ലോകത്തിൽ ആദ്യമായി ദൈവത്തിനു ബലിയർപ്പിച്ചത് ആബേലും കായേനുമാണ്. അതിൽ ആബേലിൻറെ ബലിയിൽ ദൈവം പ്രസാദിച്ചു എന്നും കായേൻറെ ബലിയിൽ അവിടുന്നു പ്രസാദിച്ചില്ല എന്നും വിശുദ്ധഗ്രന്ഥം പറയുന്നു. ദൈവം പ്രസാദിക്കാതെ പോയ ഒരു ബലി സമർപ്പിച്ചതിൻറെ ബാക്കിപത്രമായിരുന്നു കായേൻറെ കറുത്തുപോയ മുഖം. ദൈവത്തോടു രമ്യതപ്പെടാൻ കഴിയാതെ പോയ അവനു തൻറെ സഹോദരനെയും അംഗീകരിക്കാൻ കഴിയാഞ്ഞതിൽ അത്ഭുതമില്ല.
ആബേലിൻറെ അന്തിമബലിയും രക്തം ചിന്തിയുള്ളതായിരുന്നു. അതിനു കാരണമായതോ കായേനും. നിഷ്കളങ്കനായ ആബേലിൻറെ രക്തം മണ്ണിൽ നിന്നു ദൈവത്തെ വിളിച്ചു കരഞ്ഞപ്പോൾ അതു സ്വർഗത്തിൽ നിന്നു കായേൻറെമേൽ ദുർവഹമായ ശിക്ഷയായി ഇറങ്ങിവരികയാണു ചെയ്തത്.
ലോകത്തിലെ അവസാനത്തെ ബലി അർപ്പിച്ചത് യേശുക്രിസ്തുവാണ്. കർത്താവിൻറെ കാൽവരി ബലിയോടെ പഴയനിയമബലികൾ എല്ലാം അപ്രസക്തമായിത്തീർന്നു. അതിൻറെ സ്വർഗത്തിൽ നിന്നുള്ള തെളിവായിരുന്നുവല്ലോ ദൈവപുത്രൻ തൻറെ ബലി പൂർത്തിയാക്കിയപ്പോൾ ദൈവാലയത്തിലെ തിരശീല മുകളിൽ നിന്ന് അടിവരെ രണ്ടായി കീറിപ്പോയി എന്നത്. ദൈവത്തെയും മനുഷ്യനെയും തമ്മിൽ അകറ്റിയിരുന്ന ആ വിരിയ്ക്കു പകരം ക്രിസ്തു സ്വന്തം ശരീരമാകുന്ന മറ്റൊരു വിരിയിലൂടെ നമുക്കു ദൈവസന്നിധിയിലേക്കു പ്രവേശനം നൽകിയ ചരിത്രനിമിഷമായിരുന്നു അവിടുത്തെ കുരിശുമരണം.
ക്രിസ്തുവിൻറെ ബലിയ്ക്കുശേഷം മറ്റൊരു ബലിയുടെ ആവശ്യം ഇല്ല. ഇക്കാര്യം ഹെബ്രായലേഖകൻ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ‘ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിൻറെ ശരീരം എന്നേക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു’ (ഹെബ്രാ 10:10). ‘എന്നാൽ അവനാകട്ടെ പാപങ്ങൾക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചുകഴിഞ്ഞപ്പോൾ ദൈവത്തിൻറെ വലതുഭാഗത്ത് ഉപവിഷ്ടനായി’ (ഹെബ്രാ 10:12). ‘വിശുദ്ധീകരിക്കപ്പെട്ടവരെ അവൻ ഏകബലി സമർപ്പണം വഴി എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നു (ഹെബ്രാ 10:14).
ക്രിസ്തുവിൽ സർവസമ്പൂർണ്ണതയും നിവസിക്കണമെന്നു പിതാവു തീരുമാനിക്കാൻ കാരണം (കൊളോ 1:19) ക്രിസ്തു എന്നേക്കുമുള്ള ഏകബലിവസ്തു ആയതിനാലും ആ ബലിവസ്തു ഊനമറ്റ കുഞ്ഞാടായിരിക്കുന്നതിനും വേണ്ടിയാണ്. പഴയനിയമബലികൾ പാപപരിഹാരത്തിനു വേണ്ടിയായിരുന്നുവെങ്കിൽ ക്രിസ്തുവിൽ നിവർത്തിതമായ അന്ത്യബലി പാപമോചനത്തിനുവേണ്ടിയായിരുന്നു. പാപമോചനം ഉള്ളിടത്തു പാപപരിഹാരബലി ആവശ്യമില്ലല്ലോ ( ഹെബ്രാ 10:18).
