വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 80

പാപിയുടെ ശോചനീയമായ  മരണം

1. പാവം നിർഭാഗ്യനായ  മനുഷ്യൻ! അവൻ എങ്ങനെ ദുഃഖത്താൽ ഞെരുങ്ങുന്നുവെന്നു നോക്കുക! കഷ്ടം! അവൻ ഇപ്പോൾ മരിക്കാറായിരിക്കുന്നു; ഒരു തണുത്ത വിയർപ്പ് അവൻറെ മേൽ നനഞ്ഞിറങ്ങുന്നു; അവനു ശ്വാസതടസ്സം ഉണ്ടാകുന്നു, അവൻ ഇടയ്ക്കിടെ ബോധംകെട്ടുപോകുന്നു; അവൻ സ്വയം ചിന്തിക്കുമ്പോൾ, അവൻറെ ബോധം വളരെ ദുർബലമാണ്, അവനു വളരെ കുറച്ചു മാത്രമേ ശ്രദ്ധിക്കാനും മനസ്സിലാക്കാനും സംസാരിക്കാനും കഴിയുന്നുള്ളു. എന്നാൽ ഏറ്റവും ദയനീയമായ  കാര്യം, അവൻ തൻറെ  അവസാനത്തോട് അടുക്കുകയാണെങ്കിലും,  ഉടനെ തന്നെ ദൈവത്തിനു മുൻപിൽ കണക്കു സമർപ്പിക്കേണ്ടതിനെക്കുറിച്ചു  ചിന്തിക്കുന്നതിനുപകരം, അവൻ തൻറെ  രോഗത്തിനു പരിചരിക്കുന്നവരെക്കുറിച്ചും, തന്നെ  മരണത്തിൽ നിന്നു  രക്ഷിക്കാൻവേണ്ടി അവർക്കു  ചെയ്യാൻ കഴിയാവുന്ന കാര്യങ്ങളെക്കുറിച്ചും മാത്രം ചിന്തിക്കുന്നു. അവനു ചുറ്റും നിൽക്കുന്നവർ, ദൈവത്തോട് അനുരഞ്ജനപ്പെടാൻ  അവനെ ഉദ്‌ബോധിപ്പിക്കുന്നതിനുപകരം, അവൻറെ  രോഗം കുറച്ചു  ഭേദമുണ്ടെന്നു പൊള്ളവാക്കു പറയുകയോ അല്ലെങ്കിൽ അവനെ ശല്യപ്പെടുത്താതിരിക്കാൻവേണ്ടി ഒന്നും പറയാതിരിക്കുകയോ ചെയ്യുന്നു.  ഓ എൻറെ ദൈവമേ! അത്തരമൊരു നിർഭാഗ്യകരമായ അന്ത്യത്തിൽ നിന്ന്, എന്നെ രക്ഷിക്കണമേ.  

2.  എന്നാൽ അവസാനം കടന്നുവരുന്ന  പുരോഹിതൻ അവൻറെ അടുത്തെത്തി   ആസന്നമായ വിയോഗത്തെക്കുറിച്ച്   അവനെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു, “പ്രിയ സഹോദരാ, നീ ഇപ്പോൾ വലിയ അപകടാവസ്ഥയിലാണ്,  നീ ഈ ലോകത്തോടു വിടപറയണം; അതുകൊണ്ട് നിന്നെത്തന്നെ  ദൈവത്തിനു സമർപ്പിക്കുകയും  അവിടുത്തെ പരിശുദ്ധ  കൂദാശകൾ സ്വീകരിക്കുകയും ചെയ്യുക.” ഈ അശുഭ  പ്രഖ്യാപനം കേൾക്കുമ്പോൾ, അവനുണ്ടാകുന്ന  മനഃക്ഷോഭം  എത്ര ഭയാനകം! എന്തുമാത്രം സങ്കടവും   പശ്ചാത്താപവും അവനെ കീഴടക്കുന്നു! അവൻ അനുഭവിക്കുന്ന സംഘർഷം എത്ര ഭയാനകമാണ്! അവൻ ചെയ്ത എല്ലാ പാപങ്ങളും അവൻറെ ഓർമ്മയിൽ വന്ന് അവനെ വേദനിപ്പിക്കുന്നു. താൻ  അവഗണിച്ച നല്ല പ്രചോദനങ്ങൾ, താൻ   പാലിക്കാതെപോയ വാഗ്ദാനങ്ങൾ, ഇപ്പോൾ നഷ്ടപ്പെടുകയും എന്നെന്നേക്കുമായി ഇല്ലാതാകുകയും ചെയ്യുന്ന ജീവിതത്തിലെ കഴിഞ്ഞുപോയ  അനേകം വർഷങ്ങൾ, എല്ലാം അവൻറെ മനസ്സിലേക്കു തള്ളിക്കയറിവരുന്നു.  അവൻ  തൻറെ  കഴിഞ്ഞുപോയ ജീവിതത്തിൽ ഒട്ടും ഗൗനിക്കാതിരുന്ന നിത്യതയുടെ സത്യങ്ങളിലേക്കു ഇപ്പോൾ കണ്ണുതുറക്കുന്നു. ഓ ദൈവമേ! അങ്ങയുടെ പ്രീതി നഷ്ടപ്പെടുമെന്നതിനെക്കുറിച്ചും, മരണത്തെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും, നരകത്തെക്കുറിച്ചും, നിത്യതയെക്കുറിച്ചും ഉള്ള ചിന്തകൾ അസന്തുഷ്ടനായ അവൻറെ ആത്മാവിൽ എന്തുമാത്രം ഭീകരതയാണുണ്ടാക്കുക! ഓ യേശുവേ! എന്നോടു ദയ കാണിക്കുകയും, എന്നോടു ക്ഷമിക്കുകയും ചെയ്യണമേ. എന്നെ ഉപേക്ഷിക്കരുതേ. അങ്ങയെ നിന്ദിച്ചതുവഴി ഞാൻ ചെയ്ത തിന്മയെക്കുറിച്ച് ഞാൻ ബോധവാനാണ്, അങ്ങയുടെ സ്നേഹത്തിനുവേണ്ടി പൂർണ്ണമനസ്സോടെ ഞാൻ മരിക്കും. ഓ ദൈവമേ, ഇപ്പോഴെങ്കിലും ഒരു പുതിയ ജീവിതം ആരംഭിക്കാൻ എന്നെ സഹായിക്കണമേ.

