന് അറിഞ്ഞുകൊണ്ടു പാപം ചെയ്യുന്ന പാപിയുടെ അശ്രദ്ധ എത്ര വലുതാണ്. ഓ എൻറെ ദൈവമേ! എൻറെമേൽ കരുണയായിരിക്കണമേ; അങ്ങ് എന്നെ അനേകം കൃപകളാൽ സമുദ്ധരിച്ചു; എന്നാൽ പ്രതിഫലമായി അനേകം പാപങ്ങളാണു ഞാൻ അങ്ങേയ്ക്കു നൽകിയത്. ഞാൻ ചെയ്തതുപോലെ ആരും അങ്ങയെ ദാരുണമായി വേദനിപ്പിച്ചിട്ടില്ല. അങ്ങയുടെ കരുണയാൽ എൻറെ പാപങ്ങളോർത്തുള്ള തീവ്രമായ പശ്ചാത്താപം എനിക്കു തരണമേ.
2. ദൈവം അവിടുത്തെ ഹിതത്തിൻറെ ഒരേ ഒരു പ്രവൃത്തിയിലൂടെ സകലവും സൃഷ്ടിച്ച സർവ്വശക്തനാണ്: അവിടുന്നു കൽപിച്ചു, അവ സൃഷ്ടിക്കപ്പെട്ടു. അതുപോലെതന്നെ, അവിടുന്ന് ആഗ്രഹിക്കുമ്പോൾ അവിടുത്തെ ഹിതത്തിൻറെ ഒരൊറ്റ പ്രവൃത്തിയിലൂടെ, താൻ സൃഷ്ടിച്ചതെല്ലാം നശിപ്പിക്കാനും അവിടുത്തേക്കു കഴിയും: ഒരു അംഗുലീചലനം കൊണ്ടു മുഴുവൻ ലോകത്തെയും നശിപ്പിക്കാൻ അവിടുത്തേയ്ക്കു കഴിയും. ഈ സർവശക്തനായ ദൈവത്തോട് എതിർത്തുനിൽക്കാനും അവിടുത്തെ ശത്രുവായി തന്നെത്തന്നെ മാറ്റാനും പാപി ധൈര്യപ്പെടുമോ? ജോബ് പറയുന്നു: ‘അവൻ ദൈവത്തിനെതിരെ കൈയുയർത്തുകയും സർവ്വശക്തനെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുന്നു’. ആയുധധാരിയായ ഒരു സൈനികനെതിരെ പോരാടാനൊരുങ്ങുന്ന ഒരു ഉറുമ്പിനെക്കുറിച്ച് എന്താണു നമുക്കു തോന്നുക? ഓ നിത്യനായ ദൈവമേ, അങ്ങയുടെ ശക്തിയെ കണക്കിലെടുക്കാതെ, അങ്ങയുടെ കോപം എൻറെമേൽ വരുത്തിവെക്കുകയാണെന്നറിഞ്ഞുകൊണ്ടു തന്നെ അങ്ങയെ എതിർക്കാൻ പലപ്പോഴും ധൈര്യപ്പെട്ടിട്ടുള്ള എന്നെക്കുറിച്ച് എന്താണു പറയേണ്ടത്? എന്നാൽ, യേശുവേ, എനിക്കു പാപമോചനം നേടിത്തരാനായി മരിച്ച അങ്ങയുടെ പരിശുദ്ധമായ പീഡാസഹനം, പാപമോചനത്തിനായി അങ്ങയിൽ പ്രത്യാശ വയ്ക്കാൻ എനിക്ക് ആത്മവിശ്വാസം തരുന്നു.
3. പാപി തൻറെ സ്വന്തം ദൃഷ്ടിയിൽ തന്നെ ദൈവത്തെ ദ്രോഹിക്കുന്നതായി അറിയുന്നു എന്നു മനസ്സിലാക്കുമ്പോൾ, അവൻറെ യുക്തിവിചാരമില്ലായ്മ എത്രയധികമാണ്! ‘അവൻ എൻറെ മുഖത്തുനോക്കി എന്നെ പ്രകോപിപ്പിക്കുന്നു’. രാജാവിൻറെ സന്നിധിയിൽ നിന്നുകൊണ്ടു നിയമങ്ങൾ ലംഘിക്കാനുള്ള ധൈര്യം ഏതെങ്കിലും പ്രജയ്ക്ക് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? എന്നാൽ ദൈവം തന്നെ കാണുന്നുവെന്നു പാപി അറിയുന്നു, എന്നിട്ടും അവിടുത്തെ മുമ്പാകെ പാപം ചെയ്യാൻ അവൻ മടിക്കുന്നില്ല. എൻറെ പ്രിയപ്പെട്ട രക്ഷകാ, അങ്ങയുടെ തിരുമുമ്പാകെ അങ്ങയുടെ പരിശുദ്ധ കല്പനകളെ പുച്ഛിക്കാൻ ധൈര്യപ്പെട്ട ധിക്കാരിയാണു ഞാൻ. അതിനാൽ ഞാൻ നരകത്തിന് അർഹനാണ്; എന്നാൽ, ലോകത്തിൻറെ പാപങ്ങൾ നീക്കാനും പാവപ്പെട്ട പാപികളെ രക്ഷിക്കാനും ആത്മാർത്ഥമായി ആഗ്രഹിക്കുന്ന അങ്ങാണ് എൻറെ രക്ഷകൻ: നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണു മനുഷ്യപുത്രൻ വന്നിരിക്കുന്നത്. അങ്ങയെ മുറിവേൽപ്പിച്ചതിൽ ഞാൻ എത്രമാത്രം ദുഃഖിക്കുന്നു! അങ്ങയുടെ സ്നേഹത്തിൻറെ പല തെളിവുകളും അങ്ങ് എനിക്കു തന്നിട്ടുണ്ട്, എന്നാൽ അതിനു പകരമായി നിരവധി ദ്രോഹങ്ങളാണ് അങ്ങേയ്ക്കു ഞാൻ തിരിച്ചുതന്നത്; ഓ യേശുവേ! എൻറെ പാപങ്ങളിൽ നിന്ന് വിടുവിച്ച് അങ്ങയുടെ സ്നേഹത്താൽ എന്നെ വീണ്ടും നിറയ്ക്കണമേ. ഓ അനന്തമായ സ്നേഹമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു! അങ്ങയുടെ സ്നേഹം എന്നെങ്കിലും വീണ്ടും നഷ്ടപ്പെടുമോയെന്ന ചിന്തയിൽ ഞാൻ വിറയ്ക്കുന്നു, ഓ ദൈവമേ, അത് അനുവദിക്കരുതേ! പകരം ഞാൻ മരിക്കട്ടെ. ഓ പരിശുദ്ധ മറിയമേ, ദൈവത്തോട് അങ്ങ് ആവശ്യപ്പെടുന്നതെല്ലാം അങ്ങ് നേടുന്നു; പരിശുദ്ധമായ സ്ഥിരോത്സാഹം എന്ന ദാനം എനിക്കു നേടിത്തരണമേ.