മരണവേളയിൽ
1. ഇപ്പോൾ നിങ്ങൾ മരണത്തിൻറെ ഘട്ടത്തിലായിരുന്നുവെങ്കിൽ, മരണവേദനയിൽ അന്ത്യശ്വാസം വലിച്ച് ദൈവിക ന്യായാസനത്തിനു മുന്നിൽ ഹാജരാകാൻ പോകുകയാണെങ്കിൽ, ദൈവത്തിനുവേണ്ടി എന്തുതന്നെ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയില്ല! നിങ്ങളുടെ ആത്മാവിൻറെ രക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി കുറച്ചു സമയം കൂടി ലഭിക്കാനായി നിങ്ങൾ എന്താണു നൽകാത്തതായുള്ളത്? ഹാ, ഇപ്പോൾ എനിക്കു തന്നിരിക്കുന്ന പ്രകാശത്തെ ഞാൻ ഉപയോഗപ്പെടുത്തി, എൻറെ ജീവിതത്തിലെ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ, എനിക്കു കഷ്ടം! അവിടുന്നു സമയം എനിക്കെതിരാക്കിയിരിക്കുന്നു. ഇപ്പോൾ ദൈവത്തിൻറെ കാരുണ്യത്താൽ എനിക്കു ലഭിച്ചിരിക്കുന്ന സമയം, എനിക്കു മേലിൽ ഒട്ടും സമയമില്ലാതെ വരുമ്പോൾ ഒരു വലിയ പീഡയും, മരണത്തിൻറെ മണിക്കൂറിൽ കഠിനമായ ഖേദത്തിനു കാരണവും ആയിരിക്കും. ഓ യേശുവേ! അങ്ങ് അങ്ങയുടെ ജീവിതകാലം മുഴുവൻ എൻറെ രക്ഷയ്ക്കായി ചെലവഴിച്ചു; ഞാൻ ഈ ലോകത്തിൽ ഒരുപാടു വർഷങ്ങൾ ജീവിച്ചു, എന്നിട്ടും ഞാൻ ഇതുവരെ അങ്ങേയ്ക്കായി എന്താണു ചെയ്തത്? കഷ്ടം! ഞാൻ ചെയ്തവയെല്ലാം എനിക്കു വേദനയും മനസ്സാക്ഷിക്കുത്തും മാത്രമേ തരുന്നുള്ളൂ.
2. ക്രിസ്ത്യാനീ, ദൈവം ഇപ്പോൾ നിനക്കു സമയം നൽകുന്നു, ഉടനെ തീരുമാനമെടുക്കുക. നീ എങ്ങനെയാണ് ഈ സമയം ചെലവഴിക്കാൻ പോകുന്നത്? നീ എന്തിനുവേണ്ടിയാണു കാത്തിരിക്കുന്നത്? മുൻകാലങ്ങളിൽ നീ അവഗണിച്ചുകളഞ്ഞതും പരിഹാരം ചെയ്യാൻ സമയം അവശേഷിച്ചിട്ടില്ലാത്തതുമായ കാര്യങ്ങൾ നിനക്കു വെളിപ്പെടുത്തിത്തരുന്ന ആ പ്രകാശം കാണാൻ കാത്തിരിക്കുകയാണോ നീ ? എതിർപ്പ് കൂടാതെ അനുസരിക്കേണ്ട “പുറപ്പെടുക” എന്ന കൽപ്പന കേൾക്കാൻ കാത്തിരിക്കുകയാണോ നീ? ഓ, എൻറെ ദൈവമേ! അങ്ങ് എനിക്കു തന്നതും എന്നാൽ ഞാൻ ഇതുവരെ വളരെയധികം ദുരുപയോഗിച്ചതുമായ പ്രകാശത്തെ ഇനി മേലിൽ ഞാൻ ദുരുപയോഗം ചെയ്യുകയില്ല. ഈ പുതിയ ഉദ്ബോധനത്തിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു, അങ്ങ് എനിക്ക് നൽകുന്ന അവസാനത്തെ ശാസനമായിരിക്കാം ഇത്. എന്നാൽ ഇപ്പോൾ എന്നെ ഇപ്രകാരം പ്രബുദ്ധനാക്കിയതിനാൽ, അങ്ങ് എന്നെ ഇതുവരെ കൈവിട്ടിട്ടില്ല എന്നും, അങ്ങ് എന്നോട് കരുണ കാണിക്കാൻ ആഗ്രഹിക്കുന്നു എന്നും ഉള്ളതിൻറെ അടയാളമാണ് ഇത്. എൻറെ പ്രിയപ്പെട്ട രക്ഷകാ, അങ്ങയുടെ കൃപയെ പലപ്പോഴും നിന്ദിക്കുകയും അങ്ങയുടെ വിളികളെയും പ്രചോദനങ്ങളെയും അവഗണിക്കുകയും ചെയ്തതിൽ എല്ലാറ്റിനുമുപരിയായി ഞാൻ ഖേദിക്കുന്നു. അങ്ങയുടെ സഹായത്താൽ, ഇനി ഒരിക്കലും അങ്ങയെ വേദനിപ്പിക്കുകയില്ലെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു.
3. ഓ ദൈവമേ! എത്ര ക്രിസ്ത്യാനികൾ അവരുടെ രക്ഷയെക്കുറിച്ചുള്ള വലിയ അനിശ്ചിതത്വത്തിൽ മരിക്കുകയും, അങ്ങയെ ശുശ്രൂഷിക്കാൻ അവർക്കു സമയമുണ്ടായിരുന്നെന്ന ചിന്തയിൽ യാതനയനുഭവിക്കുകയും, എന്നാൽ ഇപ്പോൾ ഒരു നല്ല പ്രവൃത്തിക്കും സമയം അവശേഷിക്കാത്ത അവരുടെ ജീവിതാവസാനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ദൈവം അവർക്കു നൽകിയിട്ടുള്ള അനേകം കൃപകളെയും പ്രചോദനങ്ങളെയും കുറിച്ചു കൃത്യമായ കണക്കു കൊടുക്കുക മാത്രമാണ് അവർക്കിനി ചെയ്യാനുള്ളത്, എന്നാൽ എന്തു മറുപടി നൽകണമെന്ന് അവർക്ക് അറിയില്ല. ഓ കർത്താവേ! അത്തരമൊരു ദാരുണവേദനയിൽ ഞാൻ മരിക്കുകയില്ല. അങ്ങ് എന്നോട് ആവശ്യപ്പെടുന്നതെന്തെന്നു പറയണമേ, ഞാൻ നടക്കേണ്ട ജീവിതരീതി എന്നെ അറിയിക്കണമേ, എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങയെ അനുസരിക്കും. ഇന്നുവരെ ഞാൻ അങ്ങയുടെ കൽപ്പനകൾ ധിക്കരിച്ചു; എന്നാൽ അതിൽ ഞാൻ ഇപ്പോൾ പൂർണ്ണഹൃദയത്തോടെ ദുഃഖിക്കുകയും എല്ലാറ്റിനുമുപരി അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു. ഓ മറിയമേ, പാപികളുടെ സങ്കേതമേ! എൻറെ ആത്മാവിനെ അങ്ങയുടെ ദിവ്യ പുത്രനു സ്വീകാര്യമാക്കിത്തീർക്കണമേ.