വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 14

ആത്മാക്കളുടെ നരകത്തിലെ മാനസിക പീഡ  

നരകത്തിലുള്ള ആത്മാക്കൾ അവരുടെ ഓർമ്മയാൽ  പീഡിപ്പിക്കപ്പെടും.  ലോകത്തിൽ ജീവിച്ചിരുന്നപ്പോൾ  പുണ്യങ്ങൾ  പരിശീലിപ്പിക്കാനും തങ്ങൾ  ചെയ്ത തിന്മകൾക്കു  പ്രായശ്ചിത്തം ചെയ്യാനും അനുവദിച്ച സമയത്തിൻറെ ഓർമ  അനന്തമായ ആ ദുരിതങ്ങളുടെ വാസസ്ഥലത്ത് ഒരു നിമിഷം പോലും   അവരിൽ നിന്നു  നഷ്ടപ്പെടുകയില്ല. തങ്ങളുടെ അകൃത്യങ്ങൾക്കു  പ്രതിവിധി ചെയ്യാമെന്നുള്ള  ഒരു പ്രത്യാശയും ഇനിമേലിൽ അവശേഷിക്കുന്നില്ലെന്നതും അവരിൽ നിന്ന് ഒരിക്കലും മറച്ചുവെയ്ക്കപ്പെടില്ല. തങ്ങൾ  നിന്ദിച്ച  ദൈവത്തിൽ നിന്നു ജീവിതകാലത്തു  തങ്ങൾക്കു  ലഭിച്ച പ്രകാശവും, അവിടുത്തെ സ്നേഹപൂർവമായ അനേകം ആഹ്വാനങ്ങളും, മാപ്പുനൽകാമെന്ന  വാഗ്ദാനവും ഒക്കെ  അവർ ഓർക്കും; തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാം അവസാനിച്ചു കഴിഞ്ഞതായും പീഡയനുഭവിക്കുകയും   നിത്യകാലവും  നിരാശപ്പെടുകയും ചെയ്യുകയല്ലാതെ തങ്ങൾക്കിനി  മറ്റൊന്നും അവശേഷിക്കുന്നില്ലെന്നും അവർ കാണും. 

ഓ യേശുവേ! അങ്ങയുടെ രക്തവും അങ്ങയുടെ പീഡാസഹനങ്ങളും  മരണവും ആണ് എൻറെ വിശ്വാസവും പ്രത്യാശയും.  അങ്ങ് എനിക്കു തന്ന അനുഗ്രഹങ്ങളെപ്പോലും നിത്യമായി ശപിച്ചുകൊണ്ടു  നരകത്തിൽ വീഴാൻ എന്നെ അനുവദിക്കരുതേ. 

2. സ്വന്തം തെറ്റുകൊണ്ടു  മനപൂർവ്വം നഷ്ടപ്പെടുത്തിയ സ്വർഗത്തെക്കുറിച്ചു നിരന്തരം ചിന്തിക്കുന്നതിലൂടെ നരകത്തിലുള്ള ആത്മാക്കൾ അവരുടെ ഗ്രഹണശക്തിയാൽ ദണ്ഡിപ്പിക്കപ്പെടും. അനുഗ്രഹിക്കപ്പെട്ട ആത്മാക്കൾ  ആനന്ദത്തിൻറെ വാസസ്ഥലത്ത്   ആസ്വദിക്കുന്ന അപാരമായ ആനന്ദം അവരുടെ കൺമുമ്പിൽ എന്നും ഉണ്ടായിരിക്കും; നിരാശയുടെയും കഷ്ടതയുടെയും തടവറയിൽ എന്നെന്നേക്കുമായി അവർ സഹിക്കേണ്ട ഈ ഭയങ്കരമായ ക്ലേശങ്ങൾ അവരുടെ ജീവിതം കൂടുതൽ ദണ്ഡനം നിറഞ്ഞതാക്കും. എൻറെ രക്ഷകാ, ഞാൻ പാപത്തിൽ ആയിരുന്നപ്പോൾ ഞാൻ മരിച്ചുപോയിരുന്നു എങ്കിൽ, സ്വർഗത്തിൽ അങ്ങയെ ആസ്വദിക്കാനുള്ള പ്രത്യാശ എനിക്ക് ഇപ്പോൾ ഉണ്ടാകുകയില്ലായിരുന്നു! ഞാൻ സ്വർഗ്ഗം നേടുന്നതിനായി അങ്ങ് എനിക്കു ജീവൻ നൽകി. അങ്ങയുടെ കൃപ നഷ്ടപ്പെട്ടതിലൂടെ ശൂന്യതയെക്കാളും  നിസാരമായവയ്‌ക്കായി   എനിക്ക് ഇപ്പോൾ സ്വർഗ്ഗം നഷ്ടപ്പെട്ടേക്കുമോ? ഓ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയെ വ്രണപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു; അങ്ങയുടെ പീഡാസഹനത്തിൻറെ യോഗ്യതകളിലൂടെ, അങ്ങയെ സ്വർഗത്തിൽ എന്നേക്കും സ്നേഹിക്കാനായി  വരുവാൻ ഞാൻ അഭിലഷിക്കുന്നു.

3. ആഗ്രഹിക്കുന്നതെല്ലാം നിഷേധിക്കപ്പെട്ടുകൊണ്ടും ആഗ്രഹിക്കാത്ത എല്ലാ ശിക്ഷകളും നൽകപ്പെട്ടുക്കൊണ്ടും നരകത്തിലുള്ള ആത്മാക്കൾ പീഡിപ്പിക്കപ്പെടും. അവർ വെറുക്കുന്നതല്ലാതെ ആഗ്രഹിക്കുന്നതൊന്നും അവർക്ക് ഒരിക്കലും ലഭിക്കുകയില്ല. തങ്ങളുടെ പീഡനങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനും സമാധാനം കണ്ടെത്താനും അവർ കൊതിക്കും; എന്നാൽ അവർക്കു സമാധാനം ഉണ്ടാകില്ല. അവരുടെ പീഡകൾക്കിടയിൽ എന്നേക്കും വസിക്കാൻ അവർ നിർബന്ധിതരാകും. ദൈവം പരമമായ നന്മയാണെന്നും അനന്തമായ സ്നേഹത്തിനു യോഗ്യനാണെന്നും അവർ അറിയുമ്പോൾ, ദൈവത്തെ വെറുക്കുന്നതിലൂടെ അവരുടെ വികലമായ ഇച്ഛ അവരുടെ ഏറ്റവും വലിയ ശിക്ഷയായിമാറും. എൻറെ ദൈവമേ, അങ്ങ് അനന്തമായ നന്മയും അനന്തസ്നേഹത്തിനു യോഗ്യനുമാണ്, എന്നിട്ടും ഞാൻ അങ്ങയെ  ഉപേക്ഷിച്ചുകളഞ്ഞുവല്ലോ! 

 ഓ, അങ്ങയെ ഇത്രയധികമായി മുറിപ്പെടുത്തുന്നതിനേക്കാൾ  മരിക്കാൻ എനിക്കു കഴിഞ്ഞിരുന്നെകിൽ! എൻറെ പരമ നന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്നോടു ദയയായിരിക്കണമേ, ഇനിയൊരിക്കലും  അങ്ങയോടു നന്ദിഹീനനായിരിക്കാൻ എന്നെ അനുവദിക്കരുതേ! ഈ ലോകത്തിലെ എല്ലാ ആനന്ദങ്ങളും ഞാൻ ഉപേക്ഷിക്കുകയും അങ്ങയെ എൻറെ ഏക നന്മയായി സ്വീകരിക്കുകയും ചെയ്യുന്നു. ഞാൻ എന്നേക്കും അങ്ങയുടേതായിരിക്കും; അങ്ങ് എന്നേയ്ക്കും എൻറേതായിരിക്കണമേ. എൻറെ ദൈവമേ, എൻറെ സ്നേഹമേ, ഇതാണ് എൻറെ പ്രത്യാശയും, എൻറെ സർവസ്വവും. ദൈവമാണ്  എൻറെ എല്ലാം. 

ഓ, മറിയമേ! അങ്ങു ദൈവത്തോടുചേർന്നു സർവ്വശക്തയാണ്; വിശുദ്ധ ജീവിതം നയിക്കാനുള്ള കൃപ എനിക്കുവേണ്ടി വാങ്ങിച്ചുതരണമേ.