ആരുടെ പക്ഷത്ത്?

‘ ജറീക്കോയെ സമീപിച്ചപ്പോൾ ജോഷ്വാ  കണ്ണുകളുയർത്തി നോക്കി; അപ്പോൾ   കൈയിൽ ഊരിയ വാളുമായി അതാ ഒരു മനുഷ്യൻ. ജോഷ്വാ അവൻറെ അടുത്ത് ചെന്നു; നീ ഞങ്ങളുടെ പക്ഷത്തോ ശത്രുപക്ഷത്തോ എന്നു  ചോദിച്ചു. അവൻ പറഞ്ഞു; അല്ല, ഞാൻ കർത്താവിൻറെ സൈന്യാധിപനാണ്’ (ജോഷ്വാ  5:13).  തുടർന്നു  ജറീക്കോ പട്ടണം എങ്ങനെ കീഴ്‌പ്പെടുത്തണം എന്നു  കർത്താവ് ജോഷ്വായ്ക്കു  പറഞ്ഞുകൊടുക്കുന്നതു നാം വായിക്കുന്നുണ്ട്.

നമുക്കെതിരെ വരുന്നവർ കർത്താവിൻറെ പക്ഷത്തുള്ളവരാണോ അല്ലയോ എന്നറിയുന്നതു  വളരെ പ്രധാനപ്പെട്ട കാര്യമാണ്.  കാരണം ലോകത്തിൽ ആകെ രണ്ടു പക്ഷമേയുള്ളൂ. കർത്താവിൻറെ പക്ഷവും കർത്താവിന് എതിരു നിൽക്കുന്ന പക്ഷവും.  കർത്താവീശോമിശിഹാ ഈ കാര്യം വളരെ വ്യക്തമായിത്തന്നെ  പറഞ്ഞിട്ടുണ്ട്. ‘നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങളുടെ ഭാഗത്താണ്’ ( ലൂക്കാ 9:50).

 ‘ശത്രുക്കളുടെയിടയിൽ  സ്വയം ലജ്ജിതരാകത്തക്കവിധം അഴിഞ്ഞാടിയിരുന്ന’ (പുറ. 32:25) ഇസ്രായേൽ ജനത്തോടു   മോശയും  പറഞ്ഞത് അതുതന്നെയാണ്. ‘മോശ പാളയത്തിൻറെ വാതിൽക്കൽ  നിന്നുകൊണ്ടു  പറഞ്ഞു; കർത്താവിൻറെ പക്ഷത്തുള്ളവർ എൻറെ അടുത്തേക്കു  വരട്ടെ’  (പുറ.  32:26).

ഏലിയാ പ്രവാചകൻറെ  ചോദ്യവും അതുതന്നെയായിരുന്നു. ‘നിങ്ങൾ എത്രനാൾ രണ്ടു വഞ്ചിയിൽ  കാൽ വയ്ക്കും? കർത്താവാണു ദൈവമെങ്കിൽ  അവിടുത്തെ അനുഗമിക്കുവിൻ; ബാലാണു  ദൈവമെങ്കിൽ അവൻറെ പിന്നാലെ പോകുവിൻ’ (1 രാജാ  18:21). 

ഇന്നും ചോദ്യം അതുതന്നെയാണ്. നിങ്ങൾ ആരുടെ പക്ഷത്താണ്?  ‘കൈക്കുമ്പിളിൽ ആഴികളെ അളക്കുകയും, ആകാശവിശാലതയെ ചാണിൽ ഒതുക്കുകയും, ഭൂമിയിലെ പൊടിയെ അളവുപാത്രത്തിൽ ഉൾക്കൊള്ളിക്കുകയും,  പർവതങ്ങളുടെ ഭാരം വെള്ളിക്കോലിൽ നിശ്ചയിക്കുകയും, കുന്നുകളെ തുലാസിൽ തൂക്കുകയും ചെയ്യുന്ന’ (ഏശയ്യാ  40:12) സർവശക്തനായ ദൈവത്തിൻറെ ഭാഗത്തോ അതോ  ‘ഞാൻ സ്വർഗത്തിലേക്കു കയറും, ഉന്നതത്തിൽ  ദൈവത്തിൻറെ നക്ഷത്രങ്ങൾക്കുപരി എൻറെ സിംഹാസനം ഞാൻ സ്ഥാപിക്കും, ഉത്തരദിക്കിൻറെ അതിർത്തിയിൽ സമാഗമപർവതത്തിൻറെ  മുകളിൽ ഞാനിരിക്കും . ഉന്നതമായ മേഘങ്ങൾക്കു മീതേ ഞാൻ കയറും. ഞാൻ അത്യുന്നതനെപ്പോലെ  ആകും’ (ഏശയ്യാ  14:13-14)  എന്ന് അഹങ്കരിച്ചെങ്കിലും  ദൈവത്തിൻറെ സന്നിധിയിൽ നിന്നു നിത്യമായി തിരസ്കൃതനായ സാത്താൻറെ ഭാഗത്തോ?

