ഒരു കഥ പറഞ്ഞുകൊണ്ടു തുടങ്ങാം. ഒരിടത്ത് ഒരു കഴുതയും ഒരു കുതിരയും ഉണ്ടായിരുന്നു. കൂട്ടുകാരായ അവർ ഒരുമിച്ചു മേഞ്ഞുകൊണ്ടിരുന്നപ്പോൾ കഴുതയ്ക്കു പെട്ടെന്ന് ഒരു ബോധോദയം ഉണ്ടായി. തങ്ങൾ തിന്നുന്ന പുല്ലിൻറെ നിറം ചുവപ്പാണ്. അവൻ അക്കാര്യം കൂട്ടുകാരനോടു പറഞ്ഞു. കഴുത പറയുന്നതു ശുദ്ധമണ്ടത്തരമാണെന്നു കുതിരയ്ക്കു മനസിലായി. പച്ച വിരിച്ച ആ പുൽമേട്ടിൽ ചുവന്ന ഒരു പുൽനാമ്പു പോലുമില്ല. അവൻ കഴുതയെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പുല്ലിൻറെ നിറം പച്ച തന്നെയാണ്. എന്നാൽ അതു സമ്മതിക്കാൻ കഴുത ഒരുക്കമായിരുന്നില്ല. പുല്ലിൻറെ നിറം ചുവപ്പാണെന്ന തൻറെ വാദത്തിൽ നിന്ന് അണുവിട പിന്മാറാൻ കഴുത തയ്യാറായിരുന്നില്ല.
തങ്ങളുടെ സൗഹൃദത്തെത്തന്നെ തകർക്കാൻ തക്ക വിധം ആ തർക്കം രൂക്ഷമായപ്പോൾ അവർ രാജസന്നിധിയിലെത്തി. ഇരുവരുടെയും ഭാഗം കേട്ടതിനുശേഷം സിംഹരാജൻ ഉത്തരവു പുറപ്പെടുവിച്ചു. കുതിരയ്ക്കു ശിക്ഷയായി പത്ത് അടി കൊടുക്കാനായിരുന്നു ശിക്ഷ. കഴുതയെ വെറുതെ വിടാനും ഉത്തരവായി.
കുതിര ഞെട്ടിപ്പോയി. സത്യം പറഞ്ഞ തന്നെ ശിക്ഷിക്കുകയും കള്ളം പറഞ്ഞ കഴുതയെ വെറുതെ വിടുകയും ചെയ്തിരിക്കുന്നു! ഇതെവിടുത്തെ ന്യായം?
സിംഹരാജൻ ശാന്തമായി മറുപടി പറഞ്ഞു. നീ പറഞ്ഞതു ശരിയല്ലാത്തതുകൊണ്ടല്ല നിന്നെ ശിക്ഷിക്കുന്നത്. മറിച്ച് ആ മണ്ടൻ കഴുത പറഞ്ഞ മണ്ടത്തരത്തെ നീ ഏറ്റുപിടിക്കാൻ പോയതുകൊണ്ടാണ്. നിന്നെപ്പോലെ ബുദ്ധിയുള്ള ഒരാളിൽ നിന്ന് ഇങ്ങനെയൊരു കാര്യം ഉണ്ടാവാൻ പാടില്ലായിരുന്നു. അതിനാണു നിന്നെ ശിക്ഷിക്കുന്നത്. കഴുതയെ ശാസിച്ചിട്ടും ശിക്ഷിച്ചിട്ടും ഒരു കാര്യവുമില്ലാത്തതിനാലാണ് അവനെ വെറുതെ വിടുന്നത്.
കഥ ഇവിടെ അവസാനിക്കുന്നു. എന്നാൽ അതിൻറെ ഗുണപാഠം ഇന്നും പ്രസക്തമാണ്.
നാമോരോരുത്തരും ഓരോ ദിവസവും അനാവശ്യമായ എത്രയോ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നു! പലതും ഒരു വിശ്വാസി അടുത്തുപോലും പോകാൻ പാടില്ലാത്തത്ര അശുദ്ധവും ദൈവദൂഷണകരവുമായ കാര്യങ്ങളാണ്. മറ്റു ചിലതാകട്ടെ നമ്മെ മനപൂർവം വാക്കിൽ കുടുക്കാൻ വേണ്ടി നീട്ടിത്തരുന്ന ചൂണ്ടകളായിരിക്കും. നാം അതിലും പോയി കൊത്തും. ഇനിയും ചിലതാകട്ടെ കൊച്ചുകുട്ടികൾ പോലും ചിരിച്ചുതള്ളുന്നത്ര ബാലിശമായ കാര്യങ്ങളായിരിക്കും. നമ്മൾ അതും കുത്തിയിരുന്ന് പഠിച്ച് പ്രതികരിക്കും. നമ്മളെപ്പോലുള്ളവർ പ്രതികരിച്ചു പ്രതികരിച്ചു വഷളാക്കിയതുകൊണ്ടാണ് ഇന്നു പല പ്രശ്നങ്ങളും കത്തിജ്വലിച്ചു നിൽക്കുന്നത് എന്നറിഞ്ഞിട്ടും നാം അതു തന്നെ ആവർത്തിക്കുന്നു!
