കൃപയുടെ ദുരുപയോഗം
1. ദൈവം നമുക്കു സമ്മാനിക്കുന്ന കൃപകൾ, അവിടുത്തെ പ്രകാശം, അവിടുത്തെ വിളികൾ, അവിടുന്നു നമ്മെ പ്രചോദിപ്പിക്കുന്ന നല്ല ചിന്തകൾ എന്നിവയെല്ലാം യേശുക്രിസ്തുവിൻറെ പീഡാസഹനവും മരണവും വഴിയായി, നമുക്കുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുന്നവയാണ്. മനുഷ്യന് അവയെ സ്വീകരിക്കാൻ കഴിയണമെങ്കിൽ , ദൈവപുത്രൻ മരിക്കേണ്ടത് അത്യാവശ്യമായിരുന്നു, അവിടുത്തെ യോഗ്യതകളാണ് അത്തരം ദിവ്യപ്രീതികൾ സ്വീകരിക്കാൻ അവനെ പ്രാപ്തനാക്കുന്നത്. അതിനാൽ, ദൈവകൃപകളെ ദുരുപയോഗം ചെയ്തുകൊണ്ടു നിന്ദിക്കുന്നവൻ, യേശുക്രിസ്തുവിൻറെ തിരുരക്തത്തെയും അവിടുത്തെ മരണത്തെയും പുച്ഛിക്കുന്നു. അത്തരത്തിൽ കൃപയെ ദുരുപയോഗം ചെയ്തത് അസംഖ്യം ക്രിസ്ത്യാനികളുടെ നിത്യനാശത്തിനു കാരണമായിട്ടുണ്ട്, അവർ ഇപ്പോൾ പ്രതീക്ഷയോ പരിഹാരമോ ഇല്ലാതെ നരകത്തിൽ തങ്ങളുടെ പാപങ്ങളെപ്രതി വിലപിക്കുന്നു. ഓ എൻറെ ദൈവമേ! അവരിലൊരാളാകാൻ ഞാൻ എത്രയോ തവണ അർഹനായിരുന്നു! എൻറെ കഴിഞ്ഞ കാലത്തെ പാപകൃത്യങ്ങളെക്കുറിച്ചു വിലപിക്കാൻ അങ്ങ് ഇപ്പോൾ എനിക്കു സമയം അനുവദിച്ചതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു, അങ്ങ് എനിക്കു മാപ്പു നൽകുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
2. ഓ ദൈവമേ! ഈ ലോകത്തിലായിരിക്കുമ്പോൾ അങ്ങയിൽ നിന്ന് അവർക്ക് ലഭിച്ച അനേകം കൃപകളെ ഓർമ്മിക്കുക എന്നതു നരകത്തിലുള്ള ആത്മാക്കൾക്ക് എത്രയോ വലിയ നിത്യപീഡയായിരിക്കണം; അവയുടെ മൂല്യവും അവയെ നിന്ദിച്ചുകൊണ്ട് അവർ ചെയ്ത തിന്മയും ഇപ്പോൾ അവർ അറിയുന്നു! എൻറെ പ്രിയപ്പെട്ട രക്ഷകാ, എൻറെ കൃതഘ്നതയ്ക്ക് എന്നെ ശിക്ഷിക്കുകയും എൻറെ പാപങ്ങളിൽ എന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നതിനുപകരം, അങ്ങയുടെ പ്രകാശം വർദ്ധിപ്പിക്കുകയും അങ്ങയുടെ വിളികൾ ഇരട്ടിയാക്കുകയും ചെയ്തതിനാൽ, അങ്ങയെ സ്നേഹിക്കാനുള്ള എൻറെ കടമയെ മനസ്സിലാക്കാനുള്ള ജ്ഞാനവും കൃപയും എനിക്കു തരണമേ. ഇതാ, അങ്ങ് ഇപ്പോൾ എന്നെ വിളിക്കുന്നതുകൊണ്ടു ഞാൻ പൂർണമായും എന്നേക്കും അങ്ങയുടേതാകും.
3. ക്രിസ്ത്യാനീ, ചിന്തിക്കുക: നിൻറെമേൽ ചൊരിഞ്ഞ അതേ കൃപ ദൈവം ഒരു അവിശ്വാസിയുടെമേൽ ചൊരിഞ്ഞിരുന്നെങ്കിൽ, ആ അവിശ്വാസി ഇപ്പോൾ മിക്കവാറും ഒരു വിശുദ്ധനായിട്ടുണ്ടാകുമായിരുന്നു. എന്നാൽ, നീ എന്തു ചെയ്തു? ദൈവം അവിടുത്തെ കൃപകളെ വർദ്ധിപ്പിച്ചിരിക്കുന്നു. എന്നാൽ നീ ദൈവത്തിനെതിരായ നിൻറെ പാപങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു. നീ പാപത്തിൽ തുടരുകയാണെങ്കിൽ, നിന്നെ കൂടുതൽ കാലം സഹിക്കാനും ഉപേക്ഷിക്കാതിരിക്കാനും ദൈവത്തിന് എങ്ങനെ സാധിക്കും? നിൻറെ നന്ദിഹീനത ഉടൻ അവസാനിപ്പിക്കുക, എന്നിട്ടു ഭയത്താൽ വിറയ്ക്കുക, അല്ലാത്തപക്ഷം, ദൈവം നിനക്കു നൽകിയ കൃപകളെ നീ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ, കൂടുതൽ വെളിച്ചമോ കൃപകളോ നിങ്ങൾക്കു നൽകപ്പെടുകയില്ല. അതെ, എൻറെ ദൈവമേ, അങ്ങ് എന്നെ വളരെക്കാലം സഹിച്ചുകഴിഞ്ഞിരിക്കുന്നു; ഞാൻ ഇനി ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. ഞാൻ എന്തിനാണ് കാലതാമസം വരുത്തുന്നത്? അത് അങ്ങ് എന്നെ ഉപേക്ഷിക്കുന്നതിനായിരിക്കുമോ? അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ. കർത്താവേ, എന്നെ അവഗണിക്കരുതേ; ഇനി മുതൽ എൻറെ പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ സ്നേഹിക്കും. തീർച്ചയായും അങ്ങ് എല്ലാ സ്നേഹത്തിനും ഏറ്റവും യോഗ്യനാണ്; എല്ലാ കാര്യങ്ങളിലും അങ്ങയെ പ്രസാദിപ്പിക്കാനും സ്നേഹിക്കാനും ഞാൻ ശ്രമിക്കും. എന്നെ ശക്തനാക്കണമേ, എന്നെ വിശ്വസ്തനാക്കണമേ. മറിയമേ, ദൈവത്തിൻറെ അമ്മേ, അങ്ങയുടെ പ്രാർത്ഥനകളാൽ എന്നെ സഹായിക്കണമേ.