ക്രിസ്ത്യാനികളുടെ സഹായം എന്നാൽ പരിശുദ്ധ മറിയം ആണെന്നു നമുക്കറിയാം. വിശ്വാസികളുടെ രക്ഷ എന്നതു പരിശുദ്ധ കുർബാനയുമാണ്. എന്തുകൊണ്ടാണു പരസ്പരബന്ധമില്ലാത്ത ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചുചേർത്തു പരാമർശിക്കുന്നത് എന്നു ചോദിച്ചാൽ ഇവ രണ്ടും വിശുദ്ധ ഡോൺ ബോസ്‌കോയ്ക്ക് ലഭിച്ച ഒരേ ദർശനത്തിൻ്റെ ഭാഗമായിരുന്നു എന്നതാണുത്തരം. ഡോൺ ബോസ്കോ ഒരു ഇറ്റാലിയൻ വൈദികനായിരുന്നു. അദ്ദേഹത്തിനു വരുംകാലങ്ങളെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ ദർശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും ദൈവം വെളിപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അവയിൽ എന്തുകൊണ്ടും പ്രഥമപരിഗണന അർഹിക്കുന്നതു 1862 ലെ വസന്തകാലത്തു ഡോൺ ബോസ്കോയ്ക്കു ലഭിച്ച ഒരു ദർശനമാണ്. അത് ഇപ്രകാരമായിരുന്നു.
വിശാലമായ സമുദ്രത്തിലൂടെ അനേകം കപ്പലുകൾ സഞ്ചരിക്കുന്നു. അതിൽ ഏറ്റവും വലിയ കപ്പലിനെ നിയന്ത്രിക്കുന്നതു മാർപ്പാപ്പയാണ്. വലിയ കപ്പലിനു ചുറ്റും അനേകം ചെറുകപ്പലുകൾ. അവയുടെ കപ്പിത്താന്മാർ വലിയ കപ്പലിൽ നിന്നു നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ഒരുമിച്ചു യാത്രചെയ്യുകയാണ്. പൊടുന്നനെ എതിർവശത്തുനിന്നു അസംഖ്യം കപ്പലുകളോടുകൂടിയ ശത്രുസൈന്യം പാഞ്ഞടുക്കുകയാണ്. കുന്തമുനകൾ പോലെയുള്ള അണിയം കൊണ്ടു തൊടുന്നതിനെയൊക്കെ പിളർന്നുകളയാൻ പോന്നവയാണ് ആ കപ്പലുകളെല്ലാം. ശത്രുസൈന്യത്തിൻറെ പടയൊരുക്കം കണ്ട വലിയ കപ്പലിൻറെ കപ്പിത്താൻ ചുറ്റുമുള്ള ചെറുകപ്പലുകളിലെ കപ്പിത്താന്മാരെ വിളിച്ചുകൂട്ടി ശത്രുക്കളെ നേരിടേണ്ടതെങ്ങനെ എന്നു ചർച്ച ചെയ്തുകൊണ്ടിരിക്കെ പെട്ടെന്നു സമുദ്രം പ്രക്ഷുബ്ധമാവുന്നു. അതോടെ തങ്ങളുടെ കപ്പലുകളെ സുരക്ഷിതമായി നയിക്കാനായി ചെറുകപ്പലുകളിലെ കപ്പിത്താന്മാരെ തിരിയെ വിടുന്നു.
ശത്രുസൈന്യത്തിൻറെ കപ്പലുകളിൽ നിറയെ തോക്കുകളും പടക്കോപ്പുകളും മറ്റു യുദ്ധസാമഗ്രികളുമുണ്ട്. ആയുധങ്ങളുടെ കൂട്ടത്തിൽ. വിചിത്രമെന്നുതോന്നാമെങ്കിലും പുസ്തകങ്ങളുമുണ്ട്. അവയെല്ലാം വലിയ കപ്പലിനെ തകർക്കാൻ ഉദ്ദേശിച്ചുളളതാണ്. അവയെ എങ്ങനെ നേരിടണമെന്ന് ആലോചിക്കാനായി മാർപ്പാപ്പ ചെറുകപ്പലുകളുടെ കപ്പിത്താന്മാരെ വീണ്ടും വിളിച്ചുകൂട്ടുന്നു.