നമ്മൾ പ്രതികരിച്ചില്ല എന്നു വച്ചു സഭയ്‌ക്കോ ലോകത്തിനോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. വാക്കുകൾ അളന്ന് ഉപയോഗിക്കേണ്ടവയാണ്. കാരണം ഓരോ വാക്കിനും കണക്കുകൊടുക്കേണ്ട ഒരു ദിവസത്തിലേക്കു നാം അതിവേഗം യാത്രചെയ്തുകൊണ്ടിരിക്കികയാണ്. ‘ഞാൻ പറയുന്നു, മനുഷ്യർ പറയുന്ന ഓരോ വ്യർഥ വാക്കിനും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടി വരും. എന്തെന്നാൽ നിൻറെ വാക്കുകളാൽ നീ നീതീകരിക്കപ്പെടും. നിൻറെ വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും (മത്തായി 12:36).
വ്യർഥഭാഷണത്തിൻറെ അപകടത്തെക്കുറിച്ച് പൗലോസ് ശ്ലീഹായും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അധാർമികമായ വ്യർഥഭാഷണത്തിൽ നിന്നും വിജ്ഞാനഭാസത്തിൻറെ വൈരുധ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. ഇവയെ അംഗീകരിക്കുക മൂലം ചിലർ വിശ്വാസത്തിൽ നിന്നു തീർത്തും അകന്നുപോയിട്ടുണ്ട് ( 1 തിമോ 6:20-21).
വിശ്വാസത്തിൽ നിന്ന് അകന്നുപോകാനും വിധിദിവസത്തിൽ കർത്താവിൻറെ മുൻപിൽ കുറ്റക്കാരനായി തലകുനിച്ചു നിൽക്കാനും മാത്രം ഉപകരിക്കുന്ന വ്യർഥഭാഷണത്തിൽ നിന്ന് അകന്നുനിൽക്കാൻ നാം ശ്രദ്ധിക്കണം. എല്ലാകാര്യങ്ങളിലും ചാടിക്കയറി അഭിപ്രായം പറയേണ്ടവനല്ല ക്രിസ്ത്യാനി. തികച്ചും ആവശ്യമായി വരുമ്പോൾ മാത്രം പ്രതികരിക്കുക. പ്രതികരിക്കാൻ നിർബന്ധിതരാകുമ്പോഴും വിധിദിവസത്തിൽ കണക്കു കൊടുക്കേണ്ടിവരില്ല എന്നുറപ്പുള്ള വാക്കുകൾ മാത്രം ഉപയോഗിക്കുക.
വിശ്വാസമില്ലാത്തവരും അജ്ഞാനികളും ദൈവനിഷേധികളും പറയുന്ന മണ്ടത്തരങ്ങൾക്കു മറുപടി കൊടുക്കാൻ പോയി ഉള്ള കൃപയും കൂടി നഷ്ടപ്പെടുത്തുക എന്ന് അബദ്ധത്തിൽ ചെന്നുവീഴാതിരിക്കാൻ നാം ഈ നാളുകളിൽ കൂടുതൽ ജാഗ്രത പുലർത്തണം.
ഈ നോമ്പുകാലം നമുക്ക് ആശയടക്കത്തിൻറെ കാലമാകട്ടെ. പുറത്തുനിന്നു ശരീരത്തിൻറെ ഉള്ളിലേക്കു പോകുന്ന ഭക്ഷണത്തിൻറെ കാര്യത്തിലല്ല, ഹൃദയത്തിൽ നിന്നു പുറത്തേക്കു വരുന്ന വാക്കുകളുടെ കാര്യത്തിലാണ് ആ ആശയടക്കം കൂടുതൽ പ്രകടമാകേണ്ടത്. അവയാണു മനുഷ്യനെ ആശുദ്ധനാക്കുന്നതെന്നു പറഞ്ഞതു നമ്മുടെ കർത്താവു തന്നെയാണ്. വാക്കുകൾ സൂക്ഷിച്ചുമാത്രം ഉപയോഗിക്കാനുള്ള കൃപയ്ക്കായി പ്രാർഥിച്ചുകൊണ്ടു നമുക്ക് ഈ നോമ്പുകാലം ആചരിക്കാം.