നമ്മിൽനിന്നു വേര്പിരിയുവാൻ പാപത്താൽ നാം ദൈവത്തെ നിർബന്ധിക്കുന്നു
1. ദൈവത്തെ സ്നേഹിക്കുന്ന ഓരോ ആത്മാവിനേയും ദൈവം തിരിച്ചു സ്നേഹിക്കുന്നു; പാപം ചെയ്ത് ദൈവത്തെ പുറത്താക്കുന്നതുവരെ ദൈവം ആ ആത്മാവിൻറെ ഉള്ളിൽ വസിക്കുന്നു. ‘ദൈവം ഉപേക്ഷിക്കപ്പെടുന്നതു വരെ ദൈവവും ഉപേക്ഷിക്കുന്നില്ല’ എന്നു ട്രെൻറ് സൂനഹദോസ് പറയുന്നു. ഒരാത്മാവ് മനഃപൂർവം മാരക പാപത്തിനു വഴങ്ങിക്കൊടുക്കുമ്പോൾ അതു ദൈവത്തെ പുറത്താക്കിക്കൊണ്ട് ഇപ്രകാരം പറയുകയാണ്: ‘ഓ കർത്താവേ, എന്നെ വിട്ടു പോകുക! എന്തെന്നാൽ ഇനി മേലിൽ നിൻറെ അധീനതയിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’. ‘ദുഷ്ടന്മാർ ദൈവത്തോടു പറഞ്ഞു: ഞങ്ങളെ വിട്ടകന്നു പോകുക’. ഓ എൻറെ ദൈവമേ! ഞാൻ പാപം ചെയ്തപ്പോൾ, അങ്ങയെ എൻറെ ആത്മാവിൽ നിന്നു പുറത്താക്കാനും ഇനി എന്നോടൊപ്പം ഉണ്ടാകാതിരിക്കാൻ ആഗ്രഹിക്കാനും മാത്രം എനിക്കു ധൈര്യമുണ്ടായിരുന്നു. എന്നാൽ ഞാൻ നിരാശനാകാതെ മാനസാന്തരപ്പെട്ട് അങ്ങയെ സ്നേഹിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. അതെ, എൻറെ യേശുവേ, ഞാൻ അങ്ങേയ്ക്കെതിരായി പാപം ചെയ്തതിൽ അനുതപിക്കുന്നു; എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു.
2. പാപം വസിക്കുന്ന ഒരാത്മാവിൽ പാപത്തോടൊത്ത് വസിക്കാൻ ദൈവത്തിനു കഴിയുകയില്ലെന്നു പാപി അറിഞ്ഞിരിക്കണം. അതിനാൽ പാപം ഒരു ആത്മാവിൽ പ്രവേശിക്കുമ്പോൾ ദൈവം അതിൽ നിന്നു വിട്ടുപോകണം. അതുകൊണ്ടു പാപത്തെ സ്വീകരിക്കുമ്പോൾ മനുഷ്യൻ ദൈവത്തോട് ഇപ്രകാരം പറയുകയാണു ചെയ്യുന്നത്: ‘ഞാൻ പാപം ഉപേക്ഷിക്കാതെ ഇനിയങ്ങോട്ട് അങ്ങേയ്ക്ക് എന്നിൽ വസിക്കാനാവാത്തതുകൊണ്ട്, എന്നിൽ നിന്നകന്നു പോകുക, പാപം ചെയ്യുന്നതിൻറെ ആനന്ദം നഷ്ടപ്പെടുത്തുന്നതിനേക്കാൾ അങ്ങയെ നഷ്ടപ്പെടുന്നതാണു നല്ലത്’. ദൈവത്തെ പുറത്താക്കുന്ന അതേ സമയം തന്നെ ആത്മാവ് തൻറെമേൽ പിശാചിന് അവകാശം നൽകുകയും ചെയ്യുന്നു. അപ്രകാരം പാപി തന്നെ സ്നേഹിക്കുന്ന തൻറെ ദൈവത്തെ പുറന്തള്ളുകയും തന്നെ വെറുക്കുന്ന ഒരു ഉഗ്രപീഡകൻറെ അടിമയായി തന്നെത്തന്നെ മാറ്റുകയും ചെയ്യുന്നു. കർത്താവേ, ഇതാണു ഞാൻ ഇതുവരെ ചെയ്തത്. ഓ, ഗത്സമൻ തോട്ടത്തിൽ അങ്ങ് എൻറെ പാപങ്ങൾക്കുവേണ്ടി അനുഭവിച്ച കൈയ്പ്പേറിയ വേദനയുടെ ഒരു പങ്ക് എനിക്കു തരണമേ. പ്രിയപ്പെട്ട രക്ഷകാ, ഞാൻ അങ്ങയെ ഒരിക്കലും വ്രണപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കിൽ!
3. ഒരു ശിശു ജ്ഞാനസ്നാനമേൽക്കുമ്പോൾ, അതിൻറെ ആത്മാവിൽ നിന്നു വിട്ടുപോകാൻ പുരോഹിതൻ പിശാചിനോടു കല്പിക്കുന്നു: “അശുദ്ധാത്മാവേ, പുറത്തു പോകുക, പരിശുദ്ധാത്മാവിനു സ്ഥലം നൽകുക”. മറിച്ച്, മനുഷ്യൻ കൃപയിൽ നിന്നും മാരകപാപത്തിലേക്കു വീഴുമ്പോൾ, അവൻ ദൈവത്തോടു പറയുന്നു:’ ഓ കർത്താവേ, എന്നിൽനിന്നു വിട്ടു പോകുക, പിശാചിനു സ്ഥാനം കൊടുക്കുക’. കർത്താവേ, അത്രയ്ക്കു നികൃഷ്ടമായ നന്ദികേടാണ് എന്നോടുള്ള അങ്ങയുടെ മഹത്തായ സ്നേഹത്തിനു പകരമായി ഞാൻ പലപ്പോഴും അങ്ങേയ്ക്കു തിരിച്ചുതന്നിട്ടുള്ളത്. നഷ്ടപ്പെട്ട ആടായ എന്നെ അന്വേഷിച്ചുകണ്ടുപിടിക്കാൻ അങ്ങ് സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, എന്നാൽ ഞാൻ അങ്ങയിൽനിന്ന് ഓടിപ്പോകുകയും അങ്ങയെ എൻറെ ആത്മാവിൽ നിന്നു പുറത്താക്കുകയും ചെയ്തു. ഇല്ല, ഞാൻ ഇപ്പോൾ അങ്ങയുടെ പരിശുദ്ധപാദങ്ങൾ ആശ്ലേഷിക്കും, എൻറെ പ്രിയപ്പെട്ട കർത്താവായ അങ്ങയെ ഞാൻ ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല. അങ്ങയുടെ പരിശുദ്ധ കൃപയാൽ എന്നെ സഹായിക്കണമേ. ഓ അനുഗ്രഹീതയായ മറിയമേ, ഏറ്റവും പരിശുദ്ധയായ രാജ്ഞിയേ! എന്നെ ഉപേക്ഷിക്കരുതേ.