കാത്തിരിപ്പിൻറെ സുവിശേഷം

നാം രക്ഷ പ്രാപിക്കുന്നത് എങ്ങനെയാണ്? പൗലോസ് ശ്ലീഹാ പറയുന്നതു   പ്രത്യാശയിലാണു  നാം രക്ഷ പ്രാപിക്കുന്നതെന്നാണ്.  ‘ഈ പ്രത്യാശയിലാണു നാം  രക്ഷ പ്രാപിക്കുന്നത്.  കണ്ടുകഴിഞ്ഞാൽ പിന്നെ  പ്രത്യാശ പ്രത്യാശയല്ല. താൻ കാണുന്നതിനെ  ഒരുവൻ എന്തിനു പ്രത്യാശിക്കണം?   കാണാത്തതിനെയാണു  നാം പ്രത്യാശിക്കുന്നതെങ്കിൽ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും’ (റോമാ. 8:24-25).

ഇതുവരെയും കാണാൻ  കഴിഞ്ഞിട്ടില്ലാത്ത  ഒന്നിനെ ഒരിക്കൽ  കണ്ടെത്തും എന്ന പ്രതീക്ഷയിലുള്ള കാത്തിരിപ്പാണു  പ്രത്യാശ. അങ്ങനെ കാത്തിരുന്ന ഒരാളുടെ  കഥ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നുണ്ട്.  നല്ല കള്ളൻ എന്നു   നാം വിളിക്കുന്ന ആ മനുഷ്യൻറെ അന്ത്യനിമിഷങ്ങളെക്കുറിച്ചുള്ള  ധ്യാനം  പ്രത്യാശ എന്താണെന്നു നമ്മെ പഠിപ്പിക്കും.

മരണാനന്തരജീവിതത്തെക്കുറിച്ചും  നിത്യജീവനെക്കുറിച്ചുമൊക്കെ നാം ഇപ്പോൾ മനസ്സിലാക്കുന്നതിൽ നിന്നു വ്യത്യസ്തമായ ധാരണകൾ നിലനിന്നിരുന്ന  ഒരു കാലത്താണ് അയാൾ ജീവിച്ചിരുന്നത്.   യേശുവിൻറെ കുരിശിൻറെ തൊട്ടടുത്തു തൻറെ കുരിശും ഉയർത്തപ്പെടുമ്പോൾ അയാൾ ഒരു കാര്യം  മനസിലാക്കിയിരുന്നു. ഇനി തനിക്കോ തൻറെ കൂട്ടുകാരനോ തങ്ങളുടെ  ഇടയിൽ  ക്രൂശിക്കപ്പെട്ടിരിക്കുന്ന   യേശുവിനോ മാനുഷികമായ രീതിയിൽ  തിരിച്ചുവരവിനുള്ള ഒരു സാധ്യതയും ഇല്ല. 

എന്നാൽ ലോകത്തിൻറെ സാധ്യതകൾക്കപ്പുറം തൻറെ  ആത്മാവിനെ  കൊണ്ടുചെന്നു നിർത്താൻ തക്കവിധം ആഴമായ ഒരു പ്രത്യാശ ആ മനുഷ്യൻ തൻറെ അന്ത്യനിമിഷങ്ങളിൽ അനുഭവിച്ചറിഞ്ഞു. അവൻറെ വാക്കുകൾ  ശ്രദ്ധിക്കുക.  ‘യേശുവേ, നീ നിൻറെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ’ (ലൂക്കാ 23:42).

