വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 84

ധൂർത്തപുത്രൻറെ ഉപമ

1. വിശുദ്ധ ലൂക്കാ  എഴുതുന്നു, നന്ദിഹീനനായ ഒരു  മകൻ, തൻറെ  പിതാവിനു  കീഴ്‌പ്പെട്ടിരിക്കുന്നതിനോടു വെറുപ്പായതുകൊണ്ട് സ്വന്തം  ഇഷ്ടം പോലെ ജീവിക്കാൻവേണ്ടി ഒരു ദിവസം തൻറെ അവകാശം പിതാവിനോട് ആവശ്യപ്പെടാൻ പോയി; അതു ലഭിച്ചപ്പോൾ തൻറെ പിതാവിനെ വിട്ടു പിരിഞ്ഞു  ഒരു വിദൂര രാജ്യത്തു പാപത്തിൽ  ജീവിക്കാനായി പോയി. ദൈവം തന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തുകൊണ്ടു ദൈവത്തെ ഉപേക്ഷിക്കുകയും ദൈവത്തിൽ നിന്നു വളരെ അകന്ന് അകൃത്യത്തിൽ ജീവിക്കുകയും ചെയ്യുന്ന പാപിയുടെ ഒരു പ്രതിച്ഛായയാണ് ഈ ധൂർത്തപുത്രൻ. ഓ എൻറെ കർത്താവേ, എൻറെ പിതാവേ! ഞാൻ ഇതാണു ചെയ്തത്: എൻറെ ചപലമായ മോഹങ്ങൾ നിറവേറ്റുന്നതിനായി ഞാൻ അങ്ങയുടെ കൃപ നഷ്ടപ്പെടുത്തിക്കൊണ്ട് അങ്ങയിൽ നിന്ന് അകന്നു വസിക്കാൻവേണ്ടി ഞാൻ അങ്ങയെ പലപ്പോഴും ഉപേക്ഷിച്ചു.

2. എന്നാൽ തൻറെ പിതാവിനെ വിട്ടുപോയ ധൂർത്തുപുത്രനു പന്നി തിന്നാൻ വിസമ്മതിച്ച തവിടുകൊണ്ടെങ്കിലും വയറു നിറയ്ക്കുവാൻ  കഴിയാതെ അവൻ  ദുരിതത്തിലായതുപോലെ, പാപിക്കും അങ്ങനെ തന്നെ സംഭവിക്കുന്നു.   ദൈവത്തെ ഉപേക്ഷിക്കുമ്പോൾ, അവന് ഒരിടത്തും സംതൃപ്തിയോ സമാധാനമോ കണ്ടെത്താൻ കഴിയുകയില്ല; കാരണം, ദൈവത്തിൽ നിന്ന് അകന്നിരുന്നാൽ, ഭൂമിയിലെ എല്ലാ ആനന്ദങ്ങൾക്കും അവൻറെ ഹൃദയത്തെ തൃപ്തിപ്പെടുത്താൻ കഴിയില്ല. മുടിയനായ പുത്രൻ, അത്തരമൊരു ദുരിതാവസ്ഥയിലേക്കു  താൻ സ്വയം അധഃപതിക്കുന്നതു   കണ്ടപ്പോൾ തൻറെ ഉള്ളിൽ പറഞ്ഞു: ‘ഞാൻ എഴുന്നേറ്റ് എൻറെ പിതാവിൻറെ അടുത്തേക്കു പോകും’. ക്രിസ്‌ത്യാനീ, അതുപോലെ നീയും പാപത്തിൻറെ മാലിന്യത്തിൽനിന്നു എഴുന്നേറ്റ്,  നിന്നെ  ഒരിക്കലും നിരസിക്കുകയില്ലാത്ത നിൻറെ സ്വർഗ്ഗീയപിതാവിൻറെ അടുക്കലേക്കു മടങ്ങുവിൻ. അതെ, എൻറെ ദൈവമേ, എൻറെ പിതാവേ, അങ്ങയെ ഉപേക്ഷിക്കുക വഴി അങ്ങയോടു തിന്മ ചെയ്തുവെന്നു ഞാൻ ഏറ്റുപറയുന്നു; ഞാൻ അതിൽ ഖേദിക്കുകയും അതിനെപ്പറ്റി പൂർണ്ണഹൃദയത്തോടെ മനസ്തപിക്കുകയും ചെയ്യുന്നു. ഹാ, അനുതപിച്ചുകൊണ്ടും  അങ്ങയുടെ തൃപ്പാദത്തിൽനിന്നു  മേലിൽ അകന്നുപോകുകയില്ലെന്നു ദൃഢനിശ്ചയം ചെയ്തുകൊണ്ടും  അങ്ങയുടെ അടുക്കലേക്കു മടങ്ങിവരുന്നതിനാൽ ഇപ്പോൾ എന്നെ ഉപേക്ഷിക്കരുതേ. എൻറെ പ്രിയപ്പെട്ട പിതാവേ, എന്നോടു ക്ഷമിക്കണമേ, എനിക്കു മാപ്പു തന്നാലും, സമാധാനത്തിൻറെ ചുംബനം എനിക്കു തരണമേ; അങ്ങയുടെ ദയയിൽ എന്നെ സ്വീകരിക്കണമേ. 

