കഴിഞ്ഞ രണ്ട് അധ്യായങ്ങളിൽ നാം കണ്ടത് എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങളെക്കുറിച്ചാണ്, അതിനോട് ചേർത്തു ചിന്തിക്കേണ്ട വിഷയമാണു വിനാശത്തിൻറെ അശുദ്ധലക്ഷണം എന്ന അടയാളവും. അതിനെക്കുറിച്ചുള്ള ആദ്യസൂചനകൾ നമുക്കു ലഭിക്കുന്നതു ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിൽ നിന്നാണ്. എതിർക്രിസ്തു ഒരാഴ്ചത്തേക്ക് (ഏഴു ദിവസം -ഏഴു വർഷം) പലരുമായി ഉടമ്പടി ഉണ്ടാക്കുകയും പകുതി ആഴ്ചത്തേക്കു ബലിയും കാഴ്ചകളും നിരോധിക്കുകയും ചെയ്യും എന്നു പറഞ്ഞതിനുശേഷമുള്ള അടുത്ത വചനം ഇങ്ങനെയാണ്; ‘ ദൈവാലയത്തിൻറെ ചിറകിന്മേൽ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകൻറെ മേൽ പതിക്കുന്നതുവരെ അത് അവിടെ നിൽക്കും’ ( ദാനി. 9:27). ദൈവാലയത്തിൻറെ ചിറകിന്മേൽ വിനാശകരമായ മ്ലേച്ഛത സ്ഥാപിക്കുന്നത് എതിർക്രിസ്തു തന്നെയായിരിക്കും എന്നാണല്ലോ ഇതു സൂചിപ്പിക്കുന്നത്.
ദാനി. 8:13 ൽ നാശം വിതയ്ക്കുന്ന പാപത്തെയും വിശുദ്ധ മന്ദിരവും സൈന്യവും കാൽക്കീഴിൽ ചവിട്ടി മെതിയ്ക്കപ്പെടുന്നതിനെയും കുറിച്ചുള്ള ദർശനത്തെക്കുറിച്ചു പ്രവാചകൻ എഴുതുന്നുണ്ട്. ഇവിടെ സൈന്യം എന്നതിൻറെ ഇംഗ്ലീഷ് വാക്ക് HOST എന്നാണ്. ബലിമൃഗം ( ബലിവസ്തു) എന്നർത്ഥമുള്ള ലത്തീൻ വാക്കിൽ നിന്നാണ് ഈ വാക്കിൻറെ ഉത്ഭവം എന്നും പരിശുദ്ധ കുർബാനയിൽ യേശുവിൻറ തിരുശരീരമായി മാറുന്ന അപ്പത്തിനെ വിളിക്കുന്നത് HOST എന്നുതന്നെയാണെന്നും ഓർമ്മിക്കുന്നതു നല്ലതാണ്. ദിവ്യകാരുണ്യത്തോടു നടത്തപ്പെടുന്ന അവഹേളനം ഈ കാലഘട്ടത്തിൽ വളരെയധികം വർധിച്ചിട്ടുണ്ടല്ലോ. ദൈവാലയവും പരിശുദ്ധകുർബാനയും ചവിട്ടിമെതിക്കപ്പെടുന്ന ഒരു കാലം. അതോടൊപ്പം കർത്താവിൻറെ സൈന്യമായ വിശുദ്ധജനവും ചവിട്ടിമെതിക്കപ്പെടുന്നു.
നാശം വിതയ്ക്കുന്ന പാപം എന്തെന്നതു നാം ജാഗ്രതയോടെ കാത്തിരുന്നു മനസിലാക്കേണ്ട കാര്യമാണ്. ദൈവാലയത്തിൽ ഒരിക്കലൂം അനുവദിക്കപ്പെടാൻ പാടില്ലാത്ത ഒരു കാര്യം ദൈവാലയത്തിൽ അനുവദിക്കുന്നതായിരിക്കും ഇതെന്നു ചിന്തിക്കുന്നതിൽ തെറ്റുണ്ടോ?
