പന്തക്കുസ്താ ഒരു കാലഘട്ടത്തിൻറെ അവസാനമാണ്. അതുപോലെ തന്നെ മറ്റൊരു കാലഘട്ടത്തിൻറെ ആരംഭവുമാണ്. ജോയേൽ പ്രവാചകൻറെ പ്രവചനത്തിൻറെയും (ജോയേൽ 2:28) കർത്താവിൻറെ വാഗ്ദാനത്തിൻറെയും പൂർത്തീകരണമായിരുന്നു ആദ്യപന്തക്കുസ്താ. അതിൻറെ അനുസ്മരണം നാം എല്ലാ വർഷവും കൊണ്ടാടുന്നു. എന്നാൽ പന്തക്കുസ്താ തിരുനാൾ ആഘോഷിക്കുമ്പോൾ നാം മറന്നുപോകുന്ന കാര്യം അത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന ഒരു തിരുനാളല്ല എന്നതാണ്. അങ്ങനെ ചിന്തിച്ചുപോയതിൻറെ ഫലമായാണ് ‘ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണരായി’ (വെളി 3:16) മാറിയ ഒരു ക്രിസ്തീയസമൂഹം ഇവിടെ ഉടലെടുത്തത്.
എന്നാൽ ആദ്യപന്തക്കുസ്തായുടെ അഭിഷേകം ലഭിച്ച ശിഷ്യന്മാർ അവർക്കു കിട്ടിയ പന്തക്കുസ്താ അനുഭവം തുടർന്നങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും അവരുടെ മരണസമയം വരെ കാത്തുസൂക്ഷിച്ചു. പന്തക്കുസ്തായിൽ എന്തുസംഭവിച്ചു എന്നതുപോലെ തന്നെ പ്രധാനമാണ് പന്തക്കുസ്തായ്ക്കു ശേഷം എന്തു സംഭവിക്കുന്നു എന്നതും. പരിശുദ്ധാത്മാവു നിറഞ്ഞവർ ആത്മാവു നയിച്ച വഴികളിലൂടെ യാത്ര ചെയ്തു. ‘കാറ്റ് അതിനിഷ്ടമുള്ളിടത്തേയ്ക്കു വീശുന്നു…. ഇതുപോലെയാണ് ആത്മാവിൽ നിന്നു ജനിക്കുന്ന ഏവനും’ (യോഹ. 3:8) എന്നു പറഞ്ഞുകൊണ്ട് യേശു തന്നെ പന്തക്കുസ്തായ്ക്കുശേഷമുള്ള ജീവിതത്തെക്കുറിച്ചു ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നല്ലോ.
ആത്മാവു പീലിപ്പോസിനെ കൊണ്ടുപോയതു ജറുസലേമിൽ നിന്നു ഗാസയിലേക്കുള്ള വിജനമായ വഴിയിലൂടെ യാത്ര ചെയ്തിരുന്ന ഷണ്ഡൻറെ അടുത്തേക്കാണ്. അവിടെ കർത്താവ് ഏൽപ്പിച്ച കാര്യം നിറവേറ്റിയ ഉടനെ ആത്മാവു പീലിപ്പോസിനെ അസോത്തൂസ് എന്ന മറ്റൊരിടത്തേക്കു സംവഹിച്ചുകൊണ്ടുപോയി എന്നാണു വിശുദ്ധഗ്രന്ഥം പറയുന്നത് (അപ്പ. 8:26-40).
ആത്മാവ് ഒരു വ്യക്തിയെ സംവഹിച്ചുകൊണ്ടുപോകുക എന്നത് അതിനു മുൻപും സംഭവിച്ചിട്ടുണ്ടായിരുന്നു. ഏലിയാ പ്രവാചകനെ സംബന്ധിച്ചിടത്തോളം അത് ഒരു സാധാരണ അനുഭവമായിരുന്നു. തന്നെ കൊല്ലാൻ കാത്തിരിക്കുന്ന ആഹാബ് രാജാവിനോടു താൻ ഇവിടെയുണ്ടെന്നു പറയുക എന്ന് ഒബാദിയയോടു പറഞ്ഞപ്പോൾ അവൻറെ മറുപടി ഇങ്ങനെയായിരുന്നു; ‘ഞാൻ അങ്ങയുടെ അടുത്തുനിന്നു പോയാലുടനെ കർത്താവിൻറെ ആത്മാവു ഞാൻ അറിയാത്ത ഏതെങ്കിലും സ്ഥലത്തേക്ക് അങ്ങയെ കൊണ്ടുപോകും’ (1 രാജാ 18:12). ഏലിയായെ ആത്മാവു സംവഹിച്ചുകൊണ്ടുപോകും എന്നു വിശ്വസിക്കാൻ തക്കവിധം വിശ്വാസമുള്ളവനായിരുന്നു ഒബാദിയ എന്നും നാം അറിയണം.
പീലിപ്പോസിനെപ്പോലെ ആത്മാവു പറഞ്ഞിട്ടായിരുന്നില്ല സാവൂൾ ഡമാസ്കസിലേക്കു പുറപ്പെട്ടത്. എന്നാൽ പാതിവഴിയിൽ ഒരു മിന്നലൊളിയായി വന്നുപതിച്ച ദൈവകരം സാവൂൾ ആഗ്രഹിച്ച സ്ഥലത്തേക്കു തന്നെ പോകാൻ അവനെ അനുവദിച്ചുവെങ്കിലും അതിനിടയിൽ അവൻറെ യാത്രയുടെ ഉദ്ദേശം ആത്മാവു മാറ്റിമറിച്ചിരുന്നു എന്നു മാത്രം.
