കഴിഞ്ഞ അധ്യായത്തിൽ നാം ചർച്ച ചെയ്തതു ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിൽനിന്നുള്ള യുഗാന്ത്യസംബന്ധിയായ പ്രവചനങ്ങളും അവയോടു ബന്ധപ്പെടുത്തി ചിന്തിക്കേണ്ട വെളിപാടുപുസ്തകത്തിലെ ചില ഭാഗങ്ങളുമാണ്.
ഇനി നമുക്കു യുഗാന്ത്യത്തിൻറെയും തൻറെ മഹത്വപൂർണ്ണമായ രണ്ടാം വരവിൻറെയും മുന്നോടിയായി സംഭവിക്കുമെന്നു യേശു തന്നെ പ്രവചിച്ചിട്ടുള്ള അടയാളങ്ങളിലേക്ക് ഒന്നൊന്നായി തിരിച്ചുവരാം.
1. ക്രിസ്തുശിഷ്യൻമാരെ വഴിതെറ്റിക്കാൻ പലരും വരും. അവരെ സൂക്ഷിക്കണം ( മത്തായി 24:4):
വിശദീകരണം ആവശ്യമില്ലാത്ത തരത്തിൽ സുവ്യക്തമാണീ അടയാളം. ന്യൂ ഏജ് പ്രസ്ഥാനങ്ങൾ, യോഗ, റെയ്ക്കി, അതീന്ദ്രിയധ്യാനം, അന്ധമായ വിജാതീയാനുകരണം എന്നിവയുടെയെല്ലാം പ്രധാന ഇരകൾ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളാണ്. അമേരിക്കയിലും യൂറോപ്പിലുമായി കോടിക്കണക്കിനു ക്രിസ്ത്യാനികളെ ക്രിസ്തുവിൽ നിന്നും ക്രിസ്തീയവിശ്വാസത്തിൽ നിന്നും അകറ്റാൻ കാരണമായത് ഇത്തരം പ്രസ്ഥാനങ്ങളും ആശയങ്ങളുമാണ്. യോഗ അടക്കമുള്ള നവയുഗ ആശയങ്ങൾ ക്രിസ്തീയതയ്ക്ക് അന്യമായ വിശ്വാസസംഹിതകളിലേക്കു നമ്മെ നയിക്കും എന്നു വത്തിക്കാനിൽ നിന്നു പലതവണ മുന്നറിയിപ്പു നൽകിയിട്ടും സഭയ്ക്കുള്ളിൽ അവയെല്ലാം സ്വീകാര്യമാക്കാൻ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ശ്രമങ്ങൾ നമുക്ക് അറിയാമല്ലോ.
1961 ലെ സെൻസസ് പ്രകാരം അയർലണ്ടിലെ ജനങ്ങളിൽ 96% പേര് കത്തോലിക്കരായിരുന്നു. ഇപ്പോൾ അത്
84% മാത്രമാണ്. ക്രിസ്ത്യാനികൾ, പ്രത്യേകിച്ചും കത്തോലിക്കർ വിശ്വാസത്തിൽ നിന്ന് അകന്നുപോകുന്ന ആധുനികപ്രവണതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് അയർലൻഡ്. എങ്ങനെയാണ് അയർലൻഡ് പോലൊരു രാജ്യത്ത് അബോർഷൻ എന്ന കൊടുംപാപത്തിനു ഭൂരിഭാഗം ജനങ്ങളും വോട്ടുചെയ്ത് അംഗീകരിച്ചുകൊണ്ടു നിയമ പ്രാബല്യം നൽകിയത്? ക്രിസ്ത്യാനികളെ വഴിതെറ്റിക്കാൻ വളരെ എളുപ്പമാണെന്നതിൻറെ ഏറ്റവും നല്ല ദൃഷ്ടാന്തമല്ലേ അത്? ലോകത്തിൽ ഏറ്റവുമധികം വെള്ളം ചേർക്കപ്പെട്ട മതവിശ്വാസം ഏതെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരം മാത്രമേയുള്ളൂ. അതു ക്രിസ്തീയവിശ്വാസം ആണ്. ഒരു പ്രമുഖ ധ്യാനഗുരുവിൻറെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ‘ഇവിടെ അങ്ങനെയുമാകാം, ഇങ്ങനെയുമാകാം. എന്നാൽ മറ്റിടങ്ങളിൽ ഇങ്ങനെ എന്നു പറഞ്ഞാൽ ഇങ്ങനെ എന്നു മാത്രമേ അർത്ഥമുള്ളൂ’. അത്രമാത്രം വഴിതെറ്റിക്കപ്പെടാൻ നാം തയ്യാറാണ് എന്നു സാരം.
