കർത്താവേ ഞങ്ങൾ അയോഗ്യരാകുന്നു

പരിശുദ്ധ കുർബാനയിൽ നമുക്ക് ആത്മാർത്ഥമായി പറയാൻ കഴിയുമെന്ന് ഉറപ്പുള്ള  ഒരേയൊരു വചനം  അനുതാപഗീതത്തിനുശേഷം  കുർബാന ഉയർത്തലിനു മുൻപായി വൈദികൻ ചൊല്ലുന്ന പ്രാർഥനയാണ്. ‘കർത്താവേ, അനുഗ്രഹിക്കണമേ, ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങൾ അയോഗ്യരാകുന്നു; ഞങ്ങൾ തീർത്തും അയോഗ്യരാകുന്നു. എങ്കിലും സ്തുത്യർഹവും പരിശുദ്ധവും ജീവദായകവും ദൈവികവുമായ ഈ രഹസ്യങ്ങളിലേക്ക് അങ്ങയുടെ കാരുണ്യം ഞങ്ങളെ അടുപ്പിക്കുന്നു.

ദൈവദർശനം ലഭിച്ച ഏശയ്യായെപ്പോലെ, പരിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികനും ആരാധനസമൂഹവും  തങ്ങൾ ഈ ബലി  അർപ്പിക്കാൻ തീർത്തും  അയോഗ്യരാണെന്ന് തിരിച്ചറിയുകയാണ്. എങ്കിലും  ‘പരിശുദ്ധവും സ്തുത്യർഹവുമായ  ഈ ദിവ്യരഹസ്യങ്ങളെ  അറിയുന്നതിനും സമീപിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും  സ്വീകരിക്കുന്നതിനും അവയോട്  ഏകീഭവിക്കുന്നതിനും’   ദൈവം തൻറെ കൃപയാൽ  നമ്മെ യോഗ്യരാക്കുന്നു  എന്ന  ബോധ്യവും ഏറ്റുപറച്ചിലുമാണു   നമ്മെ പരിശുദ്ധ കുർബാനയാകുന്ന   തീക്കട്ടയെ  സ്വീകരിക്കാൻ  അർഹരാക്കുന്നത്.

പരിശുദ്ധ കുർബാനയെക്കുറിച്ച് തനിക്കു  പറയാനുള്ളതെല്ലാം കാച്ചിക്കുറുക്കി എഴുതാൻ കർത്താവീശോമിശിഹാ  ഏല്പിച്ചതു  തനിക്കേറ്റവും പ്രിയപ്പെട്ട  ശിഷ്യനായ യോഹന്നാനെയാണ്.  ‘ഞാൻ ജീവൻറെ  അപ്പമാണ്, സ്വർഗ്ഗത്തിൽ  നിന്നിറങ്ങിവന്ന അപ്പമാണ്, പിതാവ് സ്വർഗത്തിൽ നിന്നയച്ച  അപ്പമാണ്, മനുഷ്യർ ഭക്ഷിക്കുന്നതിനുവേണ്ടി  സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്,  ഇതു ഭക്ഷിക്കുന്നവർ മരിക്കുകയില്ല, ലോകത്തിൻറെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എൻറെ ശരീരമാണ്, മനുഷ്യപുത്രൻറെ ശരീരം ഭക്ഷിക്കുകയും  അവൻറെ രക്തം പാനം ചെയ്യുകയും ചെയ്യാത്തവർക്ക് നിത്യജീവൻ  ലഭിക്കുകയില്ല, എൻറെ ശരീരം  യഥാർത്ഥ ഭക്ഷണവും എൻറെ  രക്തം യഥാർത്ഥ പാനീയവും ആണ്, എന്നെ ഭഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും’  ഇങ്ങനെ പരിശുദ്ധ കുർബാനയെക്കുറിച്ചു  നാം അറിയണമെന്നു  കർത്താവ് ആഗ്രഹിച്ച കാര്യങ്ങളെല്ലാം  യോഹന്നാൻ തൻറെ സുവിശേഷത്തിൻറെ ആറാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