വാഴ്ത്തപ്പെട്ട ആൻ കാതറിൻ എമറിക്കിന് (1774 -1824) ലഭിച്ച ഒരു ദർശനം ഇത്തരുണത്തിൽ സ്മരണീയമാണ്. ആ ദർശനം അന്ത്യകാലത്തെക്കുറിച്ചുള്ളതായിരുന്നു. അതിൽ രണ്ടു മാർപ്പാപ്പാമാർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അനുവദിക്കാൻ പാടില്ലാത്ത ഒരു ആനുകൂല്യം വൈദികരിൽ നിന്ന് ആവശ്യപ്പെടുന്നതിനെക്കുറിച്ചും ഉള്ള സന്ദേശങ്ങൾ ഉൾപ്പെടുന്നു. ഇതു ദൈവാലയങ്ങളിൽ വച്ചു സ്വവർഗബന്ധങ്ങൾ ആശിർവദിക്കുന്നതിനെക്കുറിച്ചാണെന്ന് ഒരു വ്യാഖ്യാനമുണ്ട്. സഭാനിയമവും ധാർമ്മികതയും ഏറ്റവും ഹീനമായ പാപമെന്നു മുദ്രകുത്തിയ സ്വവർഗ ബന്ധങ്ങൾ സഭയ്ക്കുള്ളിൽ അനുവദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ ഇന്നു ലോകത്തിൽ ഉണ്ടല്ലോ.
വിനാശത്തിൻറെ മ്ലേച്ഛവിഗ്രഹം ദൈവാലയത്തിൽ സ്ഥാപിക്കുന്നതിനെക്കുറിച്ചു ദാനിയേൽ പ്രവാചകൻ വീണ്ടും പറയുന്നു; ‘അവൻറെ (എതിർക്രിസ്തുവിൻറെ) സൈന്യം വന്നു ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവർ വിനാശത്തിൻറെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും’ ( ദാനി. 11:31). അടുത്ത അധ്യായത്തിൽ ഒരിക്കൽ കൂടി നാം ഇതിനെക്കുറിച്ചുള്ള പരാമർശം കാണുന്നുണ്ട്; ‘നിരന്തരദഹനബലി നിർത്തലാക്കുന്നതും, വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയിരത്തി യിരുനൂറ്റിതൊണ്ണൂറ് ദിവസം ഉണ്ടാകും’ ( ദാനി. 12:11).
ദാനിയേൽ പ്രവാചകൻ ഈ കാര്യം നാലുതവണ സൂചിപ്പിച്ചിട്ടുണ്ടെന്നത് തന്നെയാണ് ഇതിൻറെ പ്രാധാന്യം വർധിപ്പിക്കുന്നത്.
എന്നാൽ നാം കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ഈ നാലുതവണയും അതു നിരന്തരദഹനബലിയുമായി ബന്ധപ്പെട്ടാണു പരാമർശിച്ചിട്ടുള്ളതെന്നാണ്. അവസാനകാലങ്ങളിൽ നിരന്തരദഹനബലിയായ പരിശുദ്ധകുർബാന നിർത്തലാക്കപ്പെടും എന്ന പ്രവചനം നമുക്കറിയാം. അതേ കാലത്തുതന്നെ ദൈവാലയത്തിൽ മ്ലേച്ഛമായ കാര്യങ്ങൾ പ്രതിഷ്ഠിക്കപ്പെടും എന്നു ദാനിയേൽ പറയുന്നു. ക്രൈസ്തവദൈവാലയങ്ങളിൽ നടത്തപ്പെടുന്ന വിജാതീയ ആരാധനാനുഷ്ടാനങ്ങളും മ്ലേച്ഛമായ സ്വവർഗലൈംഗികബന്ധങ്ങൾ ദൈവാലയങ്ങളിൽ അനുവദിക്കണമെന്ന ജുഗുപ്സാവഹമായ ആവശ്യങ്ങളും
ആൻ കാതറിൻ എമറിക്കിൻറെ പ്രവചനങ്ങളും കോവിഡിൻറെ പേരുപറഞ്ഞു പരിശുദ്ധ കുർബാനയ്ക്കു പലയിടത്തും വിലക്കേർപ്പെടുത്തിയെന്നതിനോടു ചേർത്തുവായിച്ചാൽ നാം എങ്ങോട്ടാണു നീങ്ങുന്നതെന്നതിൻറെ ഒരു സൂചന ലഭിക്കും.
