നിന്നോടാരു പറഞ്ഞു?

വിശുദ്ധഗ്രന്ഥത്തിൽ ദൈവം മനുഷ്യനോടു  ചോദിക്കുന്ന ആദ്യത്തെ ചോദ്യം  ‘നീ എവിടെയാണ്?’ (ഉൽ  3:9) എന്നതാണ്.  ആദം അതിനു   തൃപ്തികരമായ ഒരുത്തരം കൊടുക്കുന്നുണ്ട്.  താൻ നഗ്നനായതുകൊണ്ടു   ദൈവത്തിൻറെ ശബ്ദം കേട്ടപ്പോൾ  ഭയന്ന് ഒളിച്ചതാണെന്ന ആദത്തിൻറെ  ഉത്തരം സത്യവുമായിരുന്നു.  ദൈവത്തിൻറെ  രണ്ടാമത്തെ  ചോദ്യം ‘ നീ നഗ്നനാണെന്നു നിന്നോടാരു  പറഞ്ഞു?’ ( ഉൽ 3:11) എന്നതായിരുന്നു. അതിനു ആദം ഒരു മറുപടിയും കൊടുക്കുന്നതായി നാം കാണുന്നില്ല. എന്നാൽ ‘ തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷത്തിൻറെ പഴം നീ തിന്നോ?’ (ഉൽ  3:11)  എന്ന മൂന്നാമത്തെ ചോദ്യത്തിന്  അല്പം വളച്ചുകെട്ടിയാണെങ്കിലും ആദം മറുപടി പറയുന്നുണ്ട്. 

എന്തുകൊണ്ടാണ്  ‘നീ നഗ്നനാണെന്നു  നിന്നോടാരു  പറഞ്ഞു?’ എന്ന ചോദ്യത്തിനു മറുപടി കൊടുക്കാൻ ആദത്തിനു കഴിയാതെ പോയത്?  ആദത്തിൻറെയും ഹവ്വയുടെയും നഗ്നത അവർക്കു വെളിവാക്കിക്കൊടുത്തതും  അതു ലജ്ജിക്കേണ്ട ഒരു കാര്യമാണെന്ന അറിവ് അവർക്കു കൊടുത്തതും സർപ്പമായിരുന്നു.  അത് അറിഞ്ഞിരുന്നിട്ടും ആദം  മൗനം  പാലിക്കുകയാണു ചെയ്തത്. കാരണം     അപ്പോഴേക്കും നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻറെ വൃക്ഷത്തിൻറെ ഫലം  അവർ ഭക്ഷിച്ചു കഴിഞ്ഞിരുന്നല്ലോ. അന്നുതൊട്ടിന്നോളം  ആദത്തിൻറെ സന്തതികൾ ദൈവത്തിൻറെ ഏറ്റവും പ്രസക്തമായ ആ   ചോദ്യത്തിന്  മറുപടി പറയാൻ മടിക്കുന്നു.  ‘നിന്നോടാരു പറഞ്ഞു?’

പ്രമാണങ്ങൾ അനുസരിക്കാതെ ജീവിച്ചാലും സ്വർഗത്തിൽ പോകുമെന്നു  നിന്നോടാരു പറഞ്ഞു?

അബോർഷൻ  കൊലപാതകമല്ലെന്നു നിന്നോടാരു പറഞ്ഞു?

കൈക്കൂലി വാങ്ങുന്നതു തെറ്റല്ലെന്നു നിന്നോടാരു പറഞ്ഞു?

സാബത്ത് ആചരിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു നിന്നോടാരു പറഞ്ഞു?

ധനമോഹം  വിഗ്രഹാരാധനയ്ക്കു  തുല്യമല്ലെന്ന് ആരു പറഞ്ഞു? 

 മന്ത്രവാദത്തേക്കാൾ മോശമായ മർക്കടമുഷ്ടി  തെറ്റല്ലെന്നു  നിന്നോടാരു പറഞ്ഞു?

കരുണാലേശമില്ലാതെ  ബലിയെച്ചൊല്ലി കലഹിക്കുന്നതു  പാപമല്ലെന്നു  നിന്നോടാരു പറഞ്ഞു?

മ്ലേച്ഛമായ സ്വവർഗബന്ധങ്ങൾ ദൈവസന്നിധിയിൽ സ്വീകാര്യമാണെന്നു  നിന്നോടാരു പറഞ്ഞു?

