ജ്ഞാനത്തിലേക്കുളള വഴി

എന്താണു ജ്ഞാനം? ഒറ്റവാക്കിൽ പറഞ്ഞാൽ ദൈവത്തെക്കുറിച്ചുള്ള അറിവാണു  ജ്ഞാനം. ‘പരിശുദ്ധനായവനെ അറിയുന്നതാണ്  അറിവ്’  (സുഭാ: 9:10) എന്നാണു വിശുദ്ധഗ്രന്ഥം  പറയുന്നത്. ജ്ഞാനത്തെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥ പരാമർശങ്ങൾക്കു  കണക്കില്ല.  അത്രമേൽ ശേഷ്ഠമായ ഒന്നായതുകൊണ്ടാണല്ലോ ജ്ഞാനത്തെക്കുറിച്ചു  വിവരിക്കാൻ ഒരു പുസ്തകം തന്നെ ബൈബിളിൽ മാറ്റിവച്ചിരിക്കുന്നത്.

ജ്ഞാനികൾ ആകാശവിതാനത്തിലെ പ്രഭ പോലെ തിളങ്ങും ( ദാനി  10:3)

ജ്ഞാനികൾ ഗ്രഹിക്കും ( ദാനി 12:10)

ജനത്തിൻറെ ഇടയിലെ ജ്ഞാനികൾ അനേകർക്ക് അറിവ് പകരും ( ദാനി  11:33)

ജ്ഞാനികളിൽ ചിലർ വീഴും ( ദാനി 11:35) 

ദാനിയേലിൻറെ പുസ്തകത്തിൽ ജ്ഞാനത്താൽ  അനുഗ്രഹിക്കപ്പെട്ടവരെക്കുറിച്ച് പറയുന്ന കാര്യങ്ങളുടെ അനുരണനം വെളിപാടു  പുസ്തകത്തിലും കാണാം എന്നതിൽ അതിശയിക്കേണ്ട. കാരണം അവ രണ്ടും എഴുതപ്പെട്ടിരിക്കുന്നത്  യുഗാന്ത്യം എന്ന വിഷയവുമായി ബന്ധപ്പെട്ടാണ്.

ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത് ( വെളി  13:18) 

ഇവിടെയാണ് ജ്ഞാനമുള്ള മനസിൻറെ ആവശ്യം ( വെളി  17:9)

ഈ  അന്ത്യനാളുകളിൽ  നമുക്കു  ചുറ്റും  സംഭവിക്കുന്ന കാര്യങ്ങളുടെ അർഥം  നമുക്കു  മനസിലാകാതെ പോകുന്നുണ്ടെങ്കിൽ  അതിൻറെ കാരണം അതു  മനസിലാക്കാനുള്ള ജ്ഞാനം നമുക്ക് ഇല്ലാതെ പോകുന്നു എന്നതാണ്.   ഉന്നതത്തിൽ നിന്നുള്ള ജ്ഞാനമില്ലാതെ പിടിച്ചുനിൽക്കാനാകാത്തത്ര പ്രശ്നസങ്കീർണ്ണമായ നാളുകളിലൂടെയാണു  നാം കടന്നുപോകുന്നത്.  മുൻകാലങ്ങളിൽ  നിന്നു വ്യത്യസ്തമായി നാം കാണുന്ന ഓരോ കാര്യവും ജ്ഞാനത്തിൻറെ കണ്ണുകൊണ്ടു വിവേചിച്ചറിഞ്ഞ് തീരുമാനമെടുത്തില്ലെങ്കിൽ അബദ്ധങ്ങളിൽ നിന്ന് അബദ്ധങ്ങളിലേക്കു വീഴും എന്നുറപ്പുള്ള കാലമാണിത്.

ജ്ഞാനം  ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? അതിനുള്ള ആദ്യപടി  ജ്ഞാനത്തിൻറെ  പുസ്തകത്തിൽ പറയുന്നുണ്ട്. കാപട്യത്തിൽ നിന്നും പാപത്തിൽ നിന്നും  മോചിതരാവുക എന്നതാണത്. ‘ജ്ഞാനം കപടഹൃദയത്തിൽ പ്രവേശിക്കുകയില്ല; പാപത്തിന് അടിമയായ ശരീരത്തിൽ വസിക്കുകയുമില്ല’ ( ജ്ഞാനം 1:4).  അടുത്ത പടി ദൈവവചനത്തോടു  .ചേർന്നിരിക്കുക എന്നതാണ്. ‘എൻറെ  വചനങ്ങളിൽ അഭിലാഷമർപ്പിക്കുവിൻ, അവയോടു തീവ്രാഭിനിവേശം കാണിക്കുവിൻ. നിങ്ങൾക്കു ജ്ഞാനം ലഭിക്കും’ (ജ്ഞാനം 6:11). ജ്ഞാനത്തെ സ്നേഹിക്കുക എന്നതും ആവശ്യമാണ്. ‘ ജ്ഞാനത്തെ  സ്നേഹിക്കുന്നവർ നിഷ്പ്രയാസം അവളെ  തിരിച്ചറിയുന്നു. അവളെ തേടുന്നവർ കണ്ടെത്തുന്നു’ (ജ്ഞാനം 6:12).