തീർച്ചയായും വളരെ വിചിത്രമായ വാക്കുകൾ തന്നെയായിരുന്നു അവ. അതും  മരണം ഉറപ്പായ ഒരാൾ മരണം ഉറപ്പായ മറ്റൊരാളോടു  പറയുന്ന   വാക്കുകൾ! മരണത്തിനപ്പുറവും  നീളുന്ന  നിത്യമായ  രാജ്യത്തിൻറെ അധിപനാണ് ഇപ്പോൾ തന്നോടൊപ്പം കുരിശിൽ കിടക്കുന്നതെന്ന  ഉറച്ച വിശ്വാസത്തിൽ നിന്നാണ് ഈ വാക്കുകൾ പുറപ്പെടുന്നത്. തീർന്നില്ല. ജീവൻറെയും മരണത്തിൻറെയും നാഥനായ  യേശുവിന് ആ രാജ്യത്തിലേക്കു  തന്നെ കൂട്ടിക്കൊണ്ടുപോകാനുള്ള അധികാരം ഉണ്ടെന്നും അവൻ വിശ്വസിച്ചു.   യേശുക്രിസ്തു സത്യമായും ഉയിർത്തെഴുന്നേൽക്കും എന്നു  വിശ്വസിച്ച  ആദ്യത്തെ മനുഷ്യനായി പുതിയനിയമം എടുത്തുപറയുന്നത്  ഈ നല്ല കള്ളനെയാണ് എന്നു  തോന്നുന്നു.   മൂന്നുവർഷം കൂടെ കൊണ്ടുനടന്നിട്ടും, താൻ  പീഡ സഹിച്ചു മരിക്കുകയും അതിനുശേഷം  ഉത്ഥാനം ചെയ്യുകയും ചെയ്യുമെന്നും ഒക്കെ പലയാവർത്തി   പറഞ്ഞുപഠിപ്പിച്ചിട്ടും,  ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടപ്പോൾ അതൊരു ഭൂതം ആണെന്നാണ് അവൻറെ  ശിഷ്യന്മാർ  പറഞ്ഞത് (ലൂക്കാ  24:37).  എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാർക്കാകട്ടെ ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു മനസിലാകാതിരിക്കാൻ  പാകത്തിൽ അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു. 

മഗ്ദലേന മറിയവും മറ്റു സ്ത്രീകളും  വന്ന്  യേശു ഉയിർത്തെഴുന്നേറ്റു എന്നു പറഞ്ഞപ്പോൾ  ശിഷ്യന്മാരുടെ പ്രതികരണം എന്തായിരുന്നു എന്നും നമുക്കറിയാം.  ‘അവർക്കാകട്ടെ ഈ വാക്കുകൾ കെട്ടുകഥ പോലെയെ തോന്നിയുള്ളൂ. അവർ അവരെ  വിശ്വസിച്ചില്ല’ (ലൂക്കാ 24:11).  എല്ലാം മുൻകൂട്ടി പറഞ്ഞുകൊടുത്തിട്ടും  നിർണായകമായ സമയത്തു  പ്രത്യാശ നഷ്ടപ്പെട്ടുപോയ  ആ പതിനൊന്നുപേരെയും  യേശു കുററപ്പെടുത്തുന്നുണ്ട് (മർക്കോസ്  16:14). 

അതുവരെയും അനുഭവിച്ചിട്ടില്ലാത്തതും മനുഷ്യമനസിനു ഗ്രഹിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ലാത്തതുമായ ഒന്നിനുവേണ്ടി ക്ഷമയോടെയുള്ള കാത്തിരിപ്പാണ് പ്രത്യാശ.   ആ പ്രത്യാശ ക്രിസ്തു തന്നെയാണ് എന്നു  പൗലോസ് ശ്ലീഹാ പറയുന്നു. ‘നമ്മുടെ രക്ഷകനായ ദൈവത്തിൻറെയും  നമ്മുടെ  പ്രത്യാശയായ  ക്രിസ്തുവിൻറെയും  കല്പനയാൽ …’ (1 തിമോ. 1:1) എന്നാണ് അപ്പസ്തോലൻ എഴുതുന്നത്. ‘പ്രത്യാശയിൽ സന്തോഷിക്കുവിൻ’ (റോമാ  12:12)എന്ന് ആഹ്വാനം  ചെയ്യുമ്പോഴും  അപ്പസ്തോലൻ  ഉദ്ദേശിക്കുന്നതു   ക്രിസ്തുവിലുള്ള പ്രത്യാശ നിറഞ്ഞ നവജീവിതമാണ്. ദൈവത്തിന് പൗലോസ്  കൊടുക്കുന്ന നിർവചനങ്ങളിൽ ഒന്ന്  ‘പ്രത്യാശയുടെ ദൈവം’ (റോമാ  15:13) എന്നാണ്. ഈ പ്രത്യാശയുടെ ദൈവം ക്രിസ്ത്യാനിയുടെ മാത്രം  ദൈവമല്ലെന്നു ‘വിജാതീയർ അവനിൽ പ്രത്യാശ വയ്ക്കും’  എന്ന  ഏശയ്യാ പ്രവചനം ഉദ്ധരിച്ചുകൊണ്ട് അപ്പസ്തോലൻ പഠിപ്പിക്കുന്നുണ്ട്.

