മരണത്തോടെ എല്ലാം ഉപേക്ഷിക്കുന്നതിനെക്കുറിച്ച്
1. എല്ലാവരും ഒരു ദിവസം മരിക്കേണ്ടവരാണെന്നു ക്രിസ്ത്യാനികൾക്കു നന്നായി അറിയാം, എന്നിട്ടും ജീവിതത്തിൻറെ കൂടുതൽ സമയവും തങ്ങൾ ഒരിക്കലും മരിക്കില്ല എന്നപോലെ അവർ ജീവിക്കുന്നു. ഈ ജീവിതത്തിനുശേഷം മറ്റൊരു ജീവിതമില്ലായിരുന്നെങ്കിൽ, നരകമോ സ്വർഗമോ ഇല്ലായിരുന്നുവെങ്കിൽ, ഇപ്പോൾ അവർ മരണത്തെക്കുറിച്ചു ചിന്തിക്കുന്നതിനേക്കാൾ കുറച്ചുമാത്രം ചിന്തിക്കാൻ അവർക്കു കഴിയുമോ? പ്രിയ ക്രിസ്ത്യാനീ, നീ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിൻറെ ശേഷിക്കുന്ന ദിവസങ്ങൾ മരണത്തെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മയിൽ ചെലവഴിക്കാൻ ശ്രമിക്കുക., തൻറെ വേർപാടിനെ എപ്പോഴും മുന്നിൽകണ്ടുകൊണ്ട് ജീവിക്കുന്നവൻ കാര്യങ്ങളെ ശരിയായി വിലയിരുത്തുകയും തൻറെ എല്ലാ പ്രവൃത്തികളെയും എത്ര കൃത്യമായി നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നു കാണുക! മരണത്തെക്കുറിച്ചുള്ള ചിന്ത, താൻ എല്ലാത്തിനെയും അൽപസമയത്തിനുള്ളിൽ വിട്ടുപേക്ഷിക്കേണ്ടതാണെന്നു നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ട്, അവനിൽ ഈ ലോകവിഷയങ്ങളോടുള്ള എല്ലാ മമതയും നശിപ്പിക്കുന്നു. ഓ ദൈവമേ! ഞാൻ ചെയ്ത തിന്മയ്ക്കു പരിഹാരം ചെയ്യാൻ അങ്ങ് എനിക്കു സമയം തരുന്നതിനാൽ, അങ്ങയുടെ ഹിതം എന്നെ അറിയിക്കണമേ, അങ്ങ് എന്നോടു ആവശ്യപ്പെടുന്നതെല്ലാം ഞാൻ ചെയ്യും.
2. ഒരു യാത്രക്കാരൻ, തൻറെ സ്വന്തം രാജ്യത്തേക്കുള്ള യാത്രയിൽ, അവൻ കടന്നുപോകേണ്ട ഒരു ദേശത്ത് ഒരു കൊട്ടാരം പണിയുന്നതിനായി തൻറെ എല്ലാ സമ്പാദ്യവും ചെലവഴിക്കുകയും, അവൻറെ ജീവിതകാലം മുഴുവൻ താമസിക്കേണ്ട അവൻറെ രാജ്യത്ത് അവനുവേണ്ടി ഒരു വാസസ്ഥലം ഉണ്ടാക്കുന്ന കാര്യം അവഗണിക്കുകയും ചെയ്താൽ, നാം അവനെ ഭ്രാന്തനായി കണക്കാക്കും. ഏതാനും ദിവസങ്ങൾ മാത്രം കടന്നുപോകാൻ സാധിക്കുന്ന ഈ ലോകത്തിൽ, തന്നെത്തന്നെ തൃപ്തിപ്പെടുത്തുന്നതിനെപ്പറ്റി മാത്രം ചിന്തിക്കുകയും, ദൈവം ദൈവമായിരിക്കുന്നിടത്തോളം കാലം എന്നും താൻ വസിക്കേണ്ടതായ നിത്യതയിൽ താൻ പീഡയനുഭവിക്കുന്നവനായിരിക്കുമെന്ന അപകടത്തെപ്പറ്റി ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനിയെ ഭ്രാന്തനായി കണക്കാക്കേണ്ടതല്ലയോ? ഓ ദൈവമേ, എൻറെ പാപങ്ങളിൽ അങ്ങ് എന്നെ ഈ ജീവിതത്തിൽനിന്നു വിളിച്ചിരുന്നെങ്കിൽ, എനിക്കു കഷ്ടം! ഇത്രയും വലിയ ക്ഷമയോടെ എന്നെ സഹിച്ചതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങയിൽനിന്നു വീണ്ടും വേർപിരിയാൻ എന്നെ ഒരിക്കലും അനുവദിക്കരുതേ. എൻറെ ദൈവമേ, എൻറെ പരമനന്മയേ, എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ഇനിയും ഞാൻ അങ്ങയെ സ്നേഹിക്കും.
