ലഹരിയുടെ പിറകെ പായുന്ന ഒരു തലമുറയാണു നമ്മുടേത്. മദ്യത്തിലും മയക്കുമരുന്നിലും ലഹരി തേടുന്നവർ, അവിഹിതബന്ധങ്ങളിലും മ്ലേച്ഛതയിലും ലഹരി തേടുന്നവർ, അധികാരം ലഹരിയായി മാറിയവർ, പണം നൽകുന്ന ലഹരിയിൽ മുങ്ങിക്കിടക്കുന്നവർ അങ്ങനെയങ്ങനെ!
എന്നാൽ ക്രിസ്ത്യാനിയുടെ ലഹരി ഇതൊന്നുമായിരിക്കരുത് എന്നാണു വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്നത്. ‘നിങ്ങൾ വീഞ്ഞു കുടിച്ച് ഉന്മത്തരാകരുത്. അതിൽ ദുരാസക്തിയുണ്ട്. മറിച്ച് ആത്മാവിനാൽ പൂരിതരാകുവിൻ’ (എഫേ. 5:18) എന്നാണു പൗലോസ് ശ്ലീഹാ എഫേസോസുകാരെ ഉപദേശിക്കുന്നത്. പരിശുദ്ധാത്മാവിനാൽ പൂരിതനാകുന്നതിൻറെ ലഹരി ആവോളം ആസ്വദിച്ച അപ്പസ്തോലന് അങ്ങനെയേ പറയാൻ കഴിയൂ. പൗലോസിനെന്നല്ല, പരിശുദ്ധാത്മാഭിഷേകം ലഭിച്ച ഏതൊരാളും അങ്ങനെയേ പറയൂ. കാരണം അതു ലോകത്തിലുള്ള മറ്റെല്ലാ ലഹരികളെക്കാളും വീര്യം കൂടിയതാണ്, നിലനിൽക്കുന്നതുമാണ്. ‘പരിശുദ്ധാത്മാവിൽ ദൈവത്തിൻറെ വാസസ്‌ഥലമായി നിങ്ങളും ക്രിസ്തുവിൽ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു’ ( എഫേ.2:22) എന്ന വചനം നമ്മിൽ നിറവേറണമെങ്കിൽ പരിശുദ്ധാത്മാവിൻറെ അഭിഷേകം നമ്മിൽ എന്നും നിലനിൽക്കണമല്ലോ.
ഇപ്രകാരം ക്രിസ്തുവിൽ പണിയപ്പെട്ട ‘പരിശുദ്ധാത്മാവിൻറെ ആലയമായ നമ്മുടെ ശരീരത്തെ’ (1 കൊറി 6:19) മറ്റൊരു ലഹരിയ്ക്ക് അടിമപ്പെടുത്താൻ പാടുണ്ടോ? ഇല്ല എന്നു തന്നെയാണു മറുപടി. കാരണം പരിശുദ്ധാത്മാവു വസിക്കുന്ന നമ്മുടെ ശരീരത്തെ വിൽക്കാനോ പണയപ്പെടുത്താനോ നമുക്കവകാശമില്ല. അതിൻറെ കാരണവും അപ്പസ്തോലൻ പറയുന്നുണ്ട്; ‘നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്’ (1 കൊറി 6:19-20).
വലിയ വിലകൊടുത്തു നമ്മെ സ്വന്തമാക്കിയ പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ വിട്ടുകൊടുക്കാൻ ആഗ്രഹിക്കുന്നില്ല. കർത്താവിൻറെ മഹാദിനത്തിൽ, സ്വർഗീയജെറുസലേമിൽ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതുവരെ ആരും നമ്മെ തട്ടിയെടുക്കാതിരിക്കാനായി ആത്മാവ് നമ്മുടെ മേൽ ഒരിക്കലും മായാത്ത ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ‘രക്ഷയുടെ ദിനത്തിനു വേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിൻറെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്’ (എഫേ 4:30) എന്നു തിരുവചനം പറയുന്നത്.
യേശുവിനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചവൻറെ ആത്മാവാണത് ( റോമാ 8:11). നമ്മുടെ മർത്യശരീരങ്ങൾക്ക് ജീവൻ പ്രദാനം ചെയ്യുന്നതും ഇതേ ആത്മാവു തന്നെ. ശരീരത്തിൻറെ പ്രവണതകളെ നിഹനിക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ് (റോമാ 8:13). ഒരിക്കലും നമ്മെ ഭയത്തിലേക്കു നയിക്കാത്ത (റോമാ 8: 15) പുത്രസ്വീകാര്യത്തിൻറെ ആത്മാവാണു നമ്മിൽ വസിക്കുന്നത്. ആബാ- പിതാവേ- എന്നു ദൈവത്തെ വിളിക്കാൻ നമുക്കു സാധിക്കുന്നത് ഈ ആത്മാവ് നമ്മിലുള്ളതുകൊണ്ടാണ് (റോമാ 8:15). യേശു കർത്താവാണ് എന്നു പറയാൻ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല (1 കൊറി 12:3) എന്നതു സത്യം. പിതാവ് ആരെന്നും പുത്രൻ ആരെന്നും പരിശുദ്ധാത്മാവു വെളിപ്പെടുത്തിക്കൊടുത്ത ഒരു നിമിഷത്തിലാണല്ലോ ‘ നീ ജീവിക്കുന്ന ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണ്’ എന്ന് ഏറ്റുപറയാൻ കേപ്പായ്ക്കു സാധിച്ചത്.
തന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽ നിന്ന് ഒഴുകാനിരിക്കുന്ന ജീവജലത്തിൻറെ അരുവികൾ ( യോഹ 7:38) എന്നു യേശുക്രിസ്തു പറഞ്ഞതും ഈ ആത്മാവിനെക്കുറിച്ചായിരുന്നുവല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അനേകർ പരിശുദ്ധാത്മാവാകുന്ന പരമലഹരി ഉപേക്ഷിച്ച് , ലോകം നൽകുന്ന നൈമിഷികമായ ലഹരികൾക്കു പിറകേ പായുന്നത്? അതിൻറെ കാരണം നാം കണ്ടെത്തുന്നത് യോഹന്നാൻറെ സുവിശേഷത്തിലാണ്. ‘ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു സാധിക്കുകയില്ല. കാരണം അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല’ (യോഹ. 14:17).
പരിശുദ്ധാത്മാവിൽ അഭിഷേകം പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ മനസിലാക്കേണ്ട കാര്യവും ഇതു തന്നെയാണ്. പരിശുദ്ധാത്മാവിനെ കാണണമെങ്കിൽ ലോകത്തിൻറെ കണ്ണടകൾ മാറ്റിവച്ചേ മതിയാകൂ. പരിശുദ്ധാത്മാവിനെ അറിയണമെങ്കിൽ ലോകത്തിൻറെ ജ്ഞാനം അപര്യാപ്തവുമാണ്. ലോകത്തിൻറെ കണ്ണട മാറ്റാത്തിടത്തോളം കാലം പരിശുദ്ധാത്മാവ് നമുക്ക് അപ്രാപ്യനായിരിക്കും. സ്വന്തം ബുദ്ധിയെ ദൈവതിരുമുൻപിൽ അടിയറവു വയ്ക്കാത്തിടത്തോളം കാലം പരിശുദ്ധാത്മാഭിഷേകം എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയും ചെയ്യും. കാരണം ‘ജ്ഞാനികളിൽ നിന്നും ബുദ്ധിമാന്മാരിൽ നിന്നും മറച്ചുവച്ച്, ശിശുക്കൾക്ക് മാത്രം വെളിപ്പെടുത്തിക്കൊടുക്കാൻ’ ( ലൂക്കാ 10:21) ദൈവം തിരുമനസാകുന്ന മഹാരഹസ്യമാണു പരിശുദ്ധാത്മാവ്.
നമുക്കു പ്രാർഥിക്കാം: ‘ കർത്താവിൻറെ ആത്മാവ് എൻറെ മേൽ ഉണ്ട്’ ( ലൂക്കാ 4:18) എന്നു പ്രഖ്യാപിക്കുകയും ശിഷ്യന്മാരുടെ മേൽ നിശ്വസിച്ചുകൊണ്ട് ‘നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ’ ( യോഹ.20 22)എന്ന് അവരോട് അരുളിചെയ്യുകയും ചെയ്ത ഈശോയേ, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ. അതുവഴി ഞങ്ങൾ പുതുസൃഷ്ടികളായിത്തീരട്ടെ. ലോകം നൽകുന്ന മായാലഹരികൾ ഉപേക്ഷിച്ച്, ആത്മാവിനാൽ പൂരിതരാകാനുള്ള കൃപ ഞങ്ങൾക്കു തരണമേ. ആമേൻ’.