അപ്പോൾ കുറച്ചുദൂരെയായി രണ്ടു വലിയ തൂണുകൾ സമുദ്രത്തിൽ ഉയർന്നുനിൽക്കുന്നതായി കാണുന്നു. ഒന്നാമത്തെ തൂണിനുമുകളിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം സ്ഥാപിച്ചിരിക്കുന്നു. അവിടെ ‘ക്രിസ്ത്യാനികളുടെ സഹായം’ എന്നു വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. തൊട്ടപ്പുറത്തുള്ള രണ്ടാമത്തെ തൂണ് കുറച്ചുകൂടി വലുതാണ്. അതിൻ്റെ മുകളിലായി ഒരു തിരുവോസ്തി സ്ഥാപിച്ചിരിക്കുന്നു. അവിടെ എഴുതിയിരിക്കുന്നത് ‘വിശ്വാസികളുടെ രക്ഷ’ എന്നാണ്. മാർപ്പാപ്പ തൻറെ കപ്പലിനെ ആ രണ്ടു തൂണുകൾക്കിടയിലേക്കു കൊണ്ടുചെന്ന് അവിടെ നങ്കൂരമിടാൻ ശ്രമിക്കുകയാണ്. എന്നാൽ അത് അനുവദിക്കാതിരിക്കാനായി ശത്രുസൈന്യം വളരെ ശക്തമായ ആക്രമണം അഴിച്ചുവിടുന്നുണ്ട്. അവരുടെ ആയുധങ്ങളേറ്റ് മാർപ്പാപ്പ നയിക്കുന്ന കപ്പലിൽ വിള്ളലുകളും ദ്വാരങ്ങളും ഉണ്ടാകുന്നുണ്ട്. എന്നാൽ അതേ നിമിഷത്തിൽ തന്നെ അത്ഭുതകരമായി ആ രണ്ടു തൂണുകളുടെ ഇടയിൽ നിന്നു വീശുന്ന ഇളംകാറ്റിൽ വിള്ളലുകളും ദ്വാരങ്ങളും തനിയെ അടയ്ക്കപ്പെടുകയാണ് ചെയ്യുന്നത്!
ആയുധങ്ങൾ കൊണ്ടു കീഴടക്കാൻ കഴിയാതെ വന്നപ്പോൾ ശത്രുക്കൾ നേരിട്ടു ബലപ്രയോഗത്തിലൂടെ സഭാനൗകയെ തകർക്കാൻ ശ്രമിക്കുന്നു. അവരുടെ ആക്രമണത്തിൽ മാർപ്പാപ്പ വീഴുന്നുണ്ടെങ്കിലും വീണ്ടും എഴുന്നേൽക്കുന്നു. എന്നാൽ രണ്ടാമത്തെ ആക്രമണത്തിൽ മാർപ്പാപ്പ മരിക്കുകയാണ്. ഇതു കാണുന്നതോടെ ശത്രുസൈന്യത്തിൻറെ കപ്പലുകളിൽ ജയാരവം മുഴങ്ങുന്നു. എന്നാൽ അത് ഏറെ നീണ്ടുനിൽക്കുന്നില്ല. കാരണം മാർപ്പാപ്പ മരിച്ച അതേനിമിഷത്തിൽ തന്നെ പുതിയൊരു മാർപ്പാപ്പ തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കപ്പൽ സുരക്ഷിതമായി രണ്ടു തൂണുകളുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി ആ തൂണുകളിൽ നിന്നു തൂക്കിയിട്ടിരിക്കുന്ന ചങ്ങലകളോടു ചേർത്തു ബന്ധിക്കുകയൂം ചെയ്യുന്നു. ശത്രുസൈന്യം പരാജിതരാകുന്നു. അവരുടെ കപ്പലുകൾ പരസ്പരം ഇടിച്ചുതകരുന്നു.
പെട്ടെന്നുതന്നെ സമുദ്രം ശാന്തമാകുന്നു. മാർപ്പാപ്പയോടു ചേർന്നു യുദ്ധം ചെയ്തുകൊണ്ടിരുന്നവർ ആഹ്‌ളാദാരവങ്ങളോടെ അടുത്തുവന്നു തങ്ങളുടെ കപ്പലുകളെയും ആ രണ്ടു തൂണുകളോടു ചേർത്തു ബന്ധിച്ച് സുരക്ഷിതരാകുന്നു. മാർപ്പാപ്പയുടെ കപ്പൽ വ്യൂഹത്തിൽ ഉണ്ടായിരുന്നവയും എന്നാൽ യുദ്ധരംഗത്തുനിന്നു പേടിച്ചു പിന്മാറിയവയുമായ അവശേഷിച്ച കപ്പലുകളും പതുക്കെപ്പതുക്കെ തിരിച്ചുവന്നു രണ്ടു തൂണുകളുടെ ഇടയിൽ സുരക്ഷിതമായി നങ്കൂരമിടുന്നു.
ഈ ദർശനം സംഭവിച്ചുകഴിഞ്ഞതാണോ അതോ ഭാവിയിൽ സംഭവിക്കാനിരിക്കുന്നതാണോ എന്നു നമുക്കറിയില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്. സഭയെ തകർക്കാൻ പൈശാചികശക്തികൾ എല്ലാ ആയുധങ്ങളും പുറത്തെടുക്കുന്ന ഒരു കാലത്തെക്കുറിച്ചാണു ഡോൺ ബോസ്കോയ്ക്കുണ്ടായ ദർശനം പറയുന്നത്. ശത്രുക്കളുടെ ആയുധങ്ങളുടെ കൂട്ടത്തിൽ പുസ്തകങ്ങളും ഉണ്ടായിരുന്നു എന്നുപറയുമ്പോൾ വ്യാജപ്രബോധനങ്ങളും ദൈവദൂഷണവും ദൈവനിഷേധവും ലൈംഗിക അരാജകത്വവും അക്രമവും വഴിവിട്ട ജീവിതരീതിയും തിന്മയും പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങളും ടെലിവിഷൻ, ഇൻറർനെറ്റ് , സോഷ്യൽ മീഡിയ എന്നിവയും നമ്മുടെ മനസിലേക്കു വരണം. സഭയ്‌ക്കെതിരെയുള്ള ആക്രമണം ശാരീരികമെന്നതിനേക്കാൾ ആശയങ്ങളുടെയും ബുദ്ധിയുടെയും തലത്തിലാണു സംഭവിക്കുന്നത്. നാം അതിനെ ഒരു ആത്മീയയുദ്ധമായി തന്നെ മനസിലാക്കണം.
ഈ യുദ്ധത്തിൽ നമുക്കു വിജയിക്കണമെങ്കിൽ പരിശുദ്ധ കുർബാനയുടെയും പരിശുദ്ധ അമ്മയുടെയും സംരക്ഷണം കിട്ടിയേ മതിയാകൂ. ലോകമെമ്പാടും പൈശാചികശക്തികൾ ഏറ്റവുമധികം ആക്രമിക്കുന്നതു പരിശുദ്ധകുർബാനയെയും ദൈവമാതാവിനോടുള്ള ഭക്തിയെയുമാണ് എന്നതു തിരിച്ചറിയുമ്പോൾ ഡോൺ ബോസ്‌കോയുടെ ദർശനത്തിൻ്റെ ആനുകാലിക പ്രസക്തി നമുക്കു മനസിലാകും.
സഭ എന്നതു നാം കാണുന്ന സ്ഥാപനങ്ങളോ കെട്ടിടങ്ങളോ അല്ല. ക്രൈസ്തവനാമധേയം വഹിക്കുന്നതുകൊണ്ടു മാത്രം ഒരാൾ ക്രിസ്ത്യാനിയാകില്ല. ക്രിസ്ത്യാനിയാണെന്നു സ്വയം കരുതുകയും അങ്ങനെ മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും എന്നാൽ അതേസമയംതന്നെ സത്യവിശ്വാസത്തിനു വിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്നവർ എത്ര തന്നെ ലോകത്തിൻറെ കൈയടി വാങ്ങിയാലും അവരെ ക്രിസ്ത്യാനിയായി പരിഗണിക്കാനാകില്ല. സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരുടെ സമൂഹത്തെ മാത്രമാണു സഭ എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത്. ഡോൺ ബോസ്‌കോയുടെ ദർശനങ്ങൾ അവർക്കുവേണ്ടിയുള്ളതാണ്. വഴിപാട് പോലെ കുർബാന ‘കാണുകയും’ കടമ തീർക്കാനായി ജപമാല ‘ചൊല്ലുകയും’ ചെയ്യുന്നവർക്കു ഡോൺ ബോസ്‌കോയുടെ ദർശനങ്ങളുടെ പ്രസക്തി ഒട്ടും തന്നെ മനസിലായിക്കൊള്ളണമെന്നില്ല.
നാം അവർക്കു വേണ്ടിയും പ്രാർത്ഥിക്കണം. കാരണം ശത്രു തൻറെ സർവ ആയുധങ്ങളുമായി സത്യവിശ്വാസത്തിനെതിരെ യുദ്ധത്തിനിറങ്ങിയിരിക്കുന്ന സമയമാണിത്. സത്യവിശ്വാസികൾ സഞ്ചരിക്കുന്ന പത്രോസിൻ്റെ നൗക നങ്കൂരമിടുന്നതു പരിശുദ്ധകുർബാനയും പരിശുദ്ധ അമ്മയും നൽകുന്ന സംരക്ഷണത്തിൻറെ നടുവിലാണ്. നമ്മുടെ ആശ്രയം കപ്പലിൻറെ മികവിലോ ആയുധങ്ങളുടെ ശക്തിയിലോ കപ്പിത്താൻറെ കഴിവിലോ അല്ല. മക്കബായരുടെ പുസ്തകത്തിൽ പറയുന്നതുപോലെ ‘ അവർ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനം കൊണ്ടു തറപറ്റിക്കാൻ കഴിയുന്ന സർവശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ’ ( 2 മക്ക.8:18 ).
ഒരു വിരലനക്കം കൊണ്ടു ശത്രുക്കളെ തറപറ്റിക്കാൻ കഴിയുന്ന സർവശക്തനായ ദൈവം ഓരോ തിരുവോസ്‌തിയിലും സജീവനായി സന്നിഹിതനാണെന്നു തിരിച്ചറിഞ്ഞാൽ പിന്നെ നമ്മൾ ഭയപ്പെടില്ല.
ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മയുടെ ജപമാല സാത്താനെ ബന്ധിക്കുന്ന ചങ്ങലയാണെന്നു തിരിച്ചറിഞ്ഞാൽ നാം ഒരിക്കലും ജപമാല പ്രാർത്ഥന മുടക്കില്ല.
പരിശുദ്ധകുർബാനയുടെ സംരക്ഷണത്തിൽ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി നമുക്ക് മുന്നോട്ടുപോകാം. ശത്രുവിൻറെ ആയുധങ്ങളെല്ലാം തകർന്നുവീഴുക തന്നെ ചെയ്യും.