ഇത്രയും പ്രധാനപ്പെട്ട ഒരു പ്രവചനത്തെക്കുറിച്ചാണ് നമ്മുടെ കർത്താവ് യുഗാന്ത്യകാലത്തെക്കുറിച്ചുള്ള തൻറെ പ്രവചനങ്ങളിൽ എടുത്തുപറഞ്ഞിട്ടുള്ളത്; ‘ദാനിയേൽ പ്രവാചകൻ പ്രവചിച്ച വിനാശത്തിൻറെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നിൽക്കുന്നതു കാണുമ്പോൾ – വായിക്കുന്നവർ ഗ്രഹിക്കട്ടെ – യൂദയായിലുള്ളവർ പർവതങ്ങളിലേക്കു പലായനം ചെയ്യട്ടെ’ ( മത്തായി 24:15-16) എന്ന കർത്താവിൻറെ പ്രവചനം ദാനിയേൽ പ്രവചനത്തിൻറെ സ്ഥിരീകരണമാണ്. എന്താണ് ആ അശുദ്ധ ലക്ഷണം എന്നു ദാനിയേൽ പറയുന്നില്ല. യേശുവാകട്ടെ അതു വായിക്കുന്നവൻ ഗ്രഹിക്കട്ടെ എന്നാണു പറയുന്നത്. അതിൻറെയർത്ഥം അതു സംഭവിക്കുന്നതുവരെ നാം അതിനെ തിരിച്ചറിയേണ്ടതില്ല എന്നു കർത്താവ് ആഗ്രഹിക്കുന്നു എന്നതായിരിക്കാം. ഒരുപക്ഷെ അത് അത്ര വലിയ ഇടർച്ചയ്ക്കു കാരണമാകുമെന്നതുകൊണ്ടാണോ കർത്താവ് അക്കാര്യം രഹസ്യമായി വച്ചിരിക്കുന്നത്? എന്തായാലും ഒരു കാര്യം ഉറപ്പാണ്. അവസാനനാളുകളിൽ സഭയിലും ദൈവാലയത്തിലും കൊടിയ അശുദ്ധി കയറിപ്പറ്റും.
1989 ജൂൺ 13ന് പരിശുദ്ധ ‘അമ്മ ഫാദർ സ്‌റ്റെഫാനോ ഗോബിയ്ക്കു നൽകിയ സന്ദേശം ഇത്തരുണത്തിൽ പ്രസക്തമാണ് ( ‘നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു’ എന്ന ഗ്രന്ഥത്തിൽ നിന്ന് – മരിയൻ മൂവ്മെൻറ് ഓഫ് പ്രീസ്റ്റ്സ് പ്രസിദ്ധീകരണം : സന്ദേശം 406)
‘ വ്യാഘ്രത്തെപ്പോലെയുള്ള കറുത്ത മൃഗം ഫ്രീമേസൺ സംഘത്തെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞാടിനെപ്പോലെ രണ്ടു കൊമ്പുകളുള്ള മൃഗം ( വെളി. 13:11) ഫ്രീമേസൺ സിദ്ധാന്തം സഭയുടെ അണികൾക്കുള്ളിൽ നുഴഞ്ഞുകയറിക്കഴിഞ്ഞ കാര്യം, സഭയുടെ അത്യുച്ചിയിൽ തന്നെ സാത്താൻ കടന്നുപറ്റുമെന്ന, ഫാത്തിമയിലെ എൻറെ പ്രവചനത്തിലും ഉൾപ്പെടുന്നുണ്ട്. മേസൺ സംഘത്തിൻറെ പ്രവർത്തനലക്ഷ്യം ക്രിസ്ത്യാനികളെക്കൊണ്ട് കപടദൈവങ്ങളെ ആരാധിപ്പിക്കുക എന്നതാണ്. അങ്ങനെ അവർക്ക് ആത്മനാശം വരുത്തി ഒരു അബദ്ധക്രിസ്തുവിനെയും ഒരു അബദ്ധസഭയെയും സൃഷ്ടിച്ച് ഒരു നവീന വിഗ്രഹത്തെ പ്രതിഷ്ഠിക്കുമ്പോൾ യഥാർത്ഥ ക്രിസ്തുവിനെയും സഭയെയും ഉന്മൂലനം ചെയ്യുകയെന്ന ജോലി സഭയ്ക്കുള്ളിലെ മേസൺ സംഘം തന്നെ യഥാവിധി നിർവഹിച്ചുകൊള്ളും’.