എന്നാൽ കർത്താവിൻറെ ശരീരവും രക്തവുമാകുന്ന  ദിവ്യരഹസ്യങ്ങൾ സ്വീകരിക്കാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണ്?  ഈശോ  അതു   തൻറെ പ്രവൃത്തിയിലൂടെ തെളിയിച്ചുതന്നിട്ടുണ്ട്.  പരിശുദ്ധ കുർബാന സ്ഥാപിക്കുന്നതിനു മുൻപായി കർത്താവ് തൻറെ ശിഷ്യന്മാരുടെ പാദങ്ങൾ  കഴുകുമ്പോൾ   പത്രോസിനോട് ഇങ്ങനെ പറയുന്നുണ്ട്.   ‘ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല’ [യോഹ. 13:8]. ‘മിശിഹായുടെ  തിരുക്കല്ലറയുടെ സാദൃശ്യവും  അവിടുത്തെ സിംഹാസനവുമായ  ബലിപീഠത്തിൽ’  പരികർമ്മം ചെയ്യപ്പെടുന്ന  പാപമോചകമായ  തിരുശരീരരക്തങ്ങളെ സ്വീകരിക്കാൻ  നമുക്കുള്ള യോഗ്യത കർത്താവു തന്നെ അതിനു മുൻപായി നമ്മെ കഴുകി ശുദ്ധീകരിക്കുന്നു  എന്നതാണ്. അതിനു വേണ്ടിയാണ് അവിടുന്ന് കുമ്പസാരം എന്ന കൂദാശ സ്‌ഥാപിച്ചത്‌.

എന്നിട്ടു  നാം  എന്താണു  ചെയ്യുന്നത്?  പരിശുദ്ധ കുർബാനയിൽ തൻറെ  ശരീരവും രക്തവും നമുക്കു പങ്കുവച്ചുതരാനായി  അൾത്താരയിലേക്കു പോകുന്നതിനു മുൻപു  നമ്മെ    കഴുകി വിശുദ്ധീകരിക്കാനായി  ഈശോ  കാത്തിരിക്കുന്ന കുമ്പസാരക്കൂടിൻറെ മുൻപിൽ ആൾക്കൂട്ടമില്ല, തിരക്കുമില്ല. കർത്താവ് അവിടെ തനിച്ചിരുന്നു  വേദനിക്കുന്നു.    കഴുകി വെടിപ്പാക്കപ്പെടാത്ത മനസും കറപുരണ്ട  ആത്മാവുമായി, ഒരു മിഠായി  വാങ്ങുന്ന ലാഘവത്തോടെ, പരിശുദ്ധ കുർബാന കൈയിൽ വാങ്ങുകയും  പോകുന്ന പോക്കിൽ അതു  വായിലിട്ട്, കൈയിലെന്തെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ അതു പൊടി തട്ടുന്നതുപോലെ  തട്ടിക്കളഞ്ഞു  തിരികെപ്പോകുന്ന   തൻറെ മക്കളെയോർത്ത് ഈശോ വീണ്ടും വേദനിക്കുന്നു.

കുമ്പസാരിക്കാതെയും പാപമോചനം നേടാതെയും കുർബാന സ്വീകരിക്കാം എന്നു പഠിപ്പിക്കുന്നവൻ  ഒരുവൻ മാത്രം.    സാത്താൻ  എന്നും പിശാച് എന്നും സർവലോകത്തെയും  വഞ്ചിക്കുന്ന പുരാതനസർപ്പം  എന്നും  ഒക്കെ വിശുദ്ധഗ്രന്ഥം വിളിക്കുന്ന അവൻറെ ആദ്യത്തെ ഇര യൂദാസായിരുന്നു.  യൂദാസിനെ സംബന്ധിച്ചിടത്തോളം കർത്താവിൻറെ തിരുശരീരം വെറുമൊരു അപ്പക്കഷണം മാത്രമായിരുന്നു.  ഒരുക്കമില്ലാതെ കുർബാന സ്വീകരിച്ച  യൂദാസിന് എന്തു  സംഭവിച്ചു എന്നു നമുക്കറിയാം.

സുവിശേഷകൻ എഴുതുന്നു.  ‘അപ്പക്കഷണം സ്വീകരിച്ചതിനെത്തുടർന്നു  സാത്താൻ അവനിൽ പ്രവേശിച്ചു’ [യോഹ. 13:27]. തീർന്നില്ല.  ‘ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവൻ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു’ [ യോഹ. 13:30].