3.   മരിക്കുന്ന പാപി വിലപിക്കുന്നു: “ഓ, ഞാൻ എത്ര വലിയ മണ്ടത്തരമാണു  കാണിച്ചത്!  ഞാൻ എങ്ങനെയാണ്  എൻറെ ജീവിതം തകർത്തത്! എനിക്കു വേണമെങ്കിൽ ഒരു വിശുദ്ധനാകാമായിരുന്നു. എന്നാൽ ഇനി ആവില്ല; ഇനിയിപ്പോൾ  എനിക്ക് എന്തുചെയ്യാൻ കഴിയും? എൻറെ തല ചുറ്റുന്നു, ഭയം എന്നെ അടിച്ചമർത്തുന്നു, ഏതെങ്കിലും ഒരു സൽകൃത്യത്തിലേക്ക്  എൻറെ മനസിനെ എത്തിക്കാൻ  എന്നെ അനുവദിക്കുന്നില്ല!  കുറച്ചു  നിമിഷങ്ങൾക്കുള്ളിൽ എനിക്ക് എന്തു  സംഭവിക്കും? ഈ അവസ്ഥയിൽ മരിച്ചാൽ, ഞാൻ എങ്ങനെ രക്ഷപെടും?” ദൈവവുമായുള്ള അനുരഞ്ജനം  സഫലമാക്കാനുള്ള  സമയത്തിനായി  അവൻ ആഗ്രഹിക്കുന്നു, പക്ഷേ അവനിനി സമയം ഒട്ടും ഇല്ല. അവൻ നിലവിളിക്കുന്നു, “ഹാ! ഈ തണുത്ത വിയർപ്പ്, മരണം സമീപിച്ചു എന്നതിൻറെ ഉറപ്പായ  ലക്ഷണമാണ്;    എനിക്ക് എൻറെ കണ്ണുകളുടെ കാഴ്ചയും  ശ്വാസവും നഷ്ടപ്പെട്ടു തുടങ്ങുന്നു; എനിക്ക് ഇനി അനങ്ങാൻ കഴിയില്ല, എനിക്കു  സംസാരിക്കാൻ ബുദ്ധിമുട്ടാണ്”. അങ്ങനെ, വളരെയധികം ആശയക്കുഴപ്പങ്ങൾക്കും വിഷാദത്തിനും ഭയത്തിനും ഇടയിൽ, അവൻറെ ആത്മാവ് അവൻറെ ശരീരത്തിൽ നിന്നു വേർപെട്ടു യേശുക്രിസ്തുവിൻറെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നു. ഓ എൻറെ യേശുവേ! അങ്ങയുടെ മരണമാണ് എൻറെ പ്രത്യാശ. എല്ലാ നന്മകൾക്കും ഉപരി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ, അങ്ങയെ വേദനിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു. പരിശുദ്ധ മറിയമേ, ദൈവമാതാവേ, എനിക്കുവേണ്ടി യേശുവിനോടു പ്രാർത്ഥിക്കണമേ.