നമ്മുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കുന്നതു യേശുവാണ്
1. “നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഖങ്ങളാണ് അവൻ ചുമന്നത്.” ദൈവദത്തമായ വിശ്വാസം ഈ ഉറപ്പു നമുക്കു നൽകിയിരുന്നില്ലെങ്കിൽ ആർക്കാണ് ഇതു വിശ്വസിക്കാൻ കഴിയുക? “നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്!” ഓ യേശുവേ, മനുഷ്യൻ പാപം ചെയ്യുന്നു, ദൈവപുത്രൻ അവനുവേണ്ടി പരിഹാരം ചെയ്യുന്നു! ഞാൻ പാപം ചെയ്തു, അങ്ങ് എനിക്കുവേണ്ടി പരിഹാരം ചെയ്തുവെന്നോ? അതേ, ഞാൻ നരകത്തിന് അർഹനാണ്, എന്നെ നിത്യമരണത്തിൽ നിന്നു രക്ഷിക്കുവാനായി, ക്രൂശിൽ മരണശിക്ഷ അനുഭവിക്കുവാൻ അങ്ങേയ്ക്കു മനസ്സുണ്ടായി! ഒറ്റ വാക്കിൽ പറഞ്ഞാൽ, എനിക്കു മാപ്പു തരുന്നതിനായി അങ്ങ് അങ്ങയോടുതന്നെ ക്ഷമിച്ചില്ല. അപ്പോൾ ഞാൻ എൻറെ ജീവിതത്തിൽ ഇനിയുള്ള കാലം എപ്പോഴെങ്കിലും അങ്ങയെ വീണ്ടും മുറിവേൽപ്പിക്കാൻ മാത്രം നീചനാകാൻ പാടുണ്ടോ? ഇല്ല, എൻറെ രക്ഷകനേ, ഞാൻ അങ്ങയോടു വളരെയധികം കടപ്പെട്ടിരിക്കുന്നു, അങ്ങയെ സ്നേഹിക്കാൻ ഞാൻ വളരെയധികം ബാധ്യസ്ഥനാണ്. ഇതാ, ഞാൻ അങ്ങയുടെതാണ്, അങ്ങ് ആഗ്രഹിക്കുന്ന തുപോലെ എന്നോടു ചെയ്യുക; എല്ലാ കാര്യങ്ങളിലും അങ്ങയെ പ്രസാദിപ്പിക്കാൻ ഞാൻ ശ്രമിക്കും.
2. “നമ്മുടെ അതിക്രമങ്ങൾക്കുവേണ്ടി അവൻ മുറിവേല്പിക്കപ്പെട്ടു, നമ്മുടെ അകൃത്യങ്ങൾക്കുവേണ്ടി അവൻ ക്ഷതമേല്പിക്കപ്പെട്ടു. ”എൻറെ ആത്മാവേ, നിൻറെ ദൈവം പീലാത്തോസിൻറെ അരമനയിൽ ഒരു കൽത്തൂണിൽ കെട്ടപ്പെട്ട്, ചമ്മട്ടികളാൽ അടിക്കപ്പെട്ട്, മുൾക്കിരീടം ചാർത്തപ്പെട്ട്, ശിരസ്സുമുതൽ പാദംവരെ മുറിവേൽപ്പിക്കപ്പെട്ട്, ശരീരം മുഴുവൻ കീറിമുറിക്കപ്പെട്ട്, രക്തം വാർന്നു കിടക്കുന്നതു കാണുക; എന്നിട്ട് ‘എൻറെ മകനേ, നീ എന്നോട് എന്താണു ചെയ്തതെന്നു കാണുക’ എന്നു അവിടുന്നു സ്നേഹപൂർവ്വം പറയുന്നതു കേൾക്കുക. ഓ, എൻറെ പ്രിയപ്പെട്ട രക്ഷകാ! അങ്ങ് എനിക്കുവേണ്ടി വളരെയധികം കഷ്ടതകൾ സഹിച്ചു, എന്നിട്ടും, അങ്ങയുടെ സ്നേഹത്തിനു പകരം ഇത്രയധികം അകൃത്യങ്ങൾ ചെയ്യാൻ എനിക്ക് എങ്ങനെ സാധിച്ചു? എൻറെ ആത്മാവു നഷ്ടപ്പെടുന്നതിൽ നിന്ന് എന്നെ രക്ഷിക്കാനായി അങ്ങു വളരെയധികം പീഡകൾ എനിക്കുവേണ്ടി അനുഭവിച്ചു, എന്നാൽ ഞാനാകട്ടെ, വെറും ഒന്നുമില്ലായ്മയ്ക്കുവേണ്ടി അങ്ങയെ നഷ്ടപ്പെടുത്തി! ഓ ശപിക്കപ്പെട്ട പാപസുഖങ്ങളേ! ഞാൻ നിങ്ങളെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു; എൻറെ രക്ഷകൻ എനിക്കുവേണ്ടി സഹിച്ച എല്ലാ കഷ്ടതകളുടെയും കാരണം നിങ്ങളാണ്.
