വിമലഹൃദയ പ്രതിഷ്ഠ – മുപ്പത്തിരണ്ടാം ദിവസം

1) പരിശുദ്ധ കന്യകാമറിയം നൽകുന്ന സന്ദേശം

എൻ്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, ദൈവത്തിൻ്റെ ഒരു നിർദ്ദേശം നടപ്പിലാക്കാൻ വേണ്ട കാര്യങ്ങളെല്ലാം നിങ്ങൾക്കു നല്കുവാനാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ ലോകത്തെ അതിയായി സ്നേഹിക്കുന്നു. ആ സ്നേഹത്താലാണ്, ഞാനെൻ്റെ ഹൃദയം ലോകത്തിനു നല്കുന്നത്. മനുഷ്യവർഗ്ഗത്തിൻ്റെമേൽ മറ്റൊരു കൃപാമാരി വർഷിക്കാൻ പോകുന്നു, എൻ്റെ ഹൃദയംവഴിയായി. മനുഷ്യാവതാരത്തിനു ശേഷമുള്ള ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയുടെ മറ്റൊരു ആവിഷ്കരണമാണിത്.

എൻ്റെ ഉദരംവഴി ലോകത്തിനു രക്ഷ നല്ക്കാൻ വന്ന കരുണയുടെ മഹാപ്രഭു, വീണ്ടും സ്വന്തം സ്നേഹസമ്പൂർണ്ണമായ ഹൃദയം എല്ലാ കുഞ്ഞുമക്കൾക്കും കൊടുക്കാനാഗ്രഹിക്കുന്നു. എൻ്റെ വിമലഹൃദയം വഴിയാണ് ഈ ദാനവും. എൻ്റെ കുഞ്ഞുങ്ങളേ, വിമല ഹൃദയത്തിനുള്ള പ്രതിഷ്ഠ എത്ര അത്യാവശ്യമാണെന്ന് ഇപ്പോൾ വ്യക്തമല്ലേ? എൻ്റെ ഹൃദയത്തിലൂടെ ദൈവത്തിൻ്റെ സ്നേഹമസ്യണമായ ഹൃദയം അവർക്ക് ആഴത്തിൽ അനുഭവിക്കാം. ദൈവത്തിൻ്റെ ഈ ക്ഷണം ഒരോ മനുഷ്യാത്മാവിലും എത്തിക്കണം. അങ്ങനെ ഈ സ്വർഗ്ഗീയ കൃപ അവരുടെ ആത്മാക്കളെ ഉരുക്കിവാർക്കും. ഈ പ്രക്രിയയിൽ അവർ എൻ്റെ വിമലഹൃദയത്തിന് അനുരൂപരാകണം. ഇപ്രകാരം മാത്രമേ, അവർ സ്വർഗ്ഗവാതിലിലൂടെ നയിക്കപ്പെടുകയുള്ളൂ. ദൈവമാകുന്ന പ്രകാശത്തിൽ ദൈവം ആഗ്രഹിക്കുന്ന സ്ഥലത്ത് അവർക്കു നിത്യവിശ്രമം ലഭിക്കുകയുള്ളൂ.

വഴികാട്ടി

നമ്മുടെ നാഥയുടെ സഹയാത്രികരിൽനിന്നും വിശുദ്ധരും ഭാവിതലമുറകൾക്കു മാതൃകാവ്യക്തികളും പുറപ്പെടും. അവർ വിമലഹൃദയത്തിൻ്റെ മഹാവിജയത്തിൻ്റെ മൂശയിൽ വാർത്തെടുക്കപ്പെട്ടവരുമായിരിക്കും. അഗ്നിയിൽ ശുദ്ധി ചെയ്യപ്പെട്ടവരും, തീക്ഷ്ണത നിറഞ്ഞവരും, കൃപയുടെ കലവറകളും ആയിരിക്കും അവർ. ദൈവത്തിൻ്റെ ശ്രതുക്കളോട് എതിർത്തു പോരാടാൻ അവരാണു തിരഞ്ഞെടുക്കപ്പെടുന്നത്. അവർക്കു ചുറ്റും പൊരിഞ്ഞ യുദ്ധം നടക്കും, പക്ഷേ അവർ പതറുകയില്ല. അവർ വിമല ഹൃദയത്തിലേക്കു നോക്കിയായിരിക്കും ഈ ആത്മീയയുദ്ധം ചെയ്യുന്നത്. അമ്മയുടെ പ്രകാശം അവർ സ്വീകരിക്കും; അമ്മയുടെ കൈകളാൽ ശക്തരാക്കപ്പെടും; അമ്മയുടെ ആത്മാവാൽ നയിക്കപ്പെടും; കരങ്ങളാൽ താങ്ങപ്പെടും; അമ്മയുടെ മേലങ്കിക്കുള്ളിൽ സംരക്ഷിക്കപ്പെടും. ഇവരുടെ വാക്കുകളും പ്രവർത്തികളും സർവ്വലോകരേയും കാന്തത്തിലേക്ക് ഇരുമ്പുതരികൾ എന്നപോലെ, അമ്മയുടെ വിമലഹ്യദയത്തിലേക്കു വലിച്ചടുപ്പിക്കും, അവർക്കു ചുറ്റും ശ്രതുക്കൾ അണിനിരക്കും. എങ്കിലും അവർ വിജയങ്ങൾ നേടും. ദൈവത്തിനു മഹത്വം നല്കുകയും ചെയ്യും. മഹാവിജയത്തിൻ്റെ ശ്ലീഹന്മാർ ഇവർ തന്നെ, സമർപ്പണത്തിലൂടെ അമ്മയുടെ ഹൃദയത്തോടു ചേർന്നു നില്ക്കുന്നവർ.