അനനിയാസിൻറെ അനുഭവം വേറൊന്നായിരുന്നു. അനനിയാസ് എന്നൊരുവൻ വന്നു തനിക്കു കാഴ്ച ലഭിക്കാനായി തൻറെ മേൽ കൈകൾ വയ്ക്കുന്നുവെന്നു ദർശനം ലഭിച്ച സാവൂളിൻറെ അടുക്കലേക്ക് പോകാനാണ് അനനിയാസിനു നിർദേശം ലഭിച്ചത്. അവൻ അതനുസരിച്ചു പോയി. സാവൂളിൻറെ തലയിൽ കൈവച്ചപ്പോൾ അവൻറെ കണ്ണുകളിൽ നിന്നു ചെതുമ്പൽ പോലെ എന്തോ ഒന്ന് അടർന്നുവീഴുകയും നഷ്ടപ്പെട്ട കാഴ്ച അവനു തിരിച്ചുകിട്ടുകയും ചെയ്തു. എന്നാൽ പരിശുദ്ധാത്മാവു പറഞ്ഞ സ്ഥലത്തേക്കു പോകാതിരുന്ന യോനായ്ക്കു മൽസ്യത്തിൻറെ ഉദരത്തിൽ കിടക്കാനായിരുന്നു വിധി. ‘എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നവരെക്കുറിച്ച് ‘ ( അപ്പ. 7:51) സ്തേഫാനോസും പറയുന്നുണ്ടല്ലോ.
കൊർണേലിയൂസിനെ കാണാൻ വേണ്ടി പത്രോസിനെ കേസറിയായിലേക്ക് അയയ്ക്കുകയാണ് പരിശുദ്ധാത്മാവു ചെയ്തത്. പിന്നീടൊരിക്കൽ പൗലോസിനെ ‘ജെറുസലേമിലേക്കു പോകാൻ നിർബന്ധിച്ചതും’ ( അപ്പ. 20.22) പരിശുദ്ധാത്മാവായിരുന്നു. ജറുസലേമിൽ ചെന്നാൽ തനിക്കെന്തു സംഭവിക്കുമെന്നു പൗലോസിനു വ്യക്തമായി മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടി പരിശുദ്ധാത്മാവ് അഗാബോസ് എന്നൊരു പ്രവാചകനെയും അയച്ചു. ‘അവൻ ഞങ്ങളുടെയടുത്തു വന്നു പൗലോസിൻറെ അരപ്പട്ട എടുത്ത് അതുകൊണ്ടു സ്വന്തം കൈകാലുകൾ ബന്ധിച്ചിട്ട് ഇപ്രകാരം പ്രസ്താവിച്ചു. പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു, ജറുസലേമിൽ വച്ചു യഹൂദന്മാർ ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ഇതുപോലെ ബന്ധിക്കുകയും വിജാതീയർക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യും’ (അപ്പ. 21:11).
സൂസന്ന എന്ന നിഷ്കളങ്കയായ ഒരു ഇസ്രായേൽ പുത്രി കൊലക്കളത്തിലേക്കു നയിക്കപ്പെടുമ്പോൾ അവിടേക്കു ചെല്ലാനാണ് ആത്മാവ് ദാനിയേലിനെ പ്രചോദിപ്പിച്ചത്( ദാനി. 13:45). ‘പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള’ കൃത്യമായ ജ്ഞാനം കൊണ്ടു നിറച്ചിട്ടാണ് ആത്മാവ് ബാലനായ അവനെ ആ ജനക്കൂട്ടത്തിൻറെ മുൻപിലേക്കയച്ചത്.
ആത്മാവിനാൽ ചലിപ്പിക്കപ്പെടുക, സംവഹിക്കപ്പെടുക, നിയന്ത്രിക്കപ്പെടുക എന്നിങ്ങനെ ലൗകികമനുഷ്യനു മനസിലാക്കാൻ സാധിക്കാത്ത ഒരു തലം ഉണ്ട്. പരിശുദ്ധാത്മാവിൻറെ സ്വരം കേൾക്കാൻ കാതോർത്തിരിക്കുന്നവർക്കു മാത്രം ലഭിക്കുന്ന ഒരനുഭവമാണത്. ‘ നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിൻറെ കാതുകൾ പിന്നിൽ നിന്ന് ഒരു സ്വരം കേൾക്കും;ഇതാണു വഴി, ഇതിലേ പോവുക’ ( ഏശയ്യാ 30:21) എന്ന വചനം നമ്മിൽ നിറവേറണമെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിനുമുൻപു പരിശുദ്ധാത്മാവിനു നമ്മോടെന്താണു പറയാനുള്ളതെന്നു കേൾക്കാനുള്ള ക്ഷമ കാണിക്കണം.
പന്തക്കുസ്തായ്ക്കുശേഷം ചെയ്യാനുള്ള ഒരേയൊരു കാര്യവും അതുതന്നെയാണ്. പരിശുദ്ധാത്മാവിൻറെ സ്വരം കേൾക്കാനായി ക്ഷമയോടെ കാത്തിരിക്കുക. നമുക്കു പ്രാർഥിക്കാം; ‘പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അങ്ങേ വെളിവിൻറെ കതിരുകൾ ആകാശത്തിൻറെ വഴിയേ അയച്ചുതരണമേ….’