3. മരണം നമ്മെ എല്ലാ വസ്തുക്കളിൽനിന്നും കവർന്നെടുക്കും. ഈ ലോകത്തു നാം നേടിയതെല്ലാം നമ്മുടെ മരണത്തിൽ നാം ഉപേക്ഷിക്കണം. പെട്ടെന്നുതന്നെ ദ്രവിച്ചു പോകുകയും നമ്മുടെ ശരീരങ്ങളോടൊപ്പം പൊടിയായിത്തീരുകയും ചെയ്യുന്ന ഒരു ശവപ്പെട്ടിയും ഒരു ശവക്കച്ചയുമല്ലാതെ മറ്റൊന്നും നമുക്ക് അപ്പോൾ ലഭിക്കുകയില്ല.അതോടെ നാം ഇപ്പോൾ താമസിക്കുന്ന ഭവനം ഉപേക്ഷിക്കണം. നമ്മുടെ ആത്മാക്കൾ നമ്മുടെ ശരീരം വിട്ടു നേരത്തേ പോയിരിക്കുന്നതനുസരിച്ച്, ഒന്നുകിൽ സ്വർഗത്തിലേക്കോ അല്ലെങ്കിൽ നരകത്തിലേക്കോ പോകേണ്ട ആ ന്യായവിധിദിവസം വരെ, ശോകമൂകമായ ഒരു ശവക്കുഴിയായിരിക്കും നമ്മുടെ ശരീരത്തിൻറെ വാസസ്ഥലം. അതിനാൽ മരണനിമിഷത്തിൽ എല്ലാം എന്നോടൊപ്പം അവസാനിക്കുമെന്നും ഞാൻ ദൈവത്തിനു വേണ്ടി ചെയ്ത കുഞ്ഞുകാര്യങ്ങളല്ലാതെ മറ്റൊന്നും എനിക്കുവേണ്ടി നിലനിൽക്കുന്നില്ലെന്നും അപ്പോൾ ഞാൻ കണ്ടെത്തും. എൻറെ യേശുവേ, ഞാൻ ഈ നിമിഷം മരിക്കേണ്ടതായിരുന്നുവെങ്കിൽ, ഞാൻ അങ്ങേയ്ക്കുവേണ്ടി ചെയ്തതായി എന്തു കണ്ടെത്തും? ഞാൻ എന്തിനാണു കാലതാമസം വരുത്തുന്നത്? മരണമെത്തുമ്പോൾ എന്നെ ദുരിതപൂർണ്ണനായി കാണുന്നതിനോ? ഇല്ല, എൻറെ ദൈവമേ, ഞാൻ എൻറെ ജീവിതത്തിൽ മാറ്റം വരുത്തും. അങ്ങേയ്ക്കെതിരായി ഇതുവരെ ചെയ്ത എല്ലാ പാപങ്ങളെയും ഞാൻ അങ്ങേയറ്റം വെറുക്കുന്നു. ഭാവിയിൽ ഞാൻ എൻറെ ആത്മാവിൻറെ ദൈവമായ അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ മാത്രമല്ലാതെ, എൻറെ സ്വന്തം താൽപ്പര്യങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയില്ല. അനന്തമായ നന്മയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു! എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയുടെ കൃപ കരുണയോടെ എനിക്കു തരണമേ. പരിശുദ്ധ മറിയമേ, ദൈവത്തിൻറെ അമ്മേ, അങ്ങ് എനിക്കുവേണ്ടി അങ്ങയുടെ ദിവ്യപുത്രനോടു പ്രാർത്ഥിക്കണമേ.