വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 75.

മരണ നിമിഷം 

1. പ്രിയപ്പെട്ട ക്രിസ്ത്യാനികളേ, ഇപ്പോൾ മരിച്ചുപോയതായി നിങ്ങൾ സ്വയം സങ്കൽപ്പിക്കുക, നിങ്ങളുടെ ആത്മാവ് നിത്യതയിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഇപ്പോൾ നിങ്ങൾ ഈ ലോകത്തിൽ നിന്നു വിടവാങ്ങിയിരിക്കുന്നുവെങ്കിൽ, നിത്യജീവിതത്തിനായി എന്തുതന്നെ ചെയ്യാൻ  നിങ്ങൾ ആഗ്രഹിക്കുകയില്ല! നിങ്ങളുടെ ഇഹലോക ജീവിതത്തിലെ ദിനങ്ങൾ  ദൈവത്തെ ശുശ്രൂഷിക്കുന്നതിനു  നിങ്ങൾ ഉപയോഗിച്ചിട്ടില്ലായിരുന്നുവെങ്കിൽ  അത്തരം ആഗ്രഹങ്ങൾ നിങ്ങൾക്ക് എന്തു  ഗുണമാണു ഇപ്പോൾ ചെയ്യുക?  തടയേണ്ടതു തടയാൻ സമയമുള്ള ഇപ്പോൾ നിങ്ങൾ  അതു തടയുമെങ്കിൽ, ശവക്കുഴിയിലോ അല്ലെങ്കിൽ നിങ്ങളുടെ മരണക്കിടക്കയിലോ നിങ്ങൾ ഭാവിയിൽ ആയിരിക്കുന്നതിനെക്കുറിച്ച്  ഇടയ്ക്കിടെ  ചിന്തിക്കുക; നിങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നു സങ്കൽപ്പിക്കുക, നിങ്ങൾ അവസാന ശ്വാസമെടുക്കുന്നതിനെപ്പറ്റി സങ്കൽപ്പിക്കുക, നിങ്ങളുടെ മനസ്സാക്ഷിയുടെ ശാസനകൾ  ശ്രദ്ധിക്കുക, അനുതാപത്താൽ അവയെ നിശബ്ദമാക്കാൻ വൈകിക്കാതിരിക്കുക.  വൈകരുത്. കാരണം നിങ്ങൾക്കു നഷ്ടപ്പെടുത്താൻ സമയമില്ല. ഓ, എൻറെ ദൈവമേ! എന്നെ പ്രബുദ്ധനാക്കുക, ഞാൻ നടക്കേണ്ട വഴി എന്നെ അറിയിക്കണമേ, എല്ലാ കാര്യങ്ങളിലും ഞാൻ അങ്ങയെ അനുസരിക്കും. 