മനുഷ്യൻറെ പ്രശ്നങ്ങൾക്കെല്ലാം  കാരണമെന്തെന്ന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അതു  പ്രത്യാശയില്ലായ്മ ആണെന്നതിൽ  തർക്കമില്ല.  നമുക്കു  പ്രത്യാശ നഷ്ടപ്പെടാൻ നൂറു കാര്യങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ പ്രത്യാശിക്കാൻ  ഒരേയൊരു കാരണം മാത്രമേയുള്ളൂ. അതു  മറ്റൊന്നുമല്ല.  ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു എന്നതു  തന്നെ. ‘ മൃതി തൻ സീമയ്ക്കപ്പുറവും നമ്മെ നയിക്കും നാഥനവൻ’   എന്ന് ഉയിർപ്പുകാലത്തെ സങ്കീർത്തനത്തിൽ നാം പാടുന്നുണ്ടല്ലോ. 

കർത്താവിനോടൊപ്പം ക്രൂശിൽ തറയ്ക്കപ്പെട്ട നല്ല കള്ളന്  പ്രത്യാശ നഷ്ടപ്പെടാൻ നൂറല്ല, നൂറ്റൊന്നു കാരണങ്ങൾ ഉണ്ടായിരുന്നു. കാരണം അവൻ ദൈവസന്നിധിയിൽ പാപിയായിരുന്നു എന്നതുതന്നെ. മനുഷ്യർ അവനെ പാപിയെന്നു വിധിക്കുകയും ചെയ്തിരുന്നു. പ്രത്യാശയ്ക്ക് ഒരു വഴിയും ഇല്ല എന്നു  തോന്നിച്ച ഒരു   നികൃഷ്ടജീവിതത്തിൻറെ അവസാനനിമിഷങ്ങളിൽ അവൻ നടത്തിയത്  അത്ഭുതകരമായ  ഒരു തിരിച്ചുവരവായിരുന്നു.  കർത്താവിൻറെ  കരുണ നിറഞ്ഞ കണ്ണുകൾ അവനിലെ തിരികെടാൻ  പോയ പ്രത്യാശയെ ഉജ്ജ്വലിപ്പിച്ചു. ആ ഒരു നിമിഷം കൊണ്ട് അവൻ പറുദീസ പിടിച്ചുവാങ്ങുകയും ചെയ്തു. 

യേശുക്രിസ്തുവിൻറെ സുവിശേഷം  പ്രത്യാശയുടെ സുവിശേഷമാണ്. അതിൽ വിശ്വസിക്കുന്നവർ ആരും ഒരുനാളും ലജ്ജിതരാവുകയില്ല.  ‘എൻറെ ദിനങ്ങൾ നെയ്ത്തുകാരൻറെ ഓടത്തേക്കാൾ വേഗത്തിൽ കടന്നുപോകുന്നു. പ്രത്യാശയില്ലാതെ അസ്തമിക്കുന്നു’ (ജോബ് 7:6) എന്നു വിലപിച്ച  ജോബ് പിന്നെ ആ പ്രത്യാശയിലേക്കു തിരിച്ചുവരുന്നതു  നാം കാണുന്നുണ്ടല്ലോ.  ആ പ്രത്യാശ തരുന്നതു  ദൈവമല്ലാതെ മറ്റാരുമല്ല. അതുകൊണ്ട് ദാവീദ് ഇങ്ങനെയെഴുതി.  ‘അവിടുന്നാണ് എനിക്ക് പ്രത്യാശ  നൽകുന്നത്’ (സങ്കീ  62:5).