വേലക്കാർക്കു കൂലി കൊടുക്കാതിരിക്കുന്നതു   മിടുക്കാണെന്ന്, അനാഥരെയും വിധവകളെയും പീഡിപ്പിക്കുന്നതു  ദൈവം കാണുന്നില്ലെന്ന്,   മാതാപിതാക്കളെ  വീട്ടിൽ നിന്നു ചവിട്ടിപ്പുറത്താക്കിയാലും സാരമില്ലെന്ന്,  മാമോദീസയ്ക്കും ആദ്യകുർബാനയ്ക്കും വിവാഹത്തിനും  മദ്യം വിളമ്പുന്നതിൽ ദൈവം സന്തോഷിക്കുമെന്ന്,  സ്വയംഭോഗം ശരീരത്തിൻറെ ആവശ്യമാണെന്ന്,  സ്വാർത്ഥലാഭങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നുവയ്ക്കുന്നതിൽ തെറ്റില്ലെന്ന്, 

 മക്കളെ ഞായറാഴ്ച കുർബാനയ്ക്കു വിട്ടില്ലെങ്കിലും ട്യൂഷനും   കലാ -കായികമത്സരങ്ങൾക്കും   വിടണമെന്ന്,  അയോഗ്യതയോടെ  പരിശുദ്ധ കുർബാന സ്വീകരിച്ചാലും കുഴപ്പമില്ലെന്ന്,   അശ്‌ളീലദൃശ്യങ്ങൾ കാണുന്നതു പാപമല്ലെന്ന്,   നിഷ്കളങ്കരക്തം ചൊരിയുന്നവർക്കു ശിക്ഷയുണ്ടാകില്ല എന്ന് , വിവാഹമോചനം ദൈവം അനുവദിക്കും എന്ന്, വിശുദ്ധഗ്രന്ഥത്തിലെ വാക്കുകൾ  തിരുത്തിയാലും കുഴപ്പമില്ലെന്ന്,  വ്യാജപ്രബോധനങ്ങൾ നൽകി ജനങ്ങളെ വഴിതെറ്റിക്കുന്നതിനു ശിക്ഷയുണ്ടാകില്ലെന്ന്,   ദശാംശത്തിൽ ദൈവത്തെയും നികുതിയിൽ അധികാരിയെയും  കബളിപ്പിക്കുന്നതു  മിടുക്കാണെന്ന് ,

വിശ്വാസപ്രമാണം വിശ്വസിക്കാതെയും ക്രിസ്ത്യാനിയാകാമെന്ന്, വാങ്ങുന്ന ശമ്പളത്തിനു പണിയെടുക്കണമെന്നില്ലെന്ന്,  അർഹിക്കാത്ത ആനുകൂല്യങ്ങളും നേട്ടങ്ങളും കള്ളം പറഞ്ഞു കൈക്കലാക്കുന്നതു ദൈവം കാണുന്നില്ല എന്ന്, ലോകത്തിൻറെ നിയമം ദൈവത്തിൻറെ നിയമത്തിനു മുകളിലാണെന്ന്, അധാർമിക സമ്പത്ത് അനുഗ്രഹം കൊണ്ടുവരുമെന്ന്, മദ്യത്തിൻറെയും മയക്കുമരുന്നിൻറെയും ഉപയോഗം തെറ്റല്ലെന്ന്, കൂദാശകൾ  അനുഷ്ടാനങ്ങൾ മാത്രമാണെന്ന്,  കർത്താവിൻറെ രണ്ടാം വരവു  വെറുമൊരു സങ്കല്പമാണെന്ന്, നാടോടുമ്പോൾ ക്രിസ്ത്യാനിയും നടുവേ ഓടണമെന്ന്,  

ദൈവാലയത്തിൽ നഗ്നത പ്രദർശിപ്പിച്ചാലും കുഴപ്പമില്ലെന്ന്,    കുമ്പസാരിക്കാതെയും  കുർബാന സ്വീകരിക്കാമെന്ന്,  അൾത്താരയും മദ്ബഹായും ആർക്കും കയറിയിറങ്ങാവുന്ന സ്ഥലങ്ങളാണെന്ന്,  കുർബാനയെക്കാൾ   പ്രധാനം നൊവേനയാണെന്ന്,  ദൈവാലയം ചെരുപ്പിട്ടു കയറാവുന്ന സ്ഥലമാണെന്ന്, ദൈവാലയത്തിനുള്ളിൽ  വച്ചു  മൊബൈലിൽ സംസാരിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യാമെന്ന്,  പരദൂഷണം പാപമല്ലെന്ന്,  വ്യഭിചാരികളും മന്ത്രവാദികളും ഒക്കെ  സ്വർഗത്തിൽ പോകുമെന്ന്,  ദൈവം കരുണയായതുകൊണ്ട് നമ്മൾ അനുതപിച്ചില്ലെങ്കിലും ദൈവം എല്ലാ പാപങ്ങളും ക്ഷമിക്കുമെന്ന്, ആത്മനിയന്ത്രണം ബലഹീനതയാണെന്ന്, ഭക്തിയുടെ ബാഹ്യരൂപമാണ് അതിൻറെ ചൈതന്യത്തെക്കാൾ പ്രധാനമെന്ന്,   

