വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 79

യേശു, സ്നേഹത്തിൻറെ രാജാവ്.

1.   ഹേറോദോസ്, തൻറെ രാജ്യം നഷ്ടപ്പെടുമോ എന്ന ഭയത്താൽ ഈശോയുടെ ജീവനെടുക്കാൻ  ശ്രമിച്ചപ്പോൾ അവൻറെ പിടിയിൽ നിന്നും രക്ഷപ്പെട്ട്  ഈജിപ്തിലേക്ക് പലായനം ചെയ്ത  ഉണ്ണീശോയെക്കുറിച്ചു ചിന്തിച്ച വിശുദ്ധ ഫുൾജെൻഷ്യസ് ആശ്ചര്യപ്പെട്ടു പറഞ്ഞു: “ ഹേറോദോസേ, നീ എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്? മറ്റു  രാജാക്കന്മാരെ ആയുധശക്തിയാൽ അധികാരത്തിൽ നിന്നു മറിച്ചിടാനല്ല ഇപ്പോൾ ജനിച്ച   ഈ  രാജാവു  വരുന്നത്, അവർക്കുവേണ്ടി മരിക്കുന്നതിലൂടെ അവരെ കീഴ്‌പ്പെടുത്താനാണ്”. അദ്ദേഹം പറഞ്ഞതുപോലെ, സ്വർഗ്ഗത്തിൻറെ രാജാവ് യുദ്ധത്താലല്ല, മറിച്ച് സ്നേഹത്താലാണു നമ്മെ കീഴടക്കാൻ വന്നത്; അവിടുന്നു വന്നിരിക്കുന്നതു നമ്മെ മരണത്തിനു വിട്ടുകൊടുക്കാനല്ല, മറിച്ചു, നമുക്കുവേണ്ടി മരിക്കുന്നതിലൂടെ മരണത്തിൽ നിന്നു നമ്മെ രക്ഷിക്കാനാണ്. അതിനാൽ, യേശുവിനെ തീർച്ചയായും സ്നേഹത്തിൻറെ രാജാവായി വിശേഷിപ്പിക്കാം. ഓ, എൻറെ പരമാധികാരിയായ രാജാവേ, ഞാൻ എപ്പോഴും അങ്ങയെ സ്നേഹിച്ചിരുന്നെങ്കിൽ! ഒരിക്കലും അങ്ങയെ വേദനിപ്പിച്ചിട്ടില്ലായിരുന്നെങ്കിൽ! ഞാൻ നഷ്ടപ്പെട്ടുപോകാതിരിക്കാൻ അങ്ങു മുപ്പത്തിമൂന്നു വർഷം മനോവേദനയിലും അധ്വാനത്തിലും ചെലവഴിച്ചു, എന്നാൽ ക്ഷണികമായ ആനന്ദങ്ങൾക്കുവേണ്ടി എൻറെ പരമനന്മയായ അങ്ങയെ ഞാൻ മനഃപ്പൂർവ്വം ഉപേക്ഷിച്ചു. കരുണയുടെ പിതാവേ, എന്നോടു ക്ഷമിക്കണമേ, സമാധാന ചുംബനംകൊണ്ട് എന്നെ ആശ്ലേഷിക്കണമേ.    