തന്നെ ഭയപ്പെടുന്നവരെയും തൻറെ കാരുണ്യത്തിൽ  പ്രത്യാശ വയ്ക്കുന്നവരെയും ആണ് കർത്താവ് കടാക്ഷിക്കുന്നത് ( സങ്കീ 33:18). 

സങ്കീർത്തകൻ പറഞ്ഞു. ‘കർത്താവേ, അങ്ങാണ്  എൻറെ പ്രത്യാശ; ചെറുപ്പം മുതൽ അങ്ങാണ് എൻറെ ആശ്രയം’ (സങ്കീ. 71:5). അങ്ങനെ ജീവിക്കുന്നവർ വാർധക്യത്തിലും പറയും; ‘ഞാൻ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും” (സങ്കീ. 71:14).

കാത്തിരിക്കാൻ ആരുമില്ലെന്ന് കരുതുന്നവർ പറയട്ടെ; ‘കർത്താവേ, ഞാൻ എന്താണു  കാത്തിരിക്കേണ്ടത്? എൻറെ പ്രത്യാശ അങ്ങയിലാണാല്ലോ’ (സങ്കീ  39:7). ദുരിതതിലായിരിക്കുന്നവർ പറയട്ടെ .  ‘ പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല’ (സങ്കീ 9:18). ആരുടെയൊക്കെയോ പൊള്ളവാഗ്ദാനങ്ങളിൽ കുടുങ്ങി ജീവിതം നഷ്ടപ്പെടുത്തിയവർ പ്രാർഥിക്കട്ടെ.  ‘അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു’ (സങ്കീ  130:5). ദരിദ്രർ കർത്താവിൽ പ്രത്യാശവയ്ക്കട്ടെ. കാരണം ദരിദ്രരെ സുവിശേഷം അറിയിക്കാനാണ് യേശുക്രിസ്തു വന്നിരിക്കുന്നത്. (ലൂക്കാ 418). ബന്ധിതരും കർത്താവിൽ പ്രത്യാശ വയ്ക്കട്ടെ. കാരണം അവിടുന്നാണ് അവർക്കു മോചനം നല്കുന്നത്.  അടിച്ചമർത്തപ്പെട്ടവരും കർത്താവിൽ പ്രത്യാശ വയ്ക്കട്ടെ. അവർക്കു സ്വാതന്ത്ര്യം നൽകാനാണല്ലോ  ദൈവം മനുഷ്യനായി അവതരിച്ചത്. 

പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പാണല്ലോ വിശ്വാസം (ഹെബ്രാ. 11:1). അതുകൊണ്ടുതന്നെ നമ്മുടെ പ്രത്യാശ ഏറ്റുപറയുന്നതിൽ നാം മടിക്കരുത്.  ‘നമ്മോടു വാഗ്ദാനം ചെയ്തിരിക്കുന്നവൻ വിശ്വസ്തനാകയാൽ  നമ്മുടെ  പ്രത്യാശ ഏറ്റുപറയുന്നതിൽ  നാം സ്ഥിരതയുള്ളവരായിരിക്കണം’ (ഹെബ്രാ. 10:23).  കാരണം നമ്മുടെ പരമമായ പ്രത്യാശ ദൈവമഹത്വത്തിൽ പങ്കുചേരാമെന്നതാണല്ലോ.  സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെങ്കിൽ, സ്വർഗത്തിലേക്കുള്ള വഴിയിൽ നമ്മെ എത്തിക്കുന്ന പ്രത്യാശയിലേക്കുള്ള വഴിയും  ദുർഗമമാണ് എന്നോർക്കണം.  ഇതു മനസിൽ  വച്ചുകൊണ്ട് അപ്പസ്സ്‌തോലൻ ഉദ്ബോധിപ്പിക്കുന്നു.  ‘കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു  നാം അറിയുന്നു’  (റോമാ 5:4).  ‘ഈ പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല’  (റോമാ 5:5) എന്ന ഉറച്ച ബോധ്യത്തോടെ നമുക്കു മുന്നേറാം.