അയോഗ്യതയോടെ  സ്വീകരിക്കുന്ന കുർബാനകൾ സാത്താനു നമ്മുടെ ഉള്ളിൽ പ്രവേശിക്കാനും  നമ്മെ നിത്യപ്രകാശമായ യേശുക്രിസ്തുവിൻറെ  സന്നിധിയിൽ നിന്നു  പുറത്തെ അന്ധകാരത്തിലേക്കു   നയിക്കാനും  മാത്രമേ ഉപകരിക്കുകയുള്ളൂ. പൗലോസ് ശ്ലീഹാ  ഇക്കാര്യം കുറച്ചുകൂടി വ്യക്തമാക്കിത്തരുന്നുണ്ട്.  ‘തൻമൂലം ആരെങ്കിലും  അയോഗ്യതയോടെ കർത്താവിൻറെ അപ്പം ഭക്ഷിക്കുകയും  പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്താൽ അവൻ കർത്താവിൻറെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു.  അതിനാൽ ഓരോരുത്തരും ആത്മശോധന ചെയ്തതിനു ശേഷം  ഈ അപ്പം ഭക്ഷിക്കുകയും  പാത്രത്തിൽ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ.  എന്തുകൊണ്ടെന്നാൽ, ശരീരത്തെ വിവേചിച്ചറിയാതെ  ഭക്ഷിക്കുകയും  പാനം ചെയ്യുകയും ചെയ്യുന്നവൻ  തൻറെ തന്നെ ശിക്ഷാവിധിയാണു  ഭക്ഷിക്കുന്നതും  പാനം ചെയ്യുന്നതും [ 1കൊറി.  11:27-29].

ഈ സത്യം മനസിലാക്കിയ  തിരുസഭ,  കുർബാനയിൽ പങ്കെടുക്കുന്നവർക്കു    കുർബാനസ്വീകരണത്തിനു മുൻപു തന്നെ  ഇങ്ങനെ മുന്നറിയിപ്പു കൊടുക്കുന്നു. ‘ആരും തൻറെ ശരീരത്തിൻറെയും  ആത്മാവിൻറെയും    ശിക്ഷാവിധിക്കായി  ഇതു  ഭക്ഷിക്കാനും പാനം ചെയ്യാനും  ഇടയാകാതിരിക്കട്ടെ’  [മൂന്നാമത്തെ കൂദാശാ ക്രമത്തിൽ നിന്ന് ].

 സഭയുടെ മതബോധനഗ്രന്ഥം പറയുന്നു.  ‘ദിവ്യകാരുണ്യത്തിൽ  ക്രിസ്തുവിനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി  കൃപാവരാവസ്ഥയിലായിരിക്കണം. താൻ മാരകമായ പാപം  ചെയ്തിട്ടുണ്ടെന്നു  ബോധ്യമുള്ള ഏതു വ്യക്തിയും  കുമ്പസാരകൂദാശയിലൂടെ പാപമോചനം സ്വീകരിക്കാതെ  ദിവ്യകാരുണ്യം സ്വീകരിക്കരുത്’ [CCC  1415].  ‘എന്തെന്നാൽ, ഇതു നിസാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്’ [നിയമാ. 32: 47]

പരിശുദ്ധകുർബാന സ്വീകരണസമയത്തു പുരോഹിതൻ  ഇങ്ങനെ പ്രാർഥിക്കുന്നു.  ‘കർത്താവേ, നിൻറെ തിരുശരീരം  എനിക്കു  ശിക്ഷാവിധിക്കു  ഹേതുവാകാതെ  കടങ്ങളുടെ പൊറുതിക്കും  പാപങ്ങളുടെ

മോചനത്തിനും കാരണമാകട്ടെ’.  ഇനി  കുർബാന സ്വീകരണത്തിനു ശേഷം പുരോഹിതൻ ചൊല്ലുന്ന  പ്രാർഥനയും   ശ്രദ്ധിക്കുക. ‘മനുഷ്യവർഗത്തിൻറെ  പ്രത്യാശയായ  മിശിഹായേ, ഞങ്ങൾ ഭക്ഷിച്ച  തിരുശരീരവും  പാനം ചെയ്ത  തിരുരക്തവും  ഞങ്ങൾക്കു ശിക്ഷാവിധിയ്ക്കു  കാരണമാകാതെ കടങ്ങളുടെ പൊറുതിക്കും   പാപങ്ങളുടെ മോചനത്തിനും  നിൻറെ സന്നിധിയിൽ സന്തുഷ്ടിക്കും   നിദാനമാകട്ടെ. സകലത്തിൻറെയും നാഥാ, എന്നേക്കും ആമേൻ.