2. മരിച്ചവരുടെ കുഴിമാടങ്ങൾ നോക്കിക്കൊണ്ടു വിശുദ്ധ കാമില്ലസ് ഡി ലെല്ലിസ് ഇങ്ങനെ പറയുക പതിവായിരുന്നു: “ഇവിടെ സംസ്ക്കരിക്കപ്പെട്ടിരിക്കുന്നവർക്കു   വീണ്ടും ജീവിതത്തിലേക്കു മടങ്ങാൻ ഇപ്പോൾ കഴിയുമെങ്കിൽ, വിശുദ്ധരാകാൻ അവർ എന്തുതന്നെ ചെയ്യുകയില്ല! എന്നാൽ ഇപ്പോൾ എൻറെ പക്കൽ അതിനുള്ള സമയമുണ്ട്. എന്നിട്ടും  ഞാൻ ദൈവത്തിനുവേണ്ടി എന്താണു ചെയ്യുന്നത്?” അങ്ങനെ ഈ വിശുദ്ധൻ തൻറെ കർത്താവുമായി കൂടുതൽ കൂടുതൽ ഐക്യപ്പെടാൻ സ്വയം പ്രചോദിപ്പിച്ചു. പ്രിയ ക്രിസ്ത്യാനീ, ദൈവം അവിടുത്തെ കരുണയിൽ ഇപ്പോൾ നിങ്ങൾക്കു നൽകുന്ന സമയം ഏറ്റവും വലിയ മൂല്യമുള്ളതാണെന്നു മനസ്സിലാക്കുക.  നിങ്ങൾ നിത്യതയിലേക്കു പോകുന്നതുവരെ, അല്ലെങ്കിൽ “ക്രിസ്തീയ ആത്മാവേ, ഈ ലോകത്തിൽ നിന്നു പുറപ്പെടുക” എന്നു നിങ്ങളോടു പറയപ്പെടുന്ന ആ ഭയാനകമായ നിമിഷം വരെ, നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി അധ്വാനിക്കാനുള്ള സമയത്തിനായി നിങ്ങൾ  കാത്തിരിക്കരുത്. വേഗം തുടങ്ങുക, കാരണം നിങ്ങൾക്ക് അധ്വാനിക്കാൻ കൂടുതൽ സമയമില്ല: ചെയ്തതു ചെയ്തു. ഓ യേശുവേ! അങ്ങ് ആർക്കുവേണ്ടി ജീവൻ അർപ്പിച്ചുവോ ആ നഷ്ടപ്പെട്ട ആട് ഞാനാണ് എന്നോർക്കണമേ. “അതിനാൽ, അങ്ങയുടെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസരെ സഹായിക്കണമേ എന്നു ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു.” എൻറെ മരണസമയത്ത് ഞാൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യാനുള്ള വെളിച്ചവും കൃപയും എനിക്കു നൽകണമേ.

3. ഓ നിത്യനായ ദൈവമേ! അങ്ങു പറഞ്ഞ ആ ശപിക്കപ്പെട്ട വൃക്ഷം ഞാനാണോ എന്ന ചിന്തയിൽ ഞാൻ വിറയ്ക്കുന്നു: “മൂന്നുവർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽനിന്നു ഫലം അന്വേഷിച്ചു വരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം?”  ഓ കർത്താവേ! എന്നിട്ടും കുറേ വർഷങ്ങളായി അങ്ങനെ തന്നെ, ഞാൻ ഈ ഭൂമിയിൽ ജീവിക്കുന്നു, ഇതുവരെ ഞാൻ എന്തു നന്മയാണു ചെയ്തത്?  എന്നാൽ ഇക്കാലമത്രയും പാപവും കയ്പുമല്ലാതെ ഞാൻ അങ്ങേയ്ക്കു എന്തു ഫലമാണു തന്നത്? കഷ്ടം! എത്രയധികമായി നരകത്തിൽ വസിക്കാൻ  ഞാൻ പണ്ടേ  അർഹനാണ്! പ്രിയപ്പെട്ട രക്ഷകാ, അൽപസമയം  കൂടി എന്നോടു ദയ കാണിക്കുക; ഞാൻ മറുതലിക്കുകയില്ല; ഞാൻ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ മരണം എന്നെ ഒരിക്കലും കണ്ടെത്തുകയില്ല. അങ്ങയെ വ്രണപ്പെടുത്തുന്നതിനായി ചെലവഴിച്ച ദിവസങ്ങളെ ഞാൻ വെറുക്കുകയും പഴിക്കുകയും ചെയ്യും; എൻറെ ശിഷ്ടജീവിതകാലം മുഴുവൻ അങ്ങയുടെ അനന്തനന്മയെ സ്നേഹിക്കുന്നതിനും പുകഴ്ത്തുന്നതിനും  ഞാൻ വിനിയോഗിക്കും. എൻറെ പരമനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു; ഞാൻ ഇനിയും സ്നേഹിക്കുകയും ചെയ്യും. അങ്ങയുടെ സഹായം എന്നിൽ നിന്നു എടുത്തുമാറ്റരുതേ. ഓ പരിശുദ്ധ കന്യാമറിയമേ, അങ്ങയുടെ ശക്തമായ സംരക്ഷണം എനിക്ക്  ഒരിക്കലൂം നിഷേധിക്കരുതേ.