3. കോർട്ടോണയിലെ വിശുദ്ധ മാർഗരറ്റ്, ക്രിസ്തുവിൻറെ പീഡകളെക്കുറിച്ചു ധ്യാനിച്ചപ്പോൾ, അവളുടെ പാപങ്ങളെയോർത്ത് അത്യധികം വിലപി ക്കുന്നതിൽ നിന്നു സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം അവളുടെ കുമ്പസാരക്കാരൻ അവളോടു പറഞ്ഞു, “മാർഗരറ്റ്, കരയുന്നതു നിർത്തുക; കാരണം ദൈവം നിന്നോടു ക്ഷമിച്ചിരിക്കുന്നു.” എന്നാൽ അനുതാപ വിവശയായ ഈ പാപി പറഞ്ഞ ഉത്തരം കേൾക്കുക: “ഓ, പിതാവേ, എൻറെ പാപങ്ങൾ എൻറെ പ്രിയപ്പെട്ട രക്ഷകനെ അവിടുത്തെ ജീവിതകാലം മുഴുവൻ വേദനിപ്പിച്ചു എന്നോർക്കുമ്പോൾ, എൻറെ പാപങ്ങളെക്കുറിച്ചു മേലിൽ വിലപിക്കേണ്ട എന്ന് എനിക്ക് എങ്ങനെ ചിന്തിക്കാൻ കഴിയും?” എൻറെ പ്രിയപ്പെട്ട യേശുവേ, അങ്ങയുടെ ജീവിതകാലത്ത് എൻറെ പാപങ്ങളാൽ ഞാനും അങ്ങയെ കഷ്ടപ്പെടുത്തിയിരിക്കണം. വിശുദ്ധ മാർഗരറ്റിന് അവളുടെ പാപങ്ങളെപ്പറ്റി വിലപിക്കാനും അങ്ങയെ സ്നേഹിക്കാനും അറിയാമായിരുന്നു; എന്നാൽ എൻറെ പാപങ്ങളെപ്പറ്റി പരമാർത്ഥമായി വിലപിക്കാൻ ഞാൻ എപ്പോൾ തുടങ്ങും? എപ്പോൾ ഞാൻ അങ്ങയെ സത്യമായും സ്നേഹിക്കാൻ തുടങ്ങും? എൻറെ പരമനന്മയായ അങ്ങയെ ദ്രോഹിച്ചതിൽ ഞാൻ ഖേദിക്കുന്നു. എൻറെ പ്രിയപ്പെട്ട രക്ഷകാ, ഞാൻ അങ്ങയെ എന്നെക്കാൾ കൂടുതൽ സ്നേഹിക്കുന്നു. ഓ, എൻറെ ഹൃദയത്തെ മുഴുവനായും അങ്ങയിലേക്ക് ആകർഷിക്കുകയും, അങ്ങയുടെ പരിശുദ്ധസ്നേഹത്താൽ അതിനെ പൂർണ്ണമായി ജ്വലിപ്പിക്കുകയും ചെയ്യണമേ; ഇനിയും അങ്ങ് എൻറെമേൽ ചൊരിഞ്ഞ അനേകം കൃപകളോടു നന്ദിഹീനത കാട്ടി ജീവിതം തുടരാൻ എന്നെ അനുവദിക്കരുതേ. പരിശുദ്ധ മറിയമേ, അങ്ങയുടെ പരിശുദ്ധ മാധ്യസ്ഥതയിലൂടെ വിശുദ്ധനാകാൻ എന്നെ ശക്തമായി സഹായിക്കാൻ അങ്ങേയ്ക്കു കഴിയും; യേശുക്രിസ്തുവിൻറെ സ്നേഹത്തെപ്രതി എന്നെ സഹായിക്കണമെന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു.