പരിശുദ്ധ കന്യകാമറിയം നല്കുന്ന സന്ദേശം
“എന്റെ ഏറ്റവും പ്രിയമുള്ള കുഞ്ഞുങ്ങളേ, എന്റെ ഏറ്റവും വലിയ സമ്മാനമായ സ്നേഹം നിങ്ങൾക്കു നല് കുവാൻ ഇതാ ഞാൻ വരുന്നു. വളരെ വിശേഷകരമായ ഒരു കൈമാറ്റവും നിങ്ങൾക്കുവേണ്ടി ഞാൻ ഒരുക്കുന്നു. നിങ്ങളുടെ ഹൃദയത്തിനു പകരം ഞാൻ എന്റെ ഹൃദയം തരുന്നു. ഈ സമയത്ത് എന്റെ വിമലഹൃദയത്തോടുള്ള സമർപ്പണപ്രക്രിയ നിങ്ങൾ നടത്തണം അപ്പോൾ എന്റെ മഹാവിജയത്തിൽ നിങ്ങളും പങ്കാളികളാകും. ഈ സമ്മാനം സ്വമനസാ നിങ്ങൾ സ്വീകരിക്കണമെന്നു ഞാൻ ആവശ്യപ്പെടുന്നു’.
വഴികാട്ടി
നമ്മുടെ സമർപ്പണത്തിന്റെ ലക്ഷ്യമാണ് അമ്മ നമ്മെ ഓർമ്മിപ്പിക്കുന്നത്. സമർപ്പണം നടത്തുന്ന ആത്മാവ് അമ്മയുടെ സ്വന്തമാകുന്നു. അമ്മ വഴി ദൈവത്തിന്റെ സ്വന്തമാകുന്നു. അവൾ പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണല്ലോ. അങ്ങനെ അവൾക്കുള്ളതെല്ലാം ദൈവത്തിനു നല്കപ്പെട്ടു കഴിഞ്ഞു. അമ്മയ്ക്ക് സമർപ്പിക്കപ്പെട്ട നമ്മുടെ ഹൃദയങ്ങൾ അമ്മ വഴി ദൈവത്തിനു നല്‌കപ്പെടുന്നു. നമ്മുടെ അമ്മയുടെ ഏകലക്ഷ്യം എല്ലാ ഹൃദയങ്ങളെയും ദൈവമായ മകനു നല്‌കുകയാണ്. ഫലത്തിൽ, അമ്മ എല്ലാ ആത്മാക്കളേയും മകനുവേണ്ടി സമ്പാദിക്കുന്നു. സമർപ്പണ പ്രക്രിയയിൽ നമ്മുടെ ഹൃദയങ്ങൾ അമ്മയുടെ ഹൃദയവുമായി കൈമാറ്റപ്പെട്ടു കഴിഞ്ഞു. ദൈവകൃപയാലാണ് ഇത് സംഭവിച്ചത്. ദൈവവുമായി ഐക്യപ്പെടുകവഴി നമ്മുടെ ആത്മാക്കൾ നിർമ്മലമാക്കപ്പെടുന്നു. അമ്മയുമായി ഐക്യപ്പെട്ട നമ്മുടെ ആത്മാവിനു ഒരു ലക്ഷ്യമേ സാധ്യമായുള്ളൂ; അമ്മയെ അനുകരിക്കുകയാണ് അത്.
അമ്മയുടെ ഹൃദയത്തിന്റെ സ്ഥാനത്ത് നമ്മുടെ ഹൃദയം പ്രതിഷ്ഠിക്കുമ്പോൾ അമ്മയുടെ ഹൃദയം പോലെ പ്രവർത്തിക്കുവാൻ നമ്മുടെ ഹൃദയവും വിശുദ്ധിയിൽ ഉയർത്തപ്പെടുന്നു. അമ്മയെപ്പോലെ പ്രവർത്തിക്കുവാൻ ഉന്നത വിശുദ്ധി ആവശ്യമാണ്. അങ്ങനെ ഹൃദയങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാൻ വേണ്ട ആത്മീയ സന്തുലനം സംഭവിക്കുന്നു. അപ്രകാരം അമ്മയുടെ ഹൃദയത്തിലൂടെ ഈശോയോട് ആത്മീയമായി നമ്മൾ ഐക്യപ്പെടുന്നു.