നമ്മുടെ തിരഞ്ഞെടുപ്പ് വിവേകപൂർവമായിരിക്കട്ടെ.  കാരണം    ഈ പരീക്ഷയിൽ ഒരിക്കൽ എഴുതിയ ഉത്തരം മാറ്റിയെഴുതുക ബുദ്ധിമുട്ടാണ്.  ഭൂരിപക്ഷത്തിൻറെ  അഭിപ്രായം കേട്ടു തീരുമാനമെടുക്കാമെന്നു  വച്ചാൽ  ഭൂരിപക്ഷവും തിന്മയുടെ ഭാഗത്തായിരിക്കുന്ന ഒരു സാഹചര്യത്തിൽ നിങ്ങൾ എന്തുചെയ്യും? അങ്ങനെയും സംഭവിക്കാം. ഈജിപ്തിൽ നിന്ന് ആറുലക്ഷം പേരുമായി യാത്ര പുറപ്പെട്ട ഇസ്രായേൽക്കാരോട്  ഏലിയാ  ഈ ചോദ്യം ചോദിക്കുന്നതു   പിന്നെയും നാനൂറു വർഷം  കഴിഞ്ഞപ്പോഴാണ്. അപ്പോഴേക്കും അവർ വളരെ വലിയൊരു ജനതയായി വളർന്നുകഴിഞ്ഞിരുന്നു.  എന്നിട്ടും അവരിൽ ഏഴായിരം പേരെ മാത്രമേ കർത്താവിനോടു വിശ്വസ്തരായി കണ്ടെത്താൻ  കഴിഞ്ഞുള്ളൂ. ‘ബാലിൻറെ മുൻപിൽ മുട്ടുകുട്ടാത്ത  ഏഴായിരം പേരെ എനിക്കുവേണ്ടി ഞാൻ  മാറ്റിനിർത്തിയിട്ടുണ്ട്’ (റോമാ 11:4) എന്നാണു  ദൈവം  ഏലിയായോടു  പറഞ്ഞത്.

ഇന്നും സ്ഥിതി അതുതന്നെയായിരിക്കും. ലോകത്തിൻറെ മുൻപിലും  ലോകത്തിൻറെ അധികാരിയുടെ (യോഹ 16:11) മുൻപിലും  മുട്ടുമടക്കാത്തവരുടെ എണ്ണം പരിമിതമായിരിക്കും. അതാകട്ടെ  ‘കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു അവശിഷ്ടഭാഗവുമായിരിക്കും’ (റോമാ 11:5).  അവരുടെ എണ്ണം കുറവായിരിക്കും എന്നറിയാവുന്നതു കൊണ്ടാണു  കർത്താവ് ഇങ്ങനെയും ചോദിച്ചത്.  ‘മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?’ ആ  ചോദ്യത്തിൽ  എല്ലാം  ഉണ്ട്.

കൃപയാൽ  തെരഞ്ഞെടുക്കപ്പെടുകയും മനുഷ്യപുത്രൻ വരുവോളം വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവരെ നമുക്ക് അന്ത്യകാല അപ്പസ്തോലർ എന്നു  വിളിക്കാം.  അവരെക്കുറിച്ച് വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട്  എഴുതിവച്ചിരിക്കുന്നത് ഇങ്ങനെയാണ്. 