ദൈവാലയത്തിൽ അഥവാ സഭയിൽ അശുദ്ധി കയറിപ്പറ്റും എന്നത് ഏതാനും പതിറ്റാണ്ടുകൾക്കുമുൻപാണെങ്കിൽ അവിശ്വസനീയം എന്നു പറഞ്ഞു നാം തള്ളിക്കളയുമായിരുന്നു. എന്നാൽ ഇന്നു ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന വാർത്തകൾ അങ്ങേയറ്റം ആശങ്കയുണർത്തുന്നവയാണ്. ദിവ്യകാരുണ്യത്തിൽ യേശുവിൻറെ സജീവസാന്നിധ്യം ഉണ്ടെന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതുകൊണ്ടാണു പരിശുദ്ധകുർബാന കൊടുക്കുമ്പോഴും സ്വീകരിക്കുമ്പോഴും കോവിഡ് പകരും എന്ന വ്യാജം അവർ വിശ്വസിക്കുന്നത്. അന്യമതങ്ങളുടെ ആരാധനാലയങ്ങളിലെ പ്രസാദം പോലെയോ വഴിപാടു പോലെയോ ഉള്ള ഒന്നാണു തിരുവോസ്തിയും തിരുരക്തവും എന്നു ചിന്തിക്കുന്നവർക്കു നിരന്തരദഹനബലി നിർത്തലാക്കിയാലും ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. എല്ലാം ഒന്നാണ് എന്ന വ്യാജം വിശ്വസിച്ചിരിക്കുന്ന ക്രിസ്‌ത്യാനിയ്ക്കു തൻറെ ദൈവാലയത്തിൽ നിഷിദ്ധമായ വിജാതീയ ആരാധന നടന്നാലെന്ത്?
അവനെ സംബന്ധിച്ചിടത്തോളം ഭൗതികനേട്ടത്തിനായി ലോകവുമായി സന്ധിചെയ്യാനുള്ള ഏതു ശ്രമവും സ്വാഗതാർഹമാണ്. എന്നാൽ തിരുവചനം പറയുന്നത് ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്നാണ്. ലോകത്തെ ക്രിസ്തുവിന് അനുരൂപമാക്കേണ്ട ചുമതലയുള്ള സഭ അതിനു പകരം സ്വയം ലോകത്തിന് അനുരൂപമാകുന്ന ദയനീയദൃശ്യമാണു നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു കാലം വരുമെന്നു പരിശുദ്ധാത്മാവു വെളിപ്പെടുത്തിക്കൊടുത്തതുകൊണ്ടാണു നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്തിലെ വിശുദ്ധ ആൻറണി ഇപ്രകാരം പ്രവചിച്ചത്; ” സഭയും ലോകവും ഒരുപോലെയാകുമ്പോൾ ആ ദിവസം ( അന്ത്യനാൾ) വരും’.
നമുക്ക് ഒരുങ്ങിയിരിക്കാം. ദൈവാലയത്തിലും സഭയിലും കൊടിയ അശുദ്ധി കയറിപ്പറ്റുന്നതു തിരിച്ചറിയാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.
(തുടരും)