പ്രവൃത്തിപഥം
മാതാവ് പറയുന്നു: പ്രാർത്ഥന നമുക്ക് നല്‌കുന്ന ശക്തി നാം മനസ്സിലാക്കുന്നതേയില്ല. ലോകസമാധാനം സാധ്യമാക്കുവാനുള്ള ഉപാധി നമ്മുടെ ഹൃദയത്തിലുണ്ട്. പ്രാർത്ഥനവഴി ദൈവവുമായുള്ള ബന്ധം ദൃഡപ്പെടുന്നു. ദൈവഹൃദയവും മനുഷ്യഹൃദയവും ചേർന്നിരിക്കുന്ന സമയത്ത് നമ്മുടെ എല്ലാ ആവശ്യങ്ങളും സാധിച്ചെടുക്കാം. ഈ ഹൃദയബന്ധം വളർത്തിയെടുക്കാൻ നാം കുറെ സമയം മാറ്റിവയ്ക്കണം. ഉഭയകക്ഷിബന്ധം സ്ഥാപിച്ചെടുക്കാൻ ഇരുപക്ഷവും ശ്രമിക്കണം. നമുക്കു വേണ്ടിയുള്ള ദൈവികപദ്ധതി നമ്മെ മനസ്സിലാക്കി തരുവാൻ വേണ്ട സമയം ഈശോയ്ക്ക് കൊടുക്കണം. പ്രാർത്ഥനയുടെ ഐക്യത്തിൽ സ്വർഗ്ഗത്തിലെ എല്ലാ രഹസ്യങ്ങളും നമ്മുടെ ആത്മാവിനു ലഭ്യമാക്കപ്പെടും.
പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമേ, എന്റേയും അമ്മയുടേയും ഹൃദയങ്ങൾ പരസ്പരം മാറ്റുവാൻ തക്കവിധം എന്റെഹൃദയത്തിൽ വിശുദ്ധിയാകുന്ന അഗ്നി ആളിക്കത്തുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു; എന്നെ സഹായിക്കേണമേ. അമ്മയുടെ ഹൃദയത്തെ അനുകരിക്കുവാൻ എന്റെ ഹൃദയത്തെ ഒരുക്കണമേ. വിശുദ്ധീകരിക്കപ്പെട്ട എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും അങ്ങയോടു ആമ്മേൻ എന്നു ഞാൻ ഉദ്ഘോഷിക്കാൻ ഇടയാക്കണമേ.
പരിശുദ്ധ മറിയമേ, ദൈവത്തെ പൂർണ ആത്മാവോടെ സ്നേഹിക്കുവാനുള്ള അനുഗ്രഹം എനിക്ക് തരേണമേ. ദൈവത്തെ സന്തോഷിപ്പിക്കുവാൻ എന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുവാൻ എന്നെ സഹായിക്കേണമേ. ദൈവം എന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ടല്ലോ. നിത്യമായി അമ്മയുമായി ഒന്നായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വിശുദ്ധസ്നേഹത്തിന്റെ പൂർണതയിൽ എന്നെ അമ്മയുടെ പുത്രന്റെ സിംഹാസനത്തിനു മുമ്പിൽ അങ്ങ് സമർപ്പിക്കേണമേ. ഇതാണ് എന്റെ പ്രതീക്ഷയും തീവ്രമായ ആഗ്രഹവും.
വചനം
“എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവൻ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും.” (മത്താ. 19:29)
ഇന്ന് ചെയ്യേണ്ട പുണ്യങ്ങൾ
- വിചാരത്തിൽ: “എന്റെ ഈശോയെ, നിന്നെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ’ എന്ന് മനസ്സിൽ പ്രാർത്ഥിക്കുന്നു.
- വാക്കിൽ: “ദൈവം സ്നേഹമാകുന്നു’ (1 യോഹ 4:16) എന്ന് 10 പ്രാവശ്യം ചൊല്ലും.
- പ്രവർത്തിയിൽ: ഭക്ഷണ സമയത്ത് ഒരു ആശയടക്കം ചെയ്യും.
- ഉപേക്ഷവരുത്താതെ ഞാൻ ഇഷ്ടപ്പെടാത്ത ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കും.
2. വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും, ആകാശത്തിന്റെയും ഭൂമിയുടേയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും, ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്നു, പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്, പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാംനാൾ ഉയിർത്തു, സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും, നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
3. പ്രതിഷ്ഠാ ജപം
എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ കന്യകാമറിയമേ, ഞാൻ എന്നെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിശിഷ്യ, എന്റെ കണ്ണുകളും കാതുകളും എന്റെ നാവും ഹൃദയവും അങ്ങയുടെ സംരക്ഷണത്തിന് സമർപ്പിക്കുന്നു. ഇന്നുമുതൽ അമ്മ എന്റെ സ്വന്തമാണ്, ഞാൻ അമ്മയുടേയും. എന്നെ കാത്തു സൂക്ഷിക്കണമേ.
4. ത്രികാല ജപം
കർത്താവിന്റെ മാലാഖ കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോടു വചിച്ചു. പരിശുദ്ധാത്മാവാൽ മറിയം ഗർഭം ധരിച്ചു – 1 നന്മ.