അതേ, പരിശുദ്ധ  കുർബാന യോഗ്യതയോടെ സ്വീകരിക്കുന്നവർക്കു ജീവൻ നൽകുന്ന സ്വർഗീയഭോജനം ആകുന്നതു പോലെ തന്നെ അയോഗ്യതയോടെ സ്വീകരിക്കുന്നവർക്ക്  അത്  ശിക്ഷാവിധിയുടെ  അച്ചാരവും ആണ്.

ഈശോ  പറഞ്ഞു, പൗലോസ് ശ്ലീഹാ  ആവർത്തിച്ചു പറഞ്ഞു, സഭ ഇരുപതു നൂറ്റാണ്ടായി വിശ്വസിക്കുകയും പഠിപ്പിക്കുകയും  പ്രബോധിപ്പിക്കുകയും  കുർബാനയ്ക്കിടയിൽ മുന്നറിയിപ്പു   നൽകുകയും ചെയ്യുന്നു! എന്നിട്ടും   എന്തുകൊണ്ടാണ്  ഈയൊരു കാര്യം   നമ്മുടെ  ഹൃദയങ്ങളിലേക്കു  കടക്കാത്തത്? തിരക്കില്ലാത്ത  കുമ്പസാരക്കൂടുകളുള്ള ദൈവാലയങ്ങളിൽ കുർബാനസ്വീകരണത്തിനു തിരക്കു കൂടുന്നുണ്ടെങ്കിൽ അതു    വലിയൊരു അടയാളമാണ്.  സ്വയം അറിഞ്ഞുകൊണ്ടു  സ്വന്തം ശിക്ഷാവിധി ഏറ്റുവാങ്ങാൻ  മാത്രം ഭോഷന്മാരായിത്തീർന്ന ഒരു  ജനത്തിൻറെ അടയാളം!   ഒരിക്കൽ യൂദാസിനെക്കുറിച്ചു  കർത്താവ് വിലപിച്ചു. ‘ജനിക്കാതിരുന്നെങ്കിൽ അവനു  നന്നായിരുന്നു’ [മത്തായി 26:24].  കുമ്പസാരിച്ചു പാപമോചനം നേടാതെ കുർബാന സ്വീകരിക്കാൻ വരുന്ന ഓരോ വ്യക്തിയെയും  നോക്കി കർത്താവ് വിലപിക്കുന്നു. അവൻ/അവൾ എൻറെ ശരീരവും രക്തവും സ്വീകരിക്കാൻ വരാതിരുന്നെങ്കിൽ അത് അവർക്കു നന്നായിരുന്നു.

കുമ്പസാരത്തിൻറെ വില തിരിച്ചറിയാത്ത ക്രിസ്ത്യാനിയെ തിരിച്ചുപിടിക്കുക എന്നതാണു  സഭ  ഇന്നു നേരിടുന്ന വലിയൊരു വെല്ലുവിളി. കുമ്പസാരത്തിൻറെ വില അറിയാനും  ‘ആർക്കും വേല ചെയ്യാൻ കഴിയാത്ത രാത്രികാലം അടുത്തുവരുന്നതിനു’ മുൻപേ, കരുണയുടെ വാതിൽ നമ്മുടെ മുൻപിൽ അടയുന്നതിനു മുൻപേ, അനുതപിച്ച് കുമ്പസാരത്തിലൂടെ പാപമോചനം നേടാനും   അതുവഴി യോഗ്യതയോടെ പരിശുദ്ധ കുർബാന സ്വീകരിക്കാനും ഉള്ള കൃപ എല്ലാവർക്കും ലഭിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം.