വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 78

പരിത്യക്തനായ പാപിയുടെ പശ്ചാത്താപം

1. നിത്യമായി ശിക്ഷിക്കപ്പെടുന്ന  ആത്മാവ് മൂന്നുതരം പശ്ചാത്താപത്താൽ പീഡിപ്പിക്കപ്പെടുന്നു. തനിക്ക് നിത്യമായ ദുരിതത്തിനു കാരണമായിത്തീർന്നതെന്തോ  ആ വെറും നിസ്സാരസുഖത്തെപ്പറ്റി  ചിന്തിക്കുന്നതിൽ നിന്നാണ്  പാപിയുടെ ആദ്യത്തെ ദുഃഖം   ഉത്ഭവിക്കുന്നത്.  പാപത്തിൻറെ ആനന്ദം എത്രത്തോളം നിലനിൽക്കും? ഒരു നിമിഷത്തേക്കു മാത്രം. മരണസമയത്ത് ഒരു മനുഷ്യന്, തൻറെ  കഴിഞ്ഞ ജീവിതകാലം മുഴുവനുമെടുത്താൽ  എത്രനാൾ ഉണ്ടായിരുന്നുതായി തോന്നും? വെറും ഒരു നിമിഷം. എന്നാൽ, നരകത്തിലുള്ള ഒരാൾ, നിത്യതയുടെ അഗാധതയിൽ, നൂറു ദശലക്ഷമോ അല്ലെങ്കിൽ ആയിരം ദശലക്ഷമോ വർഷങ്ങൾക്കു ശേഷവും അവൻറെ നിത്യത ആരംഭിക്കുന്നതു മാത്രമേയുള്ളുവെന്ന് അവൻ മുൻകൂട്ടി കാണുമ്പോൾ, അവൻറെ ഭൂമിയിലെ അൻപതോ  അറുപതോ വർഷക്കാലത്തെ പ്രവാസം എന്തായിട്ടാണു തോന്നുക? അവൻ നിലവിളിക്കുന്നു: ‘കഷ്ടം! അത്യന്തം ദ്രോഹകരമായ ആനന്ദങ്ങളിൽ ഏർപ്പെട്ടുകൊണ്ട്  ഞാൻ ആസ്വദിച്ച ഏതാനും നിമിഷങ്ങളെപ്രതി,ആളിക്കത്തുന്ന  ഈ  അഗ്നിജ്വാലയിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് എന്നേക്കും, ദൈവം ദൈവമായിരിക്കുന്നിടത്തോളം കാലം, ഞാൻ കഷ്ടപ്പെടണം, വിലപിക്കണം, നിരാശപ്പെടണം’. ഓ എൻറെ ദൈവമേ! അങ്ങേയ്ക്ക് എന്നോടുള്ള വലിയ കാരുണ്യത്തിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു, എന്നോട് ഇനിയും കരുണ കാണിക്കണമേയെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.   