2. പലരും ക്രിസ്തുവിൻറെ നാമത്തിൽ വന്നു താൻ ക്രിസ്തുവാണെന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും ( മത്തായി 24:5) :
വ്യാജക്രിസ്തുമാർ നിരവധിപേർ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഡേവിഡ് കൊരേഷ്, മരിയ ഡേവി ക്രിസ്റ്റോസ്, അലൻ ജോൺ മില്ലർ ,ഡേവിഡ് ഷെയ്ലർ, ഇൻറി ക്രിസ്റ്റോ, ജോസ് ലൂയിസ് ഡി ജീസസ്, ജുങ്ങ് മ്യുങ് സിയോക് എന്നിവർ ചില ഉദാഹരണങ്ങൾ മാത്രം. ഇനി ഇന്നത്തെക്കാലത്തു വ്യാജക്രിസ്തുവിനെത്തേടി പുറത്തെങ്ങും പോകണമെന്നുമില്ല. ന്യൂ ഏജ് സിദ്ധാന്തങ്ങൾ അനുസരിച്ചു നമ്മുടെ ഉള്ളിലുള്ള ശക്തിയെ ഉണർത്തിയാൽ നമുക്കു സ്വയമേ ക്രിസ്തുവാകാം. യോഗയിലെ കുണ്ഡലിനി ശക്തി പോലെ. അപ്പോൾ മറ്റൊരു ദൈവത്തിൻറെ ആവശ്യമില്ല. രക്ഷകൻറെ ആവശ്യം ഒട്ടുമേയില്ല. എങ്ങനെയാണു ന്യൂ ഏജ് പ്രസ്ഥാനങ്ങൾ ക്രിസ്ത്യാനികളെ വിശ്വാസത്തിൽ നിന്ന് അകറ്റുന്നതെന്നു മനസിലായില്ലേ?
3. യുദ്ധങ്ങളെപ്പറ്റി കേൾക്കും. അവയെപ്പറ്റിയുള്ള കിംവദന്തികളും കേൾക്കും ( മർക്കോസ് 13:7).
ഇപ്പോൾ യുദ്ധങ്ങളെപ്പറ്റിയല്ലേ കേൾക്കാനുള്ളൂ. അമേരിക്കയും ഇറാനും തമ്മിൽ, അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ, ഇസ്രയേലും ഇറാനും തമ്മിൽ, ഉക്രയിനും റഷ്യയും തമ്മിൽ, യെമനിലും സിറിയയിലും ലിബിയയിലും സുഡാനിലും അഫ്ഗാനിസ്ഥാനിലും നടക്കുന്ന സായുധകലാപങ്ങളും യുദ്ധങ്ങളും ഇസ്രയേലും പലസ്തീനും തമ്മിൽ തുടർന്നുപോരുന്ന യുദ്ധസമാനമായ സാഹചര്യവും കശ്മീരിൽ പാക്കിസ്ഥാൻ ഇളക്കിവിടുന്ന കലാപങ്ങളും ഇങ്ങനെ ഈ പട്ടികയ്ക്ക് അവസാനമില്ല. രണ്ടു ലോകമഹായുദ്ധങ്ങൾ , ആയിരക്കണക്കിനു മനുഷ്യർ കൊല്ലപ്പെട്ട, കൊറിയൻ, വിയറ്റ്നാം യുദ്ധങ്ങൾ,
മുൻ യുഗോസ്ലാവിയയിൽ രാജ്യങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും നടന്ന യുദ്ധങ്ങൾ, ഇറാക്ക്- കുവൈറ്റ് യുദ്ധം, ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധം, ഇന്ത്യ- ചൈന യുദ്ധം എന്നിവയ്ക്കു പുറമെ ഇപ്പോളും നിലച്ചിട്ടില്ലാത്ത ചില യുദ്ധങ്ങളിൽ മരിച്ചുവീണ മനുഷ്യരുടെ സംഖ്യ ഞെട്ടിക്കുന്നതാണ്. 2018 ജനുവരി മുതൽ 2019 ജൂൺ വരെയുള്ള ഒന്നര വർഷത്തിനിടയിൽ മാത്രം അഫ്ഗാനിസ്ഥാനിൽ 52000 പേരും മെക്സിക്കോയിലെ മയക്കുമരുന്നുയുദ്ധങ്ങളിൽ 23000 പേരും സിറിയയിൽ 28000 പേരും യെമനിൽ 11000 പേരും സൊമാലിയയിൽ 5000 പേരും നൈജീരിയയിൽ 3000 പേരും ഇറാക്കിൽ 5000 പേരും സുഡാനിൽ 2000 പേരും ലിബിയയിൽ 2000 പേരും മരിച്ചുവീണു എന്നറിയുമ്പോൾ നമുക്കതു വെറും പത്രവാർത്ത മാത്രമായി എങ്ങനെ എഴുതിത്തള്ളാൻ കഴിയും?
4. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണർന്നെഴുന്നേൽക്കും ( മർക്കോസ് 13:8) :
അതുതന്നെയല്ലേ നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹോങ്കോങ്, കശ്മീർ, ബലൂചിസ്ഥാൻ, മ്യാൻമർ, കൊളംബിയ എന്നിവിടങ്ങളിലെ സംഘർഷങ്ങൾ, ബൊക്കോ ഹറാം വംശഹത്യ, മാവോയിസ്റ് ആക്രമണം, കുർദിഷ്-ടർക്കിഷ് സംഘർഷം, കോംഗോയിലെ ആഭ്യന്തരയുദ്ധം, തായ്ലൻഡിലെ കലാപം, ശ്രീലങ്കയിലെ തമിഴ്-സിംഹള സംഘർഷം, ഫിലിപ്പൈൻസിലെ മയക്കുമരുന്നുയുദ്ധം, ഈജിപ്തിലെ ആഭ്യന്തരകലഹം, ഇതെല്ലാം അവയിൽ ചിലതുമാത്രം. നൈജീരിയ മുതൽ മൊസാംബിക്കും ബുർക്കിനോഫാസോയും വരെ ഇസ്ലാമിക ഭീകരന്മാർ ക്രിസ്ത്യാനികളുടെ ആസൂത്രിതവംശഹത്യ നടത്തുന്നതും യൂറോപ്പിലെ പല രാജ്യങ്ങളിലും അമേരിക്കയിലും ഇസ്ലാമിക ഭീകരന്മാർ ആക്രമണങ്ങൾ നടത്തുന്നതും ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉയിഗുർ വംശീയകലാപങ്ങളും ഉദാഹരണങ്ങൾ.
5. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും ( മത്തായി 24:8).
2011 ൽ രണ്ടരലക്ഷം പേർ മരിച്ചുവീണ സോമാലിയയിലെ ക്ഷാമത്തിനുശേഷം 2017 ൽ ദക്ഷിണസുഡാനിലും ക്ഷാമം ആണെന്ന് ഔദ്യോഗികമായി പ്രഖ്യാപനം വന്നുകഴിഞ്ഞു. നൈജീരിയ, ദക്ഷിണസുഡാൻ, സൊമാലിയ എന്നീ രാജ്യങ്ങളിലായി രണ്ടുകോടി ആളുകൾ അതിരൂക്ഷമായ ക്ഷാമത്തിൻറെ പിടിയിലാണ്. അർദ്ധപട്ടിണിയും പോഷകദാരിദ്ര്യവും മുഖമുദ്രയായ ഡസൻ കണക്കിന് രാജ്യങ്ങൾ ഇതിനുപുറമെയാണ്. ചന്ദ്രനിൽ പോകാൻ റോക്കറ്റു നിർമ്മിക്കാനും രാഷ്ട്രീയലാഭത്തിനായി പ്രതിമകൾ നിർമ്മിക്കാനും നൂറുകണക്കിനു കോടി രൂപ ചെലവഴിക്കുന്ന ഇന്ത്യയിലും പട്ടിണി മരണങ്ങൾ സംഭവിക്കുന്നു എന്നത് ഒരു നഗ്ന യാഥാർഥ്യമാണല്ലോ. കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ സാമ്പത്തികത്തകർച്ചയും തൽഫലമായുള്ള ക്ഷാമവും ലോകത്തെ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നുവെന്നു പത്രമാധ്യമങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല എന്നതാണു സത്യം.