ജ്ഞാനം ലഭിക്കാൻ യോഗ്യതയുള്ളവരെ തേടി ജ്ഞാനം അങ്ങോട്ടു  ചെല്ലും എന്നാണു  തിരുവചനം പറയുന്നത്. ‘യോഗ്യതയുള്ളവരെ ജ്ഞാനം അന്വേഷിച്ചുചെല്ലുന്നു’ ( ജ്ഞാനം 6:16). ജ്ഞാനം ലഭിക്കാതിരിക്കാനുള്ള ഒരു കാരണം അസൂയയാണ്.  ‘ഹീനമായ അസൂയയുമൊത്തു ഞാൻ  ചരിക്കുകയില്ല. അതിനു ജ്ഞാനത്തോട്  ഒരു ബന്ധവുമില്ല’ ( ജ്ഞാനം 6:23). 

ജ്ഞാനം എന്നതു  ദൈവവുമായുള്ള സൗഹൃദമാണ്. ‘ജ്ഞാനം സിദ്ധിച്ചവർ ദൈവത്തിൻറെ സൗഹൃദം നേടുന്നു’ ( ജ്ഞാനം 7:14).  ജ്ഞാനത്തിൻറെ മഹത്വത്തെ  വിശുദ്ധഗ്രന്ഥം  എങ്ങനെയാണ് വിശേഷിപ്പിക്കുന്നത് എന്നു  കാണുക.  ‘ അവൾ ദൈവശക്തിയുടെ ശ്വാസവും,സർവശക്തൻറെ മഹത്വത്തിൻറെ  ശുദ്ധമായ നിസ്സരണവുമാണ്. മലിനമായ ഒന്നിനും  അവളിൽ പ്രവേശനമില്ല. നിത്യതേജസിൻറെ പ്രതിഫലനമാണവൾ’  (ജ്ഞാനം 7:25-26). ‘സൂര്യനേക്കാൾ  സൗന്ദര്യമുള്ളതും  നക്ഷത്രരാശിയെ അതിശയിക്കുന്നതും  പ്രകാശത്തേക്കാൾ ശ്രേഷ്ഠയുമായ ഈ ജ്ഞാനത്തെയാണ്’ (ജ്ഞാനം 7:28-29) നാം അഭിലഷിക്കേണ്ടത്.

‘ഭൂതവും ഭാവിയും അറിയണമെങ്കിലും  മൊഴികളുടെ വ്യംഗ്യവും കടംകഥകളുടെ  പൊരുളും മനസിലാക്കണമെങ്കിലും അടയാളങ്ങളും അത്ഭുതങ്ങളും മുൻകൂട്ടി കാണണമെങ്കിലും കാലങ്ങളുടെയും ഋതുക്കളുടെയും ഫലം തിരിച്ചറിയണമെങ്കിലും’ ( ജ്ഞാനം 8:8) ജ്ഞാനം കൂടിയേ തീരൂ.  ഇത്രമേൽ വിശിഷ്ടമായ ജ്ഞാനം  ദൈവത്തിൻറെ ദാനമാണ്, നമ്മുടെ പ്രയത്നത്തിൻറെ ഫലമല്ല എന്നും  നാം അറിയണം.  ‘ദൈവും നല്കുന്നില്ലെങ്കിൽ ജ്ഞാനം എനിക്കു  ലഭിക്കുകയില്ലെന്നു  ഞാൻ അറിഞ്ഞു (ജ്ഞാനം 8:21). മനുഷ്യൻറെ പ്രയത്നമോ കഴിവോ അല്ല ദൈവത്തിൻറെ കൃപയാണ് എല്ലാറ്റിൻറെയും അടിസ്ഥാനം എന്നു പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതിൻറെ അർത്ഥവും  ഇതുതന്നെയാണ്.  ദൈവത്തിൻറെ  ഹിതം അറിയണമെങ്കിൽ  ജ്ഞാനം വേണം.  ‘അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ  പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽ നിന്ന് നൽകിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും!’ ( ജ്ഞാനം 9:17). 