2. രക്ഷിക്കപ്പെടാൻ ചെയ്യേണ്ടിയിരുന്നതും എന്നാൽ ചെയ്യാതിരുന്നതും ഇനിയങ്ങോട്ടു പരിഹാരമില്ലാത്തതും ആയ ചെറിയ കാര്യങ്ങളെപ്പറ്റിയുള്ള ശിക്ഷിക്കപ്പെടുന്ന ആത്മാവിൻറെ ചിന്തയിൽ നിന്നാണ് രണ്ടാമത്തെ തരത്തിലുള്ള പശ്ചാത്താപം ഉണ്ടാകുന്നത്. ആ ആത്മാവ് ഇപ്രകാരം  പറയുന്നു: ‘കഷ്ടം! ഞാൻ ഇടയ്ക്കിടെ  എൻറെ പാപങ്ങൾ ഏറ്റുപറയുകയും, പ്രാർത്ഥനയിൽ മുഴുകുകയും, അധാർമികമായി  സമ്പാദിച്ച സ്വത്തു തിരിച്ചേൽപ്പിക്കുകയും, എൻറെ ശത്രുക്കളോടു ക്ഷമിക്കുകയും  പാപത്തിലേക്ക് വീഴാനുള്ള അപകടസാധ്യതകൾ  ഒഴിവാക്കുകയും ചെയ്തിരുന്നുവെങ്കിൽ, ഞാൻ നഷ്ടപ്പെട്ടുപോവുകയില്ലായിരുന്നു. അതിന്  എനിക്ക് എന്തു ചിലവു വരുമായിരുന്നു? അത്  എനിക്കു വളരെയധികം ചിലവുള്ളതായിരുന്നെങ്കിലും, രക്ഷിക്കപ്പെടാൻവേണ്ടി എൻറെ പരമാവധി ചെയ്യാൻ ഞാൻ ഏറ്റവും സന്നദ്ധനായിരിക്കേണ്ടതായിരുന്നു. പക്ഷേ ഞാൻ അതു  ചെയ്തില്ല, ഇപ്പോൾ എന്നെന്നേക്കുമായി ഞാൻ നഷ്ടപ്പെട്ടു.  എത്രയോ തവണ  നല്ല പ്രചോദനങ്ങൾകൊണ്ട്  ദൈവം എന്നെ അനുഗ്രഹിച്ചിരുന്നു! പാപത്തിൽ നിന്നു  പിൻതിരിഞ്ഞില്ലെങ്കിൽ ഞാൻ തീർച്ചയായും നഷ്ടപ്പെട്ടുപോകുമെന്ന്  എത്രയോ  തവണ അവിടുന്ന് എന്നോട് ആഹ്വാനം  ചെയ്യുകയും  ഉപദേശിക്കുകയും ചെയ്തു! ചെയ്തുപോയ അകൃത്യങ്ങൾക്കു  ഞാൻ അപ്പോൾത്തന്നെ  പരിഹാരം ചെയ്യേണ്ടതായിരുന്നു, എന്നാൽ ഇനി ഇപ്പോൾ എനിക്ക് ഒരു പരിഹാരവുമില്ല. എനിക്ക് എന്നേക്കും സന്തോഷവാനായിരിക്കാമായിരുന്നു,കഷ്ടമേ! എന്നാൽ ഇനി ഇപ്പോൾ  നിത്യത മുഴുവനും ഞാൻ  കഷ്ടതകൾ സഹിക്കണം എന്ന  ചിന്ത, ആ പാവം  ആത്മാവിനെ, നരകാഗ്നിയെക്കാളും  മറ്റെല്ലാ ശിക്ഷകളേക്കാളും കൂടുതൽ  വിഷമിപ്പിക്കുന്നു! ഓ യേശുവേ! ഇപ്പോഴാണു കരുണയുടെ സമയം; അങ്ങ്  കരുണയോടെ എന്നോടു  ക്ഷമിക്കണമേ. എൻറെ പരമനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു, അങ്ങയെ നിരന്തരം  നിന്ദിച്ചതിൽ ഞാൻ വളരെയധികം ഖേദിക്കുന്നു.

3. സ്വന്തം തെറ്റിനാൽ നഷ്ടപ്പെടുത്തിയ വലിയ സന്തോഷത്തെപ്പറ്റിയുള്ള  ശിക്ഷിക്കപ്പെടുന്ന ആത്മാവിൻറെ ബോധത്തിൽ നിന്നാണ്, മൂന്നാമത്തേതും ഏറ്റവും കയ്പേറിയതുമായ പശ്ചാത്താപം ഉണ്ടാകുന്നത്.   സ്വർഗ്ഗം നേടുന്നതിനുള്ള എല്ലാ വഴികളും  ദൈവം തനിക്ക്  തന്നിട്ടുണ്ടായിരുന്നുവെന്നും  തൻറെ  രക്ഷയ്ക്കായി ദൈവം മരിച്ചുവെന്നും, സത്യസഭയുടെ മടിത്തട്ടിൽ  ജനിക്കാൻ തന്നെ  അനുവദിച്ചുവെന്നും തനിക്ക്  അനേകം കൃപകൾ നൽകി എന്നും ഓർമിക്കുകയും അവയെല്ലാം  സ്വന്തം തെറ്റിലൂടെ നിഷ്‌ഫലമാക്കിക്കളഞ്ഞു എന്നും  ചിന്തിക്കുന്ന ആ ആത്മാവ്  ഉറക്കെ വിളിച്ചുപറയുന്നു; ‘ ഞാൻ നഷ്ടപ്പെട്ടുപോയി, യേശുക്രിസ്തുവിൻറെ യോഗ്യതകളോ, ദൈവമാതാവിൻറെ മധ്യസ്ഥതയോ, വിശുദ്ധരുടെ പ്രാർത്ഥനയോ കൊണ്ട് എനിക്ക് ഇനി  ഒരു പ്രയോജനവുമില്ല; പ്രത്യാശയുടെ എല്ലാ കിരണങ്ങളും എന്നിൽ നിന്ന് എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാകുന്നു. ഓ, എൻറെ ദൈവമേ, അങ്ങയെ എന്നേക്കും മുറിവേൽപ്പിക്കുന്നതിനു പകരം ഞാൻ മരിച്ചിരുന്നെങ്കിൽ! അങ്ങയുടെ കാരുണ്യത്തിലേക്ക് എന്നെ ഇപ്പോൾ സ്വീകരിക്കണമേ; ഞാൻ അങ്ങയെ സ്നേഹിക്കുന്നു, എന്നേക്കും അങ്ങയെ സ്നേഹിക്കുകയും ചെയ്യും. പാപികളുടെ ഏറ്റവും കൃപയുള്ള അഭിഭാഷകയായ മറിയമേ, എനിക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കണമേ.