ഇനി ക്ഷാമം ദരിദ്രരാജ്യങ്ങളുടെ മാത്രം പ്രശ്നം ആണെന്ന വല്ല തെറ്റിധാരണയും ഉണ്ടെങ്കിൽ ദയവുചെയ്ത് ഇപ്പോൾത്തന്നെ ആ ധാരണ തിരുത്തുക. കാരണം ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പു കയറ്റുമതി രാജ്യങ്ങളിലൊന്നായിരുന്ന ഓസ്ട്രേലിയ 2019 ൽ ആദ്യമായി അവർക്ക് ആവശ്യമായതിൻറെ ഇരുപതു ശതമാനത്തോളം ഗോതമ്പ് ഇറക്കുമതി ചെയ്തു. കാരണം അതിരൂക്ഷമായ വരൾച്ച . അമേരിക്കയിൽ ചരിത്രത്തിൽ ആദ്യമായി രാജ്യത്തെ ചോളം കൃഷിക്കാർക്കു പകുതിയിലധികം സ്ഥലത്തു കൃഷി ഇറക്കാൻ കഴിഞ്ഞവർഷം സാധിച്ചിട്ടില്ല. കാരണം അതിരൂക്ഷമായ വെള്ളപ്പൊക്കം. ലോകത്തിലെ നല്ലൊരുവിഭാഗം ജനങ്ങളുടെയും പ്രധാന ഭക്ഷ്യവിഭവങ്ങളിലൊന്നാണ് പന്നിയിറച്ചി. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ ലോകത്തിലുള്ള പന്നികളുടെ നാലിലൊന്നും രോഗം ബാധിച്ചു ചത്തുപോയി എന്ന വാർത്ത നിങ്ങൾ വായിക്കുന്ന പത്രങ്ങളിലോ കാണുന്ന ടെലിവിഷൻ ചാനലുകളിലോ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അതിൻറെയർത്ഥം അവർ അത് മനഃപൂർവം മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്നതുമാത്രമാണ്.
വരൾച്ചയായാലും വെള്ളപ്പൊക്കമായാലും അതിൻറെ തീവ്രതയും എണ്ണവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഇരുനൂറു വർഷങ്ങൾക്കുള്ളിലെ ഏറ്റവും വലിയ 25 വരൾച്ചകളിൽ 11 എണ്ണവും സംഭവിച്ചതു കഴിഞ്ഞ 17 വർഷങ്ങൾക്കിടയിലാണ്. കെനിയയിൽ 2014 ൽ തുടങ്ങി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന വരൾച്ചയുടെ ഫലമായി അവിടുത്തെ മുഖ്യ ഭക്ഷ്യവസ്തുക്കളിലൊന്നായ ചോളത്തിൻറെ ഉല്പാദനത്തിലുണ്ടായ കുറവ് 99% ആണെന്ന് ചില കണക്കുകൾ പറയുന്നു. ബ്രസീലിൽ കഴിഞ്ഞ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് 2014 മുതൽ നേരിട്ടുകൊണ്ടിരിക്കുന്നത്. സ്പെയിനിലെ വരൾച്ചയാകട്ടെ ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായതും.
കാലിഫോർണിയയിൽ ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും പടർന്നുകൊണ്ടിരിക്കുന്ന കാട്ടുതീയിൽ ഇതുവരെ കത്തിച്ചാമ്പലായത് 12000 ചതുരശ്രകിലോമീറ്റർ ആണെന്നു പറഞ്ഞാൽ ഒരുപക്ഷേ നമുക്ക് അതിൻറെ ഗൗരവം മനസിലായിക്കൊള്ളണമെന്നില്ല. കേരളത്തിൻറെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്നോളം വരുന്ന ഒരു പ്രദേശമാണ് അഗ്നി വിഴുങ്ങിയതെന്ന് അറിഞ്ഞിരിക്കുക. ഒറിഗൺ, വാഷിങ്ടൻ തുടങ്ങിയ സ്റ്റേറ്റുകളിലെ കണക്ക് ഇതിൽ പെടുത്തിയിട്ടില്ല.
(തുടരും)