 ദൈവത്തെക്കാൾ അനുസരിക്കേണ്ടത് അധികാരികളെയാണെന്ന്, കുഞ്ഞാടിൻറെ വേഷം ധരിച്ചവരൊക്കെ കുഞ്ഞാടുകളാണെന്ന്, സർപ്പത്തെപ്പോലെ സംസാരിക്കുന്നവരെ  കുഞ്ഞാടിനെക്കാൾ  വിശ്വസിക്കാമെന്ന്,   കൊലപാതകിയിൽ നിത്യജീവൻ  വസിക്കുമെന്ന്,  ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ തള്ളിപ്പറയുകയും മഹിമയണിഞ്ഞവരെ നിന്ദിക്കുകയും ചെയ്യാമെന്ന്, ദൈവത്തെയും 

 മാമോനെയും ഒരുമിച്ചു സേവിക്കാമെന്ന്,   സുവിശേഷത്തെ ലോകത്തിന് അനുരൂപമായി വ്യാഖ്യാനിക്കാമെന്ന്,  ദൈവഭക്തി ധനലാഭത്തിനുള്ള മാർഗമാക്കാമെന്ന്,  

ഇടുങ്ങിയ വാതിലിനേക്കാൾ നല്ലതു  വിശാലമായ വാതിലാണെന്ന്, മുൾച്ചെടിയിൽ നിന്നു  മുന്തിരിപ്പഴവും ഞെരിഞ്ഞിലിൽ നിന്ന് അത്തിപ്പഴവും കിട്ടുമെന്ന്, മണൽപ്പുറത്തു പണിത ഭവനം കൊടുങ്കാറ്റിനെ അതിജീവിക്കുമെന്ന്,  പിശാച് ഒരു സങ്കൽപം മാത്രമാണെന്ന്,  പാപവും പുണ്യവും ആപേക്ഷികമാണെന്ന്,  മറ്റുള്ളവർക്ക് ഇടർച്ച കൊടുക്കുന്നതു തെറ്റല്ലെന്ന്, വിലക്കപ്പെട്ടതായി ഒരു പഴവുമില്ലെന്ന്,  ഒക്കെ നിന്നോടാരു  പറഞ്ഞു? 

നിന്നോടാരു  പറഞ്ഞു?  നഗ്നനാണെന്ന് ആദത്തോടു പറഞ്ഞുകൊടുത്തവൻ തന്നെയാണ് നമ്മളോടും  ഇതൊക്കെ പറഞ്ഞുതരുന്നത്‌ . അവൻറെ വാക്കുകൾ കള്ളമാണെന്ന് നമ്മുടെ മനസും ഹൃദയവും ബുദ്ധിയും  യുക്തിയും നമുക്കു പറഞ്ഞുതരുന്നുണ്ട്. എന്നിട്ടും നിന്നോടാരു പറഞ്ഞു എന്നു ദൈവം ചോദിക്കുമ്പോൾ  മറുപടി പറയാൻ നമുക്കു കഴിയുന്നില്ല.  

കുമ്പസാരക്കൂട്ടിൽ പോയി മുട്ടുകുത്തണമെങ്കിൽ ആദ്യം വേണ്ടത് പാപബോധമാണ്. ആ പാപബോധം ഇല്ലാതാക്കുക  എന്നതാണു  സാത്താൻ  ആദ്യം ചെയ്യുന്നത്.   വ്യാജമായതിനെ  വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം  ( 2  തെസ 2:11) മനുഷ്യഹൃദയങ്ങളിൽ  ഭരണം നടത്തുന്ന  കാലമാണിത്.  ഇതൊന്നും പാപമല്ല എന്ന മിഥ്യാബോധത്തിൽ മനുഷ്യൻ ജീവിക്കുന്നതിൽ ഏറ്റവുമധികം  സന്തോഷിക്കുന്നത് പിശാചാണ്. ആ മിഥ്യാബോധത്തിൽ നിന്നുണരാൻ നമുക്കു കഴിയണം.   ഹവ്വയെ  നുണ പറഞ്ഞു  വശീകരിച്ച അതേ പുരാതന സർപ്പം തന്നെയാണു   നമ്മെയും വഞ്ചിക്കുന്നത് എന്നു  തിരിച്ചറിയുമ്പോഴാണ്  ‘നിന്നോടാരു പറഞ്ഞു?’ എന്ന ദൈവത്തിൻറെ ചോദ്യത്തിനു മറുപടി കൊടുക്കാൻ നമുക്കു  സാധിക്കുക.