ദൈവത്തെക്കുറിച്ചുള്ള അറിവ്, അഥവാ ജ്ഞാനം, പിതാവു  തന്നെയാണു  നമുക്കു  നൽകേണ്ടതെന്ന് യോഹന്നാൻ ശ്ലീഹായും പറയുന്നു. ‘എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ  ഒരുവനും എൻറെ അടുക്കലേക്കു വരാൻ  സാധിക്കുകയില്ല’ ( യോഹ 6:44).  കർത്താവിനോടുള്ള ഭക്തി  ജ്ഞാനത്തിൻറെ ആരംഭവും ( പ്രഭാ 1:14) പൂർണതയും (പ്രഭാ 1:16) മകുടവും ( പ്രഭാ 1:18) ആണെന്നു വിശുദ്ധഗ്രന്ഥം പറയുന്നു. അതുകൊണ്ടുതന്നെയായിരിക്കണം,   ജ്ഞാനം എവിടെ വസിക്കണമെന്നും   കർത്താവ് നേരത്തേ തന്നെ തീരുമാനിച്ചുവച്ചിട്ടുണ്ട്.. ‘അവിടുന്ന് പറഞ്ഞു; യാക്കോബിൽ വാസമുറപ്പിക്കുക, ഇസ്രായേലിൽ നിൻറെ അവകാശം സ്വീകരിക്കുക’ (പ്രഭാ  24:8). അതേ, ജ്ഞാനം ദൈവജനത്തിൻറെ  അവകാശമാണ്.  നിർമലഹൃദയത്തോടെ  ജ്ഞാനത്തെ തേടുന്ന ദൈവജനത്തിന് അതു  ലഭിക്കുക തന്നെ ചെയ്യും.

ഇനി ജ്ഞാനം ലഭിക്കാൻ ഭാഗ്യമില്ലാതെ പോകുന്ന ഒരുകൂട്ടം ജനങ്ങളെക്കുറിച്ചും വിശുദ്ധഗ്രന്ഥം  സൂചിപ്പിക്കുന്നുണ്ട്. ‘കാനാനിൽ  അവളെപ്പറ്റി കേട്ടിട്ടില്ല. തേമാനിൽ  അവളെ കണ്ടിട്ടില്ല. ഭൂമിയിൽ ജ്ഞാനം അന്വേഷിക്കുന്ന  ഹാഗാറിൻറെ പുത്രന്മാരോ മിദിയാനിലെയും  തേമാനിലെയും വ്യാപാരികളോ ജ്ഞാനാന്വേഷികളോ, കഥ  ചമയ്ക്കുന്നവരോ ജ്ഞാനത്തിലേക്കുള്ള മാർഗം മനസിലാക്കിയിട്ടില്ല; അവളുടെ  പാതകളെക്കുറിച്ചു  ചിന്തിച്ചിട്ടുമില്ല’ ( ബാറൂക്ക് 3:22-23). ജ്ഞാനത്തിലേക്കുള്ള മാർഗം  മനസിലാക്കിയിട്ടില്ലാത്ത ഹാഗാറിൻറെ മക്കൾ   സാറായുടെ  ജ്ഞാനം ലഭിച്ച മക്കളെ  കാരണം കൂടാതെ വെറുക്കുമ്പോൾ  നമുക്ക്  ഒന്നേ ചെയ്യാനുള്ളൂ.  ജ്ഞാനത്താൽ  നിറയാനായി ദൈവത്തോടു  പ്രാർഥിക്കുക .

നമുക്കു  പ്രാർത്ഥിക്കാം : ജ്ഞാനത്തിൻറെ ഉറവിടമായ ദൈവമേ, പരിശുദ്ധനായ അങ്ങയെ അറിയുന്നതാണ് ജ്ഞാനം എന്ന  ബോധ്യം ഞങ്ങളിൽ ഉറപ്പിക്കണമേ. വിശുദ്ധ സ്വർഗത്തിൽ നിന്ന്, അങ്ങയുടെ മഹത്വത്തിൻറെ  സിഹാസനത്തിൽ നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവൾ എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ  ഹിതം ഞാൻ മനസിലാക്കട്ടെ (ജ്ഞാനം  9:10). ആമേൻ.