ആബേലിൻറെ രക്തം കായേനു ശിക്ഷയ്ക്കു കാരണമായെങ്കിൽ യേശുവിൻറെ രക്തം നമ്മുടെ രക്ഷയ്ക്കാണു കാരണമായത്. ആ രക്തത്തിലാണല്ലോ പുതിയ ഉടമ്പടി ഉറപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു പുതിയ ഉടമ്പടിയുടെ മക്കളായ നമുക്കു നമ്മുടെ വിളിയെപ്പറ്റി കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. എന്തെന്നാൽ ‘പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിൻറെ സവിധത്തിലേക്കും ആബേലിൻറെ രക്തത്തെക്കാൾ ശ്രേഷ്ഠമായവ വാഗ്ദാനം ചെയ്യുന്ന തളിക്കപ്പെട്ട രക്തത്തിലേക്കുമാണു നിങ്ങൾ വന്നിരിക്കുന്നത് ‘ ( ഹെബ്രാ 12:24).
അതുകൊണ്ടുതന്നെ കർത്താവിൻറെ എന്നേക്കുമുള്ള ഏകബലിയുടെ പുനരാവർത്തനമായ പരിശുദ്ധകുർബാനയ്ക്കണയുമ്പോൾ നാം കൂടുതൽ ശ്രദ്ധിക്കണം. അതിപരിചിതത്വം കൊണ്ടു പരിശുദ്ധകുർബാനയുടെ വില മറന്നുപോയ ഒരു ക്രിസ്തീയസമൂഹത്തിലാണു നാം ജീവിക്കുന്നത്. നമ്മിൽ പലർക്കും പരിശുദ്ധകുർബാന വെറും ഓസ്തിയും വീഞ്ഞുമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൻറെയർത്ഥം യേശുക്രിസ്തു നമുക്കായി എന്താണു ചെയ്തുതന്നതെന്നു നമുക്ക് ഇതുവരെയും മനസിലായിട്ടില്ല എന്നാണ്. അങ്ങനെ കഥയറിയാതെ ആട്ടം കാണുന്നവർ എക്കാലത്തുമുണ്ടായിരുന്നു. അവർക്കുവേണ്ടിയാണു പൗലോസ് ശ്ലീഹാ ഇങ്ങനെ എഴുതിയത്. ‘തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കർത്താവിൻറെ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിൻറെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു (1 കൊറി 12:27). അങ്ങനെ ചെയ്യുന്നവർ തങ്ങളുടെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും'( 1 കൊറി 12:29) എന്നു പറഞ്ഞുകൊണ്ട് അയോഗ്യതയോടെയുള്ള പരിശുദ്ധകുർബാന സ്വീകരണം എത്ര ഗൗരവമേറിയ തെറ്റാണെന്ന് അപ്പസ്തോലൻ നമ്മെ പഠിപ്പിക്കുന്നുണ്ട്.
‘സീയോൻ മലയിലേക്കും ജീവിക്കുന്ന ദൈവത്തിൻറെ നഗരമായ സ്വർഗീയജെറുസലേമിലേക്കും അസംഖ്യം ദൂതന്മാരുടെ സമൂഹത്തിലേക്കുമാണല്ലോ’ ( ഹെബ്രാ 12:22) നാം എത്തിച്ചേരേണ്ടത്. ‘സ്വർഗത്തിൽ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപൻറെ മുൻപിലേക്കും പരിപൂർണരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കളുടെ അടുത്തേക്കും’ ( ഹെബ്രാ 12:23) വിളിക്കപ്പെട്ടിരിക്കുന്ന നാം അതിനു നമ്മെ യോഗ്യരാക്കുന്ന കർത്താവിൻറെ ബലി ആഘോഷിക്കപ്പെടുന്ന അൾത്താരയ്ക്കു മുൻപിൽ എപ്രകാരമാണു വ്യാപാരിക്കുന്നതെന്ന് ആത്മശോധന ചെയ്യാം.
നമുക്കു പ്രാർഥിക്കാം : കർത്താവേ, അങ്ങയുടെ തിരുശരീരവും തിരുരക്തവും ഞങ്ങൾക്കു ശിക്ഷാവിധിയ്ക്കു കാരണമാകാതെ, കടങ്ങളുടെ പൊറുതിയ്ക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. ആമേൻ