പരിശുദ്ധ ലൂർദ്ദ് മാതാവിനോടുള്ള നൊവേന

 

എല്ലാ ദിവസത്തേക്കും വേണ്ടിയുള്ള പൊതുവായ പ്രാർത്ഥനകൾ  താഴെ കൊടുക്കുന്നു.  കൂടാതെ  ഓരോ ദിവസത്തേയ്ക്കുമുള്ള പ്രത്യേകമായ ലഘുപ്രാർഥന  അവസാനം കൊടുത്തിരിക്കുന്നു. 

1.പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ   – ആമേൻ.

2. പരിശുദ്ധ ലൂർദ്ദ് മാതാവേ, ലൂർദ്ദിലെ ഗ്രോട്ടോയിലെ  കുഞ്ഞുബെർണദീത്തയെപ്പോലെ   ഞങ്ങളും   അങ്ങേപ്പക്കൽ അണയുന്നു. ശിശുസഹജമായ ശരണത്തോടെ ഞങ്ങൾ അങ്ങയോടു  പ്രാർത്ഥിക്കുന്നു.  ഓ അമലോത്ഭവമാതാവേ, അങ്ങയുടെ പ്രത്യക്ഷീകരണത്താൽ ലൂർദ്ദ്  ഒരു വിശുദ്ധ സങ്കേതമായി മാറുകയും  .അനേകർ അവിടെ വന്നു   തങ്ങളുടെ ആത്മീയവും ശാരീരികവുമായ രോഗങ്ങളിൽ നിന്നുസൗഖ്യം  നേടുകയും ചെയ്തുവല്ലോ.  ഈ മനോശരണത്തോടെ ഞങ്ങളും അങ്ങയുടെ പരിശുദ്ധ മാധ്യസ്ഥം യാചിക്കുന്നു.

( ഇവിടെ  പ്രാർത്ഥന നിയോഗം പറയുക)  

പരിശുദ്ധ ജപമാല രാജ്ഞീ,  ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങയുടെ പ്രാർത്ഥനകൾ  ദൈവം ദയാവായ്‌പോടെ  കൈക്കൊള്ളുമെന്നു  ഞങ്ങൾ ഉറപ്പായും വിശ്വസിക്കുന്നു.

3.അമലോത്ഭവയായ അമ്മേ,   ദൈവമാതാവേ, അങ്ങയുടെ കരുണ ഞങ്ങൾക്ക് കാണിച്ചുതരണമേ.

 ( ഈ പ്രാർത്ഥന ദിവസമനുസരിച്ച്  മാറുന്നതാണ്. ഇത് ഒന്നാം ദിവസത്തേക്കുള്ളതാണ്. രണ്ടു മുതൽ ഒൻപതു വരെയുള്ള ദിവസങ്ങളിലേക്കുള്ള പ്രാർഥന  അവസാനം കൊടുത്തിരിക്കുന്നു)

4. അങ്ങേ സങ്കേതത്തിൽ  ഓടിവന്ന്, അങ്ങേ സഹായം തേടി, മാധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി കേട്ടിട്ടില്ല  എന്ന് അങ്ങ് ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താൽ  ധൈര്യപ്പെട്ട് ഞങ്ങൾ അങ്ങേ തൃപ്പാദത്തിങ്കൽ അണയുന്നു. വിലപിച്ചു  കണ്ണുനീർ ചിന്തി പാപികളായ ഞങ്ങൾ  അങ്ങയുടെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങയുടെ സന്നിധിയിൽ നിൽക്കുന്നു.  അവതരിച്ച വചനത്തിൻറെ മാതാവേ,  ഞങ്ങളുടെ  അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടരുളേണമേ.  ആമേൻ.

5. പരിശുദ്ധ ലൂർദ്ദ് മാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

    വിശുദ്ധ ബെർണദീത്തയേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ,ആമേൻ. 

6.   പിതാവിൻറെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.

ദിവസമനുസരിച്ച്  മാറിവരുന്ന  പ്രാർഥനകൾ 

ദിവസം 

1.  അമലോത്ഭവമാതാവേ,   അങ്ങയുടെ കരുണ ഞങ്ങൾക്കു  കാണിച്ചുതരണമേ.

2   അമലോത്ഭവമാതാവേ, ഞങ്ങളുടെ ദുരിതങ്ങളിൽ ഞങ്ങളെ ആശ്വസിപ്പിക്കണമേ.

3.  അമലോത്ഭവമാതാവേ, പരീക്ഷണസമയങ്ങളിൽ  ഞങ്ങൾക്കു  പ്രത്യാശ ലഭിക്കാനായി  പ്രാർത്ഥിക്കണമേ  

4   അമലോത്ഭവമാതാവേ, ദൈവകൃപ ഞങ്ങളുടെ ശക്തിയും ബലവുമാകാൻ  വേണ്ടി പ്രാർത്ഥിക്കണമേ. 

5.  അമലോത്ഭവമാതാവേ, ഞങ്ങൾ സ്വർഗീയ സമാശ്വാസത്തിൽ എത്തിച്ചേരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ. 6.  അമലോത്ഭവമാതാവേ, അങ്ങയുടെ മാധുര്യവും  ശോഭയും ഞങ്ങളിൽ പ്രകടമാക്കണമേ.

7.  അമലോത്ഭവമാതാവേ, അങ്ങയുടെ വിമലഹൃദയത്തിൻറെ സ്നേഹം ഞങ്ങളിൽ ചൊരിയണമേ

8.  അമലോത്ഭവമാതാവേ, അങ്ങയോടും യേശുവിനോടുമുള്ള സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ  നിറയ്ക്കണമേ.

9. അമലോത്ഭവമാതാവേ, ഇപ്പോൾ  ഞങ്ങൾക്കാവശ്യമായതെന്തെന്ന്  അങ്ങയുടെ  മാതൃഹൃദയം അറിയുന്നുവോ, അതു ഞങ്ങൾക്കു  നൽകണമേ.