2. നന്ദികെട്ട യഹൂദന്മാരേ! വളരെ സ്നേഹമുള്ള ഒരു രാജാവിനെ, നിങ്ങളുടെ നേരെ ഇത്രയധികം സ്നേഹം കാണിച്ച നിങ്ങളുടെ രാജാവിനെ അംഗീകരിക്കാൻ നിങ്ങൾ വിസമ്മതിച്ചത് എന്തുകൊണ്ടാണ്? ‘സീസറല്ലാതെ ഞങ്ങൾക്കു വേറെ രാജാവില്ല’ എന്ന് എന്തുകൊണ്ടാണു നിങ്ങൾ ആർത്തുവിളിച്ചത്? സീസർ നിങ്ങളെ സ്നേഹിച്ചിട്ടില്ല, നിങ്ങൾക്കുവേണ്ടി മരിക്കാൻ ആഗ്രഹിച്ചിട്ടുമില്ല; അതേസമയം, നിങ്ങളുടെ യഥാർത്ഥ രാജാവ് നിങ്ങളോടുള്ള സ്നേഹത്തെപ്രതി മരിക്കാനായാണു സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്ക് ഇറങ്ങിവന്നത്. ഓ മാധുര്യവാനായ രക്ഷകാ! മറ്റുള്ളവർ അവരുടെ രാജാവായി അങ്ങയെ സ്വീകരിക്കില്ലെങ്കിലും എനിക്ക് അങ്ങല്ലാതെ  മറ്റൊരു രാജാവ് ഉണ്ടായിരിക്കുകയില്ല: “അവിടുന്നാണ് എൻറെ രാജാവ്”. അങ്ങു മാത്രമേ എന്നെ സ്നേഹിക്കുന്നുള്ളൂ  എന്നു ഞാൻ അറിയുന്നു; അങ്ങയുടെ രക്തത്താൽ എന്നെ വീണ്ടെടുത്തത് അങ്ങു മാത്രമാണ്; അപ്പോൾ, അങ്ങ് എന്നെ സ്നേഹിച്ചതുപോലെ എന്നെ സ്നേഹിച്ച ഒരുവനെ ഞാൻ എവിടെ കണ്ടെത്തും? അങ്ങയോടുള്ള എൻറെ  ആദരവു   നഷ്ടപ്പെടുത്തിക്കൊണ്ടും അങ്ങയോട് എതിർത്തു നിന്നു കൊണ്ടും എൻറെ രാജാവായ അങ്ങയെ ഇതുവരെ നിരസിച്ചതിൽ ഞാൻ ദുഃഖിതനാണ്. ഓ ഈശോയെ, എൻറെ രാജാവേ, എന്നോടു ക്ഷമിക്കണമേ! എന്തെന്നാൽ, എനിക്കു പാപമോചനം വാങ്ങിത്തരുന്നതിനു വേണ്ടിയാണ് അങ്ങു മരിച്ചത്.

3. ‘എന്തെന്നാൽ, മരിച്ചവരുടെയും ജീവിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനു വേണ്ടിയാണു ക്രിസ്തു മരിച്ചതും ഉയിർത്തെഴുന്നേറ്റതും’. എൻറെ പ്രിയപ്പെട്ട രാജാവേ, പ്രിയപ്പെട്ട യേശുവേ, ഞങ്ങളുടെ ഹൃദയങ്ങൾ  നേടിയെടുക്കുന്നതിനുവേണ്ടി അങ്ങു ഭൂമിയിൽ വന്നതിനാൽ, ഇതുവരെ അങ്ങയുടെ സ്നേഹപൂർവമായ വിളി ഞാൻ എതിർത്തെങ്കിലും, ഞാൻ ഇനി മേലിൽ അവയെ എതിർക്കുകയില്ല. എന്നെ സ്വീകരിക്കാൻ മടി കാണിക്കരുതേ; ഇപ്പോൾ ഞാൻ എന്നെത്തന്നെ അങ്ങേയ്ക്കു നൽകുന്നു; ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്കു നൽകുന്നു. ഓ രാജാവേ, എൻറെ മുഴുവൻ ഇച്ഛാശക്തിയെയും, എന്നെ പൂർണ്ണമായിത്തന്നെയും  അങ്ങ് ഏറ്റെടുക്കണമേ. എന്നെ അങ്ങയോടു വിശ്വസ്തനാക്കണമേ; എൻറെ രാജാവും, എൻറെ സ്നേഹവും, നന്മ മാത്രവുമായ അങ്ങയെ ഇനിമേൽ ഒറ്റിക്കൊടുക്കുന്നതിനേക്കാൾ മരിക്കാൻ എന്നെ അനുവദിക്കണമേ. ഓ, എൻറെ രാജാവിൻറെ അമ്മയും രാജ്ഞിയുമായ  മറിയമേ, ഈ ദിവസം ഞാൻ അങ്ങയുടെ ദിവ്യപുത്രനോടു വാഗ്ദാനം ചെയ്യുന്ന വിശ്വസ്തത എനിക്കുവേണ്ടി നേടിത്തരണമേ.