‘അവർ എരിയുന്ന അഗ്നികുണ്ഡമായി ലോകമാസകലം ദിവ്യസ്നേഹാഗ്നി  ജ്വലിപ്പിക്കുന്ന ദൈവകാര്യസ്ഥന്മാരായിരിക്കും…………സ്നേഹമാകുന്ന  കനകം  ഹൃദയത്തിലുംപ്രാർഥനയാകുന്ന കുന്തിരിക്കം ആത്മാവിലും ആശാനിഗ്രഹമാകുന്ന മീറ ശരീരത്തിലും വഹിച്ചുകൊണ്ട്,   യാതൊരു ചിന്താകുലതയുമില്ലാതെ   അവർ തങ്ങളുടെ നാഥനോടു  പൂർണമായി  ഐക്യപ്പെടും………….. പരിശുദ്ധാത്മാവ് അവർക്ക് എല്ലാറ്റിനോടും നിസംഗതയും, ഒന്നിനെക്കുറിച്ചും അസ്വസ്ഥമാകാതിരിക്കുവാനുള്ള കൃപയുംനൽകും……………. പരിശുദ്ധാത്മാവ് വിളിക്കുന്നിടത്തേക്ക്, ദൈവമഹത്വവും ആത്മാക്കളുടെ രക്ഷയും മാത്രം ലക്‌ഷ്യം വച്ചു  മാടപ്രാവിനെപ്പോലെ പറന്നെത്താനുള്ള  വെള്ളിച്ചിറകുകൾ അവർക്കുണ്ടായിരിക്കും. ………. ദൈവവചനമാകുന്ന ഇരുതലവാൾ അവർ തങ്ങളുടെ അധരങ്ങളിൽ ധരിക്കും. രക്തമുദ്രിതമായ കുരിശ്  ആലേഖനം ചെയ്തിട്ടുള്ള  ജയക്കൊടി അവർ തങ്ങളുടെ  തോളിലേറ്റും. വലതുകരത്തിൽ കുരിശുരൂപവും ഇടതുകരത്തിൽ ജപമാലയും ധരിച്ച് അവർ   മുന്നേറും…………ഹൃദയങ്ങളിൽ  ഈശോയുടെയും മറിയത്തിൻറെയും വിശുദ്ധനാമങ്ങൾ   അവർ ആലേഖനം ചെയ്യും………… സകല കൃത്യങ്ങളിലും  ക്രിസ്തുവിൻറെ ആശാനിഗ്രഹവും വിനയവും അവർ പരിശീലിക്കും.’

ഇതെല്ലം വായിച്ചിട്ടു വേണം  നാം ആരുടെ പക്ഷത്താണു നിൽക്കേണ്ടതെന്നു തീരുമാനിക്കാൻ.   കാരണം ഈ വഴി പൂവുകൾ വിരിച്ചതല്ല, മുള്ളുകൾ നിറഞ്ഞതാണ്.  ‘അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ 

 നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു’ (1 യോഹ. 2:6) എന്നു  പറയപ്പെട്ടിരിക്കുന്നത് ഈ വഴിയെക്കുറിച്ചാണ്. കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട അന്ത്യകാല അപ്പസ്തോലരുടെ അവശിഷ്ടഭാഗത്തിൽ ഉൾപ്പെട്ടവരാകാൻ വേണ്ടി  നമുക്കു പരിശ്രമിക്കാം. 

ഓർക്കുക, ഇനി രണ്ടു വഴികളേയുള്ളൂ.  ‘നമ്മെ  അനുഗമിക്കുന്ന ആത്മീയശിലയായ  യേശുക്രിസ്തുവിൻറെ’ (1 കൊറി  10:4) എതിർപക്ഷത്തു നിൽക്കാനാണു  നമ്മുടെ  തീരുമാനമെങ്കിൽ  ക്രിസ്തുവാകുന്ന ഭാരമേറിയ കല്ലു  നമ്മുടെ മേൽ പതിക്കുക തന്നെ ചെയ്യും.  കർത്താവു തന്നെ മുന്നറിയിപ്പ് തന്നിരിക്കുന്നു; ‘ഈ കല്ലിൽ വീഴുന്നവൻ തകർന്നുപോകും. ഇത് ആരുടെ മേൽ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും’ (മത്തായി  21:44).