വിശുദ്ധ ലിഗോരിയുടെ ധ്യാനചിന്തകൾ – 76

അന്ത്യദിനത്തിൽ നമ്മുടെ പാപങ്ങളുടെ പരിശോധന 

  1.  ഇതാ ,സ്വർഗം  തുറക്കപ്പെടും .മാലാഖമാരും വിശുദ്ധരും അതിനുപിറകേ  പരിശുദ്ധയും  നിത്യകന്യകയുമായ  സ്വർഗ്ഗരാജ്ഞിയും ന്യായവിധിയിൽ സന്നിഹിതരാകാൻ ഇറങ്ങിവരും.  അതിനുശേഷം ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും  ന്യായാധിപൻ വലിയ ശക്തിയോടും പ്രതാപത്തോടും കൂടെ ഇറങ്ങിവരും. യേശുവിൻറെ പ്രത്യക്ഷപ്പെടൽ നീതിമാന്മാർക്ക് ഏറ്റവും വലിയ ആശ്വാസമായിരിക്കും. എന്നാൽ ദുഷ്ടന്മാരെ സംബന്ധിച്ചിടത്തോളം, ദൈവപുത്രൻറെ ക്രോധം നിറഞ്ഞ  മുഖം നരകത്തേക്കാൾ ഭയാനകവും വിഭ്രാന്തിജനകവുമായിരിക്കും. അവർ മലകളോടു പറയും: “ഞങ്ങളുടെമേൽ വന്നുവീഴുവിൻ, കുഞ്ഞാടിൻറെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുവിൻ”. കുഞ്ഞാടിൻറെ – അവരുടെ ജീവിതകാലത്ത് അവർക്ക് ഒരു ആട്ടിൻകുട്ടിയെപ്പോലെയായിരിക്കുകയും, തനിക്കെതിരെയുള്ള  അവരുടെ നിരന്തരമായ ആക്രമണം  സഹിക്കുകയും ചെയ്ത രക്ഷകൻറെ – രോഷം നിറഞ്ഞ  മുഖം കാണുന്നതിനേക്കാൾ  പർവതങ്ങൾ തങ്ങളുടെ  മേൽ പെട്ടെന്നു പതിക്കട്ടെയെന്ന് അവർ ആഗ്രഹിക്കും. ഓ യേശുവേ! അങ്ങ് ഒരു ദിവസം എൻറെ ന്യായാധിപൻ ആകും; അങ്ങയെ വല്ലാതെ വേദനിപ്പിച്ചതിൽ ഞാൻ പശ്ചാത്തപിക്കുന്നു. എൻറെ പാപങ്ങൾ എന്നോടു ക്ഷമിക്കണമേ, അങ്ങ് എൻറെ ന്യായാധിപനായി പ്രത്യക്ഷപ്പെടുമ്പോൾ, അങ്ങ് എന്നോടു കോപിച്ചിരിക്കുന്നതായി കാണാൻ എന്നെ അനുവദിക്കരുതേ. 

2. ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായിരിക്കുന്നു. ഗ്രന്ഥങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. അപ്പോൾ നമ്മുടെ പാപങ്ങൾ മറച്ചുവെയ്ക്കാനാവില്ല; അവയ്ക്കെല്ലാം നിത്യസാക്ഷിയായ നമ്മുടെ ന്യായാധിപനായ യേശു അവയെല്ലാം സകലലോകത്തിനും വെളിപ്പെടുത്തും. അവിടുന്ന് അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തു കൊണ്ടുവരും. ഏറ്റവും രഹസ്യമായ പാപങ്ങൾ, ഏറ്റവും മ്ലേച്ഛമായ അശുദ്ധികൾ, ഏറ്റവും ഭയാനകമായ ക്രൂരതകൾ എന്നിവ പോലും അവിടുന്ന് മനുഷ്യരാശിയെ അന്ന്  അറിയിക്കും. ഓ എൻറെ രക്ഷകാ! എൻറെ എല്ലാ അകൃത്യങ്ങളും അറിയുന്ന അങ്ങ്, കരുണയുടെ സമയം അവസാനിക്കുന്നതിനുമുമ്പ്, എന്നോടു കരുണ കാണിക്കണമേ. 

3. ചുരുക്കിപ്പറഞ്ഞാൽ,  താൻ  എല്ലാത്തിൻറെയും  മഹാകർത്താവാണെന്ന്  യേശുക്രിസ്തു  ആ ദിവസം വെളിപ്പെടുത്തും: കർത്താവ് ന്യായവിധി നടത്തുമ്പോൾ തന്നെത്തന്നെ വെളിപ്പെടുത്തും എന്നു സങ്കീർത്തകൻ പറയുന്നു. ഇപ്പോളാകട്ടെ  വെറുമൊരു മായാമോഹത്തിനോ, ഒരു അഭിനിവേശത്തിനോ അങ്ങനെയുണ്ടാകുന്ന സന്തോഷത്തിനോ ആണു നാം   ദൈവത്തേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട്, ‘ആരോടാണു നീ എന്നെ സാദൃശ്യപ്പെടുത്തിയത്, അല്ലെങ്കിൽ എന്നെ തുല്യനാക്കിയത്, നിങ്ങൾ എന്നെ എന്തിനാണ് മറ്റൊന്നുമായി താരതമ്യപ്പെടുത്തി മാറ്റിവച്ചത്, നിങ്ങളുടെ സഹജവാസനകളോ, അല്ലെങ്കിൽ വെറും ഒരു ചപലതയോ ആണോ എൻറെ കൃപയേക്കാൾ നിങ്ങളിൽ സ്വാധീനം ചെലുത്തിയത്?’  എന്ന്  അപ്പോൾ  നീതിമാനായ വിധിയാളൻ  പാപിയോടു പറയും. ഓ ദൈവമേ! അപ്രകാരമുള്ള ശാസനകൾക്ക്  ഞങ്ങൾ എന്ത് ഉത്തരം നൽകും? ഓ, ഞങ്ങളുടെ സംഭ്രാന്തി എപ്രകാരം  ഞങ്ങളെ  നിശ്ശബ്ദരാക്കും!   നമുക്ക് ഇപ്പോൾ ഉത്തരം പറയാം: ഓ യേശുവേ! ഒരു ദിവസം അങ്ങ് എൻറെ ന്യായാധിപനായിരിക്കുമെന്ന് എനിക്കറിയാം, എന്നാൽ ഇപ്പോൾ അങ്ങ് എൻറെ രക്ഷകനാണ്. അങ്ങ് എനിക്കുവേണ്ടി മരിച്ചുവെന്ന് ഓർക്കണമേ. എൻറെ പരമനന്മയായ അങ്ങയെ നിന്ദിച്ചതിൽ ഞാൻ പൂർണ്ണഹൃദയത്തോടെ ഖേദിക്കുന്നു. ഇതുവരെ ഞാൻ അങ്ങയെ നിന്ദിച്ചുവെങ്കിൽ, ഇതാ, ഞാൻ ഇപ്പോൾ എന്നെക്കാൾ കൂടുതൽ അങ്ങയെ സ്തുതിക്കുകയും  സ്നേഹിക്കുകയും ചെയ്യുന്നു, അങ്ങയുടെ സ്നേഹത്തിനുവേണ്ടി മരിക്കാനും ഞാൻ തയ്യാറാണ്. ഓ യേശുവേ! എന്നോടു ക്ഷമിക്കണമേ, അങ്ങയുടെ സ്നേഹം നഷ്ടപ്പെട്ടവനായി ജീവിക്കാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ. പാപികളുടെ ഏറ്റവും കൃപയുള്ള അഭിഭാഷകയായ മറിയമേ അങ്ങയുടെ ശക്തമായ സഹായം  എനിക്കു ലഭിക്കാൻ സാധിക്കുന്ന  ഇപ്പോൾ തന്നെ  എന്നെ സഹായിക്കണമേ.