ഇതാ കർത്താവിന്റെ ദാസി! നിന്റെ വചനം പോലെ എന്നിലാകട്ടെ! – 1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു – 1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
സർവ്വേശ്വരാ, മാലാഖയുടെ സന്ദേശത്താൽ അങ്ങയുടെ പുത്രനായ ഈശോമിശിഹായുടെ മനുഷ്യാവതാര വാർത്ത അറിഞ്ഞിരിക്കുന്ന ഞങ്ങൾ, അവിടുത്തെ പീഡാനുഭവവും കുരിശുമരണവും മുഖേന ഉയിർപ്പിന്റെ മഹിമ പ്രാപിക്കാൻ അനുഗ്രഹിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. ആമ്മേൻ – 3 ത്രിത്വ.
5. പുണ്യങ്ങളുടെ ജപമാല
(ഏഴു പുണ്യങ്ങൾക്കു വേണ്ടിയുള്ള പ്രാർത്ഥന)
I) * പരിശുദ്ധ ദൈവമാതാവേ, വിശ്വാസം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ. (1 സ്വർഗ്ഗ, 1 ത്രിത്വ).
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ!.
പരിശുദ്ധ റൂഹായെ, എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ! ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ എന്റെ മനസ്സിനു ശക്തി തരണമേ! അങ്ങനെ ഞാൻ ദൈവമഹത്ത്വം അന്വേഷിക്കട്ടെ! എന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും വിശുദ്ധീകരിക്കപ്പെട്ട് ഞാൻ ദൈവത്തിന്റെ സ്വന്തമാകട്ടെ!
II) പരിശുദ്ധ ദൈവമാതാവേ, ദൈവശരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
III) പരിശുദ്ധ ദൈവമാതാവേ, ദൈവസ്നേഹം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
IV) പരിശുദ്ധ ദൈവമാതാവേ, എളിമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
V) പരിശുദ്ധ ദൈവമാതാവേ, ക്ഷമ എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VI) പരിശുദ്ധ ദൈവമാതാവേ, വിശുദ്ധിയിൽ നിലനിൽപ് എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
VII) പരിശുദ്ധ ദൈവമാതാവേ, അനുസരണം എന്ന പുണ്യം എന്റെ ആത്മാവിൽ ജനിക്കുവാനും വളരുവാനും വർദ്ധിക്കുവാനും ഫലം ചെയ്യുവാനും എന്നെ സഹായിക്കണമേ.
(1 സ്വർഗ്ഗ .. 1 ത്രിത്വ .. പരിശുദ്ധ റൂഹായെ…)
6.മാതാവിനോടുള്ള ജപം
പരിശുദ്ധ കന്യകാമറിയമെ, എന്റെ ഹൃദയത്തെ അങ്ങയുടേതായി സ്വീകരിക്കണമേ. പുണ്യംകൊണ്ട് അലങ്കരിച്ച വിശുദ്ധിയുടെ ഒരു പുഷ്‌പവലയംകൊണ്ട് അതിനെ സംരക്ഷിക്കേണമേ. പ്രിയപ്പെട്ട അമ്മേ, സമർപ്പണം ചെയ്ത അങ്ങയുടെ ഹൃദയംപോലെ, എന്റെ ഹൃദയത്തെ സ്വീകരിക്കേണമേ. ഞാൻ അങ്ങേയ്ക്കു നൽകിയ ഉപഹാരമായി അതിനെ പിതാവായ ദൈവത്തിനു നൽകണമേ. പരിശുദ്ധ മറിയമെ, ദിനംപ്രതി അങ്ങയുടെ ഹൃദയം കൂടുതൽ അറിയപ്പെടാൻ ഞാൻ കാരണമാകട്ടെ!
7.പന്തക്കുസ്‌ത പ്രാർത്ഥന
മിശിഹായുടെ ആത്മാവേ, എന്നെ ഉണർത്തണമേ.
മിശിഹായുടെ ആത്മാവേ, എന്നെ ചലിപ്പിക്കേണമേ.
മിശിഹായുടെ ആത്മാവേ, എന്നിൽ നിറയണമേ.
അങ്ങയുടെ മുദ്ര എന്റെ ആത്മാവിൽ പതിപ്പിക്കണമേ.
പിതാവായ ദൈവമേ, അങ്ങയുടെ ഹൃദയവും ഇഷ്ടങ്ങളും എന്റെ ഹൃദയത്തിൻ പതിപ്പിച്ചുറപ്പിക്കണമേ.
പിതാവായ ദൈവമേ, പുണ്യങ്ങളുടെ വറ്റാത്ത ഉറവ എന്നിൽ സൃഷ്ടിക്കണമേ.
പിതാവായ ദൈവമേ, എന്റെ ആത്മാവ് അങ്ങയുടെ പ്രതിഛായ പ്രതിഫലിപ്പിക്കട്ടെ! അങ്ങനെ എന്നിലൂടെ ലോകം അങ്ങയെ ദർശിക്കട്ടെ!