3. മുടിയനായ പുത്രൻ മടങ്ങിയെത്തിയപ്പോൾ സ്വയം താഴ്‌മയോടെ പിതാവിൻറെ കാൽക്കൽ വീണു പറഞ്ഞു: ‘പിതാവേ, അങ്ങയുടെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല’. അപ്പോൾ പിതാവ് അവനെ ആർദ്രതയോടെ ആലിംഗനം ചെയ്തു സ്വീകരിച്ചു, അവൻറെ കഴിഞ്ഞകാലത്തെ നന്ദികേടെല്ലാം മറന്ന്, ഏറ്റവും വലിയ വാത്സല്യത്തോടെ അവനെ സ്വാഗതം ചെയ്യുകയും നഷ്ടപ്പെട്ട തൻറെ മകനെ തിരിച്ചുകിട്ടിയതിൽ അതിയായി സന്തോഷിക്കുകയും ചെയ്തു. ഏറ്റവും വാത്സല്യമുള്ള പിതാവേ, ഞാൻ അങ്ങേയ്ക്കെതിരായി ചെയ്ത അനേകം പാപങ്ങളെപ്രതി അങ്ങയുടെ കാൽക്കൽ ദുഃഖത്തോടെ അണയാൻ എന്നെ അനുവദിക്കണമേ. അങ്ങയെ പലവട്ടം ഉപേക്ഷിക്കുകയും നിന്ദിക്കുകയും ചെയ്തതിനാൽ അങ്ങയുടെ മകൻ എന്നു വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല; എന്നാൽ അങ്ങ് പശ്ചാത്തപിക്കുന്ന  ഒരു  മകനെയോ മകളെയോ തള്ളിക്കളയാത്ത വളരെ നല്ല പിതാവാണെന്ന് എനിക്കറിയാം. ഇതുവരെ ഞാൻ അങ്ങയെ സ്നേഹിച്ചിട്ടില്ലെങ്കിലും,  ഇപ്പോൾ എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ സ്നേഹത്തിനുവേണ്ടി എന്തു സഹനവും പൂർണ്ണമനസ്സോടെ സഹിക്കുകയും ചെയ്യും. ഞാൻ അങ്ങയോട് എന്നും വിശ്വസ്തനായി തുടരുന്നതിന് അങ്ങയുടെ പരിശുദ്ധ കൃപയാൽ എന്നെ സഹായിക്കണമേ. ഓ മറിയമേ, ദൈവം എൻറെ പിതാവാണ്, അങ്ങാണ് എൻറെ അമ്മ; എന്നെ മറക്കരുതേ.