പ്രവൃത്തിപഥം

രക്ഷ സ്വായത്തമാക്കാൻ നമ്മുടെ നാഥയോടുള്ള ഭക്തി എല്ലാ മനുഷ്യർക്കും അനിവാര്യമാണ്. വിശുദ്ധിയുടെ നിറവിലേക്കു യാത്ര ചെയ്യുന്നവർക്ക് ഇതു ഒഴിച്ചുകൂടാൻ പാടില്ലാത്തതുമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായി ഹൃദയബന്ധം ഉണ്ടാകണമെങ്കിൽ നമ്മുടെ നാഥയുമായും ഹൃദയൈക്യം ഉണ്ടായിരിക്കണം. ഈ ബന്ധം ഉറയ്ക്കണമെങ്കിൽ അമ്മയുടെ അനുഗ്രഹവും മാതൃസഹജമായ സമീപനങ്ങളും പ്രവർത്തികളും അത്യാവശ്യമാണ്. മാതൃ ഹൃദയത്തിലൂടെയാണ് സ്വർഗ്ഗവാതിലിലേക്കുള്ള – വഴി.

സമർപ്പണം അമ്മയുടെ ഉദരത്തിലേക്കും നമ്മെ എത്തിക്കുന്നു. ഈ ലോകം ബാഹ്യമായി കാണാൻ സാധിക്കുകയില്ലല്ലോ. സ്വർഗ്ഗത്തിൻ്റെ എല്ലാ രഹസ്യങ്ങളും ഇവിടെ ഉണ്ട്. വിനീതഹൃദയമുള്ളവർക്കാണി കൃപയുടെ രഹസ്യതാവളം. പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇവിടെ വാസസ്ഥലമുണ്ട്. ഇവിടെ തെരഞ്ഞെടുക്കപ്പെട്ടവർ ദൈവത്തിൻ്റെ പരിപൂർണ്ണഛായയിലും സാദ്യശ്യത്തിലും ഉടച്ചുവാർക്കപ്പെടുന്നു. വിശുദ്ധിയുടേയും ഐക്യത്തിൻ്റെയും മാനസാന്തരത്തിൻ്റെയും മാതൃകകളായി നമുക്ക് ഇപ്രകാരം മാറാം.

പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയമേ, പരിപൂർണ്ണതയിലേക്കു ഞാൻ വിളിക്കപ്പെട്ടിട്ടുണ്ടല്ലോ. ആ പരിപൂർണ്ണത എനിക്കു നൽകണമേ ; വിശുദ്ധിയിലേക്കുള്ള ക്ഷണം സ്വീകരിക്കാൻ എൻ്റെ ആത്മാവിനെ അങ്ങയോട് ഐക്യപ്പെടുത്തണമേ. അങ്ങയുടെ ഉദരത്തിൽ എന്നെ ഒളിപ്പിച്ചുവയ്ക്കേണമേ. അമ്മയുടെ സ്വന്തമായി എന്നെ സ്വീകരിക്കേണമേ. എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കടമകൾ നിറവേറ്റാൻ വേണ്ട പ്രകാശം എന്നിൽ ചൊരിയേണമേ. കൊയ്ത്തിൻ്റെ കളങ്ങളിലേക്ക് എന്നെ അയയ്ക്കുക. അമ്മയോട് ചേർന്നിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ആത്മാക്കളേയും ഞാൻ ശേഖരിക്കട്ടെ! അങ്ങനെ അമ്മയുടെ വിജയത്തിൽ അവരും പങ്കുചേരട്ടെ!

വചനം

“സ്വർഗത്തിൽ വലിയ ഒരു അടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രി (വെളിപാട് 12:1).

2. വിശ്വാസപ്രമാണം

സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

3. പ്രതിഷ്ഠാ ജപം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.

4. ത്രികാല ജപം

കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.

ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.

ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥിക്കാം

സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.

5. പുണ്യങ്ങളുടെ ജപമാല

(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)

I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.

പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!

II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.

(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)

6.മാതാവിനോടുള്ള ജപം

പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!

7.പന്തക്കുസ്‌ത പ്രാർത്ഥന

മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.

മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.

മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.

അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.

പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.

പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.

പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!